സ്വയാധികാര സഭകളുടെ സവിശേഷതകളും ആരാധനയും

ഈശോമിശിഹായാൽ സ്ഥാപിതമായ സഭ ചരിത്രപരമായി ജന്മംകൊണ്ടത് ജറുസലേമിലാണ്; യഹൂദ പശ്ചാത്തലത്തിലാണ്; ഭൂമി ശാസ്ത്രപരമായി പൗരസ്ത്യദേശത്താണ്. പുരാതന റോമാസാമ്രാജ്യം ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടതാണ് സഭകൾ പാശ്ചാത്യസഭയെന്നും പൗരസ്ത്യസഭയെന്നും അറിയപ്പെടുന്നതിനു അടിസ്ഥാനം. റോമാസാമ്രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തു വളർന്നു വികസിച്ച സഭകൾ പാശ്ചാത്യസഭകളെന്നും കിഴക്കുഭാഗത്തു വളർന്നു വികസിച്ച സഭകൾ പൗരസ്ത്യസഭകളെന്നും അറിയപ്പെട്ടു. റോമാസാമ്രാജ്യത്തിനു വെളിയിലും സഭകൾ സ്ഥാപിക്കപ്പെടുകയും വളരുകയും ചെയ്തിരുന്നു. ഉദാഹരണമാണ് തോമാശ്ലീഹായാൽ സ്ഥാപിതമായ ഭാരതത്തിലെ സഭ. അതുപോലെ പേർഷ്യൻ സാമ്രാജ്യത്തിൽ വളർന്ന സെലൂഷ്യാ-സ്റ്റെസിഫോൺ സഭയും ഏദേസായിലെയും മെസപ്പൊട്ടോമിയായിലെയും സഭകളും റോമാ സാമ്രാജ്യത്തിനു പുറത്തായിരുന്നു. എങ്കിലും കാലക്രമേണ പാശ്ചാത്യ വിഭാഗത്തിൽപ്പെടാത്ത സഭകളെല്ലാം പൗരസ്ത്യസഭകളെന്ന് അറിയപ്പെടുവാൻ തുടങ്ങി. ഇന്നു സഭകൾ പൊതുവേ പാശ്ചാത്യസഭകളെന്നും പൗരസ്ത്യസഭകളെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു.
സഭ സഭകളുടെ കൂട്ടായ്മ
ഇന്നു കത്തോലിക്കാസഭ 24 സ്വയാധികാരസഭകളുടെ (വ്യക്തിസഭ) കൂട്ടായ്മയാണ്. 3
സഭാപാരമ്പര്യങ്ങളിലെ 6 ആരാധനക്രമ കുടുംബങ്ങളിലാണ് 24 വ്യക്തിസഭകൾ നില
കൊള്ളുന്നത്. കർത്താവിന്റെ ശിഷ്യരായ ശ്ലീഹന്മാരുടെ വചനപ്രഘോഷണവും ജീവിതസാക്ഷ്യവുമാണ് വിവിധ സഭാപാരമ്പര്യങ്ങളുടെ ഉത്ഭവത്തിനു കാരണം. ഓരോ ശ്ലീഹായും തന്റെ മിശിഹാനുഭവം പങ്കുവച്ചതിലെ വ്യത്യസ്തതയും സുവിശേഷവെളിച്ചം സ്വീകരിച്ച സമൂഹങ്ങളുടെ ഭാഷ, സംസ്‌കാരം, ജീവിതരീതികൾ, ആചാരക്രമങ്ങൾ, രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലം എന്നിവയും വിവിധ സഭാപാരമ്പര്യങ്ങളുടെ വ്യത്യസ്തതയ്ക്കു അടിസ്ഥാനമായി. അങ്ങനെ സഭയിൽ മൂന്നു സഭാപാരമ്പര്യങ്ങൾ ഉടലെടുത്തു:
സിറിയക് ഓറിയന്റ് (സുറിയാനി പാരമ്പര്യം)
ഗ്രീക്ക് ഈസ്റ്റ് (ഗ്രീക്കു പാരമ്പര്യം)
ലാറ്റിൻ വെസ്റ്റ് (പാശ്ചാത്യ ലത്തീൻ പാരമ്പര്യം)
സ്വയാധികാരസഭയും ആരാധനക്രമവും
