വർത്തമാനപ്പുസ്തകമെന്ന ഇതിഹാസം 1

ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ

ആയിരത്തഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഉത്ഭവിച്ച ഒരു മഹാകുടുംബം. പരസ്പരം
സ്‌നേഹിച്ചും ആദരിച്ചും തങ്ങളുടെ പാരമ്പര്യത്തിലും പൈതൃകത്തിലും അടിയുറച്ച് അവർ ജീവിച്ചു. തങ്ങളെ സമീപിക്കുന്നവർ, അവർ ആരായാലും അവരെ കൂടെപ്പിറപ്പുകളായി കരുതി. അവരോടും സാഹോദര്യവും സഹവർത്തിത്വവും പുലർത്തി അവർ ജീവിച്ചു. തങ്ങളുടെ പൂർവ്വ പിതാവിന്റെ പേരിൽ അവർ അഭിമാനത്തോടെ ജീവിച്ചു, അദേഹം നൽകിയ വിശ്വാസത്തിലും മൂല്യങ്ങളിലും യാതൊരു ശോഷണവും വരുത്താൻ അവർ ഇടവരുത്തിയില്ല. ജനിച്ച നാടിനും, അവിടെ ഭരിച്ച നാടുവാഴികൾക്കും അവർ പ്രിയപ്പെട്ടവരായിരുന്നു.
അങ്ങനെ ഒന്നര സഹസ്രാബ്ദക്കാലത്തി ലധികം അവർ ജീവിച്ചു. എല്ലാക്കാര്യങ്ങളിലും അഭിവൃദ്ധി പ്രാപിച്ചിരുന്ന അവരെ തേടി പല കാലങ്ങളിൽ പല നാടുകളിൽ നിന്നും ആളുകൾ വന്നു. ചിലർ അവരെ സന്ദർശിച്ച് തിരികെപോയി. മറ്റ് ചിലർ കച്ചവടം നടത്തി അവരോട് കൂടുതൽ അടുത്ത ബന്ധങ്ങൾ ഉണ്ടാക്കി. അവസാനം ഒരു കൂട്ടർ വന്നു. അവരുടെ വരവ് കുടുംബത്തിൽ ആഹ്ലാദം ഉണ്ടാക്കി, കാരണം സ്വന്തം വിശ്വാസത്തിൽ ജീവിക്കുന്നവരാണ് അവർ എന്ന് അവർ മനസ്സിലാക്കി. പക്ഷേ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല, കച്ചവടത്തിന് വന്നവർ കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ തുടങ്ങി.
തങ്ങളുടെ രീതികൾ മാത്രമാണ് ശരി എന്നും, ഇവിടെയുള്ള കുടുംബം പിന്തുടരുന്ന കാര്യങ്ങൾ ഒന്നും ശരിയല്ല എന്നും അവർ പറയാൻ തുടങ്ങി. ബലമായി തങ്ങളുടെ രീതികൾ ഇവിടെ അടിച്ചേൽപ്പിച്ചു. അതോടെ നമ്മുടെ ആ കുടുംബത്തിലെ ആളുകൾ പ്രതികരിക്കാൻ തുടങ്ങി. സാഹോദര്യത്തിന്റെ പാതയിൽ തന്നെ അവർ പ്രതികരിച്ചു. അവസാനം തങ്ങളുടെ രീതികൾ എല്ലാം ഇവിടെ നിയമപരമായി (എന്ന് തെറ്റിദ്ധരിപ്പിച്ച്) നിർബന്ധിച്ച് അടിച്ചേൽപ്പിച്ചു. ഇത് നടപ്പിലാക്കാൻ നമ്മുടെ ആ കുടുംബത്തിൽ അവർ വിള്ളലുകൾ ഉണ്ടാക്കി, അങ്ങനെ ആ മഹാകുടുംബത്തെ അവർ രണ്ടായി പിളർത്തി….. പറഞ്ഞുവരുന്നത് നമ്മുടെ മാതൃ സഭയുടെ കാര്യമാണ്. കച്ചവടത്തിന് വന്ന വിദേശമിഷനറിമാർ നമ്മുടെ സഭയിൽ ഭിന്നിപ്പുണ്ടാക്കി.
