പ്രവേശക കൂദാശകൾ

ഒരു ക്രൈസ്തവൻ ദൈവത്തെ അന്വേഷിക്കുന്നതും അനുഭവിക്കുന്നതും കൂദാശ
കളാകുന്ന കൃപാവരത്തിന്റെ നീർച്ചാലിലൂടെയാണ്. ക്രിസ്തീയജീവിതത്തിന്റെ പ്രകാശനവും ആ ജീവിതം നയിക്കുവാൻ ഒരുവനെ പ്രചോദിപ്പിച്ച് അതിന് ശക്തി പ്രദാനം ചെയ്യുന്നതും ‘പ്രവേശക കൂദാശകൾ’ ആണ്. ഇവയിലൂടെയല്ലാതെ ക്രൈസ്തവജീവിതത്തിലേയ്ക്കുള്ള പ്രവേശനം അസാദ്ധ്യം. മാമ്മോദീസ, തൈലം പൂശൽ (റൂശ്മ), പരിശുദ്ധ കുർബാനസ്വീകരണം എന്നിവയാണ് പ്രവേശക കൂദാശകൾ. പൗരസ്ത്യ സുറിയാനി സഭയുടെയും സീറോമലബാർ സഭയുടെയും പാരമ്പര്യ മനുസരിച്ച് ക്രൈസ്തവജീവിതത്തിലേക്ക്, ഒരു വ്യക്തിയെ സഭയിലേക്കും മിശിഹാ
യിലേക്കും അതുവഴി പരിശുദ്ധ ത്രിത്വത്തിലേക്കും ഉൾച്ചേർക്കുന്നത് പ്രവേശകകൂദാശ
കളാണ്. ഇവ വ്യത്യസ്തങ്ങളായ മൂന്ന് കൂദാശകളായി പരികർമ്മം ചെയ്യാതെ, ഒരുമിച്ച്
നല്കുകയാണ് ദൈവശാസ്ത്രപരമായി കൂടുതൽ അർത്ഥവത്തായിട്ടുള്ളത്. ഒരു വ്യക്തിയെ മിശിഹായിലേയ്ക്കും സഭയിലേയ്ക്കും ഉൾച്ചേർക്കുന്നതുകൊണ്ട് ഇവയെ പ്രവേശക കൂദാശകൾ (Sacraments of Initiation) എന്ന് വിളിക്കുന്നു.
തൈലാഭിഷേകം വഴി പരിശുദ്ധ റൂഹാ നമ്മെ ജലത്താലുള്ള മാമ്മോദീസായിലൂടെ മിശിഹായുടെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരാക്കുന്നു. അപ്രകാരം ഒരു പുതിയ ജന്മം നൽകി, ദൈവപുത്രരായി, ഈശോയുടെ ശരീരരക്തങ്ങളിൽ അവകാ ശികളാക്കുന്നു. ധന്യവും അതിപുരാതനവുമായ ഈ ശുശ്രൂഷാക്രമം ശ്ലൈഹിക പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്.
ആറാം നൂറ്റാണ്ടിനുശേഷം ഈശോയാബ് മൂന്നാമൻ പാത്രിയാർക്കീസിന്റെ കാലത്ത് മാമ്മോദീസായ്ക്കു ശേഷം ഒരു തൈലാഭിഷേകം കൂടി (Post-Baptismal Anointing)
കൂട്ടിച്ചേർത്ത് പ്രാരംഭ കൂദാശകളുടെ അനുഷ്ഠാനക്രമം പുനരുദ്ധരിക്കപ്പെട്ടു. മനുഷ്യ പ്രകൃതിയിലെ അശുദ്ധി മാമ്മോദീസാജലത്തിലൂടെ കഴുകി ശുദ്ധീകരിക്കുമ്പോൾ പരിശുദ്ധ റൂഹാ അവനിൽ വാസമുറപ്പിക്കുന്നു എന്ന കാര്യം ഈ കൂട്ടിച്ചേർക്കൽ ഓർമ്മിപ്പിക്കുന്നു. ഈശോയുടെ മാമ്മോദീസാവേളയിൽ ജലത്തിൽ മുങ്ങിപ്പൊങ്ങി കഴിയുമ്പോഴാണ് പരിശുദ്ധ റൂഹാ പ്രാവിന്റെ രൂപത്തിൽ ഈശോയുടെ മേൽ ഇറങ്ങിവന്നത് (മത്ത 3,16) എന്ന കാഴ്ചപ്പാടും ഈ കൂട്ടിച്ചേർക്കലിനു കാരണമായിട്ടുണ്ട്.
