സമുദായബോധത്തെ തളർത്തുന്ന ഘടകങ്ങൾ

മാർ തോമസ് തറയിൽ

താൻ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ച് അഭിമാനിക്കാൻ കഴിയില്ലെങ്കിൽ ഒരുവൻ ഒരിക്കലും ആ സമൂഹത്തോടുള്ള ബന്ധം ശക്തിപ്പെടുത്തില്ല. സഭയിൽ നിന്നും ജനങ്ങളെ അകറ്റാൻ ഏറ്റവും നല്ല മാർഗ്ഗം സഭയെക്കുറിച്ചു ആക്ഷേപകരമായ കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കുക എന്നതാണ്. ആക്ഷേപകരമായ കാര്യങ്ങൾ മാത്രം നടക്കുന്ന സഭയിൽ അംഗമായിരിക്കുന്നതു ലജ്ജാകരമെന്നു ബോധ്യപ്പെടുത്തുന്ന രീതിയിൽ മാധ്യമവിചാരണകളും സമൂഹമാധ്യമവിചാരണകളും നടത്തുന്ന കാര്യത്തിൽ സഭയെ എതിർക്കുന്ന ശക്തികൾ വിജയിക്കുന്നു എന്നു തോന്നിപ്പോകും.
നന്മയൊന്നും വാർത്തയാകാത്ത കാലം
വെള്ളപ്പൊക്കം രൂക്ഷമായിനിന്നകാലത്തു ജനങ്ങൾക്കു ഏറ്റവും വലിയ സഹായമായ സഭയുടെ ശുശ്രൂഷകളൊന്നും വാർത്തയായില്ല. സമൂഹത്തിൽ ആരോരുമില്ലാത്ത വർക്കുവേണ്ടി നമ്മുടെ സിസ്‌റ്റേഴ്‌സ് നടത്തുന്ന ശുശ്രൂഷകളും വാർത്തയാകുന്നില്ല. അഭിമാനത്തോടെയും സന്തോഷത്തോടെയും പതിനായിരക്കണക്കിനു സഹോദരി മാർ സമൂഹത്തിലെ ദൗർഭാഗ്യർക്കായി ചെയ്യുന്ന സേവനങ്ങളേക്കാൾ വിരലി ലെണ്ണാവുന്ന സന്ന്യസ്തർ പറയുന്ന ഭാവനാസമ്പന്നമായ അശ്ലീലകഥകൾക്കാണ് മാർക്കറ്റ്.
പതിനായിരക്കണക്കിന് സമർപ്പിതരിൽ ഒന്നോ രണ്ടോ പേരുടെ അപജയം കേരള
മാധ്യമങ്ങൾ ആഘോഷിക്കാൻ കാരണമെന്താണ്? ഇക്കിളിക്കഥകൾക്കും സഭാവിരുദ്ധവിവരണങ്ങൾക്കും കൂടുതൽ പ്രേക്ഷകരുണ്ടാകുന്നതുകൊണ്ടുള്ള ബിസിനസ് താല്പര്യങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. സാമ്പത്തികമായി തകർച്ച നേരിടുന്ന ചില മാധ്യമങ്ങളെ മറ്റുചില മതതീവ്രവാദ സംഘടനകൾ വിലകൊടുത്തു വാങ്ങി സഭാവിരുദ്ധ വാർത്തകളും ചർച്ചകളും പ്രക്ഷേപണം ചെയ്യുന്നുമുണ്ട്. ഏറ്റവും കൂടുതൽ അഴിമതി നിറഞ്ഞ മാധ്യമങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണല്ലോ ഇന്ത്യ. സാമ്പത്തികത്തകർച്ചയിൽനിന്നു കരേറാൻ ജീർണ്ണതകൾവിറ്റു ജീവിക്കാനും അവ തയ്യാറാകുന്നു എന്നതാണു വാസ്തവം. അതിന്റെ ഫലമായി സഭയെക്കുറിച്ചുള്ള അപമാനകരമായ വാർത്തകൾ മാത്രം പൊതുസമുഹത്തിൽ ചർച്ചയാകുകയും അത് നമുക്ക് അപമാനകരമാകുകയും ചെയ്യുന്നു.