ഉദയംപേരൂർ യോഗവും, മട്ടാഞ്ചേരി സ്ലീവാ സത്യവും ഒക്കെ ഇതിന്റെ ഭാഗമായി നടന്നു. ഒന്നായിരുന്ന നസ്രാണി കുടുംബം പുത്തൻകൂറും പഴയ കൂറുമായി പിരിഞ്ഞു. പിരിഞ്ഞുപോയി എങ്കിലും ഒന്നിച്ച് ചേരാൻ അവരുടെ ഹൃദയങ്ങൾ കൊതിച്ചു. അവർ അതിനുവേണ്ടി ആവുന്നതൊക്കെയും ചെയ്തു. പക്ഷേ എല്ലാം വിഫലമായിരുന്നു, കാരണം ഇതിനോടകം സർവ്വാധികാരികളായി മാറിയിരുന്ന മിഷനറിമാർ ഈ ശ്രമങ്ങളെ എല്ലാം നിർവീര്യമാക്കി കളഞ്ഞുകൊണ്ടിരുന്നു, അവരുടെ ഉദ്ദേശ്യം നല്ല രീതിയിൽ നടക്കേണ്ടതിന് അത് ആവശ്യമായിരുന്നു താനും. അങ്ങനെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രം അവർ വിജയകരമായി നടപ്പാക്കി.
രണ്ടായി പിരിഞ്ഞ നമ്മുടെ സമുദായം, തങ്ങൾ ഒന്നാണെന്നും, വീണ്ടും ഒന്നായിത്തീരുമെന്നും ഉറച്ച് വിശ്വസിച്ചു, അതിനായി കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ, ഇടയ്ക്ക് പിണങ്ങി ‘തൊമ്മൻ അയഞ്ഞാൽ ചാണ്ടി മുറുകും’ എന്ന രീതിയിലും, മറ്റ് ചിലപ്പോൾ ‘തൊമ്മന് പോയാൽ പാളത്തൊപ്പി’
എന്ന് നിലയിലേക്ക്, എന്ത് വന്നാലും ഒന്നാകുക എന്ന നിലയിലേക്കും നമ്മൾ എത്തി. ‘തൊമ്മനും ചാണ്ടിയും ഒന്നാകുക’ എന്ന സ്വപ്നവും പേറി അവർ ജീവിച്ചു.
ഒരു നൂറ്റാണ്ടിലേറെ കാലമായി ഒന്നാകാൻ കൊതിച്ച നമ്മുടെ വംശത്തിന്റെ നെടു
വീർപ്പും കണ്ണീരും പ്രാർത്ഥനയും കണ്ട് മനസ്സലിഞ്ഞ ഉടയ തമ്പുരാൻ നമുക്ക് രണ്ട് നിവ്യാന്മാരെ തന്നു. കടനാട്ടിൽ ജനിച്ച തൊമ്മൻ കത്തനാരും ആലങ്ങാട് നഗരിയിലെ കരിയാറ്റിൽ തറവാട്ടിലെ ഔസേപ്പ് മല്പാനും. മൂശയെയും ഈശോബർനോനെയും (ജോഷ്വ) പോലെ അവർ നമ്മുടെ സമുദായത്തെ നയിച്ചു. അവർക്ക് കൂട്ടായി തച്ചിൽ മാത്തൂ തരകനും പഴയ കൂറിൽ നിന്നുമുണ്ടായിരുന്നു. പുത്തൻ കൂറ്റിൽ പുനരൈക്യം ആശിച്ച് കാത്തിരുന്ന മഹാനായ ആറാം മാർത്തോമ്മാ മെത്രാപ്പൊലീത്തായും.