I. മാമ്മോദീസ
വിശുദ്ധ മാമ്മോദീസ ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമാണ്. ആത്മീയ ജീവിത ത്തിലേയ്ക്ക് പ്രവേശിക്കാനുള്ള കവാടവും മറ്റ് കൂദാശകളെ സമീപിക്കാനുമുള്ള വാതിലുമാണ്.
‘മാമ്മോദീസ’ എന്ന സുറിയാനി പദം ‘അമദ്’എന്ന ക്രിയാധാതുവിൽ നിന്നാണ് വരുന്നത്. ‘മുങ്ങുക’ എന്നാണതിന്റെ അർത്ഥം. ‘വെള്ളത്തിൽ മുങ്ങുക’, ‘മുങ്ങുക’ എന്നീ അർത്ഥമുള്ള ‘ബാപ്റ്റിസെയ്ൻ’ എന്ന ഗ്രീക്കു പദത്തിൽനിന്ന് ‘ബാപ്റ്റിസം’ എന്ന പദവും ഉത്ഭവിച്ചു.
മാമ്മോദീസാർത്ഥി ജലത്തിൽ മുങ്ങുന്നത് മിശിഹായോടൊപ്പം മരിച്ച് സംസ്‌ക്കരി ക്കപ്പെടുന്നതിനെയും, ജലത്തിൽ നിന്ന് പൊങ്ങുന്നത് അവിടുത്തോടൊപ്പം ഉയിർ ത്തെഴുന്നേറ്റ് പുതിയ സൃഷ്ടിയായിത്തീരുന്നതിനെയും സൂചിപ്പിക്കുന്നു (ccc 1214).
ഈശോയുടെ മാമ്മോദീസ
ഈശോ സ്‌നാപകനിൽ നിന്ന് മാമ്മോദീസ സ്വീകരിച്ചു എന്ന് സുവിശേഷത്തിൽ നാം കാണുന്നുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു അർത്ഥമാണ് ആ സ്‌നാനത്തിനുള്ളത്. പശ്ചാത്തപിക്കുന്ന, പരിഹാരം ചെയ്യാനാഗ്രഹിക്കുന്ന പാപികൾക്കുവേണ്ടിയുള്ളതായി
രുന്നു യോഹന്നാന്റെ (സ്‌നാപകന്റെ) മാമ്മോദീസ. പാപരഹിതനായ ഈശോയ്ക്ക് പാപമോചനത്തിന്റെ മാമ്മോദീസ ആവശ്യമുണ്ടായിരുന്നില്ല. എങ്കിൽ പിന്നെ എന്താണ് ‘ഈശോയുടെ മാമ്മോദീസ’ എന്നതുകൊണ്ട് നാമർത്ഥമാക്കുന്നത്? സ്‌നാപകൻ പ്രവചിച്ച ആത്മാവിലുള്ള ജ്ഞാനസ്‌നാനത്തിന്റെ ഉദ്ഘാടനമാണ് ഈശോയുടെ മാമ്മോദീസായിലൂടെ തുടക്കം കുറിച്ചത്.
യോർദ്ദാൻ നദിയിലെ ഈശോയുടെ മാമ്മോദീസ, ക്രിസ്തീയമാമ്മോദീസായുടെ അടിസ്ഥാനവും സ്ഥാപനവുമായിട്ടാണ് അപ്രേം പഠിപ്പിക്കുന്നത്. അതേസമയം തന്നെ കുന്തത്താൽ കുത്തിത്തുളയ്ക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽ നിന്ന് ഒഴുകിയ വെള്ളത്തിലും അപ്രേം കാണുന്നത് ക്രിസ്തീയ മാമ്മോദീസായുടെ ഉത്ഭവമാണ്. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തീയ മാമ്മോദീസായുടെ ഉത്ഭവമാണ് യോർദ്ദാനിലെ
മിശിഹായുടെ മാമ്മോദീസ.
