വിശ്വാസപരിശീലനം ഇന്ന് എളുപ്പമല്ല

നമ്മുടെ വിശ്വാസം നമുക്ക് ജന്മനാലഭ്യമാകുന്നതല്ല, എന്നാൽ വിശ്വസിക്കുന്നതിനുള്ള കഴിവു നമുക്കെല്ലാവർക്കും ദൈവികദാനമായി ലഭിച്ചതാണ്. ദൈവം വെളിപ്പെ ടുത്തിയ കാര്യങ്ങളാണല്ലോ നമ്മുടെ വിശ്വാസത്തിന്റെ ഉള്ളടക്കം. ഈശോയിലാണ് ഈ വെളിപാടു പൂർണ്ണമാകുന്നത്. ആദിമാതാപിതാക്കളുടെ കാലം മുതൽ നൽകപ്പെട്ട വെളിപാടിന്റെ പൂർണ്ണത ഈശോയിൽ നിന്നാണു നമുക്കു ലഭ്യമാകുന്നത്. ഈശോയെ മനസ്സിലാക്കാനും അങ്ങനെ വിശ്വാസികളാകാനും വെളിപ്പെട്ടു കിട്ടിയ കാര്യങ്ങൾ തലമുറ തോറും കൈമാറാനും നമുക്ക് സാധിക്കണം. നാളത്തെ തലമുറയ്ക്കും ഈ വിശ്വാസം കൈമാറി നൽകുവാനും നാം ബാധ്യസ്ഥരാണ്. ഇങ്ങനെ വിശ്വാസം തല മുറകൾ തോറും കൈമാറിയാണ് നമുക്കിന്ന് അത് ലഭ്യമായിരിക്കുന്നത്. വിശ്വാസം തെറ്റുകൂടാതെയും കുറവുകൂടാതെയും അടുത്ത തലമുറയ്ക്ക് കൈമാറുവാൻ നാം ബാധ്യസ്ഥരാണ്. ഈശോയുടെ ജീവിതത്തിലൂടെ മനുഷ്യവംശത്തിനുള്ള വെളിപാട് പൂർണമായി എന്നു പറയാം. ഈ വെളിപാട് സ്വീകരിച്ചവരാണ് വിശ്വാസികൾ അവരുടെ സുപ്രധാനമായ ചുമതലയാണ് ഈ വിശ്വാസം സമഗ്രമായും പൂർണമായും അടുത്ത തലമുറയ്ക്ക് കൈമാറ്റം ചെയ്യുക എന്നുള്ളത്.
വിശ്വാസ കൈമാറ്റം കുടുംബങ്ങളിലും വിദ്യാലയങ്ങളിലും
വിശ്വാസ കൈമാറ്റത്തിന് ആദ്യ വേദിയാകുന്നത് കുടുംബങ്ങളാണ്. ഒരു മനുഷ്യൻ
ജനിക്കുമ്പോൾ മുതൽ ഒരു കുടുംബത്തിലെ അംഗമാണല്ലോ. കുടുംബമാണ് മനുഷ്യന്റെ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത്. ഇന്ന് വയോധികരായിട്ടുള്ളവരോട് ചോദിച്ചാൽ വീട്ടിലെ വിശ്വാസപരിശീലനമാണ് തങ്ങൾക്ക് ഏറ്റവും വലിയ മുതൽക്കൂട്ടായത് എന്നു പറയാതിരിക്കില്ല. വിശ്വാ സത്തിന്റെ പ്രമാണങ്ങളും വിശ്വാസത്തിനു അനുകൂലമായ മനോഭാവങ്ങളുമെല്ലാം രൂപപ്പെടുത്താൻ അടിസ്ഥാനമായത് കുടുംബങ്ങളിലാണ്.
