വെളിപാടു പുസ്തകം മല്പാൻ

ഏഷ്യയിലെ ഏഴു സഭകൾക്കുള്ള ലേഖനങ്ങളാണ് ഈ ഭാഗം അവതരിപ്പിക്കുന്നത്. പുതിയനിയമത്തിലെ ഇതരലേഖനങ്ങളിൽനിന്നും വ്യത്യസ്തമായ ശൈലിയാണ് ഈ ലേഖനങ്ങൾക്കുള്ളത്. ലേഖനങ്ങളിൽ പതിവായി കാണുന്ന അഭിവാദനങ്ങളോ സമാപനാശീർവാദങ്ങളോ ഇവയിലില്ല. മറിച്ച്, പഴയനിയമപ്രവാചകന്മാരുടെ പ്രഘോഷണങ്ങളോട് ഈ ലേഖനങ്ങൾക്ക് സാമ്യമുണ്ട്. സഭകളെക്കുറിച്ചുള്ള മിശിഹായുടെ വിലയിരുത്തലും വിമർശനങ്ങളും ശാസനകളും പ്രോത്സാ ഹനങ്ങളുമാണ് ഇവയുടെ ഉള്ളടക്കം.
ലേഖനങ്ങൾക്കെല്ലാം പൊതുവായ ഒരു ഘടനയുണ്ട്. 1. ഓരോ സഭയ്ക്കും എഴുതാനുള്ള കല്പന; 2. മനുഷ്യപുത്രദർശനത്തിലെ ഏതെങ്കിലും ഒരു ഘടകം; 3. സഭയുടെ നേട്ടങ്ങൾക്കു പ്രശംസ; 4. വീഴ്ചകൾക്കും കോട്ടങ്ങൾക്കും ശാസന; 5. മാനസാന്തരത്തിനാഹ്വാനം; 6. ശിക്ഷയുടെ മുന്നറിയിപ്പ്; 7. യുഗാന്ത്യോന്മുഖ വാഗ്ദാനം; 8. അരൂപിയുടെ സന്ദേശം ശ്രവിക്കാൻ ആഹ്വാനം. സഭയിൽ സന്നിഹിതനായിരിക്കുകയും സഭയെ സൂക്ഷ്മമായ നിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്യുന്ന മിശിഹായുടെ വാക്കുകളായിട്ടാണ് ഈ ലേഖനങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. രണ്ടു സഭകൾക്ക് (സ്മിർണാ, ഫിലദെൽഫിയ) പ്രശംസമാത്രം ലഭിക്കുമ്പോൾ, രണ്ടു സഭകൾക്ക് (സാർദീസ്, ലവൊദീക്യാ) ശകാരംമാത്രം കിട്ടുന്നു. ഓരോ സഭയ്ക്കും നല്കുന്ന സന്ദേശങ്ങൾ ഒരുമിച്ച് പരിഗണിക്കുമ്പോൾ ആഗോളസഭയുടെതന്നെ ഒരു ചിത്രമാണ് ഇവിടെ അവത
രിപ്പിക്കപ്പെടുന്നത്. ഇന്നത്തെ സഭയ്ക്കും സഭാംഗങ്ങൾക്കും മിശിഹായുടെ മുമ്പിലുള്ള അവസ്ഥാവിശേഷം മനസ്സിലാക്കാനുതകുന്ന മുഖക്കണ്ണാടിയായി ഈ ലേഖനങ്ങളെ കാണാവുന്നതാണ്.