A. മാമ്മോദീസയുടെ ദൈവശാസ്ത്രവീക്ഷണങ്ങൾ
മാമ്മോദീസയെപ്പറ്റിയുള്ള ദൈവശാസ്ത്രവിശകലനത്തിൽ നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധാർഹമാണ്.
a. ഈശോയുടെ മാമ്മോദീസ ക്രിസ്തീയ മാമ്മോദീസായുടെ പ്രതിരൂപം
പൗരസ്ത്യ സഭാപണ്ഡിതനായ അഫ്രാത്ത് (+345) ഈശോയുടെ യോർദ്ദാനിലെ മാമ്മോദീസയെ ക്രിസ്തീയ മാമ്മോദീസയുടെ ഉറവിടം എന്നാണ് വിശേഷിപ്പിക്കുന്നത്. വി. അപ്രേം പറയുന്നതിങ്ങനെയാണ്: ‘യോർദ്ദാനിലെ ഈശോയുടെ സാന്നിദ്ധ്യം എല്ലാ മാമ്മോദീസ ജലത്തെയും വിശുദ്ധീകരിച്ചു. ഇന്നിത് പരിശുദ്ധാത്മാവിലൂടെ സംഭവിക്കുന്നു.’ മാമ്മോദീസ ജലത്തിലൂടെ ഈശോ ആത്മീയ ജനനം സാധ്യമാക്കി. പാപമില്ലാത്തവനായ ഈശോ മാമ്മോദീസ സ്വീകരിക്കുക വഴി, പാപികളായ നമുക്ക് പുതുസൃഷ്ടിയിലേക്കുള്ള വാതിൽ തുറന്നു നല്കി.
b. മാമ്മോദീസ, വികലമാക്കപ്പെട്ട ദൈവിക സാദൃശ്യത്തിന്റെ പുനഃസ്ഥാപനം
മനുഷ്യൻ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്നത് ഒരു ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ വിശ്വാസങ്ങളിലൊന്നാണ്. ദൈവം ആദത്തിന്
നല്കിയ ഈ സാദൃശ്യം ആദം തന്റെ പാപത്താൽ വിരൂപമാക്കി. ഈ വിരൂപമാക്കപ്പെട്ട സാദൃശ്യത്തെ ഈശോ തന്റെ മാമ്മോദീസായിലൂടെ പുനഃസ്ഥാപിച്ചു. മാമ്മോദീ സക്രമത്തിലെ മൂന്ന് റൂശ്മകൾ മൂന്ന് ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
ഒന്നാമത്തെ ലേപനം – പഴയ മനുഷ്യനെ ഉരിഞ്ഞ് കളയുന്നു
രണ്ടാമത്തെ ലേപനം – മിശിഹായെ ധരിക്കുന്നു
മൂന്നാമത്തെ ലേപനം – ഭൂമിയുടെ താഴ്മയിൽ നിന്ന് സ്വർഗ്ഗത്തിന്റെ ഉയരങ്ങളിലേയ്ക്ക് ഉയരുന്നു
c. മാമ്മോദീസയിൽ നല്കപ്പെടുന്ന മഹത്വത്തിന്റെ വസ്ത്രം
യഹൂദരും ക്രിസ്ത്യാനികളും ഒരുപോലെ തങ്ങളുടെ പൈതൃകമായി കരുതുന്നതാണ് ഉൽപ 3,21 നെപ്പറ്റിയുള്ള വ്യാഖ്യാനം. ഈ വ്യാഖ്യാനമനുസരിച്ച് ആദം തന്റെ അധഃ
പതനത്തിന് മുമ്പുവരെ ‘മഹത്വത്തിന്റെ വസ്ത്രം’ ധരിച്ച അവസ്ഥയിലായിരുന്നു. ‘അതുവരെ തങ്ങൾ നഗ്നരാണെന്ന് അവർ അറിഞ്ഞിരുന്നില്ല’ (ഉൽപ 3,7). വി. അപ്രേമിന്റെ അഭിപ്രായത്തിൽ മാമ്മോദീസ വസ്ത്രമെന്ന്പറയുന്നത്, താബോർ മലയിൽവച്ച് വെൺമഞ്ഞുപോലെ തിളങ്ങിയ ഈശോയുടെ വസ്ത്രം തന്നെയാണ് (മത്താ 17,2; മർക്കോ 9,3; ലൂക്ക 9,29). ഈശോയുടെ രണ്ടാമത്തെ ആഗമനത്തിൽ അവിടുന്ന് നമ്മെ മഹത്വത്തിന്റെ വസ്ത്രം അണിയിക്കുമെന്ന ക്രിസ്തീയ പ്രത്യാശ ഇതോട് ചേർത്ത് മനസ്സിലാക്കാം.