ഒരുകാലത്ത് ഇന്നത്തേതുപോലെ രൂപതാടിസ്ഥാനത്തിലുള്ള വിശ്വാസപരിശീലന വൃത്തം ഇല്ലായിരുന്നല്ലോ. സൺഡേസ്‌കൂളുകളും അന്ന് അപൂർവ്വമായിരുന്നു. വീട്ടിൽ മാതാപിതാക്കന്മാർ വിശ്വാസകാര്യങ്ങൾ വിശദീകരിച്ചുതരുമായിരുന്നു. വണക്കമാസ
പുസ്തകങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസ പരിശീലനത്തിന് ഏറെ
സഹായകമായിരുന്നു, അതുപോലെ മറ്റു ചെറുഗ്രന്ഥങ്ങളും. അതുകൊണ്ടു തന്നെയാണ് ചെറുപ്പകാലത്ത് എന്നെ ഒരു രക്തസാക്ഷിയാക്കണമെ എന്ന് പ്രാർത്ഥിക്കാൻ ഇടയാക്കിയത്.
കത്തോലിക്കാ വിദ്യാലയങ്ങളിലെ പരിശീലനവും വിശ്വാസ വർദ്ധനവിനു ഉപകരിച്ചു. ഹൈസ്‌കൂൾ ക്ലാസ് മുതൽ നമ്മുടെ ബോർഡിംഗുകളിലും ഹോസ്റ്റലുകളിലും
പഠിക്കാൻ ഇടയായത് വിശ്വാസപരിശീലനത്തിന് ഏറെ സഹായകരമായി. അവിടങ്ങളിൽ മതപഠന ക്ലാസ്സുകൾ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരിയിലെ SB ബോർഡിംഗിൽ പഠിച്ചിരുന്ന കാലത്ത് റക്ടറായിരുന്ന ബഹുമാനപ്പെട്ട ആലഞ്ചേരിൽ ഈപ്പച്ചനച്ചൻ പറയുമായിരുന്നു തന്റെ ബോർഡിംഗിലെ ജീവിതം ഒരു സെമിനാരി ജീവിതത്തിന് ഏറെ സഹായകരമാകുമെന്ന് (ഞാൻ സെമിനാരിയിൽ ചേരുമെന്ന് ഒരുപക്ഷെ അച്ചൻ വിചാരിച്ചു കാണുമായിരിക്കും).
ആധുനികമാധ്യമങ്ങൾ
ഇന്ന് നവമാധ്യമങ്ങൾ എല്ലായിടങ്ങളിലും ഇരച്ചു കയറുകയാണ്. അവ കുടുംബങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇവ നന്മക്കും തിന്മക്കും കളമൊരുക്കാൻ പര്യാപ്തമാണ്. ഈ രംഗത്ത് മേൽക്കൈയുള്ളവർ പലരും വിശ്വാസത്തിൽ നിഷ്ഠയുള്ളവരല്ലല്ലോ. കൊച്ചുകുട്ടികൾ മുതൽ ഇത്തരം വിവിധ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണല്ലോ എല്ലാവരും.
വിശ്വാസത്തിനും സഭാ ശുശ്രൂഷകർക്കും എതിരായി ധാരാളം തെറ്റിദ്ധാരണകൾ പരത്തുവാനാണ് ഇപ്പോൾ പല മാധ്യമങ്ങളും ശ്രമിക്കുന്നത്. ദുഷ്പ്രചരണത്തിൽ നമ്മുടെനാട് ഒരുവിധത്തിൽ കുപ്രസിദ്ധമാണല്ലോ. ഇത്തരം സ്വദീനം സഭയെ കുറിച്ചുള്ള ദൂഷണം പറയാൻ കുട്ടികളെ ഏറെ സമ്മർദ്ദപ്പെടുത്തിയെന്നു വരാം. നവമാധ്യമങ്ങൾ പറഞ്ഞുവെക്കുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കുന്ന കുട്ടികൾക്ക് വഴിതെറ്റി പോകാൻ വളരെ എളുപ്പമാണ്. അതുകൊണ്ട് മാധ്യമങ്ങളെക്കുറിച്ച് വിശദീകരിക്കുവാനും വിലയിരുത്താനുമുള്ള പരിശീലനം നമ്മുടെ കുട്ടികൾക്ക് കുടുംബങ്ങളിൽ തന്നെയുണ്ടാവണം. കുറേ ബുദ്ധിമുട്ടാണെങ്കിലും മാധ്യമങ്ങളെ വിലയിരുത്താൻ കുട്ടികൾക്ക് കഴിവുണ്ടാക്കാൻ മാതാപിതാക്കന്മാർ ശ്രമിക്കണം.