കത്തോലിക്കാ കൂട്ടായ്മയിൽ 23 പൗരസ്ത്യസഭകളും ഒരു പാശ്ചാത്യസഭയും ഉണ്ട് (23+1=24). സ്വയാധികാരസഭയെ ഇപ്രകാരം വിശേഷിപ്പിക്കാം: “നിയമാനുസൃത ഹയരാർക്കിയാൽ കൂട്ടിയോജിപ്പിക്കപ്പെട്ടതും ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം എന്നിവയിൽ പ്രകാശിതമായതും സ്വയാധികാരമുള്ളതെന്ന് സഭയുടെ പരമാധികാരത്താൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതുമായ ക്രൈസ്തവവിശ്വാസികളുടെ സമൂഹത്തെയാണ് സ്വയാധികാരസഭ (Sui iuris church) എന്നു വിളിക്കുന്നത്” (CCEO 27). സഭാ പൈതൃകത്തിന്റെ വ്യതിരിക്തതയെ (Individuality) സൂചിപ്പിച്ച് സ്വയാധികാരസഭയെ വ്യക്തിസഭ (Individual Church) എന്നും വിളിക്കുന്നു.
വിവിധ റീത്തുകളും ആരാധനയും
കത്തോലിക്കാസഭയിലെ സ്വയാധികാര സഭകൾക്കു വിശ്വാസം ഒന്ന്, കൂദാശകൾ ഒന്ന്, ഭരണക്രമം ഒന്ന്. ഈ മൂന്നു ഘടകങ്ങൾ സഭകളുടെ ഐക്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ 4 കാര്യങ്ങളിൽ ഈ സ്വയാധികാരസഭകൾ തമ്മിൽ വ്യതിരിക്തതകൾ ഉണ്ട്. ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം എന്നിവ വ്യതിരിക്തതയുടെ അടിസ്ഥാനമാണ്.
ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ച് പ്രകാശിപ്പിക്കുന്ന പൈതൃകത്തെയാണ് “റീത്ത്” എന്നതുകൊണ്ട് പൗരസ്ത്യ കാനൻ നിയമസംഹിത അർത്ഥമാക്കുന്നത്. ‘റീത്ത്’ എന്ന സംജ്ഞ/ വിശേഷണം കൂടുതൽ അർത്ഥതലങ്ങൾ ഉള്ളതാണ്. ആരാധനക്രമം എന്നതിലുപരി ഒരു വിശ്വാസി സമൂഹത്തിന്റെ ക്രൈസ്തവ ജീവിതശൈലിയെ മുഴുവൻ ഉൾകൊള്ളുന്നതാണ് ‘റീത്ത്’. ആരാധനക്രമം, നോമ്പ്,ഉപവാസം, തിരുവസ്ത്രങ്ങൾ, കാനൻനിയമങ്ങൾ, ഹയരാർക്കി, ഭരണരീതി, ആചാരങ്ങൾ എന്നിവയെല്ലാം ‘റീത്തിന്റെ’ ഘടകങ്ങളാണ്. സ്വയാധികാര-പ്രാദേശിക സഭകളേയുംഇന്നു “റീത്ത്” എന്നതുകൊണ്ട് അർത്ഥ മാക്കാറുണ്ട്. പൗരസ്ത്യകാനൻ നിയമമനുസരിച്ച് ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവയിലൂടെ രൂപീകൃതമായിട്ടുള്ളതും വിശ്വാസിസമൂഹത്തിന്റെ ചരിത്രപരമായ സാഹചര്യങ്ങളാലും
സംസ്‌കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ച് പ്രകാശിപ്പിക്കുന്നതുമായ പൈതൃകമാണ് ‘റീത്ത്’ (CCEO 28).