d. മാമ്മോദീസ ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരൽ
മാമ്മോദീസായെക്കുറിച്ചുള്ള പൗലോസ്ശ്ലീഹായുടെ സുപ്രധാന പഠനമാണിത്. മാമ്മോദീസായിലൂടെ നാം അവിടുത്തെ മരണത്തോട് ഐക്യപ്പെട്ട് അവിടു ത്തോടൊപ്പം സംസ്‌ക്കരിക്കപ്പെടുന്നു (കൊളോ 2,12). വീണ്ടും പാപത്തിന് അടിമപ്പെടാതിരിക്കാൻ വേണ്ടി പഴയമനുഷ്യനെ അവിടുത്തോടുകൂടി ക്രൂശിക്കുന്നു (റോമ 6,4). ഇങ്ങനെ മാമ്മോദീസായിൽ അവന്റെ കൂടെ മരിക്കുന്നവരാണ് ഉത്ഥാനത്തിൽ അവന്റെ സന്തോഷത്തിലേയ്ക്ക് പ്രവേശിക്കുന്നത്.
e. മാമ്മോദീസാ – ജലത്താലും പരിശുദ്ധ റൂഹായിലുമുള്ള ജനനം
മാമ്മോദീസാ ഒരുവനു പുതിയ ജന്മം നൽകുകയാണ്. മാമ്മോദീസാജലത്തെ പുതിയ ഉദരമായുള്ള ചിത്രീകരണം യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തിൽ നമുക്കു കാണുവാൻ സാധിക്കും: ‘ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല’ (യോഹ 3,5). ഇവിടെ മാമ്മോദീസായെ വീണ്ടുമുള്ള ജനനമായി നാം കാണുന്നു.
B. ശിശുക്കളുടെ മാമ്മോദീസക്രമവും വ്യാഖ്യാനവും
മാമ്മോദീസായിലെ സജീവഭാഗഭാഗിത്വത്തിന്, അതിനുപയോഗിക്കുന്ന അടയാളങ്ങ
ളുടെയും പ്രതീകങ്ങളുടെയും അർത്ഥം ഗ്രഹിക്കുക ആവശ്യമാണ്.
പ്രാരംഭശുശ്രൂഷ – കാർമ്മികൻ ദൈവാലയത്തിന്റെ പ്രധാനകവാടത്തിങ്കൽ വന്ന് ശിശുവിന്റെ ജ്ഞാനസ്‌നാന മാതാപിതാക്കളോടും മറ്റും ചേർന്ന് മാമ്മോദീസ കർമ്മങ്ങൾ ആരംഭിക്കുന്നു. കാർമ്മികൻ അർത്ഥിയെ ആശീർവദിക്കുന്നതി നോടൊപ്പം മിശിഹായുടെ മൗതികശരീരത്തിലെ അംഗമായിത്തീരാൻ അർത്ഥിയെ
തിരഞ്ഞെടുത്തതിന് നന്ദി പറയുകയും ചെയ്യുന്നു.
ഒന്നാമത്തെ ലേപനം – മാമ്മോദീസായ്ക്ക് ഒരുക്കമായുള്ള ശുദ്ധീകരണമാണിത്. പാപത്തെ ഉപേക്ഷിച്ച് മിശിഹായെ രക്ഷകനായി സ്വീകരിക്കാനുള്ള ആഗ്രഹം ചോദിച്ചറിയുന്നു. ശേഷം ശിശുവിന്റെ നെറ്റിയിൽ കുരിശു വരയ്ക്കുന്നു. പഴയമനുഷ്യനെ ഉരിഞ്ഞ് കളയുന്നു എന്നാണിത് സൂചിപ്പിക്കുക. മുമ്പ് നടത്തിയിട്ടുള്ള മാമ്മോദീസായിലെ തൈലംകൊണ്ടാണ് ഈ ലേപനം നടത്തുന്നത്. സഭാ
കൂട്ടായ്മയിലുള്ള പ്രവേശനവും, ഏകമാമ്മോദീസായിലുള്ള പങ്കാളിത്തവുമാണ് ഇതുകൊണ്ട് അർത്ഥമാക്കുക.
വിശ്വാസപ്രഖ്യാപനം – വചനവേദിയിലേക്ക് ആനയിക്കപ്പെടുന്ന മാമ്മോദീസാർത്ഥി ദൈവവചനം സ്വീകരിക്കുകയും ക്രിസ്തീയ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നു.
തൈലവും വെള്ളവും വെഞ്ചരിക്കുന്നു– കാർമ്മികൻ മാമ്മോദീസാത്തൊട്ടിക്ക് സമീപംചെന്ന് വിശുദ്ധ മൂറോൻ കൊണ്ട് കുരിശടയാളത്തിൽ തൈലവും വെള്ളവും വെഞ്ചരിക്കുന്നു.
