ഒരു ജാപ്പനീസ് വാക്കായ’ഹിക്കികോമോറി’, അർത്ഥം സാമൂഹീകമായ ഉൾവലിയൽ (social withdrawal). പ്രശ്‌നം ജപ്പാനിലെ യുവജനങ്ങളുടെയിടയിലാണ്. യുവജനങ്ങളെ
സമൂഹത്തിൽ, പൊതു ഇടങ്ങളിൽ കാണാനില്ല എന്നതാണ് കാര്യം. അവിടുത്തെ പുതുതലമുറ അവരുടെ കിടപ്പു മുറിയിലും സ്വകാര്യ ഇടങ്ങളിലും അടച്ചുപൂട്ടി പുറംലോകവുമായി ബന്ധമില്ലാത്ത സാഹചര്യത്തിൽ എത്തി നില്ക്കുന്നു. പകൽ മുഴുവൻ ഉറങ്ങുന്ന അവർ രാത്രിയിൽ ഉണർന്നിരിക്കുന്നു. അവർ ഉണർന്നിരിക്കുന്നത് അവരുടെ സാങ്കല്പിക ലോകമായ (virtual world) നവമാധ്യമങ്ങളിലാണ്. അങ്ങനെ
മറ്റു മനുഷ്യരുമായും പൊതുസമൂഹവുമായും ബന്ധമില്ലാതെ ഒരു പുതുതലമുറ പല രാജ്യങ്ങളിലും വളർന്നുവരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികരംഗത്തുണ്ടായ വളർച്ചയുടെ, പ്രത്യേകിച്ച് മാധ്യമങ്ങളുടെ മേഖലയിലുണ്ടായ അഭൂതപൂർവ്വമായ വളർച്ചയുടെ പരിണിത ഫലമാണ് പുതുതലമുറയിലുണ്ടായ ഈ സാമൂഹികമായ ഉൾവലിയൽ എന്നു കരുതുന്നതിൽ തെറ്റില്ല. ഒരു കാലത്ത് സാംസ്‌കാരിക ഉന്നതിയുടെ ഭാഗമായിരുന്ന മാധ്യമങ്ങൾ കുടുംബങ്ങൾക്ക് ലോകവുമായും വിദൂര ചുറ്റുപാടുകളുമായും ബന്ധമുണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയായിരുന്നു. ബഹുജനമാധ്യമങ്ങളായും സാമൂഹ്യസമ്പർക്ക മാധ്യമങ്ങളായും ഈ മേഖല വളർന്നതോടെ ബന്ധങ്ങൾ real life ൽ നിന്ന് virtual ലോകത്തേയ്ക്കു മാറി. ബന്ധങ്ങളുടെ അകലവും അടുപ്പവും വിരൽ തുമ്പിലായി. ആവശ്യമുള്ളപ്പോൾ on ആക്കാനും അല്ലാത്തപ്പോൾ off ആക്കാനും മാത്രം ഇഴയകലമുള്ള ബന്ധങ്ങൾ സാധാരണമായി. മാധ്യമസംവാദങ്ങൾ വെറും അഭിപ്രായ പ്രകടനങ്ങളായി. സമുദായങ്ങൾക്കും രാഷ്ട്രീയപാർട്ടികൾക്കും വൻകിട വ്യവസായ സ്ഥാപനങ്ങൾക്കും അവരുടെ ആശയങ്ങളും സങ്കുചിതതാത്പര്യങ്ങളും പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും മാത്രമായി വാർത്താ – ദൃശ്യമാധ്യമങ്ങളുടെ ലക്ഷ്യം ചുരുങ്ങി. ഇത്തരം മാധ്യമങ്ങളിൽ നിന്നു പുറപ്പെടുന്ന ഒരു മൂല്യസംസ്‌കാരം കുഞ്ഞുങ്ങളുടെ മൂല്യബോധത്തെ മലീമസമാക്കി. മാനുഷിക സാംസ്‌കാരിക മൂല്യങ്ങളെയും അതിന്റെ കൈമാറ്റ പ്രക്രിയയെയും കുടുംബത്തിൽ നിന്നും വിദ്യാലയത്തിൽ നിന്നും ചുറ്റുപാടുമുള്ള പ്രകൃതിയിൽ നിന്നും ടെക്‌നോളജി തട്ടിയെടുത്തു എന്നതാണ് ആധുനിക സാങ്കേതിക വിപ്ലവത്തിന്റെ ഏറ്റവും വലിയ അപകടം.
