നോമ്പാചരണം അന്നും ഇന്നും…

വലിയ നോമ്പിലേയ്ക്ക് നാം പ്രവേശിച്ചിരിക്കുകയാണല്ലോ. എല്ലാ മതങ്ങളും വ്യത്യസ്ത
മായ രീതിയിലുള്ള നോമ്പും ഉപവാസവും അനുഷ്ഠിക്കുന്ന പതിവുണ്ട്. അവർക്കെല്ലാം അവരുടേതായ സമയവും കാലവും ക്രമവും കാരണവുമുണ്ട്. ചില മതങ്ങളിൽ എല്ലാമാസവും ചില മതങ്ങൾ എല്ലാ ആഴ്ചയിലും ചില മതങ്ങളിൽ
വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യവും അത് അനുഷ്ഠിക്കുന്നു.
നമ്മുടെ തിരുസഭയുടെ നോമ്പുകാലങ്ങളിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. ആദിമസഭയിൽ പ്രത്യേകിച്ച് ശ്ലീഹന്മാരുടെ കാലഘട്ടങ്ങളിൽ നോമ്പ് അല്ലെങ്കിൽ ഉപവാസം ആചരിക്കുന്ന ഒരു രീതി ശക്തമായി ഉണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് സഭാപിതാക്കന്മാരുടെ കാലഘട്ടങ്ങളിലാണ് നോമ്പാചരണം പ്രബലമാകുന്നത്. ഗ്രീക്ക് തത്ത്വചിന്തയുടെ സ്വാധീനഫലമായി ശരീരം ആത്മാവിന്റെ തടവറയാണ് എന്നും ഒരു പരിധിവരെ ആത്മാവിന്റെ ശത്രുവാണ് ശരീരമെന്നും വിശ്വസിച്ചിരുന്നു. അതിനാൽ ശരീരത്തിന് പീഡനങ്ങൾ നല്കുന്നതിലൂടെ ആത്മാവിനെ വളർത്തിയെടുക്കുവാനുമായിരുന്നു നോമ്പ് ആചരിച്ചിരുന്നത്. എന്നാൽ പിന്നീട് ആത്മാവിന്റെ വാഹനമാണ് ശരീരം എന്ന ചിന്ത വളർന്നു. ആദിമസഭ ഈശോ മിശിഹായുടെ രണ്ടാമത്തെ ആഗമനം പെട്ടെന്ന് ഉണ്ടാകും എന്നുള്ള പ്രതീക്ഷയിൽ തങ്ങളെത്തന്നെ ശുദ്ധീകരിക്കുവാനും തങ്ങളുടെ ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തുവാനുമാണ് നോമ്പ് ആചരിച്ചിരുന്നത് .
നോമ്പ് പഴയനിയമത്തിലും പുതിയ നിയമത്തിലും
ദൈവത്തെ മറന്ന് പാപം ചെയ്ത ദൈവജനം, ദൈവ സന്നിധിയിൽ നിന്നും ദൈവ
പരിപാലനയെ പരിത്യജിച്ച് ദൂരേയ്ക്കു പോയപ്പോൾ പ്രവാചകന്മാരുടെ പ്രേരണയാൽ ദൈവ കോപത്തെയും ശിക്ഷയെയും ഭയന്ന് പ്രവാചകന്മാരിലൂടെ ലഭിക്കുന്ന ദൈവിക നിർദ്ദേശങ്ങൾ മനസ്സിലാക്കി സ്വയം അനുതപിച്ച്, ചെയ്തുപോയ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നതായിരുന്നു പഴയനിയമ ഗ്രന്ഥങ്ങളിൽ നാം കാണുന്ന ഉപവാസങ്ങൾ എല്ലാം തന്നെ. പുതിയ നിയമത്തിലേക്ക് വരുമ്പോൾ ഈശോമിശിഹാ തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് നാൽപ്പത് ദിവസം ഉപവസിച്ചു ദൈവത്തോട് പ്രാർത്ഥിക്കുന്നതായി നാം കാണുന്നു. പിന്നീട് ശ്ലീഹന്മാർ സഭയുടെ ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പായി ഉപവസിച്ചു പ്രാർത്ഥിക്കുന്നതായി നാം കാണുന്നു. പൗലോസ് ശ്ലീഹായോ മറ്റ് ശ്ലീഹന്മാരോ ഉപ
