അബ്രാഹത്തിന്റെ ജീവിതത്തിലൂടെയുള്ള തീർത്ഥയാത്ര

0
468

കഴിഞ്ഞ ലക്കത്തിലൂടെ പൂർവ്വപിതാക്കന്മാരുടെ ചരിത്രപരമ്പരയിലേക്ക് നാം പ്രവേശിക്കുകയുണ്ടായി. അബ്രാഹത്തിന്റെ വിളിയും ദൗത്യവും പ്രകടമാകുന്ന ഉല്പത്തി പുസ്തകത്തിന്റെ നാൾവഴിയിലൂടെ കടന്നുപോകുമ്പോൾ ദൈവം എപ്രകാരം വാഗ്ദാനത്തിന്റെ നാട്ടിലേയ്ക്ക് അബ്രാഹത്തെ നയിച്ചുവെന്ന് വ്യക്തമാകും. ‘നീ നിന്റെ ജനത്തേയും പിതൃഗൃഹത്തേയും വിട്ട്് ഞാൻ കാണിച്ചുതരുന്ന നാട്ടിലേയ്ക്ക് പോകുക. അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും. നിന്നെ അനുഗൃഹിക്കുന്നവരെ ഞാനും അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാനും ശപിക്കും.’ (ഉല്പ 12:2). ഇപ്രകാരം വാഗ്ദാനനാട്ടിലേയ്ക്കുള്ള ജൈത്രയാത്ര ആരംഭിച്ച അബ്രാഹം കർത്താവിൽ വിശ്വസിച്ചു. അത് അവന് നീതിയായി പരിണമിച്ചു.
മെസൊപ്പൊട്ടേമിയായിലെ ഊറിൽ നിന്നാരംഭിക്കുന്ന യാത്ര വന്നവസാനിക്കുന്നത് തന്റെ ഭാര്യക്കുവേണ്ടി അവസാനവിശ്രമസ്ഥലമൊരുക്കിയ ഹെബ്രോണിലാണ് (25:7-11). സ്വരാക്ഷരങ്ങൾ (vowels) കൂടാതെയുള്ള ഹെബ്രായഭാഷയിൽ ‘ഊർ’ എന്ന വാക്ക് രണ്ട് അർത്ഥതലങ്ങളെ ഉൾക്കൊള്ളുന്നു; ഒന്ന് പ്രകാശമെന്നും മറ്റൊന്ന് സ്ഥലനാമമായും. ആദ്യത്തെ അർത്ഥം വച്ച് നോക്കുമ്പോൾ അബ്രാഹത്തോട് ദൈവം കല്പിക്കുന്നത് നീ വിജാതീയ പ്രകാശം വിട്ട്് യഥാർത്ഥ പ്രകാശമായ വാഗ്ദാനനാടിനെ ലക്ഷ്യമാക്കുക എന്നുള്ളതാണ്. ഇപ്രകാരം വാഗ്ദാനനാട് വിശുദ്ധഗ്രന്ഥ ഭാഷയിൽ ദൈവാലയവുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് ഇരിക്കുക. ജോഷ്വായുടെ പുസ്തകത്തിൽ ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽക്കാർ വാഗ്ദാനദേശത്തേക്ക് പ്രവേശിക്കുന്നത് ദൈവസാന്നിദ്ധ്യത്തിന്റെ തണലിലാണല്ലോ (ജോഷ്വാ 6).
