ഉപക്രമം
മതത്തിലും സാഹിത്യത്തിലുമെല്ലാം വേരു പാകിയിട്ടുള്ള ഒന്നാണ് വിധിവിശ്വാസം. മനുഷ്യർ അദൃശ്യമായ വിധിയുടെ (fate) കരങ്ങളിലെ കളിപ്പാട്ടങ്ങൾ മാത്രമാണെന്ന ഈ വിശ്വാസത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. എല്ലാം ശിരോലിഖിതമെങ്കിൽ പിന്നെ മനുഷ്യപ്രയത്‌നത്തിന് അർത്ഥമില്ലല്ലോ. അതിനാൽ വിധിവിശ്വാസം (fatalism) യുക്തിസഹമല്ല. ദൈവമാതാവിന്റെ അമലോത്ഭവം പോലുള്ള മുൻനിശ്ചയം (pre-determination) എന്ന ആശയത്തിന് സഭയിൽ സ്ഥാനമുണ്ടെങ്കിലും വിധിവിശ്വാസം ക്രൈസ്തവ വിശ്വാസത്തോടു ചേർന്നു പോകുന്നില്ല. വിധിയിലല്ല, ദൈവപരി പാലനത്തിലാണ് (Divine providence) നാം വിശ്വസിക്കുന്നത്. ഓരോരുത്തരെയും പറ്റിയുള്ള ദൈവികപദ്ധതിയുടെ ഭാഗമാണ് അവിടുത്തെ കരുതൽ അഥവാ പരിപാലനം. ദൈവപരിപാലനത്തിന്റെ ഒരു പ്രേഷിതനാണ് വിശുദ്ധ ജോസഫ്
കൊത്തലെംഗോ. അജപാലനത്തിൽനിന്ന് ജീവകാരുണ്യത്തിലേക്കു വളർന്ന ഈ പുണ്യവാൻ ഇറ്റലിയിലെ വിൻസെന്റ് ഡി പോൾ എന്നാണറിയപ്പെടുന്നത്.
ജനനം, വിദ്യാഭ്യാസം, ദൈവവിളി വിശുദ്ധ ജോസഫ് ബനഡിക്റ്റ് കൊത്തലെംഗോ എന്നാണ് പൂർണ്ണനാമം. ഇറ്റലിയിൽ ടൂറിൻ നഗരത്തിനു സമീപമുള്ള ബ്രാ എന്ന പ്രദേശത്ത് 1786 മെയ് 3-ന് ഭക്തരായ മാതാപിതാക്കളിൽ നിന്ന് ജോസഫ് ജനിച്ചു. കുടുംബത്തിലെ അന്തരീക്ഷവും വിദ്യാലയവും അദ്ദേഹത്തിന്റെ ദൈവവിളിയെ പ്രോത്സാഹിപ്പിച്ചു. യഥാകാലം അദ്ദേഹം വൈദികനായി. ഇടവകയിലെ അജപാലനം അദ്ദേഹത്തിനു പ്രിയംകര മായിരുന്നെങ്കിലും ജീവകാരുണ്യത്തിന്റെ പാൽ നിറഞ്ഞ ഒരു ഹൃദയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
പിക്കോള കാസ (Picola Casa)