വാസത്തെക്കുറിച്ച് കാര്യമായി പ്രതിപാദിക്കുന്നില്ല. ഈശോമിശിഹാ പറയുന്നു ‘നിങ്ങൾ ഉപവസിക്കുമ്പോൾ അത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആകരുത്.’ ആദിമ സഭയിലേക്ക് വരുമ്പോൾ സഭാപിതാക്കന്മാർ ആണ് ഉപവാസത്തിന് കുറച്ചുകൂടി വലിയ പ്രാധാന്യം കൊണ്ടുവരുന്നത്. ആദിമ സഭയിലെ വിശ്വാസികൾ എല്ലാവരും തന്നെ ധരിച്ചിരുന്നത് മിശിഹായുടെ ആഗമനം ഉടനെ ഉണ്ടാകുമെന്നാണ്, അതിനാൽ തങ്ങളെത്തന്നെ ഒരുക്കുവാനും നവീകരിക്കാനും വിശുദ്ധമായി തങ്ങളുടെ ആത്മാവിനെ കാത്തുസൂക്ഷിക്കാനും ആയിരുന്നു ഉപവാസം അനുഷ്ഠിച്ചിരു
ന്നത്. ഈശോ ഉപവാസത്തെക്കുറിച്ച് വളരെ വ്യക്തമായി പറയുന്നു. ‘നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കുവാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ! നിങ്ങളോടു പറയുന്നു: അവർക്ക് പ്രതി
ഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും., (മത്തായി 6 : 16 18)
നോമ്പാചരണത്തിൽ വന്ന വ്യതിയാനം
ഈ ആധുനിക കാലഘട്ടത്തിൽ ഉപവാസവും നോമ്പും ഒക്കെ ഒരു പരിധിവരെ ഒരു പ്രഹസനം ആകുന്നുണ്ടോ എന്ന് ഈ നോമ്പുകാലത്ത് എങ്കിലും നാം ഒന്ന് ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. ദൈവത്തോട് കൂടെ ആയിരിക്കുന്നതിന്നും, ജീവിത വിശുദ്ധി കാത്ത് ആത്മനിയന്ത്രണം പാലിക്കുന്നതിനായും, പ്രത്യേകനിയോഗങ്ങൾക്കായും, മാനസാന്തരത്തിനും പാപ പരിഹാരത്തിനായും നോമ്പ്അനുഷ്ഠിച്ചിരുന്നത്. എന്നാൽ ഇന്നു പലരും നോമ്പിനെയും
ഉപവാസത്തെയും കാണുന്നത് അവരുടെ ശാരീരികമായ ഉന്നമനത്തിനു വേണ്ടിയാണ് .
അതായത് ചിലർ ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മറ്റ് ചിലർ വയറുകുറയ്ക്കാനും വേണ്ടിയാണ്. എന്നാൽ ഏശയ്യാ പ്രവാചകൻ പറയുന്നു,
‘ഞങ്ങൾ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ ഞങ്ങൾ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ എന്നാൽ, ഉപവസിക്കുമ്പോൾ നിങ്ങൾ സ്വന്തം സുഖമാണ് തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങൾ പീഡിപ്പിക്കുന്നു. കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങൾ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തിൽ എത്താൻ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങൾ ഉപവാസമെന്നും കർത്താവിനു സ്വീകാര്യമായ ദിവസം എന്നും വിളിക്കുക? ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാനുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ
ആഗ്രഹിക്കുന്ന ഉപവാസം ?
വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിലേയ്ക്ക് സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും ആവശ്യക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാ തിരിക്കുകയും ചെയ്യുന്നതല്ലേ അത്?’ (ഏശയ്യാ 58:3 7).
ചരിത്രം
മൂന്നാം നൂറ്റാണ്ടു വരെയും ആദിമസഭയിൽ ഉപവാസത്തിന് അങ്ങനെ പ്രത്യേക നിർദ്ദേ
ശങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പൊതുഉപവാസ ദിവസങ്ങൾ യഹൂദരുടെ പാരമ്പര്യം അനുസരിച്ച് തന്നെ ആദിമ ക്രിസ്ത്യാനികൾ ചെയ്തു പോന്നു. എങ്കിലും, ഈശോ മിശിഹായുടെ ഉയിർപ്പ് തിരുനാളിന് ഒരുക്കമായി ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങൾ ഉപവസിച്ചിരുന്നതായി സഭാ ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും. എന്നാൽ ഇത് ഒരിക്കലും ആരും നിർബന്ധിച്ചതിന്റെ ഫലമായി ആയിരുന്നില്ല. ഓരോരുത്തരും താന്താങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് പ്രത്യേക നിയോഗങ്ങൾ
ക്കായും പരിഹാരമായും ഉപവസിച്ചിരുന്നു. ഇന്നു തിരുസഭ ആചരിക്കുന്ന അമ്പതു
നോമ്പ് യഥാർത്ഥത്തിൽ മോശയും ഏലിയായും നമ്മുടെ കർത്താവീശോമിശിഹായും അനുഷ്ഠിച്ച നാൽപത് ദിവസത്തെ ഉപവാസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആരംഭിച്ചതാണ്. മണവാളൻ തങ്ങളോടു കൂടെയുള്ളപ്പോൾ ആരും ഉപവസിക്കാറില്ല എന്ന കർത്താവിന്റെ വാക്കുകളെ അടിസ്ഥാനമാക്കിയണ് ഇതര ദിവസങ്ങളിൽ ഉപവസിക്കാതിരുന്നത്. ആദ്യനൂറ്റാണ്ടുകളിൽ ഉയിർപ്പ് തിരുന്നാൾ ശനിക്കും ഞായറിനും ഇടയ്ക്കുള്ള രാത്രിയിലായിരുന്നു. എന്നാൽ നാലാം നൂറ്റാണ്ടു മുതൽ ഈ ആഘോഷം വെള്ളിയാഴ്ച ആരംഭിച്ചു തുടങ്ങി രക്ഷകന്റെ മരണം, കല്ലറയിൽ കഴിഞ്ഞ ദിവസം , ഉയിർപ്പ് എന്നിവ ഉൾക്കൊള്ളുന്ന ഒരു ത്രിദിന ആചരണം ആയി മാറി. ഈ ആഘോഷത്തിനുള്ള ഒരുക്കമായി വിശ്വാസികൾ അവരുടെ വ്യക്തിപരമായ ഭക്തി എന്ന നിലയിൽ നോമ്പാചരണം തുടങ്ങി. എകദേശംനാലാം നൂറ്റാണ്ട് മുതൽ ഇത് നാൽപത് ദിവസത്തെനോമ്പാചരണം ആയി രൂപംകൊണ്ടു.
