
റവ. ഡോ. ആൻഡ്രൂസ് പാണംപറമ്പിൽ
പരിശുദ്ധ റൂഹായുടെ ആഗമനദിനമായ പന്തക്കുസ്താത്തിരുന്നാൾ നമ്മൾ മതബോധനദിനമായി ആചരിച്ചു. തുടർന്ന് ശ്ലീഹാക്കാലത്തിൽ ആത്മാവിന്റെ പ്രവർത്തനങ്ങളെ നമ്മൾ അനുസ്മരിക്കുന്നു. പരിശുദ്ധാത്മാവാണ് സഭയിൽ എന്നും വിശ്വാസ പരിശീലനത്തിന്റെ നായകൻ. പരിശുദ്ധാത്മാവ് സഭയ്ക്കു നൽകുന്ന വിലയേറിയ സമ്മാനങ്ങളിലൊന്നായിട്ടാണ് വിശ്വാസപരിശീലനത്തെ 1977 ലെ മെത്രാന്മാരുടെ സിനഡ് വിശേഷിപ്പിക്കുന്നത് (cf. CT 3). എല്ലാ വിശ്വാസ
പരിശീലന പദ്ധതികളുടെയും അടിസ്ഥാന പ്രേരണ പരിശുദ്ധ റൂഹായാണ്. ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും’ (Jn 14:26). സത്യത്തിൽ, സഭയ്ക്കും വിശ്വാസികൾക്കുമായി വാഗ്ദാനം ചെയ്യപ്പെട്ട ഗുരുനാഥനാണ് പരിശുദ്ധാത്മാവ് (cf. CT 72 ).
വിശ്വാസപരിശീലനം : ദൈവവചനത്തിന്റെ ശുശ്രൂഷ
വിശ്വാസപരിശീലനത്തെ വചനത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷകളിൽ ഒന്നായിട്ടാണ് സഭ എന്നും മനസ്സിലാക്കുന്നത് (cf. DC 55). ആദ്യ കാലം മുതൽ തന്നെ സഭയിൽ വചനത്തിന്റെ ശുശ്രൂഷയ്ക്ക് പല രൂപങ്ങളും ഭാവങ്ങളും ഉണ്ടായിരുന്നു; അവിശ്വാസി
കൾക്കായുള്ള സുവിശേഷ പ്രഘോഷണം (Primary proclamation), വിശ്വാസികൾക്കായുള്ള വിശ്വാസജീവിത പരിശീലനം (Catechesis), ദൈവാരാധന (Liturgy), ദൈവശാസ്ത്രം (Theology) ഇവയെല്ലാം വചനത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷകളായിട്ടാണ് സഭ കണക്കാക്കുന്നത്.
ആദിമസഭയിൽ വിശ്വാസജീവിത പരിശീലനത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നത് ‘കാറ്റക്കെയോ’ (catecheo) എന്ന ഗ്രീക്ക് പദം ആയിരുന്നു. ‘കാറ്റക്കെയോ’ എന്നതിന്റെ വാച്യാർത്ഥം ‘പ്രതിധ്വനി’ (Echo of a sound) അല്ലെങ്കിൽ ‘എലലറയമരസ’ എന്നൊക്കെയാണ്. ലത്തീൻ ഭാഷയിൽ അത് ‘കാറ്റക്കേസിസ്’ (catechesis) എന്നാണ് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു പ്രത്യേക രൂപത്തിലുള്ള വചന ശുശ്രൂഷയെ സൂചിപ്പിക്കാനാണ് ആദിമ സഭാസമൂഹങ്ങൾ ഈ പദങ്ങൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാവണം അക്കാലങ്ങളിൽ മാമ്മോദീസാ സ്വീകരണത്തിന് ഒരുങ്ങി കൊണ്ടിരുന്നവർ ‘കേൾവിക്കാർ’ (ദൈവവചനത്തിന്റെ കേൾവിക്കാർ) എന്നറിയപ്പെട്ടിരുന്നത്.
