ചില ദൈവസങ്കൽപ്പങ്ങൾ ഈജിപ്റ്റ്, മെസപ്പൊട്ടോമിയ, പേർഷ്യ എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ദൈവസങ്കൽപ്പങ്ങളുടെ സങ്കലനമാണ്. എന്നാൽ ക്രൈസ്തവ വിശ്വാസം അങ്ങനെയല്ല. ഏശയ്യാ പ്രവാചകൻ പ്രസ്താവിക്കുന്നു ‘കർത്താവ് അരുളിച്ചെയ്യുന്നു നിങ്ങൾ എന്റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാൻ തിരഞ്ഞെടുത്ത ദാസൻ. എനിക്കുമുമ്പ് മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല. ഞാൻ, അതേ, ഞാൻ തന്നെയാണു കർത്താവ്. ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല’ (43:10). ഇത് യാഹ്‌വെയുടെ ഏറ്റവും പരിപൂർണ്ണവും മാറ്റമില്ലാത്തതുമായ ഒരു പ്രഖ്യാപനമാണ്. ഇതേകാര്യം തന്നെ പുതിയനിയമത്തലും പറഞ്ഞിട്ടുണ്ട്
മനുഷ്യനിലൂടെ, പ്രവാചകന്മാരിലൂടെ, ഭൗമികസാമ്രാജ്യത്തിലൂടെ എല്ലാം ‘രക്ഷിക്കുന്ന ദൈവത്തെ’ക്കുറിച്ചുള്ള ഒരു അവ്യക്തമായ വെളിപാടായിരുന്നു പഴയനിയമത്തിന്റെ ആരംഭത്തിൽ. ഇതിനാൽ ‘രക്ഷിക്കുന്ന ദൈവം’ എന്ന ചിന്തയാണ് പഴയനിയമത്തിൽ ശക്തമായി നിലനിൽക്കുന്നത്. അതോടൊപ്പം മനസിലാക്കേണ്ടത്, ദൈവത്തെക്കുറിച്ചുള്ള പഴയനിയമകാല മനുഷ്യന്റെ ചിന്തകളിൽ പ്രധാനഭാഗവും ഗോത്രജീവിതവുമായി ബന്ധപ്പെട്ടുമാണ് നിലകൊള്ളുന്നത് എന്നതുമാണ്. ഗോത്രങ്ങളായി ജീവിച്ച മനുഷ്യന് വിവിധ കാലഘട്ടങ്ങളിൽ ദൈവികപ്രമാണങ്ങളും കൽപ്പനകളും നൽകിയത് സമൂഹത്തിൽ ശാന്തമായി ജീവിക്കുവാനായിരുന്നു. എന്നാൽ അതോടൊപ്പം പടിപടിയായി ദൈവം തന്നേക്കുറിച്ചുള്ള വെളിപാടുകൾ നൽകിക്കൊണ്ടിരുന്നു. ഏകദൈവത്തിൽനിന്നും സ്‌നേഹദൈവത്തിലേക്കുള്ള വളർച്ചയുടെ വിവിധ ഘട്ടങ്ങളെയാണ് ബൈബിൾ വെളിപ്പെടുത്തുന്നത്. ആരാണ് ഏകദൈവം? ഏകദൈവത്തെ സൃഷ്ടാവായും രക്ഷകനായും നാം കാണുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുകയും അതിന്റെ ഗതി നിയന്ത്രിക്കുകയും ചെയ്യുന്ന ദൈവം മനുഷ്യനെ തന്റെ ഛായയിലാണ് സൃഷ്ടിച്ചത്. സൃഷ്ടാവായ ദൈവം മനുഷ്യനോടൊത്തുള്ള കൂട്ടായ്മ ആഗ്രഹിച്ചുകൊണ്ട് അവരിലേക്ക് ഇറങ്ങിവരുവാൻ താൽപര്യം പ്രകടിപ്പിച്ചത് ഉത്പത്തി പുസ്തകം മുതലേ നമുക്ക് കാണാൻ കഴിയും. എന്നാൽ ചില മതങ്ങളിൽ കാണുന്നത് വിദൂരസ്ഥനായി മനുഷ്യനിൽനിന്ന് അകലം പാലിക്കുന്ന സൃഷ്ടാവിനെയാണ്. ബൈബിൾ പ്രഖ്യാപിക്കുന്നതോ, മനുഷ്യനോടൊത്തുള്ള കൂട്ടായ്മയ്ക്കുവേണ്ടിയും മനുഷ്യനോടുള്ള ബന്ധം സ്ഥാപിക്കുവാൻ വേണ്ടിയും വിവിധ ഉടമ്പടികളുമായി മനുഷ്യനെ സമീപിക്കുന്ന ദൈവത്തെയാണ്. ഒടുവിൽ ഒരു പുതിയ ഉടമ്പടിയിലൂടെ ദൈവം മനുഷ്യനുമായി ഒന്നാകുന്നു. മനുഷ്യനുമായി കൂട്ടായ്മാബന്ധം സ്ഥാപിക്കാൻ വാഞ്ചിക്കുന്ന ദൈവമാണ് ബൈബിളിന്റെ അനന്യത.
