മാര്‍ത്തോമ്മാ നസ്രാണി സഭാ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികള്‍ (18,19 നൂറ്റാുകള്‍)

പാശ്ചാത്യ മേധാവിത്വത്തിനും മേല്‍ക്കോയ്മാ മനോഭാവത്തിനും എതിരെ പോരാടുകയും ‘മാര്‍ത്തോമ്മാ മാര്‍ഗ്ഗം’ അഭംഗുരം കാത്തു സൂക്ഷിക്കാന്‍ ധര്‍മ്മ
സമരം നടത്തുകയും ചെയ്ത ഏതാനും സമരനായകന്മാരെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
പാലാക്കുന്നേല്‍ വല്ല്യച്ചന്‍ (മത്തായി മറിയം കത്തനാര്‍)
1831-ല്‍ നെടുങ്കുന്നം ഇടവകയില്‍പ്പെട്ട കൂത്രപ്പള്ളിയിലാണ് ജനനം. 1855 ജൂലൈ 2-ാം തീയതി വൈദികനായി. സഭാസ്‌നേഹവും സമുദായബോധവും ബുദ്ധിശക്തിയും ഒന്നുചേര്‍ന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സുറിയാനിക്കാര്‍ക്ക് സ്വന്തം റീത്തില്‍പ്പെട്ട മെത്രാനെത്തന്നെ വേണമെന്ന് അദ്ദേഹം വാദിച്ചു. 1874-ല്‍ പേര്‍ഷ്യയില്‍നിന്നും മലബാറിലെത്തിയ ഏലിയാസ് മേല്ലൂസിന്റെ വികാരി ജനറാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, 1883-ല്‍ മേല്ലൂസ് കക്ഷിയുമായുള്ള ആ സഖ്യം വെടിഞ്ഞ്, കൂത്രപ്പള്ളി ദൈവാലയം പണിയുകയും 1893 നവംബര്‍
5 മുതല്‍ 1900 ഏപ്രില്‍ 20-ാം തീയതി മരിക്കുന്നതുവരെ അതിന്റെ വികാരിയായി
രിക്കുകയും ചെയ്തു. നാളാഗമം എന്ന അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ സമകാ
ലിക സഭാചരിത്രത്തില്‍ വെളിച്ചം വീശുന്നതാണ്.
മാര്‍ ളൂയിസ് പഴേപറമ്പില്‍
1847 മാര്‍ച്ച് 25-ന് ചങ്ങനാശേരി രൂപതയിലുള്ള പുളിങ്കുന്നില്‍ ഭൂജാതനായി. 1870 ഡിസംബര്‍ 4-ന് കര്‍മ്മലീത്താ സന്ന്യാസ സമൂഹത്തിലെ വൈദികനായി. മാന്നാനത്ത് സെമിനാരി അദ്ധ്യാപകനായിരിക്കുമ്പോഴാണ് വരാപ്പുഴ മെത്രാന്‍ അദ്ദേഹത്തിന് വിലക്കു കല്പിച്ചത്. സുറിയാനി റീത്തില്‍പ്പെട്ട മെത്രാനെ സുറിയാനി സഭയ്ക്കു വേണമെന്നു വാദിച്ചതാണ് കാരണം. സന്ന്യാസ സമൂഹത്തില്‍ നിന്നു ബഹിഷ്‌കൃതനായ ളൂയിസച്ചന്‍, അപ്പസ്തോലിക് വിസിറ്റര്‍ മോണ്‍. ലെയോ മൊയ്‌റീന്‍ വന്നപ്പോള്‍ നടന്ന മാന്നാനം സമ്മേളനത്തില്‍ കര്‍മ്മോത്സുകനായി. ളൂയിസച്ചന്റെ നേതൃത്വത്തിലാണ് സുറിയാനി മെത്രാനെ ലഭിക്കുന്നതിനുള്ള ഹര്‍ജി മൊയ്‌റീന് നല്കിയത്. അതിനുശേഷവും സുറിയാനി റീത്തില്‍പ്പെട്ട് നാട്ടുമെത്രാനെ ലഭിക്കുവാന്‍ അദ്ദേഹം വളരെയേറെ ശ്രമിക്കുകയുണ്ടായി. ഈ ശ്രമത്തില്‍ അദ്ദേഹത്തെ വളരെയാധികം സഹായിച്ചത് നിധീരിക്കല്‍ മാണിക്കത്തനാരാണ്. ളൂയിസച്ചന്റെ പരിശ്രമങ്ങളുടെ പരിണിതഫലം അനുഭവിക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. 