ദൈവവചനവും ദൈവാരൂപിയും
വചനത്തിന്റെ വിവിധ ശുശ്രൂഷകളെക്കുറിച്ച് പറയുമ്പോൾ അതിൽ ഒഴിവാക്കാൻ പാടില്ലാത്തകാര്യമാണ് പരിശുദ്ധ റൂഹായുമായുള്ള അവയുടെ ബന്ധം. കാരണം ദൈവവചനവും ദൈവാരൂപിയും അദേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. വി. ഗ്രന്ഥ വീക്ഷണത്തിൽ ദൈവാത്മാവ് ഒരാളിൽ പ്രവേശിക്കുമ്പോഴാണ് അയാൾ ദൈവത്തിന്റെ നാമത്തിൽ സംസാരിക്കാൻ തുടങ്ങുന്നത് (cf. Lk 2: 41-42;
1: 67; 2: 25-32.). പ്രവാചകന്മാർ ദൈവാത്മാവിനാൽ നിറഞ്ഞാണ് ദൈവവചനം പ്രഘോഷിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്. (cf. Hos 9:7; Mic 2 : 11; Isa 30: 1). ഒടുവിൽ ഈശോയിൽ എത്തുമ്പോൾ വചനവും അരൂപിയും തമ്മിലുള്ള ബന്ധം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. ദൈവവചനത്തിന്റെ മനുഷ്യാവതാര ത്തിൽ പരിശുദ്ധ റൂഹാ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, മനുഷ്യാവതാരം ചരിത്രത്തിൽ സാധ്യമായത് പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ്; ‘പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും’ (Lk 1: 35). വിശുദ്ധ ഗ്രന്ഥരചനയ്ക്ക് പ്രേരണ നല്കിയതും പ്രവാചകന്മാരിലൂടെ സംസാരിച്ചവനുമായ അതേ ആത്മാവ് തന്നെയാണ് മനുഷ്യവതാരവും സാധ്യമാക്കിയത്. മനുഷ്യനായി അവതരിച്ച വചനം തന്റെ ദൗത്യം ആരംഭിക്കുന്നതും ‘കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്’ (Lk 4: 18) എന്ന് ഉദ്‌ഘോഷിച്ചു കൊണ്ടാണ്. ഈശോ ഈ ലോകത്തിൽ നിന്നുമുള്ള തന്റെ വിടവാങ്ങലിന് മുമ്പ് ശ്ലീഹന്മാർക്ക് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ് ഒരേ സമയം ദാനവും സകല ദാനങ്ങളുടെയും ദാതാവുമാണ്. ശ്ലീഹന്മാർ ഈ ആത്മാവിനാൽ സത്യത്തിന്റെ അറിവിലേക്ക് നയിക്കപ്പെടുകയും ലോകത്തിന്റെ അതിർത്തികൾ വരെ ആ സത്യത്തിനു സാക്ഷ്യം വഹിക്കാൻ പ്രാപ്തരാകുകയും ചെയ്തു.
ഈശോയുടെ തുടർച്ച എന്ന നിലയിൽ സഭയിലും പരിശുദ്ധത്മാവിന്റെ സാന്നിധ്യം നിരന്തരം തുടരുന്നുണ്ട്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ സഭ തന്റെ സുവിശേഷവത്കരണ ദൗത്യം വഴി ദൈവികവെളിപാടിനെ ഈ ലോകത്തിന് വിശദമാക്കി കൊടുക്കുന്നു. സുവിശേഷത്തെക്കുറിച്ചുള്ള തന്റെ ബോധ്യ
ത്തിൽ സഭ ആഴപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്. അതേ ആത്മാവു തന്നെ അവളെ ലോകത്തിന്റെ അതിർത്തികളിൽ വരെ സുവിശേഷം എത്തിക്കാൻ പ്രാപ്തയാക്കുന്നു. സഭയുടെ ‘മജിസ്റ്റീരിയം’ പരിശുദ്ധാത്മ സഹായത്താൽ ആധികാരികമായി വചനത്തെ വ്യാഖ്യാനിക്കുന്നു. സഭയിൽ ആത്മാവ് തന്റെ ദാനങ്ങൾ വിതരണം ചെയ്യുന്നു; വചനം ശ്രവിക്കുന്ന മനുഷ്യരുടെ ഹൃദയങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നു. ദൈവ വചനത്തിന്റെ വിവിധ ശുശ്രൂഷകളിലൂടെ സഭ ദൈവിക വെളിപാടിനെ മാനുഷിക ഭാഷയിൽ മനുഷ്യനുമായി പങ്കുവയ്ക്കുമ്പോൾ സഭ ഉപയോഗിക്കുന്ന മാനുഷിക ഭാഷയിലൂടെ തന്നെയാണ് പരിശുദ്ധാത്മാവ് മനുഷ്യവർഗ്ഗവുമായി നിരന്തരം സമ്പർക്കത്തിലാവുന്നത് (cf.GDC 50). അങ്ങനെ സഭയിൽ വചനത്തിന്റെ ശുശ്രൂഷ ആത്മാവിന്റെ നിരന്തര സ്വാധീനത്താൽ നടത്തപ്പെടുന്നു; ആത്മാവിനെ കൂടാതെയുള്ള വചനത്തിന്റെ ശുശ്രൂഷ അസാധ്യം എന്നു ചുരുക്കം.
