ഇതുവരെ സാമുദായിക സംവരണം ലഭിക്കാതിരുന്ന സുറിയാനി ക്രിസ്ത്യാനികൾ
ഉൾപ്പെടെയുള്ള സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും ഭരണ
ഘടനാപരമായി അനുവദിച്ചിരിക്കുന്ന 10% സംവരണമാണ് സാമ്പത്തിക സംവരണം. ഇത് ഇഡബ്ലിയു എസ് റിസർവഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
കേരള സർക്കാർ മാനദണ്ഡങ്ങൾ
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു കുടുംബത്തിലെ എല്ലാ
അംഗങ്ങൾക്കും കൂടി ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ അധിക
മാകരുത്, ആകെ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിൽ കൂടരുത് എന്നീ മാനദണ്ഡങ്ങളാണുള്ളത്. മുൻസിപ്പാലിറ്റികളിൽ 75 സെന്റ്, കോർപ്പറേഷനുകളിൽ 50 സെന്റ് എന്നതാണ് ഉയർന്ന ഭൂപരിധി. എന്നാൽ ഇവിടങ്ങളിൽ ഹൗസ് പ്ലോട്ട്, കൃഷിഭൂമി എന്ന വേർതിരിവ് ഉണ്ട്. ഇതുപ്രകാരം മുനിസിപ്പാലിറ്റികളിൽ 20 സെന്റും കോർപ്പറേഷനുകളിൽ 15 സെന്റും മാത്രമേ ഹൗസ്‌പ്ലോട്ട് (പലതുണ്ടെങ്കിൽ എല്ലാം കൂടി) പാടുള്ളൂ. എന്നാൽ ഈ തരംതിരിവ് പഞ്ചായത്തുകളിൽ ഇല്ല. ഇത്രയും മാത്രമാണ് സംസ്ഥാന മാനദണ്ഡങ്ങൾ.
കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ
കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ഒരു കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപ, ഭൂസ്വത്ത് 5 ഏക്കർ, ആകെ വീടിന്റെ വിസ്തീർണ്ണം 1000 സ്‌ക്വയർ ഫീറ്റ്, വീട് ഇരിക്കുന്ന സ്ഥലം അതായത് ഹൗസ് പ്ലോട്ട് നാല് സെന്റ് എന്നീ പരിധികൾ നിഷ്കർഷിച്ചിരിക്കുന്നു.
തെറ്റിദ്ധരിപ്പിക്കലുകൾ
സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരം വീടിന്റെ വിസ്തീർണ്ണം, പഞ്ചായത്തുകളിൽ
ഹൗസ്‌പ്ലോട്ടിന്റെ വിസ്തീർണ്ണം എന്നിവയുടെ മാനദണ്ഡങ്ങൾ പൂർണ്ണമായും എടുത്തു
കളഞ്ഞിട്ടുണ്ട്. പക്ഷേ വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ ഇവയൊക്കെ നിലവിലുണ്ട് എന്നു പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നുണ്ട്. ഇവർക്കെതിരെ നിയമ പ്രകാരം കളക്ടർക്ക് പരാതി കൊടുക്കാവുന്നതാണ്. വീഡിയോ പോലെയുള്ള തെളിവുകൾ ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്.
കുടുംബത്തിന്റെ നിർവചനം
കുടുംബം എന്നതിന്റെ നിർവചനം കേന്ദ്രത്തിലും സംസ്ഥാനത്തിലും വ്യത്യസ്തമാണ്. കേന്ദ്ര മാനദണ്ഡപ്രകാരം കുടുംബം എന്നത് ഒരു വ്യക്തിയും അയാളുടെ മാതാ പിതാക്കളും ജീവിത പങ്കാളിയും പ്രായപൂർത്തിയാകാത്ത മക്കളും പ്രായപൂർത്തി യാകാത്ത സഹോദരങ്ങളും മാത്രം അടങ്ങുന്നതാണ്. എന്നാൽ സംസ്ഥാന മാനദണ്ഡ പ്രകാരം ഇവർക്ക് പുറമെ കുടുംബത്തെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവരും (ഉദാ. മാതാപിതാക്കളുടെ മാതാപിതാക്കൾ തുടങ്ങിയവർ) ഉൾപ്പെടുന്നു. ഇവരുടെയെല്ലാം ആകെ വരുമാനവും ആകെ ഭൂസ്വത്തുമാണ് കണക്കാക്കുന്നത്.