1887-ല്‍ സുറിയാനിക്കാര്‍ക്കായി കോട്ടയം, തൃശൂര്‍ എന്നീ വികാരി യാത്തുകള്‍ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ഈ വികാരിയാത്തുകളില്‍ രണ്ട് ലത്തീന്‍ മെത്രന്മാരെയാണ് നിയമിച്ചത്. കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കാ മോണ്‍. ലവീഞ്ഞിന്റെ ആലോചനക്കാരനും സെക്രട്ടറിയുമായി ളൂയിസ് പഴേപറമ്പില്‍ നിയമിതനായി. 1896-ല്‍ ലവീഞ്ഞ് മെത്രാനോടൊത്ത് വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവന്നപ്പോഴേയ്ക്കും അദ്ദേഹത്തെ പുതിയ എറണാകുളം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കയായി നിയമിച്ചുകഴിഞ്ഞിരുന്നു. 1896 ഒക്‌ടോബര്‍ 25-ന് ളൂയിസച്ചന്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ച് അപ്പസ്‌തോലിക് ഡെലഗേറ്റ് മോണ്‍. സലേസ്‌കിയില്‍ നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. നവംബര്‍ 5-ാം തീയതി എറണാകുളം വികാരിയാത്തിന്റെ ഭരണമേറ്റെടുത്തു. സുറിയാനി ക്കാരുടെ അഭ്യുന്നതിക്കുവേണ്ടി പ്രയത്‌നിച്ച മാര്‍ ളൂയിസ് പഴേപറമ്പില്‍ 1919 ഡിസംബര്‍ 9-ാം തീയതി നിര്യാതനായി.
നിധീരിക്കല്‍ മാണിക്കത്തനാര്‍
മാര്‍ത്തോമ്മാ നസ്രാണികളുടെ വിമോചനസമരത്തിലെ മുന്നണി പോരാളികളില്‍ പ്രധാനിയാണ് മാണിക്കത്തനാര്‍. ഭാഷാപണ്ഡിതന്‍, വിനീതനായ സഭാസ്‌നേഹി,
ധീരനായ നേതാവ്, സംഘാടകന്‍, സമുദായ സേവകന്‍ എന്നീ നിലകളില്‍ പ്രാഗല്‍ഭ്യം പ്രകടിപ്പിച്ച ആളായിരുന്നു അദ്ദേഹം. 1842 മെയ് 27-ാം തീയതി കുറവിലങ്ങാട് ജനനം. 1876 ജനുവരി 3-ന് മാന്നാനത്തുവച്ച് വൈദികപട്ടം സ്വീകരിച്ചു. 1873 വരെ കൊടുങ്ങല്ലൂര്‍ ഗോവര്‍ണ്ണദോരുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1874-ല്‍ കേരളത്തിലെത്തിയ ഏലിയാസ് മേല്ലൂസ് എന്ന കല്‍ദായ മെത്രാന്‍ മാണിയച്ചനെ
തന്റെ സഹായമെത്രാനായി നിയമിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും, അദ്ദേഹം
മേല്ലൂസ് ശീശ്മയെ ഉന്മൂലനം ചെയ്യുന്നതിനുള്ള സമരത്തിന്റെ നേതൃത്വം വഹിക്കുകയാണ് ചെയ്തത്.