മനുഷ്യപുത്രദർശനത്തിൽനിന്നെടുത്ത രണ്ടു വിശേഷണങ്ങളാണ് ഈശോമിശിഹാ യ്ക്ക് ഇവിടെ നല്കിയിരിക്കുന്നത്: ”സപ്തതാരങ്ങൾ കയ്യിൽ വഹിക്കുന്നവനും സപ്തദീപ
പീഠങ്ങൾക്കു മദ്ധ്യേ നടക്കുന്നവനും”. സഭയിൽ നിരന്തരം സന്നിഹിതനും പ്രവർത്തന
നിരതനുമായ മിശിഹായെയാണ് ഇവ സൂചിപ്പിക്കുന്നത്. എഫേസോസ് സഭാംഗ ങ്ങളുടെ സത്യവിശ്വാസത്തിലുള്ള ഉറച്ചുനില്പാണ് ഈശോയുടെ പ്രശംസയ്ക്കു വിഷയമാകുന്നത്. വ്യാജന്മാരായ ശ്ലീഹന്മാരെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തി സത്യവിശ്വാസത്തിൽ ഉറച്ചുനിന്നവരാണ് ഇവർ. ആദിമസഭയിൽ ചുറ്റിനടന്ന് സുവിശേഷം പ്രസംഗിച്ചിരുന്ന ശിഷ്യന്മാർ ഉണ്ടായിരുന്നു. അവർ ശ്ലീഹന്മാർ എന്ന് അറിയപ്പെട്ടിരുന്നു (റോമാ 16,7;1 കൊറി 4,9). ഇവർക്കു പ്രാദേശികസഭകളിൽ വലിയ സ്ഥാനവും സ്വാധീനവുമുണ്ടായിരുന്നു. എന്നാൽ എല്ലാവരും ഒരുപോലെ മിശിഹായുടെ സുവിശേഷത്തോട് വിശ്വസ്തത പുലർത്തിയിരുന്നില്ല. ഇവരെയാണ് ‘ശ്ലീഹന്മാരെന്നു നടിച്ചവർ’ എന്നു വിശേഷിപ്പിക്കുന്നത്. ഇക്കൂട്ടരെ തള്ളിപ്പറഞ്ഞ്, ക്ഷമാപൂർവ്വം സത്യവിശ്വാസത്തിൽ ഉറച്ചുനിന്നതിനാണ് ഈശോ അവരെ പ്രശംസിക്കുന്നത് (2,2-3).
പ്രശംസയ്ക്കുശേഷം ശക്തമായ ഒരു ശകാരവും വ്യക്തമായ താക്കീതും അവർക്കു നല്കുന്നുണ്ട്. ആദ്യമുണ്ടായിരുന്ന സ്‌നേഹം കൈവെടിഞ്ഞു എന്നതാണ് എഫേ സോസിലെ സഭയ്‌ക്കെതിരായ ആരോപണം.  വിശ്വാസത്തിന്റെ തനിമ കാത്തു സൂക്ഷിക്കാനും വിശ്വാസവിരുദ്ധരെ തെരഞ്ഞുപിടിച്ച് പുറത്താക്കാനുമുള്ള ശ്രമത്തിൽ സഭാംഗങ്ങൾക്കുണ്ടായിരുന്ന പരസ്പരസ്‌നേഹം നഷ്ടപ്പെട്ടു. വിശ്വാസത്തിന്റെ പേരിൽ ചേരിതിരിവും കക്ഷിമാത്സര്യങ്ങളുമുണ്ടായതിന്റെ ഫലമായി സഹോദരങ്ങൾതമ്മിൽ പ്രകടമായിരുന്ന ഊഷ്മളമായ സ്‌നേഹബന്ധം നഷ്ടപ്പെടുവാനിടയായി. അതുകൊണ്ട് മാനസാന്തരത്തിനുള്ള ക്ഷണം മിശിഹാ നല്കുന്നു. മൂന്നുകാര്യങ്ങളാണ് അവിടുന്ന് ആവശ്യപ്പെടുന്നത്.
1. ഓർമ്മിക്കുക; 2. മനസ്സുതിരിയുക; 3. പ്രവർത്തിക്കുക (2,5). മാനസാന്തരത്തിന്റെ മൂന്നു വശങ്ങളാണ് ഇവ സൂചിപ്പിക്കുന്നത്. 1. ആദ്യമുണ്ടായിരുന്ന, ദൈവ സ്‌നേഹത്തിൽനിന്നും ഉരുത്തിരിഞ്ഞ, പരസ്പരസ്‌നേഹബന്ധം ഓർമ്മിക്കുക. 2. ആ സ്‌നേഹത്തിലേക്ക് മനസ്സു തിരിയുക. 3. ആ സ്‌നേഹത്തിനനുസൃതമായ പ്രവൃത്തികൾ ചെയ്യുക. മാനസാന്തരം മുഖ്യമായും രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളുന്നു. 1. ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ദുഃഖം അല്ലെങ്കിൽ അനുതാപം; 2. ജീവിത നവീകരണത്തിനുള്ള ക്രിയാത്മകമായ തീരുമാനം. ഇതു വെറും വൈകാരിക തലത്തിൽ ഒതുങ്ങിനില്ക്കാതെ സ്‌നേഹത്തിന്റേതായ പ്രവൃത്തികളിൽ പ്രായോഗികമാകണം. മാനസാന്തരപ്പെടുന്നില്ലെങ്കിൽ ‘നിന്റെ ദീപപീഠം അതിന്റെ സ്ഥലത്തുനിന്നു നീക്കിക്കളയും’ (2,5) അതായത്, മിശിഹായുടെ സഭ എന്ന സ്ഥാനംതന്നെ എഫേസോസിനു നഷ്ടപ്പെടും എന്ന് മുന്നറിയപ്പു നല്കുന്നു.