പ്രയോജനങ്ങൾ
കേരള സംസ്ഥാന മാനദണ്ഡപ്രകാരമുള്ള EWS സർട്ടിഫിക്കറ്റ് ഉള്ളവർക്ക് കേരള
മെഡിക്കൽ എൻജിനീയറിംഗ് പ്രവേശനം, SET, KTET പോലെയുള്ള യോഗ്യതാ പരീക്ഷകൾ, ഗവണ്മെന്റ് നേഴ്‌സിംഗ്, പാരാമെഡിക്കൽ, പോളിടെക്‌നിക് ഹയർസക്കെൻഡറി, ഡഏ, ജഏ അഡ്മിഷൻ തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗങ്ങളിലും PSC മുഖേനയുള്ള സർക്കാർ നിയമനങ്ങളിലും 10% സംവരണം നേടുന്നതിന് ഉപകരിക്കും. ഓരോ വിജ്ഞാപനവും ഇറങ്ങുന്നതോടൊപ്പം ഇ ഡബ്ലിയു എസിനുള്ള ക്രമീകരണവും ഉണ്ടായിരിക്കും. വില്ലേജ് ഓഫീസറുടെ പക്കൽ നിന്നാണ് സംസ്ഥാന മാനദണ്ഡപ്രകാരം ഉള്ള സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടത്.
കേന്ദ്ര മാനദണ്ഡപ്രകാരം മറ്റൊരു ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് ലഭ്യമാണ്. ഇതു ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെ ശുപാർശയോടു കൂടി തഹസിൽദാർക്കാണ് അപേക്ഷ കൊടുക്കേണ്ടത്. മാനദണ്ഡങ്ങൾ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് കേന്ദ്ര സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും NEET, NET, C TET തുടങ്ങിയ യോഗ്യതാ പരീക്ഷകൾക്കും UPSC, SSC, RRB, ബാങ്കിംഗ് പൊതുമേഖല തുടങ്ങിയ കേന്ദ്രസർക്കാരിന്റെ അനേകം തൊഴിലവസരങ്ങ ളിലേക്കുള്ള സെലക്ഷനും ഉപകരിക്കും.
സഭയുടെ ഇടപെടലുകളും സർക്കാർ നടപടികളും
സംസ്ഥാനത്ത് ഈ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചില അനിശ്ചി തത്വങ്ങൾ രൂപപ്പെട്ടിരുന്നു. ഈ സംവിധാനത്തെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി സംശയങ്ങൾ ഉരുത്തിരിഞ്ഞതിനെ തുടർന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കത്തുമായി സഭാ പ്രതിനിധികൾ ബഹു. റവന്യൂ മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരനെ സന്ദർശിച്ച് പരാതി ഉന്നയിച്ചു. ഇതേത്തുടർന്ന് സർക്കാർ ഉത്തരവിൽ പറയുന്ന പ്രകാരമുള്ള അപേക്ഷയുടെ ഫോം ഏതാനും മണിക്കൂറുകൾക്കകം തന്നെ പ്രസിദ്ധീകരിച്ചു. അപേക്ഷ നൽകാനും സർട്ടിഫിക്കറ്റ് സ്വീകരിക്കാനും ഓൺലൈൻ സംവിധാനം ക്രമീകരിക്കപ്പെടുന്നതു വരെ ഓഫ് ലൈനായി (നേരിട്ട്) അപേക്ഷ നൽകാനും സർട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ക്രമീകരണവും ഏർപ്പെടുത്തപ്പെട്ടു. വില്ലേജ് അധികൃതരുടെ നടപടികളിൽ പരാതികളുണ്ടെങ്കിൽ കളക്ടർക്കോ റവന്യൂ മന്ത്രിയുടെ ഓഫീസിൽ നേരിട്ടോ നൽകാവുന്നതാണ് എന്നു ബഹു. മന്ത്രി അറിയിച്ചു.
സാമ്പത്തിക വർഷം
2020 ഫെബ്രുവരി 12 ലെ സർക്കാർ ഉത്തരവിന്റെ 11 -ാം നമ്പർ പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിനു തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തിൽ പ്രസ്തുത മാനദണ്ഡങ്ങൾക്കുള്ളിൽ സ്വത്ത് വരുമാനങ്ങൾ ഉള്ള വ്യക്തിയാണ് എന്നാണ് ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റിൽ സാക്ഷ്യപ്പെടുത്തേണ്ടത്. അതായത് 2020 മാർച്ച് 31 നു മുമ്പ് സർട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു വ്യക്തിക്ക് 2018-19 സാമ്പത്തിക വർഷമാണ് രേഖപ്പെടുത്തേണ്ടത്. 2020 മാർച്ച് 31 നു ശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് 2019-20 സാമ്പത്തിക വർഷവും രേഖപ്പെടുത്തണം.
ആവശ്യമായ രേഖകൾ
റേഷൻ കാർഡ്, സമുദായം തെളിയിക്കുന്ന രേഖ ( SSLC ബുക് തുടങ്ങിയവ), ആധാർ കാർഡ് തുടങ്ങിയവയുടെ കോപ്പി, കരം അടച്ച രസീത്.
സാങ്കേതിക സഹായം
കൂടുതൽ വിവരങ്ങളും പുതിയ അപേക്ഷ ഫോം, സർട്ടിഫിക്കറ്റിനുള്ള ഫോർമാറ്റ്, ഇതു സംബന്ധിച്ച ഗവൺമെൻറ് ഓർഡറുകൾ, തുടങ്ങിയവ ആവശ്യമുള്ളവർക്ക് ചങ്ങനാശ്ശേരി അതിരൂപത കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന CARP ന്റെ ഓഫീസുമായി 6238214912 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.