സ്വയാധികാര സഭകളും ആത്മീയ പിതൃസ്വത്തിന്റെ സംരക്ഷണവും
ആരാധനക്രമം: ഓരോ സ്വയാധികാരസഭയും വിശ്വാസപാരമ്പര്യവും തനിമയും ജീവിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാനഘടകങ്ങൾ നാലാണെന്നു നാം കണ്ടു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആരാധനക്രമം. ഓരോ സഭയും വിശ്വാസപാരമ്പര്യം അതിന്റെ പൂർണ്ണതയിൽ ജീവിക്കുകയും ആഘോഷിക്കുകയും കൈമാറുകയും ചെയ്യുന്നത് ആരാധനക്രമത്തിലൂടെയാണ്. ആരാധനക്രമം മറ്റു രണ്ടു ഘടകങ്ങൾക്കും അടിസ്ഥാനമാകുന്നു; കാരണം ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും രൂപപ്പെടുത്തപ്പെടുന്നത് ആരാധനയിൽ നിന്നുമാണ്. ഒരു സഭാപാരമ്പര്യത്തിന്റെ അടിസ്ഥാനവുമാണ് ആരാധനക്രമം.
മൂന്നു സഭാ പാരമ്പര്യങ്ങളുടെ ഭാഗമായി (സുറിയാനി, ലത്തീൻ, ഗ്രീക്ക്) കത്തോലിക്കാസഭയിൽ 6 ആരാധനക്രമകുടുംബങ്ങളാണുള്ളത്:
1. സുറിയാനി സഭാപാരമ്പര്യവും ആരാധനക്രമ കുടുംബങ്ങളും
a) പൗരസ്ത്യ സുറിയാനി (കൽദായ) ആരാധനക്രമകുടുംബം
b) അന്ത്യോക്യൻ ആരാധനക്രമ കുടുംബം.
2. ലത്തീൻ (പാശ്ചാത്യ) സഭാപാരമ്പര്യവും ആരാധനക്രമ കുടുംബവും
3. ഗ്രീക്ക് സഭാപാരമ്പര്യവും ആരാധനക്രമകുടുംബവും
a) ബൈസന്റയിൻ ആരാധനക്രമ കുടുംബം
b) അലക്‌സാൻഡ്രിയൻ ആരാധനക്രമ കുടുംബം
c) അർമേനിയൻ ആരാധനക്രമകുടുംബം
ദൈവശാസ്ത്രം: സ്വയാധികാരസഭകളുടെ വ്യത്യസ്തതയ്ക്ക് അടിസ്ഥാനമായ രണ്ടാമത്തെ ഘടകം ദൈവശാസ്ത്രമാണ്. വിശ്വാസത്തെയും വിശ്വാസ രഹസ്യങ്ങളെയും വ്യാഖ്യാനിച്ച് യുക്തിസഹമാക്കുവാനുള്ള പരിശ്രമമാണ് ദൈവശാസ്ത്രം ചെയ്യുന്നത്.
സ്വയം വെളിപ്പെടുത്തിയ ദൈവത്തിനുള്ള മറുപടിയാണ് വിശ്വാസം. പഴയനിയമത്തിലും പുതിയ നിയമത്തിലും പ്രത്യേകമായി പുത്രൻ തമ്പുരാനിലും പൂർത്തിയാക്കപ്പെട്ട വെളിപാടാണ് നമ്മുടെ വിശ്വാസത്തിനാധാരം. പൗരസ്ത്യസഭകളുടെ കാഴ്ചപ്പാടിൽ വിശ്വാസത്തിന്റെ ആഘോഷമായ ആരാധനയിൽനിന്നു തന്നെയാണ് ദൈവശാസ്ത്രം രൂപപ്പെടേണ്ടത്.
അതുകൊണ്ടുതന്നെ ഓരോ സഭയുടെയും ദൈവശാസ്ത്രകാഴ്ചപ്പാടുകളിൽ ചെറിയ വ്യത്യാസങ്ങൾ പ്രകടമാണ്.