റോമാ നഗരിയിൽ പഠിച്ച് വിദേശ ഭാഷകളിൽ പ്രാവീണ്യം നേടിയ ആളായിരുന്നു ഔസേപ്പ് മല്പാൻ. ‘നമ്മൾ ഒന്നാകാനായി, വീണ്ടും ഒരിക്കൽ കൂടി റോമാ വരെ പോകുവാനും, അതിലേക്കായി എന്റെ ജീവൻ പോലും ത്യജിക്കാനും ഞാൻ തയാറാണ്’ എന്ന് പ്രഖ്യാപിക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത സഹദായാണ് മല്പാൻ. സുറിയാനി ഭാഷയിൽ പ്രാവിണ്യത്തോടൊപ്പം സ്വാരാജ്യ സ്‌നേഹവും സഭാ സ്‌നേഹവും ജ്വലിച്ച ധീരനായ നേതാവായിരുന്നു തൊമ്മൻ കത്തനാർ. അദേഹത്തിന്റെ ധീരമായ നേതൃപാടവവും തീക്ഷ്ണതയും വർത്തമാനപ്പുസ്തകത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.
ഈ പ്രഖ്യാപനം തന്നെ വീണ്ടും പാറേമ്മാക്കലച്ചനും നടത്തുന്നുണ്ട്;
‘ആളേറെ പോകുന്നതിനേക്കായിൽ താനേറെ പോകുന്നതു നല്ലൂ'(പാദം 24).
മലങ്കര നസ്രാണികൾ ഒന്നാകുവാനായി പോർട്ടുഗൽ രാജ്ഞിയെയും റോമാ മാർപ്പാ
പ്പയെയും സന്ദർശിച്ച് സ്ഥിതിഗതികൾ ചർച്ചചെയ്യുവാനും പരിഹാരം ഉണ്ടാക്കുവാനുമായും അഖില മലങ്കര പള്ളിയോഗത്താൽ തിരഞ്ഞെടുക്കപ്പെട്ട് അവരിരുവരും അയയ്ക്കപ്പെട്ടു. അങ്ങനെ ഒരു വീര സാഹസിക യാത്രയുടെ ആരംഭമായി. അവരോട് കൂടെ റോമിൽ പഠിക്കുവാൻ ഉള്ളവരും ഉണ്ടായിരുന്നു. മലങ്കരയിൽ നിന്ന് തുടങ്ങിയത് മുതൽ ഉണ്ടായ സംഭവങ്ങളുടെ മുഴുവൻ വിവരണമാണ് വർത്തമാനപ്പുസ്തകം. മലയാളത്തിലെ ആദ്യത്തെ
യാത്രാവിവരണഗ്രന്ഥം അങ്ങനെ ജന്മമെടുത്തു. നസ്രാണികളുടെ രക്ഷാചരിത്രമാണ് വർത്തമാനപ്പുസ്തകത്തിലുടനീളം കാണുന്നത്. അവരുടെ യാത്രയുടെ വർത്തമാനങ്ങളാണ് പുസ്തകത്തിൽ നമ്മൾ കാണുന്നത്.
തങ്ങളെ യാത്രയാക്കിയ നസ്രാണി സമൂഹത്തോടുള്ള കടപ്പാട് നമുക്ക് പുസ്തകത്തിൽ വായിച്ചെടുക്കാൻ സാധിക്കും. തങ്ങളുടെ യാത്രയുടെ വിവരണങ്ങൾ എല്ലാവരെയും