ജറീക്കോ പട്ടണം നശിപ്പിക്കുന്നതിന്റെ പിന്നിലും വാഗ്ദാനപേടകത്തിന്റെ സജീവമായ സാന്നിദ്ധ്യം കാണാൻ സാധിക്കും. ജോർദ്ദാൻ നദി കടക്കുന്ന അവസരത്തിലും ഇസ്രായേൽ ദൈവത്തിന്റെ വാഗ്ദാനപേടകം ചുമലിൽ വഹിച്ചുകൊണ്ടാണ് യാത്ര ചെയ്യുക (ജോഷ്വ 4). ഇവയെല്ലാം നമ്മെ അനുസ്മരിപ്പിക്കുന്നത് അബ്രാഹത്തിന്റെ വാഗ്ദാനനാട്ടിലേക്കുള്ള യാത്ര തന്നെ വിളിച്ച ദൈവത്തോടുള്ള ബന്ധത്തിന്റെ, വിശ്വസ്തതയുടെ അനുസ്മരണമാണ് എന്നാണ്. അതുകൊണ്ടാണ് വാഗ്ദാനനാട്ടിൽ പ്രവേശിച്ച അതേ അവസരത്തിൽ തന്നെ അബ്രാഹം ഷെക്കേമിൽ ഒരു ബലിപീഠം പണിയുകയും അവിടെ കർത്താവിന് ബലിയർപ്പിക്കുകയും ചെയ്തത് (ഉല്പ 12:7). അബ്രാഹം സന്ദർശിക്കുന്ന ഓരോ സ്ഥലങ്ങളും ഇസ്രായേലിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധമുള്ളവയാണ്. ഷെക്കേം അല്ലെങ്കിൽ സമരിയ എന്ന പ്രദേശം വിഭജിത ഇസ്രായേലിന്റെ തലസ്ഥാന നഗരിയായിരുന്നു. ബെഥേൽ വാഗ്ദാനനാട്ടിലുള്ള ഇസ്രായേലിന്റെ യാത്രയിലെ ഒരു ആരാധനാകേന്ദ്രമായിരുന്നു. ഹെബ്രോൺ ആകട്ടെ വിഭജിതമായ യൂദയാ ദേശത്തിന്റെ തലസ്ഥാനവും ദാവീദിനെ രാജാവായി വാഴിച്ച സ്ഥലവുമായിരുന്നു (2 സാമു 5:1-5). ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര അബ്രാഹം ഇസ്രായേലിനെ ഒന്നിപ്പിക്കുവാൻ കടന്നുവന്ന രാജാവാണ് എന്ന സങ്കല്പത്തിലേക്ക് നമ്മെ എത്തിക്കുന്നു.

അബ്രാഹവും ലോത്തും (ഉല്പ 13)

ഉല്പത്തി 11: 27 അനുസരിച്ച് തേരാഹിന്റെ പിൻതലമുറക്കാരാണ് അബ്രാഹവും
നാഹോറും ഹാരാനും. ഹാരാന്റെ പുത്രനാണ് ലോത്ത്. അങ്ങനെ അബ്രാഹവും ലോത്തും തമ്മിലുള്ള ബന്ധം രക്തബന്ധത്തിലുപരിയായുള്ള ഒരു സ്‌നേഹ ബന്ധമായിരുന്നു. അതുകൊണ്ടാണ് അബ്രാഹം ഏറെ സ്‌നേഹത്തോടുകൂടി ദൈവം നല്കിയ വാഗ്ദാനനാട്ടിലുള്ള അവകാശം സഹോദരനുമായി പങ്കുവയ്ക്കുന്നത്. ‘ഇടതുഭാഗമാണ് നിനക്ക്് വേണ്ടതെങ്കിൽ ഞാൻ വലത്തേക്ക് പൊയ്ക്കൊള്ളാം. വലതുഭാഗമാണ് നിനക്ക്് ഇഷ്്ടമെങ്കിൽ ഞാൻ ഇടത്തേക്ക് പൊയ്‌ക്കൊള്ളാം’ (13:9). വീണ്ടും ഷീനാർ രാജാവും മറ്റ് രാജാക്കന്മാരും ലോത്തിനെ ആക്രമിക്കുവാൻ വേണ്ടി
സോദോം ഗൊമോറ പ്രദേശത്തേക്ക് എത്തിയപ്പോൾ രാജാക്കന്മാരെ നശിപ്പിച്ച് സഹോദ
രനെ രക്ഷിച്ച അബ്രഹാമിന്റെ സാഹോദര്യ ബന്ധത്തെ വിശുദ്ധ ഗ്രന്ഥത്തിൽ നാം