നമ്മുടെ സമർപ്പിതരെക്കുറിച്ച് സത്യം പോലെ തോന്നിക്കുന്ന കഥകൾ കേൾക്കുമ്പോൾ എന്തുകൊണ്ടാണ് പൊതുജനം അതു വിശ്വസിക്കുന്നത്? അതിന്റെ ഒരു കാരണം, സമർപ്പിതർ ജീവിക്കുന്ന ബ്രഹ്മചര്യം സാധാരണക്കാർക്ക് വിശ്വസിക്കാൻ എളുപ്പമുള്ളതല്ല എന്നതാണ്. ശരീരത്തിന്റെ സ്വഭാവികവൈകാരിക ദാഹങ്ങളെ നിയന്ത്രിച്ചു സമൂഹത്തിനുവേണ്ടി നിസ്വാർത്ഥമായി ജീവിക്കാൻ സാധിക്കും എന്നത് സാധാരണക്കാരന് അവിശ്വസനീയമായി തോന്നാം. ഉദാഹരണമായി, ഒരു വൈദികന്റെ നേതൃത്വത്തിൽ ഒരിടവകജനം കോടിക്കണക്കിനു രൂപ സ്വരുക്കൂട്ടി ഒരു ദൈവാലയം നിർമ്മിക്കുന്നു. ഊണിലും ഉറക്കത്തിലും അതിനുവേണ്ടി കഷ്ടപ്പെടുന്നയാൾ വികാരിയച്ചൻ തന്നെയാണ്. അദ്ദേഹം അതിനുവേണ്ടി പദ്ധതികൾ ആവിഷ്‌കരിക്കുകയും ആരുടേയും മുമ്പിൽ കൈനീട്ടുകയും ചെയ്യും, എന്നിട്ടോ? പള്ളികൂദാശ ചെയ്തു കഴിഞ്ഞാൽ ഏതാനും മാസങ്ങൾക്കകം മറ്റൊരു ഇടവകയിലേക്കു സ്ഥലം മാറിപ്പോവുകയും ചെയ്യും. ഈ വൈദികന് ഇത്രയും കഷ്ടപ്പെട്ടിട്ട് ഒരു പൈസപോലും സമ്പാദിച്ചില്ലെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. അച്ചനെന്തെങ്കിലും കിട്ടിക്കാണും എന്നു വിശ്വസിക്കാനാണെളുപ്പം.
മറ്റൊന്ന് വൈദികരും സന്ന്യസ്തരുമൊക്കെ ഒരുമിച്ചു പ്രവർത്തിക്കുന്നു. ബ്രഹ്മചര്യ
വ്രതമെടുത്തവന് അതൊക്കെ സാഹോദര്യത്തിന്റെ അനുഭവങ്ങളാണ്. എന്നാൽ അത്തരം ബന്ധങ്ങളെയും അശ്ലീലക്കണ്ണുകളോടെ വ്യാഖ്യാനിക്കാനാണ് എളുപ്പം. അതുകൊണ്ടുതന്നെ സമർപ്പിതരെയുൾപ്പെടുത്തിയുള്ള അശ്ലീലകഥകൾക്ക് പ്രചാരം കിട്ടുന്നു. അവിശ്വസനീയ ജീവിതം നയിക്കുന്നവരെ സംശയിക്കുക എളുപ്പമാണല്ലോ. അങ്ങനെയുള്ള കഥകൾ പ്രചരിപ്പിക്കുന്നതിലൂടെ കത്തോലിക്കസഭയുടെ ശുശൂഷകളെ അവമതിക്കാനും സാധിക്കും.