ഇസ്രായേൽ ചരിത്രത്തിന്റെ ആരംഭത്തിൽ ദൈവം തന്നെ തന്നെ വെളിപ്പെടുത്തിയെങ്കിലും ജനങ്ങളിൽ അവ്യക്തമായ ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത് എന്നു നാം കണ്ടു. അത് പിന്നീട് കടുത്ത ഒരു ഏകദൈവവിശ്വാസമായി രൂപപ്പെടുന്ന ‘നിയമാവർത്തന ചിന്ത’യിലേക്ക് എത്തിച്ചേരുന്നു. ഈ ഏകദൈവ വിശ്വാസ അടിത്തറയിൽനിന്ന് ദൈവത്തിന്റെ യഥാർത്ഥ പ്രകൃതത്തിലേക്കും സ്വഭാവത്തിലേക്കുമുള്ള വളർച്ചയാണ് പിന്നീട് ബൈബിളിൽ ഉടനീളം വിവരിച്ചിരിക്കുന്നത്.
പഴയനിയമത്തിൽ മാനുഷിക യുക്തിക്കുള്ളിൽ മാത്രം നിലനിൽക്കുന്ന കടുത്ത ഏകദൈവവിശ്വാസമാണെങ്കിൽ ഇവിടെനിന്നും സാവധാനം ദൈവിക സ്വഭാവത്തിന്റെ സമ്പൂർണ്ണതയിലേക്ക് വളരുന്നതിന്റെ സാക്ഷ്യമാണ് പുതിയനിയമത്തിലേക്ക് എത്തുമ്പോൾ കാണുന്നത്. ദൈവം തന്നെ തന്നെ വെളിപ്പെടുത്തുന്നതിന്റെ വിവിധ കാലഘട്ടങ്ങളെയാണ് പഴയനിയമത്തിൽ ആരംഭിച്ച് പുതിയനിയമത്തിലെത്തുമ്പോൾ വ്യക്തമാകുന്നത്. ഈ വളർച്ചയുടെ പാരമ്യത്തിൽ ‘ദൈവം സ്‌നേഹമാകുന്നു’ എന്ന മഹത്തായ വെളിപ്പാടിലേക്കു ബൈബിൾ എത്തിച്ചേരുന്നു. ദൈവശാസ്ത്രചിന്തകളും മാനുഷികയുക്തിയും പ്രബലമായതോടെ ദൈവികതയും മനുഷ്യത്വവും സംയോജിച്ചുള്ള ഏകദൈവവിശ്വാസമായി ബൈബിളിലെ ദൈവദർശനം വളർച്ചപ്രാപിക്കുന്നതും നാം കാണുന്നു.