നോമ്പിന്റെ ദിവസങ്ങളുടെ കണക്ക്                                                      പൗരസ്ത്യ നാടുകളിൽ ശനിയാഴ്ച ദിവസങ്ങൾ സാബത്ത് ദിവസങ്ങളായിരുന്നു. അതിനാൽ ക്രിസ്ത്യാനികൾ ശനിയും ഞായറും ഉപവസിച്ചിരുന്നില്ല. എന്നാൽ റോമിൽ ശനിയാഴ്ച ദിവസം ഉപവാസ ദിവസമായി ആച
രിച്ചിരുന്നു. ആഴ്ചയിൽ ആറ് ദിവസം വീതം ആറ് ആഴ്ചകളായി മുപ്പത്താറ് ദിവസത്തെ
ഉപവാസം ആയിരുന്നു പാശ്ചാത്യ സഭയിൽ ഉണ്ടായിരുന്നത്. ആഴ്ചയിൽ അഞ്ചു ദിവസം വീതം ഏഴ് ആഴ്ചകളിൽ മുപ്പത്തഞ്ചും ദുഃഖശനിയും കൂട്ടി മുപ്പത്താറു ദിവസവും പൗരസ്ത്യനാടുകളിൽ ഉപവാസം നടത്തിയിരുന്നു.(മുപ്പത്താറ് ദിവസം ഒരു വർഷത്തിന്റെ പത്തിൽ ഒരു ഭാഗമാണ് ദശാംശം.) എന്നാൽ ഏഴാം നൂറ്റാണ്ടോടു കൂടി നാൽപത് ദിവസത്തെ ഉപവാസംവേണം എന്ന ആശയം കൂടുതൽ ശക്തമായി.
അതിനാൽ പാശ്ചാത്യ സഭയിൽ കൂടുതലായി നാലു ദിവസം കൂടി കണ്ടെത്തേണ്ടി വന്നു. അങ്ങനെ നോമ്പ് നാല് ദിവസം മുമ്പ് അതായത് ബുധനാഴ്ച ആരംഭിക്കുവാൻ ഇടയായി. ഇങ്ങനെയാണ് പാശ്ചാത്യ സഭയിൽ വിഭൂതി ബുധനാഴ്ച നോമ്പിന്റെ ആരംഭമായി വന്നത്. കണക്കു കൂട്ടുന്നതിൽ വ്യത്യാസമുണ്ടെങ്കിലും എല്ലാ സഭകളിലും വലിയ നോമ്പ് ആചരണം ആരാധനാ വത്സരത്തിലെ ഒരു പ്രധാന ഭാഗ
മാണ്. പൗരസ്ത്യ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം വലിയ നോമ്പ് നാൽപത് ദിവസത്തേക്ക് മാത്രമേയുള്ളൂ. അതായത് ആറാഴ്ചകളിലെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളും വിശുദ്ധ വാരത്തിലെ ആദ്യത്തെ നാലു ദിവസങ്ങളും. സീറോമലങ്കര സഭയുൾപ്പെട്ട അന്ത്യോക്കിയൻ പാരമ്പര്യ പ്രകാരം കുരുത്തോല ഞായറിന്റെ തലേ വെള്ളിയാഴ്ച നാല്പതാം വെള്ളി എന്നാണ് അറിയപ്പെടുന്നത്.
നോമ്പിന്റെ ആചരണം.
നോമ്പ് ആചരിക്കുന്ന രീതികളിൽ ഒരോ സഭകൾക്കും അവയുടെ തനത് രീതികൾ ഉണ്ട്. പാശ്ചാത്യരും പൗരസ്ത്യരും രണ്ടുവിധത്തിൽ ആയിരുന്നു നോമ്പാചരണം നടത്തിയിരുന്നത്. പൗരസ്ത്യ സുറിയാനി സഭ നോമ്പ് ആചരിച്ചിരുന്നത് പതിനാറാം നൂറ്റാണ്ടു വരെയും അതായത് ഉദയംപേരൂർ സൂനഹദോസിന് മുമ്പ് വരെയും പല്ല്‌തേച്ച് കുളിച്ച് വൃത്തിയായി തങ്ങളുടെ തന്നെ ശരീരത്തെയും മനസ്സിനെയും ശുദ്ധി ചെയ്തുകൊണ്ടായിരുന്നു. എന്നാൽ പാശ്ചാത്യ സഭയിൽ ചാരം വിതറുകയും ചാരം