പരിശുദ്ധ റൂഹാ: വിശ്വാസ പരിശീലകൻ വചനവും ആത്മാവും തമ്മിലുള്ള അഭേദ്യ
മായ ബന്ധം വിശ്വാസപരിശീലനത്തിലും നിർണ്ണായകമാണ്. വചനത്തിന്റെ ശുശ്രൂഷ എന്ന നിലയിൽ വിശ്വാസപരിശീലനം ആത്യന്തികമായി പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വീക്ഷണത്തിൽ ദൈവാത്മാവിനു മാത്രമാണ് സഭയിൽ വിശ്വാസപരിശീലനം ആരംഭിക്കുവാനും തുടർന്നുകൊണ്ടുപോകുവാനും സാധിക്കുക. (cf. CT 72).
വിശ്വാസം ആത്യന്തികമായി ദൈവത്തിന്റെ ദാനമാണ്; അതോടൊപ്പം, അത് നമ്മുടെ ഭാഗത്തു നിന്നുമുള്ള സ്വതന്ത്രമായ പ്രതികരണവും അടങ്ങുന്നതാണ്. (cf. DV 5). വിശ്വാസം സ്വീകരിക്കാനും അതിനു പ്രത്യുത്തരം നല്കാനും സാധിക്കുന്നത് പരിശുദ്ധ റൂഹായുടെ സഹായത്താലാണ്. ആത്മാവ് മനുഷ്യ ഹൃദയങ്ങളെ ദൈവത്തിലേക്ക് തിരിക്കുകയും വിശ്വാസ സത്യങ്ങളെ സ്വീകരിക്കാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നു. (cf. GDC 55). പരിശുദ്ധാത്മാവാണ് ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. അരൂപിയുടെ സഹായമില്ലാതെ നമുക്ക് ഈശോയെ നാഥനും കർത്താവുമായി ഏറ്റു പറയാനാവില്ല. അതേ അരൂപിയിൽ നിന്നു തന്നെയാണ് സഭയെയും ക്രൈസ്തവകൂട്ടായ്മയെയും പടുത്തുയർത്തുന്നതിനാവശ്യമായ വരങ്ങൾ ലഭിക്കുന്നത്. ക്രിസ്തീയ വിശ്വാസം എന്നത് എല്ലാറ്റിനും ഉപരി ഈശോയിലേക്കുള്ള മാനസാന്തരമാണ്. (cf. GDC 53). ഈശോയുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ വഴി ഒരുവൻ യഥാർത്ഥ ക്രിസ്തുശിഷ്യനായി മാറുന്നു. അതേസമയം വ്യക്തിപരമായ ആ കണ്ടുമുട്ടൽ അവനെ ക്രിസ്തുശിഷ്യസമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നു. ഇതിനെല്ലാം ഒരുവനെ പ്രാപ്തനാക്കുന്നത് പരിശുദ്ധാത്മാവാണ്.