ലോക ചരിത്രത്തിൽ പല സ്ഥലങ്ങളിലും ഏകദൈവ ആരാധന ഉണ്ടായിരുന്നതായി കാണാം. എന്നാൽ കടുത്ത ഏകദൈവ ആരാധനയെക്കുറിച്ച് ജാൻ ആസ്മാൻ എന്ന ജർമൻ എഴുത്തുകാരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ‘ഈശോമിശിഹായുടെതു പോലെ സ്‌നേഹത്തിൽ രൂപപ്പെടുന്ന ഏകദൈവവിശ്വാസമല്ലെങ്കിൽ അത് ലോകത്തിൽ മനുഷ്യവംശത്തിന് ഏറ്റവും അപകടകാരിയായ ഏകദൈവവിശ്വാസമായിരിക്കും’ എന്നാണ്. കടുത്ത ഏകദൈവവിശ്വാസ പരാമർശങ്ങൾ പഴയനിയമത്തിൽ പോലുമുണ്ട്. എന്നാൽ അവിടെനിന്നും പുതിയനിയമത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ സമ്പൂർണ്ണ സ്‌നേഹപ്രകൃതിയാണ് വെളിപ്പെടുന്നത്. ദൈവത്തെക്കുറിച്ച് ബൈബിൾ ദൈവശാസ്ത്രം വ്യക്തത നൽകുന്ന ഈ സ്‌നേഹപ്രകൃതിയുടെ പ്രത്യേകത നാം മനസ്സിലാക്കണം.
‘സകലജനത്തിനും വേണ്ടിയുള്ള സദ്വാർത്ത’യായിട്ടാണ് ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ ജനിച്ചത്. കടുത്ത ഏകദൈവവിശ്വാസത്തിൽനിന്ന് ആരംഭിച്ച് ദൈവത്തിൽ മറ്റൊരു വ്യക്തിയും ഉണ്ടെന്നതും ആ വ്യക്തി മനുഷ്യനായി അവതരിച്ചതുമാണ് നാം ഇവിടെ കാണുന്നത്. ദൈവത്തിന്റെ ഏകത്വം എന്നത് ഒരു ഗണിതശാസ്ത്രപരമായ ഐക്യതയേയല്ല വെളിവാക്കുന്നത് (Oneness of God is not mathematical untiy). അതിനാൽ ഗണിതശാസ്ത്രപരവും മാനുഷികയുക്തിക്ക് ഉൾക്കൊള്ളാൻ പര്യാപ്തവുമായ ഒരു ചിന്തയുടെ അടിസ്ഥാനത്തിൽ ദൈവത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ശുദ്ധഭോഷത്തമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായിരിക്കുന്ന ദൈവികത്രിത്വത്തെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ഈ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലെയാണ് മറ്റുള്ള ഏകദൈവസങ്കൽപ്പങ്ങൾ.
ദൈവത്തിന്റെ അപരിമേയമായ സ്‌നേഹവും ദൈവത്തിന്റെ ഹൃദയവും കണ്ടറിഞ്ഞ പരിഷ്‌കൃതമായ ഒരു ദൈവവിശ്വാസമാണ് പുതിയനിയമം വ്യക്തമാക്കുന്ന ഏകദൈവവിശ്വാസം. എന്നാൽ ചില മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏകദൈവവിശ്വാസം എന്നത് ബൈബിളിലെ ഏകദൈവവിശ്വാസത്തിന് വിരുദ്ധമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന യാഹവേയ്ക്ക് മറ്റ് മതങ്ങളിലെ ഒരു ദൈവവുമായും ചരിത്രപരമോ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലോ ഭാഷയുടെയും കൽപ്പനകളുടെയും അടിസ്ഥാനത്തിലോ യാതൊരു ബന്ധവുമില്ല, ഈശോയ്ക്കും ഇതുപോലെ മറ്റ് മത ഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങളുമായി ഒരു ബന്ധവുമില്ല.
