ഖ്യാംതാ എന്ന വാക്കിന്റെ അർത്ഥം ഉയിർപ്പ് എന്നാണ്
നെസ്‌തോറിയസിന്റെ കൂദാശക്രമത്തിലെ (അനാഫൊറ) മൂന്നാം ഗ്ഹാന്തായിൽ മിശിഹായെ, ”നിദ്രപ്രാപിച്ചവരുടെ ആദ്യഫലം” എന്നു വിശേഷിപ്പിക്കുന്നുണ്ട്. ഇത് വി. ഗ്രന്ഥാധിഷ്ഠിതമായ മിശിഹാവിശേഷണമാണ്. 1 കോറിന്തോസ് 15,20-ൽ നാം വായിക്കുന്നു: ”നിദ്രപ്രാപിച്ചവരുടെയെല്ലാം ആദ്യഫലമായി മിശിഹാ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിക്കപ്പെട്ടു.”
ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കർത്താവീശോമിശിഹായുടെ ഉയിർപ്പാണ്. അതുകൊണ്ടുതന്നെ ആദിമസഭ ആഘോഷിച്ചിരുന്ന ഏക മിശിഹാ സംഭവം കർത്താവിന്റെ ഉയിർപ്പ് മാത്രമായിരുന്നു.
ഉയിർപ്പുതിരുനാളിന്റെ ആരംഭം
ആദ്യനൂറ്റാണ്ടിൽ കർത്താവിന്റെ ഉയിർപ്പ് ആഘോഷിക്കുന്ന ഒരു തിരുനാൾ ഉണ്ടാ
യിരുന്നില്ല. എല്ലാ ഞായറാഴ്ചയും യഥാർത്ഥത്തിൽ അവർ കർത്താവിന്റെ ഉയിർപ്പ് അനുസ്മരിച്ചിരുന്നു. കാരണം ഞായറാഴ്ചയാണല്ലോ കർത്താവിന്റെ ഉയിർപ്പ് സംഭവിച്ചത്. അന്നേ ദിവസം അവർ അപ്പം മുറിക്കുവാനായി ഒന്നിച്ചുകൂടിയിരുന്നു (മത്താ 28,1; ശ്ലീഹ 20,7).
എന്നാൽ രണ്ടാം നൂറ്റാണ്ടോടുകൂടി സഭ കർത്താവിന്റെ ഉയിർപ്പുതിരുനാൾ ആഘോഷിക്കുവാൻ ആരംഭിച്ചു. യഥാർത്ഥത്തിൽ നാലാം നൂറ്റാണ്ടുവരെ സഭയിൽ ഞായറാഴ്ച ആചരണവും ഉയിർപ്പുതിരുനാളും മാത്രമാണുണ്ടായിരുന്നത്. പിന്നീട് സഭ വളർന്നപ്പോഴാണ് കർത്താവിന്റെ മറ്റു തിരുനാളുകളും, മർത്ത് മറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാളുകളും ആഘോഷിക്കുവാൻ തുടങ്ങിയത്.
ഉയിർപ്പുതിരുനാളും പ്രാരംഭകൂദാശകളും
ഉയിർപ്പുതിരുനാളിനോടനുബന്ധിച്ച് പ്രാരംഭകൂദാശകൾ നൽകുന്ന രീതി പരമ്പ രാഗതവും വളരെ അർത്ഥം നിറഞ്ഞതുമാണ്. ദുഃഖശനിയാഴ്ച വൈകുന്നേരമായിരുന്നു അർത്ഥികൾക്കു മാമ്മോദീസാ നൽകിയിരുന്നത്.
ഈശോയുടെ മരണത്തിലും ഉയിർപ്പിലുമുള്ള ഭാഗഭാഗിത്വമാണല്ലോ മാമ്മോദീസാ (റോമ 6,3-4; കൊളോ 2,12-13). അങ്ങനെയെങ്കിൽ മാമ്മോദീസാ സ്വീകരിക്കു വാനുള്ള ഏറ്റവും നല്ല അവസരം ഉയിർപ്പുതിരുനാളിനോടനുബന്ധിച്ചാണ്.
ആഴ്ചകളുടെ ആഴ്ച
ഉയിർപ്പുതിരുനാളിനുശേഷം വരുന്ന ആഴ്ചയെ ‘ആഴ്ചകളുടെ ആഴ്ച’ എന്നാണു വിശേ ഷിപ്പുക്കുന്നത്. കാരണം, ഈ ആഴ്ച പുതുതായി മാമ്മോദീസ സ്വീകരിച്ചവരുടെ ആഘോഷത്തിന്റെ ആഴ്ചയാണ്. അവർ വെള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഈ ആഴ്ച ദൈവാലയത്തിലെ കർമ്മങ്ങൾക്കു വന്നിരുന്നത്. ഈ ആഴ്ചയിൽ ആരാധനാ കർമ്മങ്ങളെല്ലാം ആഘോഷപൂർവ്വമാണ് നടത്തിയിരുന്നത്.