സത്യത്തിൽ, പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയിൽ പങ്കുചേരുക എന്നുള്ളതാണ് ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം. അതിനാൽ വിശ്വാസപരിശീലനം അതിന്റെ ആത്യന്തിക ലക്ഷ്യമായി കാണുന്നത് ഈശോയെക്കുറിച്ചുള്ള അറിവ് കേവലം പങ്കുവയ്ക്കുക എന്നുള്ളതിലല്ല; മറിച്ച്, വിശാസ പരിശീലനത്തിൽ ഏർപ്പെടുന്നവർ ഈശോയുമായി കൂട്ടായ്മയും ഐക്യവും ഉണ്ടാക്കുക എന്നുള്ളതും (cf. CT 5) അതുവഴി ത്രിത്വത്തിന്റെ കൂട്ടായ്മയിലും സഭാഗാത്രം പണിതുയർത്തുന്നതിലും പങ്കുചേരുക എന്നുള്ളതുമാണ്. മമ്മോദീസായിലൂടെ ലഭ്യമാകുന്ന വിശ്വാസത്തെ പൂർണതയിലേക്ക് നയിക്കുക എന്നുള്ളതാണ് വിശ്വാസ പരിശീലനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം (cf. CT 20). തന്റെ മണവാളനായ ഈശോമിശിഹായിൽ നിന്നും നേരിട്ട് സ്വീകരിച്ച കല്പനകളിൽ ഒന്നായിട്ടാണ് സഭ അതിനെ കരുതുന്നത്. അതുകൊണ്ട് സഭ
എപ്പോഴും വിശ്വാസപരിശീലനത്തെ അവളുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാ
ദിത്വങ്ങളിൽ ഒന്നായാണ് കാണുന്നത്. സത്യത്തിൽ, മമ്മോദീസായിലൂടെ വിശ്വാസമാകുന്ന വിത്ത് ആദ്യമായി ഒരു വ്യക്തിയിൽ വിതയ്ക്കുന്നത് പരിശുദ്ധാ
ത്മാവാണ്. വിശ്വാസത്തിന്റെ ആരംഭം മാത്രമല്ല അതിന്റെ പരിശീലനവും വളർച്ചയുമെല്ലാം പരിശുദ്ധ റൂഹായുടെ വരങ്ങളോടും ദാനങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. ‘sens us fidei’ അഥവാ സത്യവിശ്വാസത്തിന്റെ പൂർണത മനസ്സിലാക്കിയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയും വിശ്വാസ ജീവിതത്തിൽ മുന്നോട്ടു പോകുവാനുള്ള കഴിവ് വിശ്വാസ പരിശീലനത്തിന്റ മേഖലയിൽ വരുന്നതാണ്. പക്ഷേ ഇവയെല്ലാം പരിശുദ്ധാത്മാവിന്റെ കൃപയാലാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ സംഭവിക്കുക. പരിശുദ്ധാത്മ നിറവിലുള്ള വിശ്വാസ പരിശീലന പദ്ധതികൾ മുകളിൽ സൂചിപ്പിച്ചതുപോലെ വിശ്വാസ
പരിശീലനം, വിശ്വാസ ജീവിതത്തിലുള്ള വളർച്ച എന്ന നിലയിലും ക്രിസ്തീയ പക്വത
യിലേക്കും അതിന്റെ പൂർണ്ണതയിലേക്കുമുള്ള വളർച്ച എന്ന അർത്ഥത്തിലും ആത്യന്തികമായി പരിശുദ്ധാത്മാവിന്റെ ദൗത്യമാണ്. അവിടുത്തേക്കു മാത്രമേ അത് ആരംഭിക്കുവാനും സഭയിലൂടെ അതിനെ മുന്നോട്ടു നയിക്കാനും സാധിക്കുകയുള്ളൂ (cf. CT 72). ആയതിനാൽ വിശ്വാസ പരിശീലനത്തിനു സഹായിക്കുക എന്നു പറഞ്ഞാൽ പരിശുദ്ധ റൂഹായുടെ കരങ്ങളിലെ ജീവിക്കുന്ന ഉപകരണങ്ങളായി തീരുക എന്നാണർത്ഥം. അതുകൊണ്ട് പരിശുദ്ധാത്മാവിനെ നിരന്തരം വിളിച്ചപേക്ഷിച്ചു കൊണ്ടും ആത്മാവിന്റെ ശരിയായ പ്രേരണകൾക്കനുസരിച്ചുമാകണം തിരുസഭയും മറ്റു വിശ്വാസപരിശീലകരും ഈ
