കശ്ക്കാറിലെ അബ്രാഹം (ca. AD 500 588)

വി. ഗ്രന്ഥം കോറിയിട്ടിരിക്കുന്ന പൂർവ്വപിതാവായ അബ്രാഹത്തിന്റെ ചിത്രം അതീവ
ഹൃദയസ്പർശിയാണ്. ദൈവത്തിന്റെ വിളിസ്വീകരിച്ച് തന്റെ നാടും വീടും ഉപേക്ഷിച്ച് ദൈവം കാണിച്ചുകൊടുത്ത പാതയിലൂടെ ചരിച്ച് ഒരു ജനതയുടെ പിതാവായി ഉയർത്തപ്പെട്ട അദ്ദേഹം വിശ്വാസത്തിന്റെ പര്യായമായി മാറുകയായിരുന്നു. പൗരസ്ത്യസുറിയാനി താപസിക സന്ന്യാസചരിത്രത്തിൽ പൂർവ്വപിതാവായ അബ്രാഹമിനോട് തുലനം ചെയ്യപ്പെട്ടിട്ടുള്ള അവിസ്മരണീയ വ്യക്തിത്വമാണ് കശ്ക്കാറിലെ മാർ അബ്രാഹമിന്റേത്. ഇദ്ദേഹം പക്ഷേ അപാരമായ നൈപുണ്യമുള്ള ദൈവശാസ്ത്രജ്ഞനോ, ദയറാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനോ ഒന്നുമായിരുന്നില്ല. എന്നിരുന്നാലും സുറിയാനി പാരമ്പര്യത്തിൽ അദ്ദേഹം ‘റമ്പാനാ’യി (മഹാൻ) പരിഗണിക്കപ്പെട്ടു. അദ്ദേഹം ജനിക്കുന്നതിനു വളരെ മുൻപുതന്നെ ദയറാ (ആശ്രമങ്ങൾ)കൾ പൗരസ്ത്യസുറിയാനി സഭയിൽ സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ‘ദയറാക്കാരുടെ പിതാവ്’ എന്നറിയപ്പെട്ടു.
ഇന്നത്തെ തെക്കൻ ഇറാക്കിൽപ്പെട്ട കശ്ക്കാറിൽ ജനിച്ച അബ്രാഹം പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം അൽ – ഹീറായിൽ പോയി വിജാതീയരോടു സുവിശേഷം പ്രഘോഷിച്ചു. പിന്നീട് ഈജിപ്റ്റിലെ സ്‌കേറ്റിലും, സീനായ് മലയിലുമൊക്കെയുള്ള പല ആശ്രമങ്ങളും അദ്ദേഹം സന്ദർശിച്ചു. തിരികെയെത്തിയ അദ്ദേഹം നിസിബിസ്സിലെ ദൈവശാസ്ത്രകലാലയത്തിൽ അംഗമായിചേർന്നു. അവിടുത്തെ പഠനശേഷം അബ്രാഹം നിസിബിസ്സിനരികയുള്ള ഇസ്‌ളാ മലയിലേക്ക് പിൻവാങ്ങി ഒരു ഗുഹയിൽ ദീർഘകാലം രഹസ്യമായി ധ്യാനത്തിൽ കഴിഞ്ഞു. പിന്നീട് അദ്ദേഹം അവിടെയൊരു ദയറാ സ്ഥാപിച്ചു. ഇസ്‌ളായിലെ ‘വലിയ ദയറാ (Great Monastery)’ എന്നറിയപ്പെട്ടിരുന്ന പ്രസ്തുത ആശ്രമത്തിന്റെ അധിപനായി അദ്ദേഹം മരണം വരെ അവിടെ തുടർന്നു. ഈ ദയറാ ഒരു കാന്തം പോലെ അനേകരെ അവിടേക്ക് ആകർഷിച്ചു. ആശ്രമശ്രേഷ്ഠനായ മാർ അബ്രാഹമിന്റെ പുണ്യജീവിതത്തിന്റെ പരിമളം എല്ലായിടത്തും വ്യാപിച്ചു. ‘വലിയ ദയറാ’യിൽ പരിശീലിപ്പിക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ ശിഷ്യരായ അനേകർ ആ പരിസരങ്ങളിൽ നിരവധി ആശ്രമങ്ങൾ സ്ഥാപിച്ചു. പൗരസ്ത്യസുറിയാനി സഭയിൽ താപസിക-ആശ്രമ സംസ്‌ക്കാരത്തിന്റെ നവീകരണത്തിനും ഉണർവിനും ഇത് ഇടയാക്കി. തത്ത്വശാസ്ത്രജ്ഞന്മാർക്ക് ആഥൻസ് (Athens) എങ്ങനെയോ, അപ്രകാരമായിരുന്നു സുറിയാനി ദയറാക്കാർക്ക് ‘വലിയ ദയറാ’. ഈജിപ്റ്റും, സീനായ് മലയുമൊക്കെ സന്ദർശിക്കുകയും അവിടെയുള്ള സന്ന്യാസികളെ കാണുകയുമൊക്കെ ചെയ്തിരുന്ന മാർ അബ്രാഹം ആ നാടുകളിലെ സന്ന്യാസജീവിത ശൈലിയുടെ നന്മയും പൗരസ്ത്യസുറിയാനി സന്ന്യാസ നവീകര ണത്തിൽ ഉപകരിപ്പിച്ചു.
