വെളിപാടുപുസ്തകം: ആമുഖവിചിന്തനങ്ങൾ രണ്ടാം ഭാഗം

വെളിപാടു പുസ്തകത്തിന്റെ പ്രത്യേക പശ്ചാത്തലം റോമൻ മതപീഡനമാണ്. റോമൻ ചക്രവർത്തിമാർ തങ്ങളുടെ സാമ്രാജ്യത്തിലെ ജനതകളിൽനിന്നും ദൈവതുല്യമായ ആരാധന ആവശ്യപ്പെട്ടു. പക്ഷേ, ക്രിസ്ത്യാനികൾക്ക് ”ഈശോ മാത്രമാണ് കർത്താവ്” (വെളി 2,13; 1 കൊറി 12,3). അതുകൊണ്ട് ചക്രവർത്തിയെ ആരാധി ക്കുന്നതിന് അവർ വിസമ്മതിച്ചു. ഇത് സാമ്രാജ്യവ്യാപകമായ മതപീഡനത്തിനു കാരണമായി. അനേകം ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്നു. വെളിപാടു പുസ്തകത്തിൽ തുടർച്ചയായി കാണുന്ന ഒരു ആകുലതയാണ് രക്തസാക്ഷികളുടെ ഭാഗധേയം – രക്തസാക്ഷിത്വം വരിക്കുവാൻ ക്രൈസ്തവർ പ്രോത്സാഹിപ്പിക്കപ്പെടുന്നു (6,9-11). രക്തസാക്ഷികൾ സ്വർഗ്ഗീ യതിരുനാൾ ആഘോഷിക്കുന്നു (7,9-17). സാത്താന് അവരുടെമേൽ ആധിപത്യ മൊന്നുമില്ല (12,7-11). അവർ കുഞ്ഞാടിന്റെ സ്‌നേഹിതരാണ് (14,1-5).
ആദിമക്രൈസ്തവർ റോമൻ മതപീഡനത്തിനു വിധേയരായപ്പോൾ അവരെ തങ്ങളുടെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും അവർക്ക് ആശ്വാസം പകരുന്നതിനുമാണ് വെളിപാടുപുസ്തകം രചിക്കപ്പെട്ടത്. അന്ന് യഹൂദരുടെയിടയിൽ പ്രചാരത്തിലിരുന്ന അപ്പോക്കലിപ്റ്റിക്ക് ഭാഷയും അതിന്റെ ശൈലികളും പ്രതിരൂപങ്ങളുമൊക്കെ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ ഗ്രന്ഥരചന. സന്തോഷത്തിന്റെയും സമാധാ നത്തിന്റെയും അനുഗൃഹീതസന്ദേശമാണ് മിശിഹായുടെ സന്ദേശം. ജീവിതത്തിൽ സന്തോഷവും സമാധാനവും കാംക്ഷിച്ച് സ്വീകരിച്ച ക്രൈസ്തവവിശ്വാസം മതപീഡനത്തിനും സഹനത്തിനും ഇടയാക്കിയപ്പോൾ, ക്രിസ്ത്യാനികൾക്ക് അതു സംഭ്രമത്തിനും വിസ്മയത്തിനും കാരണമായി. ഈ സാഹചര്യത്തിൽ അവർക്കു ധൈര്യം പകർന്നുകൊടുത്ത്, വിശ്വാസത്തിൽ സ്ഥിരതയോടെ നില്ക്കുവാൻ അവരെ സഹായിക്കേണ്ടത് അവശ്യമായി വന്നു. ഇപ്പോഴത്തെ സഹനങ്ങൾ താല്ക്കാലിക മാണെന്നും സ്ഥിരതയോടു കൂടി വിശ്വാസത്തിൽ നിലകൊണ്ട് അവയെ അതിജീവിച്ചാൽ മിശിഹായോടുകൂടെ മഹത്ത്വത്തിൽ എത്തിച്ചേരാമെന്നുള്ള പ്രതീക്ഷയാണ് ഈ പുസ്തകത്തിലൂടെ ക്രൈസ്തവർക്കു നല്കപ്പെട്ടത്. ചുരുക്കത്തിൽ വെളിപാടുപുസ്തകം വി. യോഹന്നാന്റെ സുവിശേഷം 16-ാം അദ്ധ്യായം 33-ാം വാക്യത്തിന്റെ ഒരു വ്യാഖ്യാനമാണെന്നു പറയാം: ”ലോകത്തിൽ നിങ്ങൾക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിൻ. ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു.