രണ്ടാമത്തെ ലേപനം – അർത്ഥിയുടെ നെഞ്ചിൽ മാമ്മോദീസ തൈലം പൂശുന്നു. മിശിഹായെ ധരിക്കുന്നു എന്നാണിത് അർത്ഥമാക്കുക. ഇത് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള ജ്ഞാനം ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്നതിനെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് മാമ്മോദീസായ്ക്ക് ജ്ഞാനസ്‌നാനം എന്ന പേരുള്ളത്. നമ്മുടെ പാരമ്പര്യമനുസരിച്ച് മൂന്നു വിരലുകൾകൊണ്ടാണ് ഈ ലേപനം നടത്തുന്നത് ഇതു പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കുന്നു. മുകളിൽനിന്നു താഴോട്ടു റൂശ്മ ചെയ്യുന്നത്, അർത്ഥിയുടെ ഹൃദയത്തിൽ പരിശുദ്ധ റൂഹാ ആവസിക്കുന്നതിനെ സൂചിപ്പിക്കുന്നു.
സ്‌നാപനം – ത്രീയേകദൈവത്തിന്റെ നാമത്തിൽ അർത്ഥിയെ വെള്ളത്തിൽ മൂന്നു
പ്രാവശ്യം മുക്കി ഉയർത്തുകയോ വെള്ളത്തിലിരുത്തി ശിരസ്സിൽ മൂന്നു പ്രാവശ്യം കുരിശടയാളത്തിൽ വെള്ളം ഒഴിക്കുകയോ, അർത്ഥിയുടെ ശിരസ്സിൽ മൂന്നുപ്രാവശ്യം വെള്ളം ഒഴിക്കുകയോ ചെയ്തുകൊണ്ടാണ് മാമ്മോദീസ നല്കുന്നത്. മൂന്നു പ്രാവശ്യം വെള്ളത്തിൽ മുക്കി മാമ്മോദീസ നല്കുന്നത്, ഈശോ കല്ലറയിൽ സംസ്‌ക്കരിക്ക പ്പെട്ടതിനെയും, മൂന്ന് ദിവസം കല്ലറയ്ക്കുള്ളിൽ ആയിരുന്നതിനെയും മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിനെയും സൂചിപ്പിക്കുന്നു. മാമ്മോദീസായിൽ അതതവസരങ്ങളിൽ വെഞ്ചരിക്കുന്ന ‘പുതുജലം’ തന്നെ ഉപയോഗിക്കേണ്ടതാണ്.
വെള്ള വസ്ത്രം ധരിപ്പിക്കുന്നു – വെള്ളവസ്ത്രം വിശുദ്ധിയുടെയും നിഷ്‌കളങ്കതയു ടേയും പ്രതീകമായി നിലകൊള്ളുന്നു. പഴയവസ്ത്രം മാറ്റുന്നത് പഴയമനുഷ്യനെ ഉരിഞ്ഞ് മാറ്റുന്നതിനെയും, പുതിയ വസ്ത്രം ധരിക്കുന്നത് പുതിയ മനുഷ്യനായ മിശിഹായെ ധരിക്കുന്നതിനെയും സൂചിപ്പിക്കുന്നതായി കാണാം. മാർ അപ്രേമിന്റെ അഭിപ്രായത്തിൽ, പറുദീസായിൽ ആദത്തിന് നഷ്ടമായ മഹത്വത്തിന്റെ വസ്ത്രം മാമ്മോദീസായിലൂടെ തിരികെ ലഭിക്കുകയാണ് ഈ പ്രതീകത്തിലൂടെ.
കത്തിച്ച തിരി നൽകുന്നു: ‘ലോകത്തിന്റെ പ്രകാശമായ മിശിഹാ നിനക്ക് മാർഗ്ഗദീപമാകട്ടെ‘ എന്നാശംസിച്ചാണ് കത്തിച്ച തിരി നൽകുന്നത്. മിശിഹായാകുന്ന ജീവന്റെ പ്രകാശം മാമ്മോദീസ സ്വീകരിച്ച വ്യക്തിയുടെ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. പുതുതായി മാമ്മോദീസ സ്വീകരിച്ചവരെ ‘പ്രകാശം ലഭിച്ചവർ’ എന്ന് വിളിക്കുന്ന പാരമ്പര്യം സഭയിൽ ഉണ്ടായിരുന്നു. മാമ്മോദീസ സ്വീകരിച്ചവർ മിശിഹായുടെ പ്രകാശം പ്രസരിപ്പിച്ച് ജീവിക്കേണ്ടവരാ
ണെന്ന് കത്തിച്ച തിരി ഓർമ്മപ്പെടുത്തുന്നു.