മാർ അബ്രാഹം നടപ്പിലാക്കിയ ഈ നവീകരണം ഏറെ പ്രസക്തമായിരുന്നു. കാരണം,
‘ഉടമ്പടിയുടെ മക്കൾ’ എന്ന പേരിൽ സുറിയാനിസഭകളിലുണ്ടായിരുന്ന പ്രഥമ താപസികഗണവും, പിന്നീട് ദയറാകളിൽ താമസിച്ച് സമൂഹജീവിതം നയിച്ചിരുന്ന താപസികരുമെല്ലാം കന്യാത്വജീവിതത്തിന് തങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം നല്കിയിരുന്നു. കന്യാത്വം പാലിക്കുന്നവർക്ക് മാത്രമേ രക്ഷ പ്രാപിക്കുവാൻ കഴിയൂ എന്നുപോലും അവർ വിശ്വസിച്ചിരുന്നു. എന്നാൽ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ സ്ഥിതി മാറി. പേർഷ്യയിൽ പ്രബലമായിരുന്ന സൊറാസ്ട്രിയൻ മതവിശ്വാസികൾക്ക് കന്യാത്വജീവിതം എന്തോ പോരായ്മയായിരുന്നു. വിവാഹജീ
വിതത്തെ അവർ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. സൊറാസ്ട്രിയൻ ഭരണാധികാരികളെ പ്രീതിപ്പെടുത്താനായി 484-ൽ കാതോലിക്കോസ് ബർ സൗമായുടെ നേതൃത്വത്തിൽ കൂടിയ ബേസ്-ലപാത് (Bet-Lapat) സൂനഹദോസ് സന്ന്യാസ – പൗരോഹിത്യ ജീവിതത്തിന് കന്യാത്വജീവിതം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. ദയറാക്കാരെ വിവാഹിതരാകാൻ നിർബന്ധിച്ചു. ഇത് പൗരസ്ത്യ-സുറി
യാനി സഭയിൽ സന്ന്യാസം തല്ക്കാലത്തേക്കെങ്കിലും മരവിക്കാനും മരിക്കാനും ഇടയാക്കി. ഏകദേശം 553-ൽ ഈ നിയമം എടുത്തുമാറ്റപ്പെടുന്നതുവരെ പൗരസ്ത്യസുറിയാനി സഭയിൽ സന്ന്യാസജീവിതം പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നു. ഇക്കാലത്താണ് മാർ അബ്രഹാമിന്റെ രംഗപ്രവേശനം. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി അനേകരെ ആകർഷിച്ചു. അദ്ദേഹത്തിന്റെ ‘വലിയ ദയറാ’യിൽ അനേകം പേർ അംഗങ്ങളായി ചേർന്നു. അവർ പിന്നീട് പല ദയറാകൾ സ്ഥാപിച്ചു. ചുരുക്കത്തിൽ ഒരു ദയറാ സംസ്‌ക്കാരം ഇവിടെ പുനസ്ഥാപിക്കപ്പെടാൻ മാർ അബ്രാഹം ഇടയാക്കി. ദയറാക്കാർക്കായി അദ്ദേഹം നിയമങ്ങൾ ക്രോഡീകരിച്ചു; തനതായ സന്ന്യാസവസ്ത്രം നടപ്പിലാക്കി; സന്ന്യാസികളുടെ ശിരസ്സ് സന്ന്യാസം സ്വീകരിക്കുന്ന വേളയിൽ കിരീടത്തിന്റെ ആകൃതിയിൽ മുണ്ഡനം ചെയ്യുന്ന പതിവ് തുടങ്ങി. അദ്ദേഹത്തിന്റെ ഈ സേവനങ്ങളോടുള്ള ആദരസൂചകമായി സുറിയാനി പാരമ്പര്യത്തിൽ അദ്ദേഹം ‘കിഴക്കൻ സന്ന്യാസികളുടെ തലവനും മല്പാനു’മെന്ന് വിളി
ക്കപ്പെടുന്നു. അദ്ദേഹം ക്രോഡീകരിച്ച സന്ന്യാസനിയമത്തിൽ നിന്ന് ഒരു ഭാഗം നമുക്കും പ്രായോഗികമാക്കാം.: “ശരീരത്തിന് ശാന്തതയില്ലെങ്കിൽ ആത്മാവിന് ശാന്തത ഉണ്ടായിരിക്കില്ല. ശാന്തത സംരക്ഷിക്കുവാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്, 1. നിരന്തര വായനയും പ്രാർത്ഥനയും 2. കായികാധ്വാനവും ധ്യാനവും”.