ബൈബിളിലെ വെളിപാടിന്റെ അടുത്ത പടിയിൽ നാം കാണുന്നത്, പൗരാണിക ഗോത്രത്തിൽനിന്നും യഹൂദ രാഷ്ട്രമായി രൂപപ്പെട്ട് ഒടുവിൽ എന്റെ രാജ്യം ഐഹികമല്ല എന്ന തുടർ വെളിപ്പാടാണ്. ഇവിടെ ദൈവമനുഷ്യബന്ധം ആത്മീയരാജ്യത്തിലേക്ക് നീങ്ങുന്നതും ബൈബിൾ ആത്മീയദർശനത്തിലേക്ക് വഴിമാറുന്നതും ഈ വേളയിലാണ്. ത്രിത്വ വിശ്വാസം ആഴപ്പെടുന്നതനുസരിച്ച് ഭൂമി സമാധാനപരമായിരിക്കും:
ത്രിത്വത്തിൽ അധിഷ്ഠിതമായ ഏകദൈവവിശ്വാസമാണ് ഭൂമുഖത്ത് മനുഷ്യനു സമാധാനത്തോടെ ജീവിക്കാൻ വഴിയൊരുക്കുന്നത് . വിവിധ മതങ്ങളിലുള്ള ഏകദൈവവിശ്വാസം, ബൈബിൾ ഉയർത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ഈ യാഥാർത്ഥ്യം വളരെ വ്യക്തതയോടെ സംസാരിക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ഇന്ന് എത്തിച്ചേർന്നിരിക്കുന്നത്. ദൈവത്തെ ഒരു സമ്പൂർണ്ണ ഏകത്വം (absolute singularity) എന്ന നിലപാട് എടുക്കുന്നിടത്ത് എപ്പോഴും ഛിഹ്യ എന്ന വാക്കായിരിക്കും മുഖ്യമായി ഉയർന്നു നിൽക്കുക. ഈ വാക്ക് വളരെ അപകടം പിടിച്ചതാണ്. ദൈവത്തിന്റെ സമ്പൂർണ്ണ ഏകത്വം എന്ന കടുത്ത നിലപാടെടുക്കുന്നവർ ഛിഹ്യ എന്ന ഈ വാക്കിനെ സകലയിടത്തേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമവും അതിന്റെ പിന്നാലെ രൂപപ്പെടുത്തുന്നു. എന്റെ ദൈവ സങ്കൽപം മാത്രം, ആ ദൈവത്തിന്റെ ഭാഷ മാത്രം, ആ സംസ്‌കാരം മാത്രം, പുരുഷൻ മാത്രം, ആ ദൈവത്തിന്റെ നിയമം മാത്രം ഇങ്ങനെ ഛിഹ്യ എന്ന വാക്കിന്റെ വ്യാപനം വാളിലേക്കും തീവ്രവാദത്തിലേക്കും വിവിധ രീതികളിലുള്ള അക്രമങ്ങളിലേയ്ക്കും മുന്നേറുന്നു.
നിന്റെ ദൈവസങ്കൽപ്പം എന്താണോ അതാണ് നിന്റെ പ്രവൃത്തികളെ നിർണ്ണയിക്കുന്നത്. ബൈബിൾ വിവരിക്കുന്ന ത്രിത്വാധിഷ്ഠിത ഏകദൈവവിശ്വാസം സ്‌നേഹത്തിന്റെയും കൂട്ടായ്മയുടേതുമാണ്. അതിനാൽ ക്രിസ്തീയവിശ്വാസം എവിടെയെല്ലാം ആഴപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും മതസ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങൾക്കും സ്ത്രീപുരുഷ സമത്വത്തിനും , തൊഴിൽ മാഹാത്മ്യത്തിനും വേരോട്ടമുള്ളതുമായ സമൂഹങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ത്രിത്വ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട സാമൂഹിക വികസനമാണ്.
ദൈവത്തെ പിതാവായും ഈശോമിശിഹായെ സകലരുടെയും രക്ഷകനായും സഭ എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായും രൂപപ്പെട്ടത് ത്രിത്വവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ത്രിത്വ വിശ്വാസം എത്രമേൽ ആഴപ്പെടുന്നുവോ അത്രമേൽ മനുഷ്യവംശത്തിന് ഭൂമിയിൽ സമാധാനപരമായി ജീവിക്കാൻ സാധിക്കും. ‘എല്ലാ ഏകദൈവവിശ്വാസങ്ങളും ഒന്നാണ്’ എന്ന് സഭ പഠിപ്പിക്കുന്നു എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്; ഇത് തികച്ചും തെറ്റായ ധാരണയാണ്.