ദൗത്യം നിറവേറ്റുവാൻ; മാനുഷികമായ കഴിവിനെയോ അറിവിനെയോമാത്രം ആശ്രയിച്ചല്ല വിശ്വാസ പരിശീലനം നടത്തേണ്ടത്. കൂടാതെ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ വിശ്വാസ പരിശീലന പദ്ധതികളെ സ്ഥലകാല ബന്ധിതമായി നവീകരിക്കേണ്ടതായിട്ടുമുണ്ട്. ആധികാരികവും ഫലവത്തായതുമായ ‘പരിശുദ്ധാത്മാവിലുള്ള നവീകരണം’ സാധ്യമാകുന്നത് അസാധാരണമായ വരങ്ങളി
ലൂടെ എന്നതിനെക്കാൾ മിശിഹാരഹസ്യം അറിയാനും അതിനു സാക്ഷ്യം വഹിക്കാനുമായി നടത്തുന്ന സാധരണവും, അനുദിന ജീവിത
ബന്ധിയായതും എളിമയുടെയും ക്ഷമയുടെയും വഴികളിലൂടെയുള്ള പരിശ്രമം വഴിയാണ് (cf.CT 72 ). ഇന്ന് സമൂഹത്തിലെ എല്ലാ പ്രധാനപ്പെട്ട മേഖലകളിലും കാര്യങ്ങൾ നടക്കുന്നത് വ്യക്തമായ പ്ലാനും പദ്ധതികളോടുമാണ്; ഒരു കെട്ടിടം പണിയാണെങ്കിലും ഒരു ബിസ്സിനസ് സംരംഭമാണെങ്കിലും അതതു മേഖലകളിൽ വിദഗ്ദരായവരുടെ സഹായത്തോടെയാണ് നടപ്പിലാക്കുക. വിശ്വാസപരിശീലനത്തിന്റെ കാര്യത്തിലും ഇന്ന് വ്യക്തമായ പ്ലാനിഗും വിദഗ്ധരുടെ സഹായവും ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ സംസ്‌കാരവും ചുറ്റുപാടുകളുമെല്ലാം സങ്കീർണ്ണമായി തീർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വ്യക്തമായ ദിശാബോധമില്ലാത്ത വിശ്വാസപരിശീലന പദ്ധതികൾ വേണ്ടത്ര ഫലം പുറപ്പെടുവിക്കുകയില്ല എന്നത് സുവ്യക്തമാണ്.
അതേസമയം പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും മനുഷ്യന്റെ പദ്ധതികൾക്കുള്ളിൽ ഒതുക്കാവുന്നവയല്ല. നിത്യരക്ഷ ഒരുക്കലും മനഷ്യന്റെ നിയന്ത്രണത്തിലുമല്ല. പക്ഷേ ദൈവം മനുഷ്യന് സ്വാതന്ത്ര്യവും ബുദ്ധിശക്തിയും, പദ്ധതികൾ വിഭാവനം ചെയ്യാനുള്ള കഴിവുകളും നല്കിയിട്ടുണ്ട്. അവ പരിശുദ്ധാത്മാവിന്റെ പ്രേരണകളോടു ചേർന്ന് ഉപയോഗിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിന്റെ നിരന്തരമായ സാന്നിധ്യം
ഉറപ്പാക്കുന്ന കർത്താവിന്റ വാഗ്ദാനം മനുഷ്യന്റെ ഭാഗത്തു നിന്നുള്ള സഹകരണവും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ ഇന്നും സഭയിൽ തുടരുന്നത് കൂടുതലായും മാനുഷികമായ ഇടപെലുകളിൽ കൂടിയുമാണ്. ഈ അർത്ഥത്തിലാണ് സഭ അജപാലനപരവും വിശ്വാസ പരിശീലന ബന്ധിയുമായ പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നത്. ചുരുക്കത്തിൽ ‘സാർവത്രികമായ രക്ഷ
യുടെ അടയാള’ മായിത്തീരാനുള്ള സഭയുടെ ഉത്തരവാദിത്വം നിറവേറ്റാൻ അവൾ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ എടുക്കുന്ന തീരുമാനങ്ങളും അവ നടപ്പിലാക്കാനെടുക്കുന്ന വഴികളും അടങ്ങിയതാവണം സഭയുടെ അജപാലനവിശ്വാസ പരിശീലന പദ്ധതികൾ.
Abbreviations:
CT: Catechesi Tradendae
DC: Directory for Catechesis
DV : Dei Verbum
GDC: General Directory for Catechesis