6. ഭൗതിക മണ്ഡല സാക്ഷ്യത്തെ പ്രബോധിപ്പിക്കുന്ന അധികാരം സഭയുടെ കരുത്തും ഊര്‍ജ്ജസ്വലതയും സഭയില്‍ ബഹുഭൂരിപക്ഷം വരുന്ന അല്മായര്‍ക്ക് സഭയിലും ലോകത്തിലും ഒരു ദൗത്യമുണ്ടെന്ന് ബോദ്ധ്യപ്പെടു ത്തുന്നതിനെ കൂടി ആശ്രയിച്ചു നില്ക്കുന്നു. അല്മായര്‍ സ്വീകര്‍ത്താക്കള്‍ മാത്രമല്ലെന്നും ഒപ്പം സഭയുടെ മുഖം ദീപ്തമാക്കുന്നതില്‍ അവരുടെ ജീവിതത്തിനും സാക്ഷ്യത്തിനും വലിയ പ്രാധാന്യമാണുള്ളതെന്നുള്ള ഈ ബോദ്ധ്യത്തിന്റെ ആവശ്യകതയും അധികാരനിര്‍വ്വഹണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. സഭ ‘ദൈവജന’മാണെന്നും അതു വിശ്വാസികളുടെ കൂട്ടായ്മയാണെന്നും സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിലും ശുശ്രൂഷകളിലും (mission and ministry) അല്മായര്‍ക്കു സജീവമായ പങ്കാളിത്തമുണ്ടായിരിക്കണമെന്നുമുള്ള ആശയങ്ങള്‍ ഇന്നു സഭയുടെ എല്ലാ തലങ്ങളിലും ഏതാണ്ട് പ്രചരിച്ചുകഴിഞ്ഞു. എന്നാല്‍ അവരുടെ സവിശേഷവും പകരംവെയ്ക്കുവാന്‍ സാധിക്കാത്തതുമായ മണ്ഡലങ്ങളുടെ സാക്ഷ്യത്തില്‍ അവരെ കൂടുതല്‍ ബോധവാന്മാരാക്കുകയും പ്രേരിപ്പിക്കുകയും വേണം. തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖ 31-ാം ഖണ്ഡികയില്‍ ഭൗതിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ആയിരുന്നുകൊണ്ട് തങ്ങളുടെ തൊഴിലിലൂടെയും ഉദ്യോഗത്തിലൂടെയും ലോകവ്യവസ്ഥിതിയെ ദൈവത്തിന്റെ പദ്ധതി അനുസരിച്ചു പുനര്‍നിര്‍മ്മിക്കുക എന്നതാണ് അല്മായരുടെ പ്രത്യേക ദൗത്യമെന്ന് പഠിപ്പിക്കുന്നു. ദൈവത്തിന്റെ പദ്ധതിയെന്നത് സകല മനുഷ്യര്‍ക്കും നന്മചെയ്യുകയെന്നതാണ് (തിരുസ്സഭ-31). അല്മായരെ സംബന്ധിച്ചിടത്തോളം സുവിശേഷവത്കരണമെന്നത് ഭൗതികലോകത്തിന്റെ സുവിശേഷവത്കരണമാണ്. അല്മായരുടെ പ്രാഥമികവും അടിയന്തിരവുമായ ദൗത്യം പുതിയ സഭാസമൂഹങ്ങള്‍ സ്ഥാപിക്കുകയോ പുതിയ സഭാ കൂട്ടായ്മകള്‍ക്കു നേതൃത്വം നല്കുകയോ അല്ല. അവരുടെ പ്രവര്‍ത്തനമേഖല ലോകത്തിലെ അതിവിശാലവും സങ്കീര്‍ണ്ണവുമായ മണ്ഡലങ്ങളാണ്. രാഷ്ട്രീയം, സാമ്പത്തികം, കായികം, സാംസ്‌കാരികം, കല, ശാസ്ത്രം, മാധ്യമം, വിദ്യാഭ്യാസം, കുടുംബം, കുട്ടികളുടെയും കൗമാരക്കാരുടെയും രൂപീകരണം എന്നിവയെല്ലാം ഇതില്‍പ്പെടുന്നു (സുവിശേഷപ്രഘോഷണം (EN)-70). അല്മായരുടെ ആദ്ധ്യാത്മികത ഈ മണ്ഡലങ്ങളിലെ അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഒരു ബോദ്ധ്യം അല്മായ മനസ്സുകളില്‍ വളര്‍ത്തുവാന്‍ സഭാധികാരികള്‍ നിരന്തരം ശ്രദ്ധിക്കുകയും, അതിനുതകുന്ന പൊതുമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ദൈവശാസ്ത്ര പരിശീലനം, പ്രോത്സാഹനം എന്നിവ നല്‍കുകയും ചെയ്യുന്നതില്‍ ഔത്സുക്യം പുലര്‍ത്തുകയും ചെയ്യണം. ഇത്തരം സാക്ഷ്യങ്ങള്‍ സുവിശേഷപ്രഘോഷണത്തിനായുള്ള സഭയുടെ ദൗത്യത്തിലുള്ള തങ്ങളുടെ പങ്കുചേരലായി അവരെ ബോദ്ധ്യപ്പെടുത്തണം.