യഥോചിതം ക്രമമായി അറിയിക്കുക എന്നത് അവരുടെ കടമയായി അവർ കണ്ടു. യാത്രയുടെ കഷ്ടപ്പാടുകളും യാതനകളും നേട്ടങ്ങളും എല്ലാം തങ്ങളെ പണം മുടക്കി അയയ്ക്കുകയും, കണ്ണീരോടെ കാത്തിരിക്കുകയും ചെയ്യുന്ന തങ്ങളുടെ ജനത്തെ അവരറിയിച്ചു. വർത്തമാന പുസ്തകം എഴുതപ്പെട്ടത് പഴയകൂറുകാർക്ക് വേണ്ടി മാത്രമല്ല, പുത്തൻ കൂറ്റിലും പഴയ കൂറ്റിലുമായി ചിതറിക്കപ്പെട്ട ഓരോ നസ്രാണിക്കും വേണ്ടിയാണ്. യാത്ര തുടങ്ങുവാൻ ഉണ്ടായ കാരണങ്ങളും സംഭവ വികാസങ്ങളും പുസ്തകത്തിന്റെ ആദ്യത്തിൽ പ്രതിപാദ്യമാകുന്നു. പിന്നീടവർ പോകുന്നത് നമ്മുടെ പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്കാണ്. അവിടെ പിതാവിന്റെ മാധ്യസ്ഥം യാചിച്ച്, നസ്രാണി മക്കളുടെ ഒരുമ വീണ്ടും സംജാതമാകുന്നതിനായി പ്രാർത്ഥിച്ച് അവർ യാത്ര തുടങ്ങി. നമ്മുടെ ജാതിക്ക് അടിസ്ഥാനമിട്ടവൻ ആരെന്ന് അദേഹം തോമ്മാ ശ്ലീഹായെ ചൂണ്ടി കാണിച്ചുതരുന്നു. ഇതിനിടയിലും മിഷനറിമാർ ഉണ്ടാക്കി
ക്കൊണ്ടിരിക്കുന്ന പൊല്ലാപ്പുകൾ കത്തനാർ കുറിച്ച് വയ്ക്കുന്നു. കാരണം ഇതെല്ലാം നമ്മൾ അറിയേണ്ടത് അത്യാവശ്യകമാണെന്ന ബോധ്യം അദേഹത്തിന് ഉണ്ടായിരുന്നു. അവരുടെ അനീതികൾ വെളിപ്പെടുത്തി നൽകുകയും, അതിനെതിരെ അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്യുമ്പോഴും അധികാരപ്പെട്ടവർ എന്ന നിലയിൽ അവരോടുള്ള വിധേയത്വവും അദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതേ ശൈലി
തന്നെ മുന്നോട്ട് വായിച്ച് പോകുമ്പോഴും നമുക്ക് കാണാനാകും. തങ്ങളുടെ നിവേദനം മാർപാപ്പ വേണ്ടത്ര പരിഗണനയോടെ സ്വീകരിച്ചില്ല എന്ന് കണ്ട കത്തനാരുടെ ദേഷ്യവും പുസ്തകത്തിൽ കാണുന്നുണ്ട്, എങ്കിലും അധികാരി എന്ന നിലയ്ക്ക് അദേഹത്തെ അർഹിക്കുന്ന ആദരവും ബഹുമാനവും നൽകിക്കൊണ്ട് തന്നെ അദ്ദേഹം അവതരിപ്പിക്കുന്നു. ഓരോരോ കാര്യാലയങ്ങളിൽ അധികാര സ്ഥാനത്തിരുന്നുകൊണ്ട് തങ്ങളുടെ കടമകളിൽ അലംഭാവം കാട്ടുകയും നസ്രാണി സഭയ്ക്ക് അർഹമായവ നിഷേധിക്കുകയും ചെയ്ത കർദ്ദിനാൾമാരോടും ഇതേ നിലപാട് തന്നെ അദ്ദേഹം സ്വീകരിക്കുന്നു. അധികാരികളോട് അദേഹത്തിന് ഉണ്ടായിരുന്ന വിധേയത്വവും ആദരവും ഏറ്റവും അധികമായി നമുക്ക് മനസ്സിലാകുന്നത് അദേഹം കരിയാറ്റിൽ മല്പാനോട് കാണിക്കുന്ന ആദരവിൽ നിന്നാണ്. തന്നെക്കാൾ പ്രായത്തിൽ ഇളയവൻ ആണെങ്കിലും, മെത്രാപ്പോലീത്താ ആകുന്നതിന് മുമ്പ് ‘നമ്മുടെ മല്പാൻ’ എന്നും, മെത്രാപ്പോലീത്താ ആയശേഷം ‘നമ്മുടെ മെത്രാപ്പോലീത്താ’ എന്നും