പൗരസ്ത്യദൈവശാസ്ത്രത്തിന്റെ പ്രത്യേകത ആരാധനയിൽ നിന്നാണ് ദൈവശാസ്ത്രം രൂപപ്പെടുത്തേണ്ടത് എന്ന ബോധ്യമാണ്. ഇതാണ് സഭാപിതാക്കന്മാർ പ്രാർത്ഥനയുടെ നിയമമാണ് വിശ്വാസത്തിന്റെ നിയമമെന്ന് പറഞ്ഞതിനടിസ്ഥാനം (lex orandi lex credendi)
ആധ്യാത്മികത: സഭകളുടെ വ്യതിരിക്തതയ്ക്കു അടിസ്ഥാനമാകുന്ന മൂന്നാമത്തെ ഘടകം ആധ്യാത്മികതയാണ്. പ്രാർത്ഥനയും പ്രവർത്തനവും ഒരുമിച്ചു പോകുമ്പോഴാണ് പ്രാർത്ഥന ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നത്. ആരാധനതന്നെയാണ് ആധ്യാത്മികതയുടെ അടിസ്ഥാനം. ആരാധനയും ആധ്യാത്മികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൗരസ്ത്യആധ്യാത്മികതയുടെ ഈ സവിശേഷതയെക്കുറിച്ചും വി. ജോൺ പോൾ രണ്ടാമൻ പാപ്പാ പറയുന്നത് ശ്രദ്ധേയമാണ്: “യഥാർത്ഥത്തിൽ പൗരസ്ത്യസഭകളിൽ ആരാധനക്രമപരമായ പ്രാർത്ഥനയും ആധ്യാത്മിക പാരമ്പര്യവും തമ്മിൽ സഹജമായൊരു ബന്ധമുണ്ട്” (കിഴക്കിന്റെ വെളിച്ചം 27). ആരാധനതന്നെ വിശ്വാസിസമൂഹത്തിന്റെ
ജീവിതശൈലി രൂപപ്പെടുത്തപ്പെടുന്ന വേദിയും ക്രിസ്തീയജീവിതത്തിന്റെ രൂപീകരണ അടിസ്ഥാനവുമാണെന്ന് പാപ്പാ എടുത്തുപറയുന്നു.
“പ്രഘോഷണങ്ങളും ആരാധനകളും വിശ്വാസികളുടെ ഇടയിൽ കൂട്ടായ്മയും സാഹോദര്യവും വെളിവാക്കപ്പെടുന്ന അംഗമായ പരിശുദ്ധ ആരാധനക്രമം ക്രിസ്തീയ ജീവിതത്തിന്റെ ശരിയായ രൂപീകരണവേദിയും അതിന്റെ വിവിധ തലങ്ങളുടെ ഏറ്റം പൂർണ്ണമായ സമന്വയവുമാണ്” (ലിറ്റർജിയും പൗരസ്ത്യ കാനൻ സംഹിതയും 14).
ഈ ഒരു പശ്ചാത്തലത്തിലാണ് ആരാധനാധിഷ്ഠിത ആധ്യാത്മികതയും ഭക്താനുഷ്ഠാനങ്ങളും നമ്മുടെ പരിചിന്തനത്തിനു വിഷയീഭവിക്കുന്നത്. രൂപതാദ്ധ്യക്ഷന്റെ അംഗീകാരത്തോടെ അനുഷ്ഠിക്കപ്പെടുന്ന ഭക്താഭ്യാസങ്ങൾ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടണം എന്നതുതന്നെയാണ് സഭയുടെ പ്രബോധനം (ആരാധനാക്രമം 13). എന്നാൽ ഭക്താനുഷ്ഠാനങ്ങളെ പ്രോത്സാ ഹിപ്പിക്കുമ്പോഴും സഭ നല്കുന്ന നിർദ്ദേശം ശ്രദ്ധേയമാണ്: “അവയ്ക്ക് (ഭക്താനുഷ്ഠാനങ്ങൾക്ക്) ആണ്ടുവട്ടത്തിലെ വിവിധ ആരാധനാവത്സരങ്ങളോട് പൊരുത്തമുണ്ടായിരിക്കണം. ആരാധനക്രമത്തിനനുസൃതവുമാകണം. അവ ആരാധനക്രമത്തിൽ നിന്നുതന്നെ ഒരുവിധത്തിൽ മുളയെടുക്കുന്നതും ജനങ്ങളെ അതിലേക്കടുപ്പിക്കുന്നവയുമാകണം. ആരാധനക്രമം, പ്രകൃത്യാതന്നെ അവയെയെല്ലാം അതിശയിക്കുന്ന ഒന്നാണ്” (ആരാധനക്രമം 13).