പൊതുവായ ഘടകങ്ങളുടെ അഭാവം
പൊതുസമുഹത്തിൽ നേരിടുന്ന അവമതിസമുദായബോധത്തെ ദോഷകരമായി ബാധിക്കും എന്നു നമ്മൾ കണ്ടു. സമുദായബോധത്തെ തളർത്തുന്ന മറ്റൊരു പ്രധാനഘടകമാണു പൊതുവായ ഘടകങ്ങളുടെ അഭാവം. ഏകതാനതയുള്ള ഏതൊരു സമൂഹത്തിനും പൊതുവായ ചരിത്രവും സംസ്‌കാരവും അനുഷ്ഠാനങ്ങളും കാണും. ആധുനിക സീറോമലബാർസഭയുടെ ഏറ്റവും അടിസ്ഥാനപരമായ വെല്ലുവിളി ആരാധനക്രമത്തെയും ചരിത്രത്തെയും കുറിച്ച് ഈ സഭയിൽ നിലനിൽക്കുന്ന വ്യത്യസ്താഭിപ്രായങ്ങളാണ്. ദൗർഭാഗ്യവശാൽ സീറോമലബാർ സിനഡിന് ഇക്കാര്യങ്ങളിൽ ഐക്യരുപ്യം കൊണ്ടുവരാൻ സാധിച്ചിട്ടുമില്ല.
ആരാധനക്രമത്തെക്കുറിച്ചുള്ള അഭിമാനം                                                     കത്തോലിക്കസഭയിൽ ഇന്നു നിലനില് ക്കുന്ന ആരാധനക്രമങ്ങളിൽ ഏറ്റവും പുരാതന ക്രമമാണ് സീറോമലബാർ സഭ ഉപയോഗിക്കുന്നതെങ്കിലും അതിനെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങൾ അതിനെ അവമതിക്കുന്നതിലേക്കു ചിലരെയെങ്കിലും നയിക്കുന്നുണ്ട്. മറ്റ് അപ്പസ്‌തോലിക സഭകൾ അവർക്ക് പാരമ്പര്യമായി ലഭിക്കുന്ന ആരാധനാ പൈതൃകത്തെ ആദരവോടെയും അഭിമാനത്തോടെയും സ്വീകരിക്കുമ്പോൾ സീറോ മലബാർ സഭയിൽ സ്വന്തം ആരാധനാരീതി വേണ്ടത്ര ആദരിക്കപ്പെടുന്നില്ല. ഒരു വ്യക്തി സഭയുടെ അടിസ്ഥാനം ആരാധനക്രമം ആണെന്നിരിക്കെ അടിസ്ഥാനങ്ങളെക്കുറിച്ച് തന്നെ അഭിമാനിക്കാൻ സാധിക്കാത്ത അവസ്ഥ ഈ സഭയുടെ മക്കളെ ചിലപ്പോഴെങ്കിലും അസ്വസ്ഥരാക്കുന്നുണ്ട്. ഫലമോ? പലരും മറ്റു സഭകളുടെ ആരാധനയിൽ ഒരു കുറ്റബോധമില്ലാതെ പങ്കെടുക്കുന്നു.
വിശ്വാസവും ആചാരങ്ങളുമാണ് മതത്തിന്റെ അടിസ്ഥാനങ്ങളെന്നു സാമൂഹിക
ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ആചാരങ്ങളില്ലെങ്കിൽ മതങ്ങൾ കേവലം പ്രത്യയശാസ്ത്രങ്ങൾ മാത്രമാണ്. അങ്ങനെയാകുമ്പോൾ ആചാരങ്ങളാണ് ഒരു വിശ്വാസസമൂഹത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. പരിശുദ്ധ കുർബാന ഒരിക്കലും ജീവിതവുമായി ബന്ധമില്ലാത്ത അനുഷ്ഠാനം അല്ല; പരസ്പരം
ബലിയാകാനും ക്ഷമിക്കാനും നമ്മെ നിർബന്ധിക്കുന്ന ദൈവാനുഭവമാണത്. അതിനാൽത്തന്നെ ആരാധനാ രീതികളെക്കുറിച്ചുള്ള ഐക്യബോധമില്ലായ്മ അവയെക്കുറിച്ച് അഭിമാനിക്കാൻ വിശ്വാസികളെ സഹായിക്കുന്നില്ല.