അദേഹം വിളിക്കുന്നു. ഒരിക്കൽ പോലും ആ ബഹുമാനത്തിന് അദ്ദേഹം കുറവ് വരുത്തിയിട്ടില്ല. മല്പാൻ അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അവസരങ്ങളിൽ സ്‌നേഹത്തോടെ അദേഹത്തെ ശുശ്രൂഷിച്ച കത്തനാരെ വരികൾക്കിടയിൽ നമുക്ക് കാണാൻ കഴിയും. പാരമ്പര്യങ്ങളിൽ നിന്നും അണുവിട വ്യതിചലിക്കാനോ, പിതാക്കന്മാരെ മറന്ന് അവരുടെ വഴികളിൽ നിന്നും തെറ്റി നടക്കാനോ നമ്മുടെ സഭയ്ക്ക് ഇടവരരുത് എന്ന് അദേഹത്തിന്റെ വാക്കുകളിൽ നിന്ന് നമുക്ക് മുഴങ്ങി കേൾക്കാം. മാർത്തോമ്മാ ശ്ലീഹായിൽ നിന്ന് നമുക്ക് ലഭിച്ച പൗരസ്ത്യ സുറിയാനി കുർബാന ക്രമത്തെയും, നമ്മുടെ പാരമ്പര്യത്തെയും കുറിച്ച്
അദ്ദേഹം അഭിമാനത്തോടെ വിളിച്ച് പറയുന്നത് പല അവസരങ്ങളിലും നമുക്ക് കാണു
വാൻ കഴിയും. ഞങ്ങളുടെ കാരണവന്മാർ പട്ടക്കാരെ ബഹുമാനിക്കാനും ആദരിക്കാനും മാത്രമാണ് പഠിപ്പിച്ചത്. അതുകൊണ്ടാണ് ഇത്രയും
അനീതിയും പ്രകോപനവും ഉണ്ടാക്കിയിട്ടും, ജാതിവെറി മൂത്ത് നടന്ന മിഷനറിമാരെ ആരും മോശമായ രീതിയിൽ ഒന്നും ചെയ്യാത്തതെന്നും, ഇത് തങ്ങളുടെ ബലഹീനതയോ കഴിവുകേടോ ആയി കാണരുത് എന്നും അദ്ദേഹം മൂർച്ചയുള്ള വാക്കുകളിൽ മുന്നറിയിപ്പ് നൽകുന്നു. ‘പള്ളിക്കും പട്ടക്കാർക്കും’ മലങ്കര നസ്രാണികൾ നൽകിപ്പോന്ന ആദരവും ബഹുമാനവും ഈ വരികൾക്കിടയിൽ നിന്നും നമുക്ക് കാണുവാൻ കഴിയും. വർത്തമാനപ്പുസ്തകത്തിൽ ഏറ്റവും ആകർഷകമായ, ഹൃദയസ്പർശിയായ ഒരു ഭാഗം അതിന്റെ മുഖവുരയാണ്. അത് പഴയ മലയാളത്തിൽ തന്നെ വായിക്കേണ്ട ഒന്നാണ്.
‘ഉടയ തമ്പുരാന്റെ അറ്റമില്ലാത്ത മനഗുണത്താലെ…..’ എന്നാരംഭിക്കുന്ന മുഖവുരയിൽ നമ്മുടെ സഭ, നമ്മുടെ സമുദായം എന്തായിരുന്നു, എന്താകണം എന്നൊക്കെ വിശദമായി മനസ്സിലാക്കാൻ കഴിയും. അത് ഒരു പ്രാർത്ഥനയും, ഒരു ഓർമ്മപ്പെടുത്തലും, ഒരു വിശ്വാസ പ്രഖ്യാപനവും ഒക്കെയാണ്.