താക്കീതിനുശേഷം ‘നിക്കൊളാവോസ്’ പക്ഷക്കാരെ പുറന്തള്ളിയതിൽ എഫേസോസ് സഭാംഗങ്ങളെ പ്രശംസിക്കുന്നുമുണ്ട് (2,6). ‘നീക്ക’, ‘ലാവോൻ’ എന്ന രണ്ടു ഗ്രീക്കുപദങ്ങളിൽനിന്നാണ് ‘നിക്കൊളാവോസ്’ എന്ന പേരു വന്നത്. ‘ദൈവജനത്തെ കീഴടക്കുന്നവൻ’ എന്നാണതിനർത്ഥം. ക്രിസ്തീയവിശ്വാസത്തിന്റെ കർശനമായ നിലപാടുകളെ പുറന്തള്ളി മറ്റു മതങ്ങളുടെ അയഞ്ഞ ജീവിതശൈലി സ്വീകരിക്കുന്നവരാണ് നിക്കൊളാവോസ് പക്ഷക്കാർ. പെർഗാ മോസിലെ സഭ ഇക്കൂട്ടരെ സ്വീകരിച്ചതായി അവർക്കുള്ള കത്തിൽ പറയുന്നുണ്ട് (2,15).
എന്നാൽ എഫേസോസിലെ സഭ അവരെ മാറ്റിനിർത്തുകയും മിശിഹായുടെ പ്രശംസയ്ക്ക് അവർ പാത്രമാകുകയും ചെയ്തു.
”ആത്മാവ് സഭകളോടു അരുളിച്ചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ” (2,7) എന്ന ആഹ്വാനം ഏഴു ലേഖനങ്ങളുടെയും അവസാനം ആവർത്തിക്കുന്നുണ്ട്. സഭയിൽ സന്നിഹിതനായിരിക്കുന്ന ഉത്ഥിതനായ ഈശോയുടെ അരൂപിയാണ് ഇവിടെ വിവക്ഷിതം. വിശ്വാസത്തിൽ ഉറച്ചുനിന്ന് വിജയം വരിക്കുന്നവർക്ക് ജീവന്റെ വൃക്ഷത്തിന്റെ ഫലം വാഗ്ദാനം ചെയ്യുന്നു (2,7). പാപത്തിന്റെ ഫലമായി നഷ്ടപ്പെട്ട സ്വർഗ്ഗമാകുന്ന സമ്മാനമാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്.
മിശിഹായുടെ രണ്ടു വിശേഷണങ്ങൾകൊണ്ടാണ് ഈ കത്ത് ആരംഭിക്കുന്നത് – ‘ആദിയും അന്തവുമായവൻ’, ‘മരിച്ചവനും വീണ്ടും ജീവിക്കുന്നവനുമായവൻ’ (2,8). ഈശോ ദൈവമാണ്; മരണത്തെ അതിജീവിച്ച മനുഷ്യനുമാണ് എന്ന് ഈ വിശേഷണ
ങ്ങൾ സൂചിപ്പിക്കുന്നു. തനിക്കുവേണ്ടി ജീവൻ ത്യജിക്കുന്നവർക്ക് നിത്യജീവൻ നല്
കാൻ കഴിവുള്ളവനാണ് മിശിഹാ എന്നും ഈ വിശേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സ്മിർണായിലെ സഭയെക്കുറിച്ച് നല്ലതുമാത്രമേ മിശിഹായ്ക്കു പറയാനുള്ളു: ”നിന്റെ ഞെരുക്കവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്” (2,9). റോമൻസാമ്രാജ്യത്തിന്റെ പ്രീതിപാത്രവും അതീവസമ്പന്നവുമായ നഗരമായിരുന്നു സ്മിർണാ. പക്ഷേ അവിടുത്തെ ക്രിസ്ത്യാനികൾ ഏറെ ഞെരുക്കവും ദാരിദ്ര്യവും അനുഭവിക്കുന്നവരായിരുന്നു. ക്രിസ്ത്യാനികൾക്കെതിരെ പീഡനങ്ങളുണ്ടായിരുന്ന ഒരവസ്ഥാവിശേഷമായിരുന്നു സ്മിർണായിലുണ്ടായിരുന്നത്. യഹൂദരുടെ പ്രാർത്ഥനാലയങ്ങളായിരുന്ന സിനഗോഗുകൾ ക്രിസ്ത്യാനികൾക്കെതിരെ നുണകൾ പ്രചരിപ്പിക്കുകയും വിജാതീയരെ ഇളക്കിവിട്ട് അവരെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ കേന്ദ്രങ്ങളായിത്തീർന്നു. ”യഹൂദരെന്ന് അവകാശപ്പെടുകയും എന്നാൽ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വർത്തിക്കുകയും
ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാൻ അറിയുന്നുണ്ട്” (2,9). ഈശോയിലുള്ള
അവരുടെ വിശ്വാസംമൂലമാണ് സ്മിർണായിലെ സഭ പീഡനങ്ങൾക്കിരയായത്. ക്രിസ്
ത്യാനികൾക്കെതിരെ പീഡനങ്ങൾ ഇളക്കിവിടുന്നതിന് യഹൂദർക്കു വലിയ പങ്കുണ്ടായിരുന്നതിന്റെ കാരണം, മിശിഹായെ തള്ളിപ്പറയുകയും മിശിഹായിലൂടെ ദൈവം നല്കുന്ന രക്ഷ തിരസ്‌കരിക്കുകയും ചെയ്തതിനാൽ യഹൂദർ ‘ദൈവജനം’ എന്ന പദവി നഷ്ടപ്പെടുത്തിരിക്കുന്നുവെന്നും തങ്ങളാണ് യഥാർത്ഥ ദൈവജനമെന്നും ക്രിസ്ത്യാനികളെടുത്ത നിലപാടാണ്. ‘സാത്താന്റെ സിനഗോഗ്’, ‘പിശാച് തടവിലിടാനിരിക്കുന്നു’ എന്നൊക്കെ പറയുന്നത് യഹൂദരിൽനിന്നും വിജാതീയരിൽ
നിന്നുമുണ്ടായ പീഡനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത് സാത്താന്റെ ശക്തികളാണ് എന്നു സൂചിപ്പിക്കാനാണ്.
‘പത്തു ദിവസത്തെ ഞെരുക്കം’ (2,10) സൂചിപ്പിക്കുന്നത്, ഈ ഞെരുക്കങ്ങൾ താല്ക്കാലികമായിരിക്കും എന്നാണ്. അതേത്തുടർന്ന് മരണംവരെ വിശ്വസ്തരായിരിക്കുവാൻ ഈശോ അവരെ ഉപദേശിക്കുന്നു. അവർക്കു വാഗ്ദാനം ചെയ്യുന്ന സമ്മാനം നിത്യജീവനാണ്: ”ജീവന്റെ കിരീടം നിനക്കു ഞാൻ നല്കും” (2,10). വിശ്വാസത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തുന്നവർക്ക് മിശിഹാ നല്കുന്ന സമ്മാനം നിത്യജീവന്റെ കിരീടമാണ്. കിരീടം നിത്യമഹത്ത്വത്തിന്റെ അടയാളമാണ്. സ്മിർണായിലെ സഭയ്ക്കു നല്കുന്ന വാഗ്ദാനം ഇതാണ്: ”വിജയം വരിക്കുന്നവൻ രണ്ടാമത്തെ മരണത്തിന് അധീനനാകയില്ല” (2,11). മിശിഹായുടെ പേരിൽ മരണം വരിക്കുന്നതുതന്നെയാണ് വിജയം. ശാരീരികമായ മരണത്തിലൂടെ ക്രൂശിതനോട് താദാത്മ്യപ്പെടുകയും മരണത്തിന്മേൽ വിജയം വരിക്കുകയും ചെയ്യുന്നവർക്ക് നിത്യജീവൻ സമ്മാനമായി ലഭിക്കും. നിത്യശിക്ഷയാകുന്ന രണ്ടാമത്തെ മരണം (20,14) അവർക്കുണ്ടാകുകയില്ല. ഈ വാഗ്ദാനമാണ് വിശ്വാസികൾക്കു ധൈര്യം പകരുന്നത്. ഈ പ്രത്യാശയാണ് മിശിഹായോടു വിശ്വസ്തത പാലിക്കാൻ അവരെ ശക്തരാക്കുന്നത്.
1. വെളിപാടിലെ ലേഖനങ്ങൾക്കുള്ള പൊതുവായ ഘടന എന്ത്?
2. എഫേസോസിലെ സഭയെ മിശിഹാ പ്രശംസിക്കുന്നത് എന്തിനെപ്രതിയാണ്?
3. എഫേസോസിലെ സഭയെ ശാസിക്കുന്നതും മാനസാന്തരത്തിന് ആഹ്വാനം നല്കുന്നതും ഏതു പശ്ചാത്തലത്തിലാണ്? എപ്രകാരമാണ്?
4. സ്മിർണായിലെ സഭാംഗങ്ങളുടെ പീഡനത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുക. അവർക്കു കൊടുക്കുന്ന സമ്മാനമെന്ത്?