മൊബൈൽ ഫോണും, ലാപ്‌ടോപ്പും,ഐപാഡും, ടാബ്‌ലെറ്റും, ഗെയിം കൺസോളും
ഉണ്ടാകുന്നതിനുമുമ്പ് കുട്ടികളുടെ ബാല്യകാലം വീട്ടിലും, പറമ്പിലും, കളിസ്ഥലത്തും, കൂട്ടുകാരോടൊത്തും, സൈക്കിൾ ചവിട്ടിയും, മാതാപിതാക്കളോടും ബന്ധുക്കളോടുമൊപ്പം ആയിരുന്നു ചെലവഴിച്ചിരുന്നത്. അതേസമയം ഇന്നത്തെ കുഞ്ഞുങ്ങളുടെ ബാല്യ കൗമാര കാലത്തെ നന്മയുടെയും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും യഥാർത്ഥ ലോകത്തുനിന്ന് സ്‌ക്രീനിൽ മാത്രം മുഖമമർത്തി ജീവിക്കുന്ന സാങ്കേതിക വിദ്യകളുടെ ഭാവനാ ലോകത്തിലേക്ക് ഈ സാങ്കേതിക വിപ്ലവം എത്തിച്ചു. ആശയവിനിമയത്തിന്റെ ഏറ്റവും പരമമായ ലക്ഷ്യം പരസ്പരം മനസ്സിലാക്കുകയും വ്യക്തികൾ തമ്മിലുള്ള ഐക്യവും യോജിപ്പും വർദ്ധിപ്പിക്കുകയുമാണ്. എന്നാൽ ആശയവിനിമയത്തിന്റെ ആധുനിക ഉപാധികൾ വ്യക്തിബന്ധങ്ങളെ ഹൈജാക്ക് ചെയ്തു, ടെക് (Tech) ബന്ധങ്ങൾ പകരം തന്നു. അതിന്റെ പരിണിതഫലമാണ് ലോകാരോഗ്യ സംഘടന 2018 ജൂണിൽ video game നെ ഒരു തകരാറായി, മാനസികരോഗമായി (ഗെയ്മിംഗ് ഡിസോർഡർ) പ്രഖ്യാപിച്ചതും,
ഇന്ത്യയിൽ തന്നെ 30 ശതമാനം സ്‌ക്രീൻ ഡിപ്പൻഡൻസി ഡിസോർഡർ (എസ് ഡി ഡി) ഉണ്ടെന്ന് പഠനങ്ങളിലൂടെ വ്യക്തമായതും.
സ്‌ക്രീൻ ഡീ അഡിക്ഷനുമായി ബന്ധപ്പെട്ട് ചികിത്സകൾക്ക് ഇന്ന് നിരവധി സ്‌ക്രീൻ ഡി അഡിക്ഷൻ (ഡിജിറ്റൽ ഡിറ്റോക്‌സ് സെന്ററുകൾ) സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ബാംഗ്ലൂരിലെ ഷട്ട് (സർവ്വീസ് ഫോർ ഹെൽതി യൂസ് ഓഫ് ടെക്‌നോളജി) ക്ലിനിക്ക്, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ മെട്രോ സിറ്റികളിൽ ആരംഭിച്ച മൊബൈൽ ഡി അഡിക്ഷൻ സെന്ററുകൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലുമെല്ലാം പ്രവർത്തിക്കുന്ന സ്‌ക്രീൻ ഡി അഡിക്ഷൻ സെന്ററുകളുമെല്ലാം സാങ്കേതികവിപ്ലവത്തിന്റെ പരിണിത ഫലമാണ്.
