
ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ
വർത്തമാനപ്പുസ്തകത്തിലെ വിമർശനത്തിന്റെ ഭാഷ കടുത്തതാണ് എന്ന് ആദ്യ വായനയിൽ തോന്നിപ്പോകാം, പക്ഷേ മലങ്കര നസ്രാണികൾ അനുഭവിച്ച കെടുതികളും യാതനകളുമായി തുലനം ചെയ്യുമ്പോൾ ആ വിമർശനം കുറവാണ് എന്ന് മനസ്സിലാകും. നസ്രാണി എന്നാൽ എന്താണ് എന്ന് വർത്തമാനപ്പുസ്തകം നമുക്ക് കാണിച്ച് തരുന്നുണ്ട്. ഒരു നസ്രാണി ഒരിക്കലും ഭീരുവല്ല. അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നവനാണവൻ, ദൈവഭയം ഉള്ളവനാണ് അവൻ, തമ്പുരാനെ മറന്ന് ഒന്നും ചെയ്യാത്തവനാണവൻ, വീറും വാശിയും ഉള്ളവനാണ് അവൻ, പിറന്ന നാടിനെ പെറ്റമ്മയെ പോലെ സ്‌നേഹിക്കുന്നവനാണവൻ, അധികാരികളെ ബഹുമാനിക്കുന്നവനാണവൻ, ആരുടെ മുന്നിലും ചങ്കുറപ്പോടെ നിന്ന് അവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്നവനാണവൻ, നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണവൻ, സ്‌നേഹിതന് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറായ നസ്രായന്റെ പിൻഗാമിയാണവൻ, അടിയുറച്ച ദൈവ വിശ്വാസിയും മറ്റു സംസ്‌കാരങ്ങളെ വിലമതിക്കുകയും ചെയ്യുന്നവനാണവൻ.
ഇതൊക്കെ വർത്തമാനപ്പുസ്തകത്താളുകളിൽ വരയ്ക്കപ്പെടുന്ന ചിത്രങ്ങളാണ്. നസ്രാണി സ്വത്വം വർത്തമാനപ്പുസ്തകത്തിലങ്ങോളമിങ്ങോളം കോറിയിട്ടിയിരിക്കുന്നു. ഇന്ത്യക്കാരും നസ്രാണികളും ചുമന്നുകൊണ്ട് നടന്ന, അടിച്ചേൽപ്പിക്കപ്പെട്ട അടിമത്വ നുകത്തിന്റെ കാഠിന്യം അവർക്ക് മനസ്സിലാക്കി കൊടുക്കാൻ വർത്തമാനപ്പുസ്തകത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ സഭയുടെയും രാഷ്ട്രത്തിന്റെയും സ്വാതന്ത്ര്യ സമര സേനാനിയായി അദേഹം മാറി.
വർത്തമാനപ്പുസ്തകത്തിൽ ഏവരെയും ആകർഷിക്കുന്ന ഒരു കാര്യം തോമ്മാ കത്തനാരുടെയും ഔസേപ്പ് മല്പാന്റെയും അടിയുറച്ച ദൈവവിശ്വാസം തന്നെയാണ്. ഏതൊരു കാര്യവും അവർ തമ്പുരാനിൽ ശരണപ്പെട്ട് ആരംഭിക്കുന്നു. ഒരു വിഘ്‌നം ഏതെങ്കിലും കാര്യത്തിൽ ഉണ്ടായാലും അവർ തമ്പുരാനിൽ അടിയുറച്ച് വിശ്വസിക്കുന്നു. ദൈവം നടത്തും എന്ന വിശ്വാസം അവരെ മുന്നോട്ട് നയിച്ചു. ദൈവം തന്റെ മക്കളെ യാതൊരു കുറവും വരുത്താതെ നയിക്കുകയും ചെയ്തു. ഇത്തരം അനേകം സന്ദർഭങ്ങൾ ഇപ്രകാരം നമുക്ക് വർത്തമാനപ്പുസ്തകത്തിൽ കാണുവാൻ കഴിയുന്നുണ്ട്. അവരെ ചതിക്കാൻ തക്കം പാർത്തിരുന്ന പറങ്കികളുടെ ചതിവുകൾ എല്ലാം ദൈവം അവർക്ക് വെളിപ്പെടുത്തി നൽകി, ഒന്നിലും വീഴാതെ അവരെ അവിടുന്ന് മുന്നോട്ട് നയിച്ചു. ഇതെല്ലാം ഭീകരമായ രോഷത്തോടെ കത്തനാർ കുറിച്ച് വയ്ക്കുന്നുണ്ട് എങ്കിലും അവരോട് മോശമായി പെരുമാറാൻ അദ്ദേഹം ഒരിക്കലും തയാറായില്ല.