പൊതുവായ പ്രതീകങ്ങളും ഇതര ഘടകങ്ങളും
സമൂഹാവബോധത്തെ വളർത്തുന്ന ഘടകങ്ങളാണ് പൊതുവായ പ്രതീകങ്ങളും അടയാളങ്ങളും. ദൈവാലയങ്ങളുടെ പൊതുഘടന, ആരാധനഭാഷ സ്ലീവാ പോലെയുള്ള പൊതുവായ അടയാളങ്ങൾ, ഇവയൊക്കെ ആചാരനുഷ്ഠാനങ്ങൾ പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ്. ദൗർഭാഗ്യവശാൽ ചരിത്രത്തിന്റെ സങ്കീർണതകൾ മൂലം മേൽവിവരിച്ച പൊതു ഘടകങ്ങളിൽ യോജിച്ച നിലപാട് സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നില്ല.
ചരിത്രത്തെക്കുറിച്ചുള്ള അഭിമാനം
ഒരു സമൂഹത്തിന്റെ ആത്മാഭിമാനം അതിന്റെ ചരിത്രത്തോടു ബന്ധപ്പെട്ടാണിരി
ക്കുന്നത്. ക്ലേശകരമായ ചുറ്റുപാടുകളിലും വിശ്വാസം സംരക്ഷിച്ച ചരിത്രമാണ് സീറോ മലബാർ സഭയ്ക്കുള്ളത്. മാർത്തോമാശ്ലീഹായുടെ വിശ്വാസം സ്വീകരിച്ച നമ്മുടെ പൂർവ്വികർക്ക് ആദ്യനൂറ്റാണ്ടുകളിൽ ആ വിശ്വാസം സംരക്ഷിക്കാനുള്ള ഘടകങ്ങൾ ഒന്നുമില്ലായിരുന്നു എന്നുവേണം കരുതാൻ. ആദ്യകാല ഘട്ടങ്ങളിൽ പേർഷ്യയിൽ നിന്നുള്ള മെത്രാന്മാരായിരുന്നു ആത്മീയകാര്യങ്ങളിൽ നമ്മെ സഹായിച്ചിരുന്നത്. മാർത്തോമാശ്ലീഹായാൽ സ്ഥാപിതമായ പേർഷ്യയിലെ പൗരസ്ത്യ സുറിയാനി സഭയുമായുള്ള നമ്മുടെ സഭയുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വേണം വിലയിരുത്താൻ. അങ്ങനെ ഇന്നു സഭയിൽ നിലനിൽക്കുന്ന ഏറ്റവും പുരാതനമായ അനാഫൊറ ഉപയോഗിക്കുന്ന സഭയായി നമ്മുടെ സഭ മാറി. നോമ്പും ഉപവാസവും നോക്കി കൂദാശകളിൽ പങ്കെടുത്ത തീക്ഷ്ണതയോടെ വിശ്വാസം ജീവിച്ചവരാണ് നമ്മുടെ പൂർവ്വീകർ.