കുഞ്ഞുങ്ങളുടെ ലോകം സ്‌ക്രീനിലേക്കു മാത്രം ചുരുങ്ങുമ്പോൾ അവരുടെ ചിന്തകളും സർഗ്ഗാത്മകതയും വ്യക്തിബന്ധങ്ങളും ഇടുങ്ങിയതാകും. വ്യക്തിബന്ധങ്ങളിൽ നിന്നും കുടുംബബന്ധങ്ങളിൽ നിന്നും കിട്ടേണ്ട സ്‌നേഹവും ശിക്ഷണവും ശാസനയും മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനവും ലഭിക്കാതെ സ്‌ക്രീനിലെ വീഡിയോ ഗെയ്മിൽ നിന്നും ഇന്റർനെറ്റിൽ നിന്നും മറ്റു ദൃശ്യ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന സാഹസികതയും ലൈംഗിക ആഭാസങ്ങളും അശ്ലീലതയും നിറഞ്ഞ പരിപാടികളും കുഞ്ഞുങ്ങളിൽ ഏകാഗ്രത കറവ്, വിഷാദം, ഓർമ്മക്കുറവ്, ഉത്സാഹക്കുറവ്, പെരുമാറ്റ പ്രശ്‌നങ്ങൾ ആത്മാരാധന എന്നിവ ഉണ്ടാകുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. (റിച്ചാർഡ് ജോസഫ്, സ്‌ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ, ദീപിക, നവംബർ 2019).
നേരത്തെ സൂചിപ്പിച്ച (കഴിഞ്ഞ ലക്കത്തിലും) മൂന്നു വിപ്ലവങ്ങളും – വ്യവസായ വിപ്ലവം, ലൈംഗിക വിപ്ലവം, സാങ്കേതിക വിപ്ലവം – മനുഷ്യന്റെ വ്യക്തിത്വത്തിലും വ്യക്തിബന്ധങ്ങളിലും കാര്യമായ മാറ്റം ഉണ്ടാക്കി. വ്യവസായ വിപ്ലവത്തിനുശേഷം
വ്യക്തിയെന്നാൽ ഉല്പാദിപ്പിക്കുന്ന, ഉപഭോഗം ചെയ്യുന്ന, ചെലവഴിക്കുന്ന, ലാഭം ഉണ്ടാക്കുന്ന ആളായി. എന്തു ചെയ്യുന്നു? എത്ര ശമ്പളം? ഏതു ബിസിനസ്സ്? ഏതു കാർ? എത്ര വലിയ വീട്? വിദ്യാഭ്യാസം? നിനക്കുള്ളത് എന്താണോ അതാണു നീ എന്ന ചിന്ത പ്രബലപ്പെട്ടു. വിവാഹബന്ധത്തിലും അതൊരു മാനദണ്ഡമായി.
ലൈംഗികവിപ്ലവത്തിനുശേഷം സുഖവും സുഖം തരുന്നതുമെല്ലാം ഏറ്റവും പ്രധാന
പ്പെട്ടതായി. വിവാഹവും കുട്ടികളും കുടുംബബന്ധങ്ങളും അതിനു തടസ്സങ്ങളായി. ജീവിതം എന്നാൽ സുഖം തരുന്നതെല്ലാം സ്വന്തമാക്കാനും ചെയ്യാനുമുള്ളതായി. നിനക്ക് എന്താണോ തോന്നുന്നത് അതാണ് നീ എന്ന ചിന്ത പ്രബലമായി. സാങ്കേതിക വിപ്ലവം മനുഷ്യനെ വേഗതയും കാര്യപ്രാപ്തിയുമുള്ളവനാക്കി. എല്ലാം
വിരൽതുമ്പിലായി, ഞൊടിയിടയിലായി. അതേ സമയം വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും പ്രസക്തമല്ലാതായി.
ഈ മൂന്നു വിപ്ലവങ്ങളുടെയും പരിണിതഫലമാണ് ഇന്നു കുടുംബബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ മൂലകാരണം.