അവരിരുവരുടെയും ഹൃദയ സ്പന്ദനങ്ങൾ വർത്തമാനപ്പുസ്തകത്തിൽ മുഴങ്ങി കേൾക്കുന്നുണ്ട്, അവരുടെ മാത്രമല്ല ഓരോ നസ്രാണിയുടെയും പ്രാർത്ഥനയുടെ സ്വരവും, ശുഭാപ്തി വിശ്വാസവും, ഹൃദയ വേദനയും, ആകാംക്ഷയും എല്ലാം താളുകൾ മറിയുമ്പോൾ നമുക്ക് കേൾക്കുവാൻ കഴിയും. യാത്രയുടെ ഇടയിൽ സംഭവിക്കുന്ന അമളികളും മറ്റും അത്യാകർഷകമായിത്തന്നെ തങ്ങളെ കാത്തിരിക്കുന്ന മലങ്കര
നസ്രാണികൾക്ക് മുന്നിൽ സവിസ്തരം അവതരിപ്പിക്കുവാനും അദേഹം മടി കാണിക്കുന്നില്ല. സഭയ്ക്കും സമുദായത്തിനും സ്വജാതിയിൽ പെട്ട തലവന്മാർ ഉണ്ടായിരുന്ന കാലത്ത് സഭയും സമുദായവും ഉന്നതിയിൽ ആയിരുന്നു. അത് നഷ്ടപ്പെട്ടുപോയി. സഭയ്ക്കും സമുദായത്തിനും തലവന്മാർ ഉണ്ടാകണം എന്ന് അദേഹം ശക്തമായി വാദിക്കുന്നുണ്ട്. അദേഹം പ്രയത്‌നിച്ച പോലെ സഭയ്ക്ക് തലവൻ ഉണ്ടായി. സമുദായം ഇന്നും അനാഥമാണ്. പൂർവ്വ പ്രതാപതോടെ ജാതിക്ക് കർത്തവ്യൻ അഥവാ അർക്കദിയാക്കോൻ വീണ്ടും ഉണ്ടായേ തീരൂ എന്ന് അദേഹം ശക്തിയുക്തം വാദിച്ചു. ‘അർക്കദിയാക്കോൻ സ്ഥാനം മേലാലും ഉണ്ടായേ മതിയാകൂ’ എന്ന് അദേഹം വീണ്ടും വീണ്ടും പറയുന്നു. സഭ മാത്രമല്ല, സമുദായവും അഭിവൃദ്ധി പ്രാപിക്കണാമെന്ന് അദേഹം ആഗ്രഹിച്ചു. അതിനായി പ്രവർത്തിച്ചു. സഹദായായ ദേവസഹായം പിള്ളയുടെ നാമകരണ നടപടികൾക്കായി റോമിൽ ആദ്യമായി നിവേദനം സമർപ്പിച്ചതും അവരിരുവരും ചേർന്നായിരുന്നു.
കോവിഡ് മഹാമാരി വന്നപ്പോൾ നമ്മൾ ഏറ്റവും അധികം കേട്ട ഒരു വാക്ക് ‘ക്വാറന്റൈൻ’ ആയിരുന്നു. മലയാളികൾക്ക് അത്ര സുപരിചിതമല്ലാതിരുന്ന ആ വാക്ക് വർത്തമാനപ്പുസ്തകത്തിൽ മുപ്പത്തി ഒൻപതാം പാദത്തിൽ വിവരിക്കുന്നുണ്ട്. അവരുടെ യാത്രാ മധ്യേ ഇറ്റലിയിലെ ജനോവയിൽ എത്തിയപ്പോൾ പതിമൂന്ന് ദിവസം ഒരു പ്രത്യേക കെട്ടിടത്തിൽ ക്വാറന്റൈൻ ഇരിക്കേണ്ടി വന്ന അനുഭവം (ക്വാറന്തെനാ) അദ്ദേഹം വിവരിക്കുന്നു. അപ്രകാരം, മലയാളക്കരയ്ക്ക് ഇദംപ്രദമായി ക്വാറന്റൈൻ പരിചയപ്പെടുത്തിയതും നമ്മുടെ വർത്തമാനപ്പുസ്തകം തന്നെ.
മലയാള ഭാഷയ്ക്ക് വർത്തമാനപ്പുസ്തകം നൽകിയ സംഭാവന ചെറുതല്ല. ഒരുപാട് തനത് മലയാളം ശൈലികളും, അക്കാലത്തെ സംസാര ഭാഷയും വർത്തമാനപ്പുസ്തകത്തിൽ നിറഞ്ഞ് നിൽക്കുന്നു. പൗരസ്ത്യ സുറിയാനി ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് സ്വീകരിച്ച പദങ്ങളും, യൂറോപ്യൻ ഭാഷകളിലെ വാക്കുകളും പേരുകളും മലയാളീകരിച്ച് അവതരിപ്പിച്ചതും ഒക്കെ മലയാളിക്ക് പുതുമ ആയിരിക്കണം. കപ്പൽ യാത്രയുടെ കൗതുകവും യൂറോപ്യൻ നാടുകളിലെ വിശേഷങ്ങളും ഒക്കെ ആദ്യമായി മലയാളി വായിച്ചറിഞ്ഞത് വർത്തമാനപ്പുസ്തകത്തിലൂടെയായിരുന്നിരിക്കണം.