ഭക്താനുഷ്ഠാനങ്ങൾക്ക് നമ്മുടെ ആധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് സീറോ മലബാർ സഭയുടെ സിനഡു പറയുന്ന കാര്യംതന്നെ സവിശേഷശ്രദ്ധ അർഹിക്കുന്നു:
“ഭക്താനുഷ്ഠാനങ്ങൾ പൊതുവേ ആരാധനക്രമത്തിനുള്ള ഒരുക്കമായും ആരാധനക്രമജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമായും ആരാധനക്രമത്തെ സാഹചര്യങ്ങൾക്കു യോജിച്ചവിധം പരിപുഷ്ടിപ്പെടുത്തുന്ന മാർഗങ്ങളായുംവേണം കാണാനും അനുഷ്ഠിക്കാനും. ഭക്താനുഷ്ഠാനങ്ങൾ വൈകാരികതലത്തെ ഏറെ സ്പർശിക്കുന്നതാകയാൽ ആരാധനക്രമജീവിതം വൈകാരികമായി കൂടുതൽ ആസ്വാദ്യകരവും വ്യക്തിപരവുമാക്കാനും അതിന്റെ ചൈതന്യം പ്രായോഗികമാക്കാനും സഹായിക്കുന്നു” (സീറോമലബാർസഭയുടെ ആരാധനക്രമ വിശ്വാസപരിശീലനം 231).
അവസാനമായി ഒരു കാര്യം കൂട്ടിച്ചേർക്കുവാനുള്ളത് ആരാധനക്രമ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ പൗരസ്ത്യസഭകൾക്കു റോമിൽനിന്നു നല്കിയിരിക്കുന്ന നിർദ്ദേശമാണ്: “നിങ്ങളുടെ പാരമ്പര്യത്തിൽ, ആരാധനാപരവും അതിനു സമാന്തരവുമായ വൈദേശികമായ പാരമ്പര്യങ്ങളുടെ വിവിധ സ്വാധീനങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞിട്ടുള്ള ബാഹ്യരൂപങ്ങളേയും വളർച്ചകളേയും ചെത്തിയൊരുക്കണമെങ്കിൽ പ്രചാരം സിദ്ധിച്ച ചില പതിവുകൾ നിങ്ങൾ തിരുത്തേണ്ടതായി വരും” (ലിറ്റർജിയും പൗരസ്ത്യകാനൻ സംഹിതയും 31). സീറോ മലബാർ സഭയിൽ തന്നെ ആരാധനക്രമ നവീകരണ രംഗത്തു നിലനിൽക്കുന്ന ചില ആശയ-അഭിപ്രായവ്യത്യാസങ്ങളെ സഭയുടെ ഈ പ്രബോധനത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കുന്നത് കൂടുതൽ ഫലമുളവാക്കാൻ സഹായിക്കും.