കൊണ്ട് നെറ്റിയിൽ കുരിശു വരച്ചുമാണ് നോമ്പ് ആചരണം തുടങ്ങിയത്. പാശ്ചാത്യവൽക്കരണത്തിന് ഭാഗമായി ഇന്നും നാം ഇത് തുടരുന്നുണ്ട്. വിശുദ്ധഗ്രന്ഥ അടിസ്ഥാനത്തിൽ ഈശോമിശിഹാ നിങ്ങൾ രഹസ്യമായി ഉപവസിക്കാൻ ആണ് പറഞ്ഞത്. ഇന്ത്യയിലെ മാർ തോമാ ക്രിസ്ത്യാനികളുടെ നോമ്പാചരണം വളരെ കഠിനമായിരുന്നു. ഉദയംപേരൂർ സൂനഹദോസ് ആണ് നോമ്പിലെ കുളി പാടില്ല എന്ന്
പറഞ്ഞത്. അതുപോലെതന്നെ ക്രൂശിതരൂപവും മറ്റു രൂപങ്ങളും പശ്ചാത്യ സഭയിൽ
മറയ്ക്കുന്ന ഒരു രീതി ഉണ്ട്. നോമ്പിനോടനുബന്ധിച്ച്. ഒരിക്കൽ ഉപവാസം തെറ്റിയാൽ പിന്നെ ആ വർഷം നോമ്പ് തുടരാൻ പാടില്ല എന്നുള്ള രീതിയും ഉദയംപേരൂർ സൂനഹദോസ് എടുത്തുമാറ്റി. ഉപവാസം സന്ധ്യയ്ക്ക് ആരംഭിക്കുന്നതിനു പകരം
പാശ്ചാത്യ രീതി പോലെ പാതിരാവിൽ തുടങ്ങണം എന്നാക്കി. ഉപവാസ ദിവസത്തെ ഭക്ഷണത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രാവശ്യം മാത്രമേ ആകാവൂ എന്ന് നിർബന്ധമായി പറഞ്ഞിട്ട് സൂര്യാസ്തമയത്തിനു ശേഷം ലഘു ഭക്ഷണം കഴിക്കാമെന്ന് കൂട്ടിച്ചേർത്തു. അങ്ങനെ പല വ്യത്യാസങ്ങളും ഉദയംപേരൂർ
സൂനഹദോസിലൂടെ പാശ്ചാത്യസഭ പൗരസ്ത്യസഭയുടെ മേൽ അടിച്ചേൽപ്പിച്ചു.
നോമ്പിന്റെ അന്തസത്ത                                                                      ഉപവാസവും നോമ്പും കേവലം ഭക്ഷണം ഉപേക്ഷിക്കൽ അല്ല എന്ന് പുതിയ നിയമവും പഴയ നിയമവും നമ്മെ പഠിപ്പിക്കുന്നു.
നോമ്പും ഉപവാസവും നമ്മെത്തന്നെ ദൈവ സന്നിധിയിലും സഹോദരങ്ങളുടെ മുമ്പിലും എളിമപ്പെടുത്താൻ സഹായകമാക്കണം. ‘ദൈവസന്നിധിയിൽ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും, മക്കളോടും വസ്തുവകകളോടും കൂടെയുള്ള ഞങ്ങളുടെയാത്ര സുഗമമാകുന്നതിനും വേണ്ടി ദൈവത്തോടു പ്രാർത്ഥിക്കുന്നതിന് അഹാവാ നദീതീരത്തുവച്ചു ഞാൻ ഒരു ഉപവാസം പ്രഖ്യാപിച്ചു.’ (എസ്രാ 8 : 21) ദാനധർമ്മം, നീതി ബോധം എന്നീ നന്മകളിലേക്ക് നമ്മെ നയിക്കണം ഉപവാസം. ‘ദാനധർമ്മം, നീതി എന്നിവയോടുകൂടിയാകുമ്പോൾ പ്രാർത്ഥന നല്ലതാണ്. നീതിയോടുകൂടിയ അല്പമാണ് അനീതിയോടു കൂടിയ അധികത്തെക്കാൾ അഭികാമ്യം. സ്വർണ്ണം കൂട്ടിവയ്ക്കുന്നതിനെക്കാൾ ദാനം ചെയ്യുന്നത് നന്ന്’ (തോബിത് 12:8). ദൈവ കൃപക്കായി അപേക്ഷിക്കണം.