പുതുഞായർ
ഉയിർപ്പുതിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ചയെ പുതുഞായർ എന്നാണ് വിളിക്കുന്നത്. ഈ ഞായറാഴ്ചയാണ് ഒരാഴ്ചമുമ്പ് മാമ്മോദീസാ സ്വീകരിച്ചവർ പൂർണ്ണമായും പരി. കുർബാനയിൽ പങ്കെടുക്കുന്നത്. കാരണം ഉയിർപ്പുതിരുനാൾ കർമ്മങ്ങളുടെ ആദ്യഭാഗത്ത് ഇവർ പങ്കെടുക്കുന്നില്ല; ഈ കർമ്മങ്ങൾക്കിടയിലാണ് അവർക്കു മാമ്മോദീസാ ലഭിക്കുന്നത്. അതായത്, ഉയിർപ്പുതിരുനാളിലെ പരി. കുർബാനയുടെ രണ്ടാം ഭാഗത്ത് മാത്രമാണ് അവർ പങ്കെടുക്കുന്നത്. ഇടദിവസങ്ങളിൽ പരി. കുർബാനയർപ്പിക്കുന്ന പാരമ്പര്യം പൗരസ്ത്യസഭകളിൽ ഉണ്ടായിരുന്നില്ല. അതിനാൽ പുതുതായി മാമ്മോദീസാ സ്വീകരിച്ചവർ പൂർണ്ണമായി പരി. കുർ ബാനയിൽ പങ്കുചേരുന്ന ഉയിർപ്പുകാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയെ പുതുഞായർ എന്നു വിളിക്കുന്നു.
മാർ തോമ്മായുടെ ഞായർ
ഉയിർപ്പുകാലത്തെ രണ്ടാമത്തെ ഞായറാഴ്ചയെ ‘മാർത്തോമ്മായുടെ ഞായർ’എന്നും വിശേഷിപ്പിക്കാറുണ്ട്. കാരണം ഇതേദിവസമാണ് നമ്മുടെ പിതാവായ മാർ തോമ്മാശ്ലീഹാ ഏറ്റവും വലിയ വിശ്വാസപ്രഖ്യാപനം നടത്തിയത്: ”മാർ വാലാഹ്” (എന്റെ കർത്താവേ, എന്റെ ദൈവമേ – യോഹ 20,28). ഈ ദിവസം സീറോ മലബാർ ദൈവാലയങ്ങളിൽ നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാർ തോമ്മാശ്ലീഹായെ പ്രത്യേകം അനുസ്മരിക്കുന്നത് അഭിലഷണീയമാണ്. അന്നേദിവസം മലയാറ്റൂരിലേക്കും മറ്റും തീർത്ഥാടനം നടത്തുന്ന പാരമ്പര്യം നമുക്കുണ്ടല്ലോ.
സകല വിശുദ്ധരുടെയും ഓർമ്മ
നമ്മുടെ പാരമ്പര്യമനുസരിച്ച് സകല രക്തസാക്ഷികളെയും വിശുദ്ധരെയും അനുസ്മരിക്കുന്ന ദിവസം ഉയിർപ്പുതിരുനാൾ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയാണ്. അത് വളരെ അർത്ഥവത്തുമാണ്. ഇതിനുമുമ്പുള്ള വെള്ളിയാഴ്ചയാണല്ലോ കർത്താവ് നമ്മുടെ പാപങ്ങൾക്കു പരിഹാരമായി സ്ലീവാമരണം വരിക്കുകയും മൂന്നാം ദിവസം നമ്മുടെ ഉത്ഥാനത്തിന് അച്ചാരമായി ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തത്. ഈശോയുടെ സ്ലീവാമരണത്തിനും ഉത്ഥാനത്തിനും തങ്ങളുടെ ജീവിതം നൽകിയും ജീവിതം കൊണ്ടും സാക്ഷ്യം വഹിച്ചവരാണ് രക്തസാക്ഷികളും വിശുദ്ധരും. അതിനാൽ ഉയിർപ്പു കാലത്തെ ആദ്യവെള്ളിയാഴ്ച വിശുദ്ധരെ അനുസ്മരിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുവാനുള്ള കടമ നമുക്ക് ഓരോരുത്തർക്കുമുണ്ട്.
സന്തോഷത്തിന്റെ കാലം
നമ്മുടെ വിശ്വാസത്തിന്റെയും ക്രൈസ്തവജീവിതത്തിന്റെയും അടിസ്ഥാനം കർത്താവിന്റെ ഉയിർപ്പാണ്. ആദത്തിനു മുമ്പിൽ അടയ്ക്കപ്പെട്ട പറുദീസ തുറന്നുകിട്ടിയത് ”നിദ്രപ്രാപിച്ചവരുടെ ആദ്യഫലമായ” മിശിഹായുടെ സ്ലീവാമരണവും ഉത്ഥാനവും വഴിയാണ്. പറുദീസായിൽ പ്രവേശിക്കുക എന്ന വലിയ ലക്ഷ്യമുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം പറുദീസാ തുറന്നുകിട്ടിയതിന്റെ അത്യധിക സന്തോഷമുള്ള കാലമാണ് ഉയിർപ്പുകാലം. അതിനാൽ ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും കാലമാണിത്. ഈ കാലത്തിൽ പരി. കുർബാനയിൽ മുട്ടുകുത്തുന്ന പാരമ്പര്യം നമുക്കില്ല. കർത്താവിന്റെകൂടെ ഞാനും ഉയിർക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട് എഴുന്നേറ്റു നിന്നാണ് നാം ഈ കാലത്തിൽ പ്രാർത്ഥനകളെല്ലാം ചൊല്ലുന്നത്. ഉയിർപ്പിന്റെ സന്തോഷവും സമാധാനവും നമ്മിൽ പ്രവേശിക്കട്ടെ!