ദൈവത്തെ പടിപടിയായി മനുഷ്യൻ മനസ്സിലാക്കുകയായിരുന്നു:
ദൈവം ഏകനായതുകൊണ്ട് ദൈവത്തെ മറ്റൊരു ദൈവവുമായി താരതമ്യം ചെയ്യാൻ മനുഷ്യന് കഴിയില്ല, അതിനാൽ ദൈവത്തെക്കുറിച്ചു മനുഷ്യൻ ധരിച്ചുവച്ചിരിക്കുന്ന ചിന്തകളാണ് (ദർശനം) ചർച്ച ചെയ്യപ്പെടേണ്ടത് .
മനുഷ്യൻ കാലാകാലങ്ങളിൽ നടത്തിയ ദൈവാന്വേഷണത്തിന്റെ സമഗ്രതയാണ് നാം തേടുന്നത്. ദൈവം എന്ന യാഥാർത്ഥ്യത്തെ എത്രമേൽ സ്വീകാര്യതയോടെയും കൃത്യതയോടെയുമാണ് ബൈബിൾ വ്യക്തമാക്കുന്നത് എന്നതാണ് നാം അന്വേഷിക്കുന്നത്. ദൈവത്തെക്കുറിച്ചു ക്രമാനുഗതമായി ദൈവം വെളിപ്പെടുത്തുന്നു എന്നു പറയുന്നതിനേക്കാൾ ദൈവത്തെ പടിപടിയായി നാം മനസ്സിലാക്കി വരുന്നതിന്റെ ചരിത്രമാണ് ഉത്പത്തി പുസ്തകം മുതൽ വായിക്കുന്നത്. ആരംഭം മുതൽ അവസാനം വരെയും നാം കാണുന്ന ദൈവികസ്വഭാവത്തിന്റെ പ്രത്യേകത കരുണയാണ് എന്ന യാഥാർത്ഥ്യമാണ് അവിടെയെല്ലാം കാണുന്നത്. ദൈവത്വത്തിൽ നിറഞ്ഞിരിക്കുന്ന ഈ കരുണയാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന്റെകാതൽ. ഈ കരുണയുടെ ആഴങ്ങളിലേക്ക് മനുഷ്യന് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞത് പടിപടിയായിട്ടായിരുന്നു എന്നു മാത്രം. ഈ കരുണയുടെ പൂർണ്ണതയാണ് മശിഹായുടെ ദേഹരൂപമായി വെളിപ്പെട്ടത്. മിശിഹായുടെ സ്‌നേഹത്തിനാണ് ക്രൈസ്തവൻ സാക്ഷ്യം നൽകുന്നത്. എന്റെ കൂടെ നിൽക്കാത്തവനെയെല്ലാം നശിപ്പിച്ച് എന്റെ മാത്രമൊരു ലോകം സൃഷ്ടിക്കുക എന്നതല്ല ബൈബിളിൽ വികാസം പ്രാപിക്കുന്ന ദൈവദർശനം. അപ്രകാരമുള്ള ദൈവദർശനങ്ങൾ ബൈബിളുമായി ചേർന്നുപോകുന്നവയല്ല . ത്രിത്വചിന്തയിൽ അധിഷ്ഠിതമായ ഏകദൈവ വിശ്വാസത്തിനു മാത്രമേ ഈ ഭൂമിയിൽ ദൈവരാജ്യം പടുത്തുയർത്താൻ സാധിക്കൂ.
(റവ. ഡോ. ആന്റണി തറേക്കടവിൽ, റവ. ഡോ. ജോഷി മയ്യാറ്റിൽ, റവ. ഡോ. ജോൺസൺ പുതുശ്ശേരി എന്നിവരുടെ പ്രഭാഷണങ്ങളിൽ നിന്നും)