അതുകൊണ്ടുതന്നെ പൗരസ്ത്യ സുറിയാനി ഭാഷയോടും ആരാധനക്രമത്തോടും മൈലാപൂരിലെ അത്ഭുതസ്ലീവായോടുമൊക്കെയുള്ള ബന്ധം നസ്രാണികൾക്ക് എന്നും
അഭിമാനം ആയിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ വന്നപ്പോഴാണ് ഈ സഭയുടെ പരമ്പരാഗത രീതികൾക്ക് വ്യത്യാസം വന്നു തുടങ്ങിയത്. വ്യത്യസ്തമായ പൗരസ്ത്യ സുറിയാനി ആരാധനക്രമം തങ്ങൾ അന്യമായതുകൊണ്ടാവാം, നസ്രാണികളെ ‘സത്യസഭ’ക്കാരാക്കാൻ വേണ്ടി അവർ ലത്തീൻ ആരാധനക്രമം അടിച്ചേൽപ്പിച്ചത്. പിന്നീട് തനതു ആരാധനക്രമം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് പലപ്രാവശ്യം നമ്മുടെ പൂർവ്വികർ പരിശുദ്ധ സിംഹാസനത്തനു നിവേദനം അയയ്ക്കുന്നുണ്ട്. യഥാർത്ഥത്തിൽ റോമിലെ മാർപ്പാപ്പാമാരുടെ നിർബന്ധംമൂലമാണ് നമ്മുടെ ആരാധനക്രമ പുനരുദ്ധാരണം നടന്നത്. നൂറ്റാണ്ടുകളിലുടെ വ്യത്യസ്തമായ രീതികൾ പ്രാബല്യത്തിൽ വന്നതു കൊണ്ടാവാം നമ്മുടെ തനതായ സുറിയാനി ആരാധനക്രമത്തെ നമുക്ക് വിലമതിക്കാൻ കഴിയാത്തത്. ഏതായാലും ചങ്ങനാശേരി അതിരൂപതയിൽ കഴിഞ്ഞ 33 വർഷങ്ങളായി പൗരസ്ത്യസുറിയാനി ആരാധനക്രമം പഠിപ്പിക്കുകയും ജനങ്ങൾ ബോധ്യത്തോടെ അത് പാലിക്കുകയും ചെയ്യുന്നു ണ്ടെന്നുള്ളത് ആശ്വാസകരമാണ്.
പൊതുവായ സംരംഭങ്ങൾ
സഭ സ്വന്തമാണെന്ന് ചിന്ത ഉണ്ടാകുമ്പോഴാണ് സഭയുടെ പൊതുവായ സംരംഭങ്ങൾ വിജയിക്കുന്നത്. ദീപിക ദിനപത്രം കേരള ചരിത്രത്തെ സ്വാധീനിച്ച ആദ്യത്തെ പത്ര
മാണെങ്കിലും സ്വന്തമാണെന്ന ചിന്ത സുറിയാനികത്തോലിക്കനിന്നും വന്നിട്ടില്ല എന്നുള്ളത് വസ്തുതയാണ്. സെക്കുലർ സമൂഹത്തിൽ ക്രൈസ്തവമായ മൂല്യങ്ങൾ പ്രചരിപ്പിക്കുവാനും സ്വന്തം സമൂഹത്തിന്റെ ന്യായമായ അവകാശങ്ങൾ ഗവൺമെന്റിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽപെടുത്താനും ദീപികപോലൊരു മാധ്യമം വേറെയില്ല എന്ന ബോധ്യമുണ്ടെങ്കിൽതന്നെയും സ്വന്തം സമുദായത്തോടുള്ള ബന്ധം നേർത്തതായതുകൊണ്ട് സ്വന്തമെന്നു കരുതാൻ നമുക്കാവുന്നില്ല. സമുദായത്തിന്റെ പത്രം എന്ന നിലയിലല്ല,
തത്ത്വാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ‘സെൻസേഷനൽ’ വാർത്തകൾകൊടുത്തു പ്രചാരംകൂട്ടാൻ ശ്രമിക്കാതെ സത്യത്തിനു സാക്ഷ്യം വഹിക്കുന്ന പത്രം എന്ന നിലയിൽ ദീപികയെക്കുറിച്ച് നാം അഭിമാനിക്കേണ്ടതുണ്ട്. ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിനുണ്ടായ വലിയ പുരോഗതിയുടെ അടിസ്ഥാനം ക്രൈസ്തവസഭകൾ ആരംഭിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളാണ്. നമ്മുടെ സഭയിൽ ഇത്തരം
സ്ഥാപനങ്ങൾക്കു തുടക്കം കുറിച്ചതും നടത്തിക്കൊണ്ടുപോകുന്നതും വൈദികരും സന്ന്യസ്തരുമാണ്. ഈ സ്ഥാപനങ്ങളുടെ ക്രൈസ്തവാരൂപി സംരക്ഷിക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്.