ശിക്ഷണക്രമം: സ്വയാധികാര സഭകളുടെ തനിമയുടെ ഭാഗവും എന്നാൽ വിവിധ സഭകളുടെ വ്യതിരിക്തതയ്ക്കു അടിസ്ഥാനവുമായ നാലാമത്തെ ഘടകം ശിക്ഷണക്രമമാണ് (Discipline). മുൻകാലങ്ങളിൽ പാശ്ചാത്യ-പൗരസ്ത്യസഭകൾക്കു പൊതുവായ ശിക്ഷണക്രമമാണ് ഉണ്ടായിരുന്നത്. എന്നാൽ 1992-ൽ പൗരസ്ത്യസഭകൾക്കായി പ്രത്യേക ശിക്ഷണക്രമം (കാനൻനിയമസംഹിത) നിലവിൽ വന്നു. അതുതന്നെ പൗരസ്ത്യസഭകൾക്കു പൊതുവാണ്. ഓരോ സ്വയാധികാരസഭയും ഈ പൊതു നിയമസംഹിതയുടെ വെളിച്ചത്തിലും തങ്ങളുടെതായ സാമൂഹിക-സാംസ്‌കാരിക-സഭാത്മക പാരമ്പര്യത്തിന്റെ വെളിച്ചത്തിലും
ഓരോ സഭയേയും പ്രത്യേകമായി ബാധിക്കുന്ന നിയമസംഹിത (Particular Laws) രൂപപ്പെടുത്തുന്നു. സീറോമലബാർ സഭയുടെ പ്രത്യേക നിയമസംഹിത 2013-ൽ നിലവിൽ വന്നു. ഇതിന്റെ ക്രോഡീകരണത്തിൽ ഓരോ സഭയുടെയും തനതായ പാരമ്പര്യങ്ങൾ, ഭരണസംവിധാനങ്ങൾ / ശൈലി എന്നിവ സവിശേഷശ്രദ്ധ അർഹിക്കുന്നു. മാർത്തോമ്മാ നസ്രാണിപാരമ്പര്യത്തിൽ പരമ്പരാഗതമായി നിലനിന്നു പോരുന്ന ഇടവക പൊതുയോഗങ്ങൾ ഇതിന് ഉദാഹരണമാണ്.
ഈ നാലു ഘടകങ്ങളെക്കുറിച്ച് സഭയുടെ പൊതുവായ പ്രബോധനം ഇപ്രകാരമാണ്: “ദൈവപരിപാലനത്താൽ പല സ്ഥലങ്ങളിലായി ശ്ലീഹന്മാരാലും അവരുടെ പിൻഗാമികളാലും സ്ഥാപിതമായ വിവിധ സഭകൾ വിവിധ കൂട്ടായ്മകളായിത്തീർന്നു. വിശ്വാസത്തിന്റെ ഏകത്വവും സാർവ്വത്രിക സഭയുടെ അനന്യമായ ദൈവിക ഘടന വിശേഷവും സംരക്ഷിച്ചുകൊണ്ടുതന്നെ, ഓരോ സഭയും സ്വന്തമായ ശിക്ഷണക്രമവും
ആരാധനാരീതിയും ദൈവശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെയും പൈതൃകസമ്പത്തും ആസ്വദിക്കുന്നു” (തിരുസഭ 23).
സഭയുടെ ആരാധനയും മെത്രാനടുത്ത ശുശ്രൂഷയും ദൈവം മനുഷ്യനുവേണ്ടി തയ്യാറാക്കിയ രക്ഷാപദ്ധതിയുടെ കൗദാശികമായ ആവിഷ്‌ക്കാരമാണ് ആരാധനക്രമം. ഇതു സഭയുടെ ആത്മാവിലും സത്യത്തിലുമുള്ള പരസ്യമായ ആരാധനയാണ്. ഒരു സ്വയാധികാര സഭയുടെ പ്രാദേശിക ഘടകമായ രൂപതയിൽ സഭയുടെ ആരാധനയുടെ ചുമതലക്കാരനും നിയന്താവും രൂപതാ മെത്രാനാണ്. പൗരസ്ത്യ കാനൻ നിയമം ഇതിന് വ്യക്തമായ നിർദ്ദേശം നല്കുന്നുണ്ട്. എപ്പാർക്കിയുടെ (രൂപത) ആരാധനാജീവിതത്തിന്റെ മുഴുവൻ നിയന്താവും ഉത്തേജകനും സംരക്ഷകനും എന്ന നിലയിലുള്ള രൂപതാ മെത്രാന്റെ ധർമ്മത്തെ (1991) സഭ ഓർമ്മപ്പെടുത്തുന്നു. തന്റെ സ്വന്തം സ്വയാധികാരസഭയുടെ നിയമാനുസൃത കീഴ്‌വഴക്കങ്ങളും അനുശാസനങ്ങളുമനുസരിച്ച് ആരാധനാജീവിതത്തെ ക്രമീകരി
ക്കുകയും മാതൃസഭയുടെ പ്രത്യേക പൈതൃകത്തെ കണക്കിലെടുത്ത് കഴിയുന്നത്ര പരിപോഷിപ്പിക്കുകയും ചെയ്യാൻ ജാഗ്രതയോടെ പ്രവർത്തിക്കുവാനുള്ള കടമ മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്നു (199:1; ലിറ്റർജിയും പൗരസ്ത്യ കാനൻ സംഹിതയും 23).