ജനിച്ച മണ്ണിനോടുള്ള സ്‌നേഹവും പ്രതിബദ്ധതയും ഒരുപക്ഷേ
ആദ്യമായി ഇന്ത്യൻ ഭാഷകളിൽ ഇത്ര മനോഹരമായി അവതരിപ്പിക്കപ്പെട്ടത് വർത്തമാനപ്പുസ്തകത്തിലായിരിക്കും. പിറന്ന മണ്ണിന്റെ
പാരതന്ത്ര്യവും സഭയുടെയും സമുദായത്തിന്റെയും ദുർഗതിയും എല്ലാം ലേഖകന്റെ
മനസ്സിനെ വേദനിപ്പിക്കുന്നുണ്ട്. സഭയിലും രാഷ്ട്രത്തിലും നിന്ന് വിദേശ ശക്തികൾ പിന്മാറി, സഭയെയും രാഷ്ട്രത്തെയും ഇന്നാട്ടുകാർ തന്നെ ഭരിക്കുന്ന ഒരു നല്ല നാളെയെ അദേഹം സ്വപ്നം കാണുന്നു. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ, അതുപോലെ മലങ്കരയിലെ നസ്രാണിസമൂഹത്തെ ഭരിക്കേണ്ടതും നസ്രാണികൾ തന്നെ ആയിരിക്കണം എന്ന് അദേഹം അടിവരയിട്ട് പറയുന്നു. എങ്കിലേ
സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും ശോഭനമായ ഭാവി ഉണ്ടാകൂ എന്ന് അദ്ദേഹ
ത്തിന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. വെളുത്തവന് മാത്രമേ ഭരിക്കാൻ അറിയൂ, കറുത്തവനായ ഇന്ത്യക്കാരന് ഭരിക്കാൻ അറിയില്ല എന്ന പറങ്കികളുടെ വാദത്തെ
കഠിനമായ ഭാഷയിൽ അദ്ദേഹം വിമർശിക്കുന്നു. വെളുത്ത നിറമുള്ള ഒരുവൻ എന്ന
നിലയ്ക്ക് അവരുടെ കൂട്ടത്തിൽ പെട്ട ആളുകൾക്ക് അനാവശ്യ മുൻഗണന കൊടുക്കുമ്പോൾ തന്നെ യോഗ്യരായ നാട്ടുകാരെ ‘കറുത്തവർ’ എന്ന പേരിൽ അവഗണിക്കുന്നതിനെതിരെയും അദ്ദേഹത്തിന്റെ ശബ്ദം ഉയരുന്നുണ്ട്.
‘മലങ്കരയിലെ പള്ളികൾ ഒന്നും നിന്റെ തന്തമാർ പണിയിപ്പിച്ചതല്ല’ എന്ന് ധൈര്യ
സമേതം വിളിച്ച് പറയുവാനും, ‘നീയും നിന്റെ ജാതിയും മാർഗ്ഗം എന്നും ഈശോ മ്ശീഹാ എന്നുമൊക്കെ കേൾക്കുന്നതിനും മുന്നേ മലങ്കരയിൽ പള്ളിയും പട്ടക്കാരും ഉണ്ടായിരുന്നു’ എന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
മിഷനറി പ്രവർത്തനം എന്ന പേരിൽ മിഷനറിമാർ ഇവിടെ കാട്ടിക്കൂട്ടിയ കൊള്ളരു
തായ്മകൾ എല്ലാം അദ്ദേഹം പുസ്തകത്തിൽ എണ്ണമിട്ട് പറയുന്നുണ്ട്. ‘മലങ്കരയിലെ നിന്റെ സങ്കടങ്ങൾ പോർക്കിറച്ചിയും മുട്ടയും തീ പോലുള്ള താകരവും ഒക്കേയല്ലേ’ എന്ന് ചോദിക്കുന്ന ലേഖകൻ മിഷനറിമാരുടെ മലങ്കരയിലെ അസാന്മാർഗിക ജീവിതത്തെ വരച്ചു കാട്ടുന്നു. സഭയിലും രാഷ്ട്രത്തിലും നിന്ന് വൈദേശിക ശക്തികൾ ഇല്ലാതായാൽ മാത്രമേ നമുക്ക് ഉന്നതി ഉണ്ടാകൂ എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. ഇപ്രകാരത്തിൽ ഇന്ത്യൻ ദേശീയതയും നസ്രാണി എന്ന സ്വത്വബോധവും പുസ്തകത്തിൽ അങ്ങോളമിങ്ങോളം നമുക്ക് കാണാൻ സാധിക്കും. ഇന്ത്യൻ ദേശീയത എന്ന ആശയം ആദ്യമായി പ്രഖ്യാപിച്ചത് തോമ്മാ കത്തനാരാണ്, ബാലഗംഗാധര തിലകനുമൊക്കെ എത്രയോ മുൻപേ കത്തനാർ ഇന്ത്യൻ ദേശീ
യതയുടെ വക്താവായിരുന്നു. അതിനാലാണ് കൂനമ്മാക്കൽ തോമ്മാ കത്തനാർ ‘പാറേമ്മാക്കൽ തോമ്മാ കത്തനാർ ഇന്ത്യൻ ദേശീയതയുടെ ഇതിഹാസ പിതാവാണ്’ എന്ന് പറയുന്നത്.
(തുടരും)