പ്ശീത്താ ബൈബിൾ

ദൈവവചനം മാംസമെടുത്ത് അമ്മനുവേലായി നമ്മോടൊപ്പം വസിച്ചുവെന്ന മംഗളവാർത്ത സൂബാറാ കാലത്തിൽ സഭയിലും ലോകത്തിലും ആവർത്തിച്ച് മുഴങ്ങുന്നു. അതേ വചനം മനുഷ്യഭാഷയുടുത്ത് അക്ഷരങ്ങളായി അവതരിച്ചപ്പോൾ അത് വിശുദ്ധഗ്രന്ഥമായി നമുക്ക് ലഭിച്ചു. അതുകൊണ്ടാണ് കർത്താവിന്റെ തിരുശരീരത്തെ വണങ്ങുന്നതുപോലെതന്നെ സഭ വിശുദ്ധ ഗ്രന്ഥത്തെയും വണങ്ങുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകം ബൈബിളാണ്. ഓരോ ഭാഷയിലേക്കും വിശുദ്ധഗ്രന്ഥം മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ ഒരു ദേശവും ഒരു സംസ്ക്കാരവുമാണ് സുവിശേഷപ്രഭയിൽ പ്രശോഭിതമാകുന്നത്.
മൂലഭാഷകളിൽനിന്ന് പഴയനിയമ-പുതിയനിയമ ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങൾ ആദ്യനൂറ്റാണ്ടുകളിൽതന്നെ ഏറ്റുവാങ്ങാൻ സുറിയാനി ക്രൈസ്തവർക്കായി. ഭാരതത്തിലെ മാർ തോമ്മാ നസ്രാണികളുൾപ്പെടെ സുറിയാനി പാരമ്പര്യത്തിൽപ്പെട്ട സഭകളിലെല്ലാം ഉപയോഗിക്കപ്പെടുന്ന ഔദ്യോഗിക വിശുദ്ധഗ്രന്ഥം സുറിയാനിയിലുള്ള ‘പ്ശീത്തയാണ്. പ്ശീത്താ’എന്ന വാക്കിന്റെ അർത്ഥം സരളമായ, വ്യക്തമായ’എന്നൊക്കെയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ
സാധാരണ ജനങ്ങൾക്ക് ദുർഗ്രഹവും അവ്യക്തവുമായ വിശുദ്ധഗ്രന്ഥഭാഗങ്ങൾ പ്ശീത്തയിൽ കുറെക്കൂടി സരളവും ഗ്രാഹ്യവുമായി അവതരിപ്പിക്കാനുള്ള പരിശ്രമം നടന്നിട്ടുണ്ട്. പ്ശീത്തയ്ക്കു പുറമെ വേദപുസ്തകത്തിന്റെ പല സുറിയാനി വിവർത്തനങ്ങളും പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും
അവയ്‌ക്കൊന്നും പ്ശീത്തായുടെ സൗകുമാര്യം കൈവന്നിട്ടില്ലാതിരുന്നതിനാൽ സുറിയാനി സഭകളുടെ ഔദ്യോഗിക വിശുദ്ധഗ്രന്ഥമായി ഇന്നും തുടരുന്നത് പ്ശീത്തയാണ്. പ്ശീത്തയിൽ പഴയനിയമവും പുതിയനിയമവും ഉൾപ്പെടുന്നു. പഴയനിയമ പ്ശീത്തയുടെ രൂപീകരണത്തിനുപിന്നിൽ ചരിത്രപരമായ ഒരു കാരണമുണ്ട്. നമുക്കറിയാവുന്നതുപോലെ പഴയനിയമഗ്രന്ഥങ്ങളിൽ ഡ്യൂട്രോ കാനോനിക്കൽ ഗ്രന്ഥങ്ങളൊഴികെയുള്ള പുസ്തകങ്ങളെല്ലാം തന്നെ ഹീബ്രുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ബാബേൽ വിപ്രവാസത്തിനുശേഷം തിരിച്ചെത്തിയ ഇസ്രായേൽ ജനത്തിന് തങ്ങളുടെ മാതൃഭാഷയും പഴയനിയമത്തിന്റെ മൂലഭാഷയുമായിരുന്ന ഹീബ്രു അഗ്രാഹ്യമായിതീർന്നു. വിപ്രവാസകാലത്തെ അവരുടെ സംസാരഭാഷ അറമായ (സുറിയാനി)യായിരുന്നല്ലോ.