കേരളീയ സുറിയാനിക്കാരുടെ പരാതികളെപ്പറ്റി അന്വേഷിക്കുവാന്‍ മാര്‍പ്പാപ്പാ അയച്ച അപ്പസ്‌തോലിക് വിസിറ്റര്‍ ലെയോ മൊയ്‌റീന്‍ മാണിയച്ചനെ തന്റെ സെക്രട്ടറിയും ദ്വിഭാഷിയുമായി നിയമിച്ചു. സുറിയാനിക്കാരെ ലത്തീന്‍ ഭരണത്തില്‍ നിന്നും വിടര്‍ത്തി അവര്‍ക്കായി സുറിയാനി മെത്രാനെ നിയമിച്ചുകിട്ടുക എന്നതായിരുന്നു മാണിയച്ചന്റെ പ്രക്ഷോഭണ ലക്ഷ്യം. 1887-ല്‍ ലവീഞ്ഞുമെത്രാന്‍ മാണിയച്ചനെ ആദ്യം തന്റെ ആലോചനക്കാരനും പിന്നീട് കോട്ടയത്തിന്റെ (ചങ്ങനാശേരി) വികാരി ജനറാളായും നിയമിച്ചു. മാണിയച്ചന്റെ പുനരൈക്യ സംരംഭങ്ങളോട് ലവീഞ്ഞ് മെത്രാന്‍ അനുകൂലിച്ചില്ല. 1892-ല്‍ മാണിയച്ചന്‍ വികാരി ജനറാല്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ മാണിയച്ചന്‍ തന്റെ സ്വയംഭരണപ്രക്ഷോഭണം തുടര്‍ന്നുകൊണ്ടിരുന്നു. 1896-ല്‍ തിരുസിംഹാസനം മാര്‍ത്തോമ്മാ നസ്രാണികള്‍ക്കായി മൂന്നു വികാരിയാത്തുകള്‍ സ്ഥാപിച്ചു. അതില്‍ നാട്ടുകാരെത്തന്നെ മെത്രാന്മാരായി നിയമിച്ചു. അങ്ങനെ മാണിയച്ചന്‍ തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. സ്വയംഭരണ ലബ്ദിക്കുവേണ്ടി പ്രക്ഷോഭണം നടത്തിക്കൊണ്ടിരുന്നപ്പോഴും സഭയുടെ പൊതുവായ പുരോഗതിയെ അദ്ദേഹം വിസ്മരിച്ചില്ല. ശീശ്മക്കാരെയും പുത്തന്‍കൂറ്റുകാരെയും ഹിന്ദുക്കളെയും കത്തേലിക്കാ സഭയിലേയ്ക്ക് ആനയിക്കുന്നതിന് അദ്ദേഹം വളരെയേറെ യത്‌നിച്ചിരുന്നു. സത്യനാദകാഹളം, നസ്രാണി ദീപിക, മനോരമ എന്നീ പത്രങ്ങളുടെ ആവിര്‍ഭാ വത്തിനും അദ്ദേഹം പങ്കുവഹുച്ചു. കേരളസഭയുടെ ചരിത്രം സംബന്ധിച്ച് അദ്ദേഹം തയ്യാറാക്കിയ വിവരണങ്ങളാണ് ‘സുറിയാനി ക്രിസ്ത്യാനികളുടെ സത്യവിശ്വാസം’ എന്ന പേരില്‍ പ്രസിദ്ധീകൃതമായത്. 1894-ല്‍ കുറവിലങ്ങാട്ട് അദ്ദേഹം ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. പാലാ സെന്റ് തോമസ് ഇംഗ്ലീഷ് സ്‌കൂളിന്റെ ആവിര്‍ഭാവത്തിനും കാരണക്കാരന്‍ അദ്ദേഹമാണ്. മാര്‍ത്തോമ്മാ നസ്രാണിസഭയുടെ ‘കിരീടം വയ്ക്കാത്ത രാജാവ്’, മഹാനായ ഈ കേരളപുത്രന്‍ 1904 ജൂണ്‍ 20-ന് നിര്യാതനായി.