അന്ന് റോമൻ സാമ്രാജ്യത്തിനെതിരായി എഴുതപ്പെട്ട പുസ്തകമായതുകൊണ്ടും കത്തോലിക്കാസഭയുടെ ആസ്ഥാനം റോമാ ആയതുകൊണ്ടും, വെളിപാടു പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇന്ന് അന്തർദ്ദേശീയ വ്യാപ്തിയുള്ള കത്തോലിക്കാസഭയ്‌ക്കെതിരായി പ്രയോഗിക്കുവാൻ തല്പര കക്ഷികൾക്ക് എളുപ്പമുണ്ട്. കത്തോലിക്കാസഭാ വിരുദ്ധഗ്രൂപ്പുകൾ അങ്ങനെ ചെയ്യുന്നുണ്ടുതാനും. ഈ പശ്ചാത്തല മറിഞ്ഞുകൂടാത്തവർ അത് സത്യമാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്യും. അതുകൊണ്ട് അന്നത്തെ ഏഷ്യാ മൈനറിലെ സഭകളുടെയും റോമിലെ സഹന
സഭയുടെയും പശ്ചാത്തലം കണക്കിലെടുത്തു കൊണ്ടായിരിക്കണം നാം വെളിപാടുപുസ്തകം വ്യാഖ്യാനിക്കേണ്ടത്.
അന്ന് റോമൻ സാമ്രാജ്യത്തിലെ സഹനസഭയ്ക്ക് എഴുതപ്പെട്ട പുസ്തകമാണെങ്കിലും, വെളിപാടു പുസ്തകം ഇന്ന് എല്ലാ സഭകൾക്കും ഒരു സാർവ്വത്രിക സന്ദേശം നല്കുന്നുണ്ട്. അതു മറ്റൊന്നുമല്ല – പ്രതീക്ഷയുടെ, ആശ്വാസത്തിന്റെ സന്ദേശമാണത്. കാരണം, സഭ എക്കാലവും ഈ ലോകത്തിൽ സഹനസഭ തന്നെയാണ്. മിശിഹായുടെ സ്‌നേഹത്തിൽ ആത്മാർത്ഥമായി ജീവിക്കുന്നവർക്ക് എന്നും തിന്മകളുടെ ശക്തി കളിൽനിന്ന് സഹിക്കേണ്ടതായി വരും (യോഹ 15,18). അതുകൊണ്ട് ആശ്വാ സത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശം എക്കാലവും സഭയ്ക്ക് ആവശ്യമുണ്ട്. ഈ സാർവത്രികസന്ദേശം നല്കുന്നതിനുള്ള ആധികാരികത വെളിപാടുപുസ്തകത്തിനുണ്ട് എന്നതിന്റെ സൂചന ഈ പുസ്തകത്തിൽത്തന്നെയുണ്ട്. ഉപസംഹാരത്തിൽ പറയുന്നു: ”ഈ പുസ്തകത്തിലെ വചനങ്ങളോട് ആരെങ്കിലും എന്തെങ്കിലും കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന മഹാമാരികൾ ദൈവം അവന്റെമേൽ അയയ്ക്കും. ഈ പുസ്തകത്തിലെ പ്രവചനങ്ങളിൽനിന്ന് ആരെങ്കിലും എന്തെങ്കിലും എടുത്തുകളഞ്ഞാൽ… ജീവന്റെ പുസ്തകത്തിലുള്ള അവന്റെ പങ്ക് ദൈവം എടുത്തുകളയും”(22,18-19). ഈ വാക്കുകൾ നിയമാവർത്തനപ്പുസ്തകത്തിന്റെ ആധികാരികതയെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ള വാക്കുകളോട് സദൃശ്യമാണ് (നിയമ 4,2; 13,1). അതുകൊണ്ട്വെളിപാടു പുസ്തകത്തിന്റെ സന്ദേശം സാർവ ത്രികവും സനാതനവുമാണ്.
വെളിപാടുപുസ്തകംതന്നെ ഗ്രന്ഥകർത്താവിനെക്കുറിച്ച് ചില പ്രധാനവിവരങ്ങൾ
നല്കുന്നുണ്ട്. യോഹന്നാൻ എന്നാണ് അദ്ദേഹത്തിന്റെ പേര് (1,1.4.9; 22,8). ഏഷ്യയിലെ തന്റെ ക്രിസ്തീയസഹോദരങ്ങളെപ്പോലെ വിശ്വാസത്തിന്റെ പേരിൽ പീഡനമേല്ക്കുകയും പാത്‌മോസ് ദ്വീപിലേക്കു നാടുകടത്തപ്പെടുകയും ചെയ്യ പ്പെട്ടവനാണ് അദ്ദേഹം. ഏഷ്യയിലെ ഏഴു സഭകൾക്ക് എഴുതുന്ന ലേഖനങ്ങളിൽനിന്ന്, ആ സഭകളുടെമേൽ അധികാരമുള്ള ഒരു വ്യക്തിയായിരുന്നു യോഹന്നാൻ എന്നു ന്യായമായും ഊഹിക്കാം. ഓരോ സഭയുടെയും ചരിത്രവും നേട്ടങ്ങളും കോട്ടങ്ങളും അവ നേരിടുന്ന പ്രതിസന്ധികളുംവ്യക്തമായി അദ്ദേഹത്തിന് അറിയാം.