തന്മൂലം അറമായ സംസാരിക്കുന്ന സാധാരണ ജനത്തിന്റെ ഉപയോഗത്തിനായി
വിശുദ്ധഗ്രന്ഥത്തിന്റെ വിവർത്തനം ആവശ്യമായി വന്നു. അപ്രകാരം നിലവിൽ വന്ന തർജ്ജമകളാണ് താർഗുമും പ്ശീത്തായും. താർഗും വിശുദ്ധഗ്രന്ഥത്തിന്റെ വിവർത്തനമെന്നതിനേക്കാൾ ഒരു പ്രബോധനാത്മകമായ വ്യാഖ്യാനമാണ്. എന്നാൽ പ്ശീത്തയാകട്ടെ ഹീബ്രുവിലുള്ള മൂലഗ്രന്ഥത്തിന്റെ അറമായയിലുള്ള പദാനുപദ തർജ്ജമയാണ്. പഴയനിയമ പ്ശീത്താ പൂർത്തിയാകുന്നത് മൂന്നാം നൂറ്റാണ്ടോടെയാണ്. ദീർഘകാലം നീണ്ട പ്രസ്തുത സംഘാത തർജ്ജമ നിർവഹിച്ചത് ആരാണെന്ന് വ്യക്തമായ അറിവില്ല. യഹൂദർക്കായി വിവർത്തനം ചെയ്യപ്പെട്ട പ്ശീത്താ ചെറിയ മാറ്റങ്ങളോടെ ആദിമ സഭയിലെ യഹൂദ ക്രൈസ്തവർ സ്വീകരിക്കുകയും അത് ക്രമേണ അവരുടെ വിശുദ്ധഗ്രന്ഥമായി തീരുകയും ചെയ്തു വെന്നും സഭയിൽ ഉപയോഗത്തിലായി എന്ന കാരണത്താൽ തന്നെ ക്രമേണ പ്ശീത്താ യഹൂദരാൽ തള്ളപ്പെട്ടുവെന്നും കരുതുന്ന പണ്ഡിതരേറയാണ്. വിശുദ്ധഗ്രന്ഥത്തിന്റെയും സഭയുടെയും പിള്ളത്തൊട്ടിലായ സെമിറ്റിക്ക് ലോകത്തെ ഒരു ഭാഷയായ സുറിയാനിയിലുള്ള പുരാതനമായ വിവർത്തനമെന്ന നിലയിൽ ബൈബിൾ പണ്ഡിതർക്ക് പ്ശീത്താ ഏറെ പ്രിയപ്പെട്ടതാണ്. പഴയനിയമത്തിന്റെ ഏറ്റവും സുന്ദരമായ തർജ്ജമ ഒരുപക്ഷേ പ്ശീത്താ തന്നെയാണ്. ചില അവസരങ്ങളിൽ മൂലത്തേക്കാൾ കൂടുതൽ, വാചികമായ വിശ്വാസപാരമ്പര്യങ്ങൾ വ്യക്തമായി പ്രതിഫലിപ്പിക്കുന്നത് പ്ശീത്തായാണോ എന്നുപോലും തോന്നിപ്പോകും. ഉദാഹരണമായി ഹീബ്രുമൂലത്തിൽ സൃഷ്ടിയുടെ പുസ്തകം 2:2 -ൽ
ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി അന്ന് വിശ്രമിച്ചുവെന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്ശീത്തയിലാകട്ടെ ആറാം ദിവസം ദൈവം തന്റെ ജോലിപൂർത്തിയാക്കി, ഏഴാം ദിവസം വിശ്രമിച്ചുവെന്ന് പ്രതിപാദിച്ചിരിക്കുന്നു. യഹൂദരുടെ സാബത്തുദിനാചരണത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ പ്ശീത്തായിലെ വിവരണമാകണം യഹൂദപാരമ്പര്യത്തോടു കൂടുതൽ ചേർന്നുപോകുന്നത്. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തെല്ലായിലെ മെത്രാനായിരുന്ന പൗലോസ് (Paul of Tella) നിലവിലുള്ള സുറിയാനി വിവർത്തനത്തെ ഗ്രീക്ക് ബൈബിളിനോട് (ഒരിജന്റെ ഹെക്‌സപ്ളായോട്) അനുരൂപപ്പെടുത്തി പുതിയ വിവർത്തനം തയ്യാറാക്കി. പ്രസ്തുത വിവർത്തനം സീറോ-ഹെക്‌സപ്‌ളാ അല്ലെങ്കിൽ എഴുപത് (ശബയിൻ) എന്നറിയപ്പെടുന്നു. പിന്നീട് എദ്ദേസായിലെ യാക്കോബും ചില പരിഷ്‌കരണങ്ങൾ വിവർത്തനത്തിൽ വരുത്തിയിട്ടുണ്ട്. എന്നാലും ഈ പിൻകാല വിവർത്തനങ്ങളല്ല, അവയ്ക്ക് മുമ്പ് ഉപയോഗത്തിലിരുന്ന പ്ശീത്താ തന്നെയാണ് സുറിയാനി സഭകൾ തുടർന്നും ഉപയോഗിച്ചുപോരുന്നത്. (തുടരും)