ഒരു ദിവസം ഫാദർ ജോസഫ് ഒരു സ്ത്രീക്ക് രോഗീലേപന കൂദാശ കൊടുക്കാൻ ഒരു വീട്ടിലെത്തി. ആ പാവപ്പെട്ട സ്ത്രീക്ക് ഒരു വീടില്ലെന്നു കണ്ട വിശുദ്ധൻ ഒരു വീട് വാടകയ്ക്കു വാങ്ങി അതിൽ അവരെ താമസിപ്പിച്ചു. പലരുടെയും സഹായത്തോടെ ആ വീട് അദ്ദേഹം ഒരാതുരാലയമായി മാറ്റി. ഇങ്ങനെയാണ് ടൂറിനിലെ പിക്കോള കാസ (ദൈവപരിപാലനത്തിന്റെ കൊച്ചുഭവനം) ആരംഭിച്ചത്. അഞ്ചുവർഷം കഴിഞ്ഞ് – 1832 ൽ – ആ ഭവനം വാൾഡോക്കോയിൽ 21 ഏക്കർ വിസ്താരമുള്ള ഒരു സ്ഥലത്തേക്കു മാറ്റി. അനാഥരും, വികലാംഗരും, അവശരും, ബുദ്ധിമാന്ദ്യമുള്ളവരും അവിടെ അഭയം കണ്ടെത്തി. ഇങ്ങനെയുള്ള 9000 പേരെയാണ് പ്രതിദിനം ഇവിടെ സംരക്ഷിക്കുന്നത്. ഈ ഭവനത്തിന് സ്വന്തമായി ഒരു മൂലധനവുമില്ല. മറ്റുള്ളവരിൽ നിന്നു കിട്ടുന്ന സഹായം കൊണ്ടു മാത്രമാണ് ഇതു പ്രവർത്തിക്കുന്നത്. ദൈവ പരിപാലനം ഒന്നു മാത്രമാണ് ശരണം. വിശുദ്ധ പത്താം പീയൂസ് ഒരു അത്ഭുത സദനമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
കെട്ടിടങ്ങൾ പണിയുന്നതിന് ഫാദർ ജോസഫും അദ്ധ്വാനിച്ചു. അദ്ദേഹം കല്ലും കുമ്മായവുമൊക്കെ ചുമന്നു. കെട്ടിടങ്ങൾ ഉയർന്നതോടൊപ്പം കടവും വർദ്ധിച്ചു.
അപ്പോൾ കൈയിലുണ്ടായിരുന്ന പണം ജനലിലൂടെ പുറത്തേക്കു വലിച്ചെറിഞ്ഞിട്ട് അദ്ദേഹം പറയുകയാണ്: ”വെറും കൈയോടെ ദൈവസന്നിധിയിലേക്കു പോകണം.” ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ അദ്ദേഹം പ്രത്യേകം സ്‌നേഹിച്ചു. ”എന്റെ നല്ല കുട്ടികൾ” എന്നാണ് അവരെ വിളിച്ചിരുന്നത്. അദ്ദേഹം പടുത്തുയർത്തിയ മഹാസ്ഥാപനം ഇന്നും നിലനിൽക്കുന്നു! പ്രവർത്തിക്കുന്നു! അത്ഭുത ഭവനം!
മരണം, നാമകരണം
അദ്ധ്വാനം കൊണ്ടു പരിക്ഷീണിതനായ വിശുദ്ധൻ അതിനിടയിൽ ടൈഫോയ്ഡ് ബാധിച്ച് 1842 ഏപ്രിൽ 29-ാം തീയതി 56-ാമത്തെ വയസ്സിൽ നിര്യാതനായി. അചിരേണ അദ്ദേഹം വിശുദ്ധരുടെ ഗണത്തിൽ എത്തിച്ചേർന്നു.
ഉപസംഹാരം
നമുക്കു നമ്മുടെ ‘തനിക്കുതാൻ പോരിമ’ കൈവെടിഞ്ഞ് നമ്മെത്തന്നെ പൂർണ്ണമായി ദൈവത്തിനു സമർപ്പിക്കാം. കരയുന്നവരുടെ കണ്ണീരൊപ്പാം. എല്ലാറ്റിനുമുപരിയായി കർത്താവിന്റെ പാവങ്ങളെ സ്‌നേഹിക്കാം, ശുശ്രൂഷിക്കാം, സഹായിക്കാം. വിശുദ്ധ കൊത്തലെംഗോയുടെ ജീവിതം നമുക്കു നൽകുന്ന സന്ദേശം ഇതാണ്.