നമ്മുടെ സംഘടനകൾ സജീവമാകണം
ഇന്ന് നമുക്ക് കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമെല്ലാം സംഘടനകളുണ്ട്. ഈ സംഘടനകൾ ആധുനികത ഉയർത്തുന്ന ധാർമിക പ്രശ്നങ്ങൾ മനസ്സിലാക്കി സഭയുടെ പ്രവർത്തനങ്ങൾ കണ്ട് അവയ്ക്കു വേണ്ടി പ്രവർത്തന പദ്ധതികൾ വിഭാവനം ചെയ്യണം. സാമൂഹ്യപ്രശ്‌നങ്ങൾ മനസ്സിലാക്കാനും അവയെ നേരിടാനും ഈ സംഘടനകൾ സജ്ജമാകണം. യുവദീപ്തി പോലെയുള്ള സംഘടനകൾ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി രൂപപ്പെട്ടതാണ്. പക്ഷേ അങ്ങനെയുള്ള സംഘടനകളുടെ ദർശനങ്ങളിൽ ആവശ്യപ്പെടാത്ത കൂടുതൽ പ്രവർത്തനമേഖലകളെ ശ്രദ്ധിക്കേണ്ടതും തിരുത്തേണ്ടതുമാണ്. പ്രശ്നങ്ങളുടെ ഇടയിൽ നാം നിശബ്ദരായിരുന്നാൽ നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലാകും.
വൈദികരുടെ പരിശീലനം
സെമിനാരി പരിശീലനകാലത്തുതന്നെ സമൂഹത്തിലെ വിശ്വാസ നിലവാരം മനസ്സി
ലാക്കാനും കൂടുതലും വിശ്വാസ കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും ഏറെ
ശ്രദ്ധവേണം. വിശ്വാസരംഗത്തെ പ്രതിസന്ധികൾ ശരിയായിവിശകലനം ചെയ്യാനും സഭാമക്കൾക്ക് സമൂഹ്യമായ മറുപടിനൽകാനും പരിചരിക്കേണ്ടതായിട്ടുണ്ട്.
സമൂഹത്തെ നേർവഴിയിൽ നയിക്കാൻ വൈദികർ ഇന്ന് ഏറെ പര്യാപ്തരാകാതെ പറ്റില്ല. വിശ്വാസകാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനും ഫലപ്രദമായി ഇടപെടാ
നുമുള്ള കഴിവ് പരിശീലന കാലഘട്ടത്തിൽ തന്നെ നേടിയെടുക്കണം. സെമിനാരികളിൽ വിശ്വാസം ആഴത്തിൽ മനസ്സിലാക്കാൻ മാത്രമല്ല അത് ഫലപ്രദമായി കൈമാറാനും വൈദിക വിദ്യാർഥികൾക്ക് പ്രയോഗിക പരിശീലനം ലഭ്യമാക്കണം. അവർ സമൂഹത്തിൽ കാണുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുക മാത്രമല്ല തെറ്റുകൾ തിരുത്താനാവുന്ന പരിശീലനം ഉറപ്പാക്കണം.
ചുരുക്കത്തിൽ ഇന്നത്തെ സാഹചര്യങ്ങളിൽ വിശ്വാസം ഫലപ്രദമാവുക എളുപ്പമല്ല. ഇതു മനസ്സിലാക്കി രൂപതാ സംവിധാനങ്ങൾ കൂടുതൽ ശക്തമാകണം. പരിശീ ലനത്തിന് നിയുക്തരായവർ വിശ്വാസം കൂടുതൽ ആഴത്തിൽ മനസ്സിലാക്കി സാഹചര്യങ്ങൾക്കനുസരിച്ച് പരിശീലനം നൽകണം.