പരസ്പരം വളർത്താനുള്ള വിമുഖത
സമൂഹാംഗങ്ങളെ പരസ്പരം വളർത്തുന്ന ജീവിതശൈലിയും നമ്മുടെ സമൂഹത്തിൽ കുറവാണ്. വൈദികരുടെയും സന്ന്യസ്തരുടെയും നേതൃത്വത്തിൽ സമൂഹോന്ന മനത്തിനുള്ള സ്ഥാപനങ്ങൾ ആരംഭിച്ചതുകൊണ്ടാവാം അല്മായസമൂഹം അവയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതെന്നു തോന്നുന്നു. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഒരുമിച്ചുനിന്ന് പ്രവർത്തിക്കാനും പുതിയൊരു
വളർച്ചാസാധ്യത കണ്ടെത്തിയാൽ അതു മറ്റുള്ളവർക്കുകൂടി പകർന്നു കൊടുക്കാനും സാധിക്കുന്ന ഹൃദയവിശാലത നമ്മുടെ സമൂഹം ഇനിയും വളർത്തിയെടു ക്കേണ്ടതായിട്ടുണ്ട്. സമൂഹത്തിലെ അംഗങ്ങൾ ആത്മീയ വിദ്യാഭ്യാസപരമായും തൊഴിൽമേഖലയിലുമൊക്കെ വളരണം എന്ന നിർബന്ധം നമുക്കെല്ലാം ഉണ്ടാകണം.
ദൗത്യത്തെക്കുറിച്ചുള്ള ബോധ്യമില്ലായ്മ
‘നിങ്ങൾ ലോകമെങ്ങും പോയി സർവ്വസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ’ എന്ന കൽപ്പന ഈശോയിൽനിന്ന് ലഭിച്ചവരാണ് നാമെല്ലാം. അതുകൊണ്ടുതന്നെ ലോകം മുഴുവൻ രക്ഷകനായ ഈശോമിശിഹായെ അറിയണം എന്ന ആഗ്രഹം നമുക്കെല്ലാമുണ്ടാകണം. സുവിശേഷം സ്‌നേഹപൂർവ്വം പ്രഘോഷിക്കുന്നവരെയും പ്രഘോഷിക്കപ്പെടുന്ന ഇടങ്ങളെയും പിന്തുണയ്ക്കാനും നമുക്കു സാധിക്കേണ്ടതുണ്ട്.
സഭയെന്നത് അയയ്ക്കപ്പെട്ടവരുടെ, പ്രേഷിതരുടെ സമൂഹമാണ്. ”സ്വന്തം കാര്യങ്ങൾ മുടക്കമില്ലതെ നടത്തിതരുന്ന ദൈവത്തിനു” കാഴ്ചകളർപ്പിക്കുന്ന ഒരു മതസമൂഹം
എന്നതിലുപരി, ലോകത്തിനു രക്ഷനൽകാനായി നിലനിൽക്കുന്ന സമൂഹമാണു നമ്മൾ എന്ന അവബോധം നമുക്കു വേണം. ഈ ദൗത്യബോധമാണ് നമ്മുടെ അനന്യതയുടെ അടിസ്ഥാനം.
ചർച്ചയ്ക്ക്
* നമ്മുടെ സീറോ മലബാർ സഭയെക്കുറിച്ച് നമുക്ക് അഭിമാനബോധമുണ്ടോ? ഏതെല്ലാം കാര്യങ്ങളെക്കുറിച്ചാണ് അഭിമാനബോധമുള്ളതും, ഇല്ലാത്തതും?
* എങ്ങനെ അഭിമാനബോധം വളർത്താം?