7. സന്ദര്‍ശനത്തിന്റെ കരുത്തറിയുന്ന അജപാലന നിര്‍വ്വഹണം
ആടുകളെ അറിയുന്ന ഇടയന്‍, അതാണ് അജപാലനത്തിന്റെ വിജയരഹസ്യം. ഒരര്‍ത്ഥത്തില്‍ വി. ഗ്രന്ഥം സന്ദര്‍ശനത്തിന്റെ ചരിത്രപുസ്തകം കൂടിയാണ്. സൃഷ്ടിയുടെ ആരംഭത്തില്‍ ദൈവം നടത്തിയ സന്ദര്‍ശനം രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം നിരന്തര സന്ദര്‍ശനത്തിന്റെ ദൈവമാണ്. വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവ് തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു (ഉല്പ 3,8). വെയിലാറുമ്പോള്‍ എല്ലാം അവിടുന്ന് സന്ദര്‍ശിച്ചിരിക്കണം. പ്രവാചകര്‍ദൈവത്തിന്റെ സന്ദര്‍ശനത്തിന്റെ മുഖമായിരുന്നു. തന്റെ പരസ്യജീവിതകാലത്ത് കര്‍ത്താവ് നിരന്തരമായ സഞ്ചാരത്തിലും സന്ദര്‍ശനത്തിലുമായിരുന്നു. അവിടുന്ന് സന്ദര്‍ശിച്ച ഭവനങ്ങളുടെ വിവരണങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. സഭയുടെ ശൈലി സന്ദര്‍ശനത്തിന്റെ, കൂടെ നടക്കുന്ന അജപാലനപരമായ അനുഗമനത്തിന്റെ (ഫ്രാന്‍സിസ് മാര്‍പ്പാപ്പാ, സ്‌നേഹത്തിന്റെ ആനന്ദം) താണ്. അജപാലകര്‍ സന്ദര്‍ശനത്തിന്റെ കരുത്ത് പണ്ട് തിരിച്ചറിഞ്ഞിരുന്നു. ഇക്കാലഘട്ടങ്ങളില്‍ ഭവനസന്ദര്‍ശനത്തിന്റേതായ അജപാലന ശൈലിയുടെ തിരിച്ചുവരവിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടുവരുന്നുണ്ട്. ഗാര്‍ഹിക സഭയെ അടുത്തറിയുന്ന, കടന്നുചെല്ലുന്ന അജപാലന ശൈലി ഏറെ ഫലം കാണു. അതുവഴി ഇടവകയിലെ ഓരോ കുടുംബവും തങ്ങളുടെ അജപാലകനെ അവരുടെ ഒരു കൂടുംബാംഗമായി കണക്കാക്കുകയും, ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. സഭാഗാത്ര ത്തിലേക്കുള്ള നുഴഞ്ഞുകയറ്റങ്ങളെ ഇതുവഴി ചെറുത്തു നിര്‍ത്തുവാനും ഈ അജപാലനശൈലി സഹായകരമാകും.