‘അവർ ഒന്നുചേർന്ന്, ഉപവാസമനുഷ്ഠിച്ചുകൊണ്ട്, കൃപാമയനായ കർത്താവിനോടു മൂന്നുദിവസം തുടർച്ചയായി സാഷ്ടാംഗം വീണു കേണപേക്ഷിച്ചു. അതിനുശേഷം, യൂദാസ് യുദ്ധസന്നദ്ധരായിരിക്കാൻ അവരെ ആഹ്വാനം ചെയ്തു'(2 മക്കബായർ 13 : 12). നമ്മെത്തന്നെ കൂടുതൽ വിനീതരാക്കാൻ കാരണമാകണം നോമ്പ്.
‘ഉപവാസംകൊണ്ടു ഞാൻ എന്നെത്തന്നെ വിനീതനാക്കി’ (സങ്കീർത്തനങ്ങൾ! 69 : 10). ഏശയ്യായിലൂടെ ദൈവം ആഗ്രഹിക്കുന്ന ഉപവാസം എന്തെന്ന് വ്യക്തമാക്കുന്നു. ‘ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും ആവശ്യക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?’ (ഏശയ്യാ 58:6 7). ദൈവത്തിലുള്ള വിശ്വാസത്തിൽ ദൃഢപ്പെട്ട് അവനിലേക്ക് തിരിച്ച് ചെല്ലുവാൻ സഹായകമാവണം നോമ്പുകാലം. ‘കർത്താവ് അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണ്ണ ഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ’ (ജോയേൽ 2 : 12).
‘നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു’ (യോനാ 3 : 5). ഉപവാസം അനുഷ്ഠിക്കേണ്ടത് തന്റെ തന്നെയും അപരന്റെയും നന്മക്കും ആത്മീയ വളർച്ചക്കുമായിരിക്കണം. ‘നീ ദേശത്തെ ജനത്തോടും പുരോഹിതന്മാരോടും പറയുക. നിങ്ങൾ കഴിഞ്ഞ എഴുപതുവർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ?’ (സഖറിയാ 7 : 5). ഉപവാസം ഒരു തപസ്സും നിരന്തരമായ പ്രാർത്ഥനയുമാണ്. അവിടെ നാം
ദൈവത്തോടൊത്തുള്ള ആനന്ദത്തിൽ നാം എല്ലാം മറക്കുന്നു. സ്വഭാവികമായി അനായാസേന നടക്കേണ്ടതാണ് അത്. ‘എൺപത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാർഥനയിലും കഴിയുകയായിരുന്നു’ (ലൂക്കാ 2 : 37). ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിച്ച് ആവസ്തുത ദൈവത്തെ അഭിമാനപൂർവ്വം അറിയിക്കാൻ എത്തിയ പ്രീശൻ ദൈവത്തിന് സ്വീകാര്യനല്ല എന്ന വസ്തുത, ഉപവാസം ആത്മപ്രശംസക്കുള്ളതല്ല എന്ന വസ്തുത നമുക്ക് വെളിവാക്കുന്നു (ലൂക്കാ 18: 9 14). രുചി കുറഞ്ഞ ഭക്ഷണം എന്ന് അർത്ഥം വരുന്ന ‘പെഫൊർത്താ’ എന്ന സുറിയാനി പദം മലയാളത്തിൽ ‘പേതൃത്താ’ എന്ന പേരിൽ നോമ്പ് ആരംഭത്തിന് തൊട്ടുമുമ്പ് വരുന്ന ഞായറാഴ്ചയ്ക്ക് നൽകി.