കാണുന്നു (14:1-16). എന്നാൽ ലോത്തും അബ്രാഹവും തമ്മിൽ വേർപിരിയുന്നതിന് വിശുദ്ധഗ്രന്ഥകാരന്റെ ഭാഷയിൽ ദൈവശാസ്ത്രപരമായ ഒരർത്ഥമുണ്ട്. ഉല്പത്തി
പുസ്തകം 19-ാം അദ്ധ്യായം 30 മുതലുള്ള വാക്യങ്ങൾ ഇസ്രായേലിന്റെ ശത്രുക്കളായുള്ള മൊവാബ്യരേയും അമ്മോന്യരേയും കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇവരുടെ പിതാവാകട്ടെ ലോത്തും. ഇസ്രായേലിന്റെ
ശത്രുക്കളായ ഈ ദേശങ്ങളുടെ പിതാവിനെ വാഗ്ദാനനാടിന്റെ ഭാഗമായി ചിത്രീകരിക്കുന്നത്് ദൈവിക നിയമങ്ങളുടെ ലംഘനമാണ് എന്ന് ദൈവശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. മാത്രവുമല്ല, ലോത്ത് തിരഞ്ഞെടുത്ത ഭൂമിയാകട്ടെ വാഗ്ദാനനാടിന് വെളിയിലുള്ള പ്രദേശവും (13:10). ദേശത്തിന്റെ വിഭജനം
കഴിഞ്ഞതിന് ശേഷം അബ്രാഹത്തോട് ദൈവം പറയുന്നു: ‘നീ തലയുയർത്തി കിഴ
ക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നടക്കുക. നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താനപരമ്പരകൾക്കും എന്നേക്കുമായി ഞാൻ തരും’ (13:15).

അബ്രാഹവും ദൈവവുമായുള്ള ഉടമ്പടി

പഴയനിയമത്തിൽ ഏറെ ശ്രദ്ധേയമായ ഒരു പദമാണ് ഉടമ്പടി എന്നത്. ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിബന്ധത്തെ ഈ വാക്കിലൂടെ ദ്യോതിപ്പിക്കുന്നു. സീനായ് മലയുടെ അടിവാരത്തിൽ ദൈവം ഇസ്രായേലുമായി നടത്തിയ ഉടമ്പടി പത്രികയിലൂടെയാണ് ജനം ദൈവവുമായുള്ള ബന്ധത്തിലേക്ക് വളരുന്നത്. ഉടമ്പടിയുടെ ആമുഖമെന്ന രീതിയിൽ പുറപ്പാട് 19:6 നമ്മെ ഓർമ്മപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”നിങ്ങൾ എനിക്ക് പുരോഹിതരാജ്യവും വിശുദ്ധജനവുമായിരിക്കും”. ഉടമ്പടിയുടെ ബന്ധം ഈയൊരു ലക്ഷ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ രണ്ട് പ്രധാനപ്പെട്ട ഉടമ്പടികൾ നാം കാണുന്നുണ്ട്; ദാവീദിന് നല്കിയ ഉടമ്പടി (2 സാമു 7:12-14), സോളമന് നല്കുന്ന ഉടമ്പടി (1 രാജാ 6:12-14). ഈ രണ്ട് ഉടമ്പടികൾക്കും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. ആദ്യത്തേത് ഉടമ്പടി സ്വീകരിച്ച വ്യക്തിയിൽ നിന്ന് ഒന്നും ആവശ്യപ്പെടുന്നില്ല. ഉടമ്പടി ദാതാവ് ഉദാരമനസ്‌കതയോടുകൂടി തന്റെ ദാനം നല്കുകയാണ്. എന്നാൽ രണ്ടാമത്തെ ഉടമ്പടി ആകട്ടെ ഉടമ്പടിയുടെ സ്വീകർത്താവിൽ നിന്ന് അവൻ അനുഷ്ഠിക്കേണ്ട ജീവിതചര്യയെക്കുറിച്ചുള്ള നിബന്ധനകൾ ഓർമ്മപ്പെടുത്തുന്നുണ്ട്. ”നീ എനിക്ക് ഭവനം പണിയുകയാണല്ലോ. എന്റെ ചട്ടങ്ങൾ ആചരിച്ചും എന്റെ അനുശാസനകൾ അനുസരിച്ചും ജീവിക്കുകയാണെങ്കിൽ ഞാൻ നിന്റെ പിതാവായ ദാവീദിനോട് ചെയ്ത വാഗ്ദാനം നിന്നിൽ നിറവേറ്റും” (1 രാജാ 6:12). ഈ രണ്ട് ഉടമ്പടികളും ലക്ഷ്യം വയ്ക്കുന്നത് ബലിയർപ്പണത്തോടും ജറുസലേം ദൈവാലയത്തോടുമുള്ള രണ്ട് രാജാക്കന്മാരുടെ ബന്ധത്തെയാണ്. അബ്രാഹത്തോടുള്ള ദൈവത്തിന്റെ ഉടമ്പടി ആദ്യത്തെ ഉടമ്പടിയുമായി ഏറെ സമാനത പുലർത്തുന്നതാണ്. ഈ ഉടമ്പടിയിലൂടെ ദൈവവുമായുള്ള വ്യക്തിബന്ധത്തിലേക്ക് അബ്രാഹം പ്രവേശിച്ചു. അതിനുള്ള അടയാളമെന്നോണം പരിഛേദനം നിർവ്വഹിക്കുവാൻ ദൈവം അബ്രാഹത്തെ നിർബന്ധിക്കുകയാണ് (ഉല്പ 17). ദൈവവുമായുള്ള ബന്ധത്തിന്റെ പൂർണ്ണത ബലിയർപ്പണത്തിലൂടെയാണ് പ്രകടമാകുന്നത് (ഉല്പ 15). ഹെബ്രായഭാഷയിൽ ഉടമ്പടിയുടെ ബന്ധം എന്ന് പറയുന്നത് മുറിക്കപ്പെടുന്നതിനോട് തുല്യമാണ് (കറാത്ത് ബെറീത്ത്). ബലിയർപ്പണം മുറിക്കപ്പെടുന്നതിന്റെ പ്രതീകവുമാണല്ലോ. അതുകൊണ്ടാണ് അബ്രാഹവുമായുള്ള ദൈവത്തിന്റെ ഉടമ്പടിയിൽ ബലിയർപ്പണത്തിന് പ്രത്യേക പ്രാധാന്യം വരുന്നത്. വീണ്ടും ഉടമ്പടിയുടെ ബന്ധം സ്വീകർത്താവിനെയും ദാതാവിനെയും ഒരുപോലെ ബാധിക്കുന്നതാണ്. ഇവയിൽ ആരെങ്കിലും ഉടമ്പടി നിഷേധിച്ചാൽ അവനുള്ള പ്രതിഫലം സമൂഹത്തിൽ നിന്നുള്ള തിരസ്‌കരണമാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവ് തന്റെ ഉടമ്പടിയുടെ ബന്ധം എന്നും കാത്തുസൂക്ഷിക്കും. എന്നാൽ മനുഷ്യനാകട്ടെ ലോകത്തിന്റെ ഇച്ഛകൾക്ക് അടിമപ്പെട്ട് ഉടമ്പടിയുടെ ബന്ധത്തിൽനിന്ന് വിച്ഛേദിക്കപ്പെടുകയും സമൂഹത്തിൽ നിന്ന് ഭ്രഷ്ടനാക്കപ്പെടുകയും ചെയ്യും. ഇതാണ് അസ്സീറിയൻ പ്രവാസത്തിലും (722 ബി.സി.) ബാബിലോൺ പ്രവാസത്തിലും (587 ബി.സി.) ഇസ്രായേലിന്റെ ചരിത്രത്തിൽ സംഭവിച്ചത്. ഇപ്രകാരം അബ്രഹാമിന്റെ ബലിയർപ്പണവും ഉടമ്പടിയുടെ ബന്ധവും ഇസ്രായേലിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഉടമ്പടിയുടെ പ്രതീകമെന്നോണം പരിഛേദനം ചെയ്യാൻ ദൈവം അബ്രാഹത്തോട് ആവശ്യപ്പെടുന്നു. തനിക്ക് സാറായിലൂടെ ലഭ്യമാകാൻ പോകുന്ന ഇസഹാക്കിനെയും (ഉല്പ 21:4) ഉപനാരിയായ ഹാഗാറിൽ നിന്ന് ജനിച്ച ഇസ്മായേലിനെയും പരിഛേദനം ചെയ്യാൻ ദൈവം അബ്രാഹത്തോട് ആവശ്യപ്പെടുന്നു (17:9). എന്നാൽ ഈ രണ്ട് പേർക്കും പരിഛേദനം വഴിയായി ലഭിക്കുന്നത് രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. വാഗ്ദാനത്തിന്റെ പുത്രനായ ഇസഹാക്കിന് ഉടമ്പടിയുടെ ബന്ധവും ഇസ്മായേലിന് അനുഗ്രഹങ്ങളും. വീണ്ടും വചനം പറയുന്നു: ”നിങ്ങളിൽ പുരുഷന്മാരെല്ലാം പരിഛേദനം ചെയ്യണം. നിന്റെ വീട്ടിൽ പിറന്നവനോ നിന്റെ സന്താനങ്ങളിൽ പെടാത്ത വിലയ്ക്ക് വാങ്ങിയ പരദേശിയോ ആകട്ടെ തലമുറ തോറും എല്ലാ
പുരുഷന്മാരും പരിഛേദനം ചെയ്യണം” (ഉല്പ 10:12). വാഗ്ദാനനാട്ടിൽ വസിക്കുന്ന എല്ലാവരും പരിഛേദനം ചെയ്യണം എന്ന നിയമം ദൈവവും വാഗ്ദാനനാടും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ദൈവമാണ് വാഗ്ദാനനാടിന്റെ അവകാശി. ആകയാൽ ആ നാട്ടിൽ താമസിക്കുന്നവൻ ദൈവവുമായുള്ള ബന്ധത്തിൽ നിലനില്ക്കാൻ പരിഛേദനം അനിവാര്യമാണ്. മാത്രവുമല്ല, വാഗ്ദാനനാട്ടിലാണ് ദൈവത്തിന് ബലിയർപ്പണം നടത്തുന്നത്. പെസഹാ തുടങ്ങിയ പ്രധാന തിരുനാളുകളിൽ പങ്കെടുക്കുന്ന വ്യക്തി പരിഛേദനം സ്വീകരിക്കണം. ഇത് തിരുനാളിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ സൂചനയാണ്. ജോഷ്വായുടെ പുസ്തകം 5-ാം അദ്ധ്യായം ഈ രണ്ട് പ്രത്യേകതകളെ നമ്മുടെ മുമ്പിൽ അവതരിപ്പിക്കുന്നു. ജോർദ്ദാൻ നദി കടന്ന് വാഗ്ദാനനാട്ടിലേക്കു പ്രവേശിക്കാൻ ഒരുങ്ങുന്ന പുതിയതലമുറയിലെ ഇസ്രായേൽ ജനത്തെ ഗിൽഗാലിൽ വച്ച് പരിഛേദനം ചെയ്തതിനുശേഷം (5:2-9) പെസഹാത്തിരുന്നാൾ ആഘോഷിക്കുന്നതായി (5:10-12) വി. ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. എട്ടാം ദിവസം നടത്തുന്ന പരിഛേദനം ലേവ്യരുടെ നിയമങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പൗരോഹിത്യ പാരമ്പര്യമനുസരിച്ച് പുരോഹിതനായി അഭിഷേകം ചെയ്തതിനുശേഷം പുരോഹിത ശുശ്രൂഷ നടത്തുന്നത് എട്ടാം ദിവസമാണ്. പരിഛേദനം സ്വീകരിക്കുന്ന വ്യക്തി ദൈവാലയവുമായുള്ള (വാഗ്ദാനനാട്)ബന്ധത്തിൽ വളരുകയും അതിനെ ശുശ്രൂഷിക്കാൻ നിയോഗക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം പരിഛേദനം ദൈവവുമായുള്ള ബന്ധത്തെ, ദൈവാലയ ശുശ്രൂഷയെ സൂചിപ്പിക്കുന്നു.