വിശ്വാസത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കുന്നതിനും ആഘോഷിക്കുന്ന വിശ്വാസം സംരക്ഷിക്കുന്നതിലും വിശ്വാസാനുഭവം നിർണ്ണായകമാണ്. അതുകൊണ്ട് ജനം ഇടയന്റെ നിർദ്ദേശങ്ങളോട് വിശ്വസ്തത പുലർത്തുകയും അവ ആഴത്തിൽ ഗ്രഹിച്ച് ഇടയൻ ഏൽപ്പിച്ച ദൗത്യം സാക്ഷാത്ക്കരിക്കുന്നതിന് അദ്ധ്വാനിക്കുകയും വേണമെന്ന് സഭ ഓർമ്മപ്പെടുത്തുന്നു (ലിറ്റർജിയും പൗരസ്ത്യ കാനൻ സംഹിതയും 23)
മെത്രാന്റെ പവിത്രീകരണ ദൗത്യത്തെക്കുറിച്ചു ഓർമ്മപ്പെടുത്തിക്കൊണ്ട് സഭ ഇപ്രകാരം പഠിപ്പിക്കുന്നു: ”നിയമാനുസൃതമായ ഓരോ കുർബാന അർപ്പണവും മെത്രാനാണ് നിയന്ത്രിക്കേണ്ടത്. ദൈവമഹത്ത്വത്തിനുള്ള ക്രൈസ്തവാരാധനയുടെ ഔദ്യോഗിക ചുമതല മെത്രാനാണ്. ആരാധനാകർമ്മങ്ങളിൽ, പ്രത്യേകിച്ച്, പരിശുദ്ധ കുർബാന അർപ്പണത്തിൽ, വിശ്വാസത്തോടും ബഹുമാനത്തോടുകൂടെ, സ്വന്തം ഭാഗങ്ങൾ നിർവ്വഹിക്കുവാൻ സ്വന്തം ജനങ്ങളെ ഉത്സാഹപൂർവ്വം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതും മെത്രാനാണ്” (തിരുസഭ 26).
തിരുപ്പട്ട കൂദാശയുടെ പൂർണ്ണതയാൽ മുദ്രിതനായ മെത്രാനാണ് ഉന്നതമായ പൗരോ
ഹിത്യത്തിന്റെ കാര്യസ്ഥൻ. പ്രത്യേകിച്ചും അദ്ദേഹം അർപ്പിക്കുന്നതോ അർപ്പിക്കാനിടയാകുന്നതോ ആയ പരിശുദ്ധ കുർബാനയിൽ ഇതുവഴിയാണ് സഭ നിരന്തരം ജീവിക്കുന്നതും വളരുന്നതും (തിരുസഭ 26).
തന്റെ സംരക്ഷണത്തിനു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസി സമൂഹത്തിന്റെ ആത്മീയജീവിതത്തിന്റെ പരിപോഷണമാണ് മെത്രാന്മാർ നടത്തുന്നത്. കാരണം, മെത്രാന്മാരാണ് ദൈവരഹസ്യങ്ങളുടെ കാര്യസ്ഥർ, തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന സഭയിലെ ആരാധനക്രമ ജീവിതത്തിന്റെ നിയന്താക്കളും പരിപോഷകരും കാവല്ക്കാരും (മെത്രാന്മാർ 15).