ഉപവാസവും നോമ്പും മിശിഹായോടൊത്ത് വസിക്കുന്നതിന്റെ രുചി അറിയുവാനും,
മറ്റെല്ലാരുചികളും ഉപേക്ഷിച്ച് ദൈവത്തോട് കൂടുതൽ ചേർന്നിരിക്കാനും, അവന്റെ രക്ഷാകര പദ്ധതികളെക്കുറിച്ച് ധ്യാനിക്കുവാനും നമ്മെ സഹായിക്കുന്നു. ദൈവത്തോട് ചേർന്നിരിക്കുന്നവൻ എല്ലാത്തിലും സംതൃപ്തൻ ആയിരിക്കും. നോമ്പുകാലം തന്നിലേക്ക് ആഴ്ന്നിറങ്ങി തന്നെത്തന്നെ തിരിച്ചറിയേണ്ട കാലമാണ്. അഹങ്കാരവും ആത്മപ്രശംസയും ഉപേക്ഷിക്കുന്നതിനുള്ള കാലമാണ്. പുതിയ സൃഷ്ടിയായി മാറാനുള്ള കാലമാണ്. രുചിയുള്ള ആഹാരം നാം സന്തോഷത്തോടെ വേണ്ടാ എന്ന് വച്ച് അത് പാവങ്ങളുമായി പങ്കുവച്ച് ഈശോയെ കൂടുതലായി രുചിച്ചറിയുക. നാൽപത് ദിവസം ഉപവസിച്ച് ഈശോമിശിഹാ പ്രലോഭനങ്ങളെ അതിജീവിക്കുകയും തന്റെ ദൗത്യം തീക്ഷ്ണതയോടെ നിർവഹിക്കുകയുമാണ് ചെയ്തത്.
വലിയ നോമ്പ് ഓരോ വർഷവും ആഘോഷിക്കുന്ന നാമോരോരുത്തരും നമ്മുടെ കർ
ത്താവീശോമിശിഹായോട് ചേർന്നിരിക്കുവാനും അവനോടൊത്ത് വസിക്കുവാനും അവന്റെ വചനങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുവാനും അതിൽ ആനന്ദം കണ്ടെത്തുവാനും പരിശ്രമിക്കണം. അങ്ങനെ നമ്മുടെ വിശ്വാസ ജീവിതം കൂടുതൽ തീക്ഷ്ണതയുള്ളതാക്കിത്തീർത്ത് നോമ്പിന് ശേഷമുള്ള ദിവസങ്ങൾ കൂടുതൽ വിശ്വാസത്തോടും തീഷ്ണതയോടും കൂടെ ജീവിതത്തിൽ ഉണ്ടാകുന്ന തകർച്ചകളെയും വെല്ലുവിളികളെയും പരാജയങ്ങളെയും നേരിടുവാൻ ശക്തിയാർജ്ജിച്ചുകൊണ്ട് ആത്മവിശുദ്ധീകരണം നടത്തുകയാണ് നാം ചെയ്യേണ്ടത്.
വിലക്കയറ്റവും സാമ്പത്തിക പരാധീനതകളും വർഗീയവാദവും രാഷ്ട്രീയ അരാജകത്വവും, എല്ലാറ്റിനുമുപരി കൊറോണ എന്ന മഹാമാരിയും മനുഷ്യജീവിതത്തെ പിടിച്ച് ഉലയ്ക്കുന്ന ഈ കാലയളവിൽ മനുഷ്യ
ജീവിതത്തിന് അർത്ഥവും പ്രതീക്ഷയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നോമ്പും ഉപവാസവും നമ്മുടെ ആത്മീയവും ഭൗതികവുമായ ജീവിതത്തിന് പുതിയ ഉണർവ്വും ഉയിർപ്പും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Reference:
Rev. Dr. Charles Payngot CMI;
Aradhanavatsaram
Dr. Thomas Kalayil CMI; Collected Works of Rev. Dr. Placid J. Podipara CMI.
Rev. Dr. Xavier Koodapuzha; Bharathas abcharithram