വർത്തമാനപ്പുസ്തകത്തിൽ ഏറ്റവും തീക്ഷ്ണമായ വരികൾ നിറഞ്ഞിരിക്കുന്നത് എഴുപത്തിരണ്ടാം പാദത്തിലാണ്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഇന്ത്യാക്കാരന്റെയും, അടിച്ചമർത്തപ്പെട്ട നസ്രാണിയുടെയും ദീനരോദനങ്ങളും ഗർജ്ജനങ്ങളും ഒരേപോലെ ഇവിടെ മുഴങ്ങി കേൾക്കാം. മറ്റവസരങ്ങളിൽ നിന്ന് വ്യത്യസ്തമായി അത്യന്തം കോപിഷ്ഠനും രോഷാകുലനുമായ ഒരു തോമ്മാ കത്തനാരെയാണ് നാമിവിടെ കാണുന്നത്. അനീതി സഹിച്ച് മടുത്ത ഒരു നസ്രാണി സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് പൊട്ടിത്തെറിക്കുന്നത് നാമിവിടെ കാണുന്നു.
പീഡനങ്ങളുടെ നടുവിൽ പോലും പുസ്തകം കാത്തു സൂക്ഷിക്കുവാനും തോമാ കത്തനാർ ധൈര്യം കാണിച്ചു. ഇത് വർത്തമാനപ്പുസ്തകത്തിന് അദ്ദേഹം കൊടുത്ത പ്രാധാന്യം വെളിവാക്കുന്നു; തങ്ങളെ യാത്രയയച്ചവർ എല്ലാം അറിഞ്ഞിരിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.
എഴുപുന്ന തരകൻ നിധിപോലെ സൂക്ഷിച്ച യദാർത്ഥ കയ്യെഴുത്ത് പ്രതി, കേരള ചരിത്രം രചിക്കുവാൻ എന്ന പേരിൽ ചതിവിൽ കൈക്കലാക്കിയ വരാപ്പുഴ മെത്രാനും സംഘവും അതിലെ സുപ്രധാനമായ താളുകൾ കീറിയെടുത്ത് നശിപ്പിച്ചു. രണ്ടാം ഭാഗവും ഇപ്രകാരം നഷ്ടമായിപ്പോയി. അപ്രകാരം ചെയ്യേണ്ടത് അവരുടെ നിലനില്പിന് ആവശ്യമായിരുന്നു താനും. അത് ഇന്ന് ഉണ്ടായിരുന്നെങ്കിൽ, കരിയാറ്റി പിതാവിന്റെ രക്തസാക്ഷിത്വം ഉൾപ്പടെയുള്ള നമ്മുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് മറുപടി കിട്ടുമായിരുന്നു. മലങ്കരയിൽ മടങ്ങിയെത്തിയ തോമ്മാ കത്തനാർക്ക് മുന്നിൽ പ്രതിസന്ധികളുടെ ഘോഷയാത്ര തന്നെയായിരുന്നു ഉണ്ടായിരുന്നത്. പറങ്കികളുടെ ജാതിവെറിയും, ടിപ്പു എന്ന മതവെറിയന്റെ പടയോട്ടവും എല്ലാം അദ്ദേഹത്തെ തെല്ലൊന്നുമല്ല കുഴക്കിയത്. പലതവണ അദ്ദേഹത്തിന് തന്റെ സഭാ ആസ്ഥാനം മാറേണ്ടി വന്നു. എന്നിട്ടും വിലപ്പെട്ട വർത്തമാനപ്പുസ്തകം അദ്ദേഹം സൂക്ഷിച്ചു. അച്ചടി ഇല്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട പുസ്തകം ആയിട്ടുപോലും മലങ്കര നസ്രാണികളുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ ഈ മഹാ ഗ്രന്ഥത്തിന് ഒരുപാട് സമയം വേണ്ടി വന്നില്ല. അനേകം കയ്യെഴുത്ത് പ്രതികൾ ഉണ്ടായി. കർശോൻ കയ്യെഴുത്ത് പ്രതികൾ പോലുമുണ്ടായി….. യഥാർത്ഥ കയ്യെഴുത്ത് പ്രതി എഴുപുന്ന പാറായിൽ വലിയ തരകൻ സൂക്ഷിച്ചു. പള്ളികളിൽ പരിശുദ്ധ കുർബാനയ്ക്ക് ശേഷം ‘ശുദ്ധമാന പുസ്തകം പോലെ കാർത്തുവന്ന’ വർത്തമാനപ്പുസ്തകം വായിച്ചിരുന്നു എന്ന് ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തന്നെയും എഴുതിയിട്ടുണ്ട്. ഒരു ജനതയുടെ ആത്മനൊമ്പരങ്ങൾ ലിഖിതമായ, അവരുടെ കണ്ണീർ മഷിയിൽ രേഖപ്പെടുത്തിയ പുസ്തകം.