ആരാണ് ഈ യോഹന്നാൻ എന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാരുടെ ഇടയിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. കത്തോലിക്കരിൽ അധിക പങ്കും ഈശോയുടെ
പ്രേഷ്ഠശിഷ്യനും യാക്കോബിന്റെ സഹോദരനുമായ ശ്ലീഹായാണ് വെളിപാടു ഗ്രന്ഥത്തിന്റെ കർത്താവായ യോഹന്നാൻ എന്നു കരുതുന്നു. നാലാം സുവിശേഷവും യോഹന്നാന്റെ മൂന്നു ലേഖനങ്ങളും വെളിപാടുഗ്രന്ഥവും ഈ ഒരേ വ്യക്തിയുടെ രചനയായും കരുതപ്പെടുന്നു. ആദിമസഭാപിതാക്കന്മാരുടെ സാക്ഷ്യവും ഈ നിഗമനത്തെയാണ് പിൻതാങ്ങുന്നത്.
1,1-8 ആമുഖം
1,9-20 മനുഷ്യപുത്രന്റെ ദർശനം
12,1-3,22 ഒന്നാം ഭാഗം: ഏഴു സഭകൾക്ക് മനുഷ്യപുത്രന്റെ സന്ദേശം
4,1-22,5 രണ്ടാം ഭാഗം: ചുരുളഴിയുന്ന രക്ഷാചരിത്രം
1. 4,1-5,14 സ്വർഗ്ഗീയ സദസ്സ്
2. 6,1-8,1 ഏഴു മുദ്രകൾ
3. 8,2-11,19 ഏഴു കാഹളങ്ങൾ
4. 12,1-15,4 സ്ത്രീയും മൃഗവും
5. 15,5-16,21 ഏഴു പാത്രങ്ങൾ
6. 17,1-19,10 ബാബിലോണിന്റെ പതനം
7. 19,11-22,5 സ്വർഗ്ഗീയ ജറുസലേം
22,6-21 ഉപസംഹാരം
ഈ വിഭജനക്രമം സ്വീകരിക്കുമ്പോഴും വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഗാഢമായ ബന്ധം വിസ്മരിച്ചുകൂടാ. ഏഴു സഭകൾക്കുള്ള മനുഷ്യപുത്രന്റെ സന്ദേശം പരിസമാപ്തി
യുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ശിക്ഷാവിധിയെ വിവരിക്കുന്ന മൂന്നു സപ്തഗണങ്ങൾ ഒരേ കാര്യത്തിന്റെതന്നെ മൂന്നുതരത്തിലുള്ള അവതരണമാണ്. സ്ത്രീയും മൃഗവും അതിനു മുമ്പിലും പിമ്പിലും ഉള്ള സപ്തഗണങ്ങളുമായി കോർ ത്തിണക്കിയിട്ടുണ്ട്. തുടർന്നുവരുന്ന ”ബാബിലോണിന്റെ പതനം” ”പാത്രങ്ങളുടെ സപ്തഗണ”ത്തിന്റെ തുടർച്ചയും അതോടൊപ്പം പരിസമാപ്തിയുടെ തുടക്കവുമാണ്. വെളിപാടുപുസ്തകം വലിയൊരു മൊസായിക് ചിത്രം പോലെയാണ്. മുഴുവനായി കാണുമ്പോഴേ ചിത്രം അവതരിപ്പിക്കുന്ന ആശയം ഗ്രഹിക്കാനാവൂ. ഭാഗങ്ങൾ അപഗ്രഥിക്കുമ്പോൾ ഈ സാകല്യത കൺമുമ്പിൽനിന്നു മറയാൻ അനുവദിച്ചുകൂടാ.
1. വെളിപാടു പുസ്തകത്തിന്റെ ചരിത്രപശ്ചാത്തലമെന്ത്?
2. വെളിപാടു പുസ്തകത്തിന്റെ ലക്ഷ്യമെന്ത്?
3. വെളിപാടു പുസ്തകത്തിന്റെ സാർവത്രിക സന്ദേശമെന്ത്?
4. വെളിപാടു പുസ്തകം എപ്രകാരം വിഭജിക്കപ്പെട്ടിരിക്കുന്നു?