കൊറോണാ ഭീതി ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വളരെ പ്രശസ്തമായിരിക്കുന്ന ഒരു വാക്കാണ് ക്വാറന്റൈൻ. ഈ വാക്ക് എല്ലാവരുംതന്നെ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന്റെ അർത്ഥം പലർക്കും അറിയില്ല. എന്നാൽ മാർത്തോമാ നസ്രാണികളുടെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥവും മലയാ ളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ ഗ്രന്ഥവുമായ പാറേമാക്കൽ തോമാകത്തനാർ 230 ൽ അധികം വർഷങ്ങൾക്കുമുമ്പ് എഴുതിയ ‘വർത്തമാന പുസ്തക’ത്തിൽ ഇതു വിശദമായി വിവരിക്കുന്നുണ്ട്. ഇതിലെ വിവരണം ഇപ്രകാരമാണ്.
‘ക്വാറെന്റൈൻ എന്നാൽ എന്ത്? നമ്മുടെ ജനങ്ങളുടെ അറിവിനായിട്ട് അതിവിടെ
പ്രത്യേകം എഴുതാം.അതായത് ജനോവയിലും മറ്റ് യൂറോപ്യൻ നഗരങ്ങളിലും തങ്ങളുടെ ജനങ്ങളുടെ ഗുണത്തിനും രക്ഷയ്ക്കും വേണ്ടി നഗരത്തിന് പുറത്ത് തുറമുഖത്തോട് ചേർത്ത് ലസറെത്ത എന്ന ഒരു മന്ദിരം പണിതീർത്തിട്ടുണ്ട്.തുർക്കി നാട്ടിൽ നിന്നോ പകർച്ചവ്യാധിയുണ്ടെന്ന് സംശയമുളള മറ്റ്നാടുകളിൽ നിന്നോ പകർച്ചവ്യാധി ഉണ്ടാകാമെന്ന സാഹചര്യങ്ങളിൽക്കൂടി കടന്നുപോന്ന കപ്പലു കളിൽനിന്നോ വരുന്ന ആളുകൾ ഒരു നിശ്ചിത ദിവസം വരെ നഗരിയിൽ കടന്നുകൂടാ.പിന്നെ ഈ ദിവസങ്ങൾ കഴിയുവോളം തങ്ങളുടെ കപ്പലിൽത്തന്നെയോ ലാസറെത്ത എന്ന പേരിൽ അറിയപ്പെടുന്ന മേൽപ്പറഞ്ഞ മന്ദിരത്തിലോ പാർക്കണം. വിശേഷിച്ചും പകർച്ചവ്യാധിയുമായി വരുന്ന കപ്പലുകളാണെങ്കിൽ കുറഞ്ഞത് നാൽപത്ദിവസമെങ്കിലും കഴിയുന്നത് വരെ കരയ്ക്കിറങ്ങാതെ പാർത്തേ മതിയാകു.അതിനാൽ ഈ ദിവസങ്ങൾക്കു നാൽപത് ദിവസമെന്നർത്ഥമുളള ക്വാറെന്റൈൻ എന്ന നാമധേയം ചൊല്ലിവരുന്നു.’
(39 -ാം അദ്ധ്യായം)