8. വിളി ലഭിച്ചവര്‍ക്കെല്ലാം അധികാരമുണ്ട്
വി. മാമ്മോദീസായുടെ മായാത്ത മുദ്ര പതിച്ചു കിട്ടിയ എല്ലാവര്‍ക്കും ദൈവമക്കളാകുന്നതിനുള്ള വിളി ലഭിച്ചവരാണ്. മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും മിശിഹായുടെ കൂട്ടവകാശികളും (റോമ 8,17). ഈ വിളിക്കനുസരിച്ച് ജീവിക്കുവാനുള്ള വിശ്വാസപരിശീലനമാണ് ജീവിതത്തില്‍ പ്രത്യേക വിളികള്‍ തിരിച്ചറിയുവാനും സ്വീകരിക്കുവാനും പ്രേരിപ്പിക്കേണ്ടത്. കുടുംബങ്ങളില്‍ നിന്നും മതബോധന ക്ലാസ്സുകളില്‍ നിന്നും, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരിശീലനം ഇത്തരം പ്രത്യേക വിളികളെ തിരിച്ചറിയുവാനും സ്വീകരിക്കുവാനും സഹായകരമായിരിക്കണം. മക്കള്‍ക്കു നല്കുന്ന വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ക്കുള്ള അധികാരവും അവകാശവും സഭ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട് (സ്‌നേഹത്തിന്റെ ആനന്ദം, 84; കുടുംബങ്ങള്‍ക്കൊരെഴുത്ത്, നമ്പര്‍ 16; വിദ്യാഭ്യാസം കൗണ്‍സില്‍ ഡിക്രി, നമ്പര്‍ 3).
ഈ അധികാരം ദൈവം മാതാപിതാക്കള്‍ക്കു നല്കിയിരിക്കുന്ന മൗലികമായ അധികാരവും അവകാശവുമാണ്. ഈ അവകാശം കവര്‍ന്നെടുക്കുവാനുള്ള സര്‍ക്കാരുകളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും ശ്രമങ്ങളെ സഭ എക്കാലവും എതിര്‍ത്തിട്ടുണ്ട്. വി. പത്രോസ് ശ്ലീഹാ സഭാഗാത്രത്തിലുള്ള ഏവരേയും ഇപ്രകാരം ഓര്‍മ്മപ്പെടുത്തന്നു: ”ആകയാല്‍ സഹോദരരേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല” (2 പത്രോ 1,10).
സഭയും കുടുംബവും ദൈവത്താല്‍ സ്ഥാപിതമാണ്, ദൈവത്താല്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സമൂഹങ്ങളാണ് ഇവ രണ്ടും. ഇവയ്ക്കു രണ്ടിനും കര്‍ത്താവ് അധികാരം നല്കിയിരിക്കുന്നു (മത്താ 16,19; 18,18). കുടുംബത്തിന്റെ മഹത്ത്വവും നിയമാനുസൃതമായ സാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള അവകാശം എന്നും കുടുംബത്തിനുള്ളതായിരിക്കുമെന്ന് സഭ പഠിപ്പിക്കുന്നുണ്ട്… സമൂഹത്തിന്റെ പ്രാഥമികവും മര്‍മ്മപ്രധാനവുമായ ജൈവഘടകമെന്ന നിലയില്‍ കുടുംബങ്ങള്‍ക്ക് ഈ ദൗത്യം ദൈവദത്തമാണ് (അല്മായ പ്രേഷിതത്വം നമ്പര്‍ 11). ഈ ദൗത്യനിര്‍വ്വ ഹണത്തിനുവേണ്ടി നല്‍കപ്പെടുന്ന കൃപാവരവും ചുമതലയുമാണ് കുടുംബത്തിനു ലഭിക്കുന്ന അധികാരത്തിന്റെ മാനങ്ങള്‍. ”അവര്‍ പരസ്പരവും, സന്താനങ്ങളുടെ, കൂദാശയിലൂടെ തങ്ങള്‍ക്കു പങ്കാളിത്വം ലഭിക്കുന്ന… ചുമതലയും അവര്‍ക്കു നല്കുന്നു” (കുടുംബം ഒരു കൂട്ടായ്മ നമ്പര്‍ 13). വി. ജോണ്‍ പോള്‍ മാര്‍പ്പാപ്പാ വീണ്ടും പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ”അവരെ വിളിക്കുകയും തങ്ങളുടെ മക്കളില്‍ സഭയെ കെട്ടിപ്പടുക്കുവാനുമുള്ള ദൗത്യം അവരെ ഭരമേല്പിക്കുകയും ചെയ്തിരിക്കുന്നത് ദൈവമാണ്” (നമ്പര്‍ 38). ദൈവം സഭയിലൂടെ നല്കിയിട്ടുള്ള ഈ അധികാരത്തില്‍ പങ്കുചേരുകയും അതിന്‍പ്രകാരമുള്ള ചുമതലകള്‍ നിര്‍വ്വഹിച്ച് സഭയെ കെട്ടിപ്പ ടുക്കുകയും ചെയ്യുകയെന്നതാണ് അടിസ്ഥാനപരമായ അല്മായ പ്രേഷിതത്വവും പങ്കാളിത്വവും. കുടുംബങ്ങള്‍ നല്ലതായാല്‍ നല്ല ദൈവവിളികള്‍ ഉണ്ടാകും, സഭയുടെ മുഖം കൂടുതല്‍ പ്രകാശിതമാകും.
അധികാരത്തിന്റെ അടിസ്ഥാനം സ്‌നേഹമാണെങ്കില്‍ മിശിഹാ സഭയെ സ്‌നേഹിച്ചതുപോലെ, ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുവാനും, സഭ മിശിഹായ്ക്ക് വിധേയമായിരിക്കുന്നതുപോലെ ഭാര്യ എല്ലാ കാര്യങ്ങളിലും ഭര്‍ത്താവിനു വിധേയമായിരിക്കണമെന്നുമുള്ള കര്‍ത്താവിന്റെ വചനം കുടുംബജീവിതത്തിന്റെ
മാഹാത്മ്യത്തെ എടുത്തുകാട്ടുന്നു. അതുവഴി വിവാഹവും കുടുംബവും ഒരു വലിയ രഹസ്യമായി മാറുന്നു (എഫേ. 5,22-32). വിവാഹമെന്ന കൂദാശയുടെ കൃപ ലക്ഷ്യം വയ്ക്കുന്നത് മറ്റെന്തിനേക്കാളും ഉപരിയായി ”ദമ്പതികളുടെ സ്‌നേഹത്തെ പൂര്‍ണ്ണമാക്കുന്നതിനാണ്” എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പഠിപ്പിക്കുന്നു (സ്‌നേഹ ത്തിന്റെ ആനന്ദം 89). വിവിധ രാജ്യങ്ങളിലും സമൂഹങ്ങളിലും എപ്പോഴും എവിടെയും സഭയുടെ മാര്‍ഗ്ഗമായി തുടരുവാന്‍ കുടുംബങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന വിളി (കുടുംബങ്ങള്‍ക്കൊരെഴുത്ത് 3) അതിന്റെ ആധികാരികതയെ പ്രഖ്യാപി ക്കുകയും ചെയ്യുന്നു. ഇപ്രകാരം, സഭയുടെ അധികാരത്തില്‍ പങ്കുചേരു വാനുള്ള വിളിയും കൃപയും കുടുംബങ്ങള്‍ക്കും ലഭിച്ചിരിക്കുന്നു. കുടുംബം മാതാവും ഗുരുനാഥയുമാകുന്നു. ”മാമ്മോദീസ സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം, വചനത്താലും കൂദാശയാലും ഭവന സഭ എന്ന നിലയില്‍ ഒരുമിച്ചു ചേര്‍ക്കപ്പെട്ടി
രുക്കുന്ന കുടുംബം, ലോകവ്യാപകമായ സഭയെപ്പോലെതന്നെ അദ്ധ്യാപികയും അമ്മയുമാണ്” (കുടുംബം ഒരു കൂട്ടായ്മ 38).
(തുടരും)