പരസ്യ പാപികൾക്ക് മൃതസംസ്‌കാരം നൽകാമോ?

പരസ്യപാപികളായി, സഭയ്ക്കും സമൂഹത്തിനും ഉതപ്പിനു കാരണമായ ജീവിതം നയിച്ചവർക്കുള്ള മൃതസംസ്‌കാരത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില
പ്രത്യേക സാഹചര്യത്തിൽ, കത്തോലിക്കരായവർക്ക് സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്ന സാഹചര്യമുണ്ടാകാം. അത്തരത്തിൽ ഒന്നാണ് പരസ്യപാപികൾ. അത്തരത്തിലുള്ളവർക്കുള്ള മൃതസംസ്‌കാരം വിശ്വാസ സമൂഹത്തിന് ഉതപ്പിനു കാരണമാകുന്നപക്ഷം, സഭ അവർക്കുള്ള മൃതസംസ്‌കാരം നിഷേധിക്കും. സഭാനിയമം രൂപീകരിക്കപ്പെട്ടിരിക്കുന്നത് ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു ക്രിസ്ത്യാനി കൗദാശികമായി സഭാമാതാവിന്റെ ഗർഭപാത്രത്തിൽ, അവന്റെ ഈ ലോകത്തിലെ തീർത്ഥാടനകാലത്ത് പിറക്കുകയും, തീർത്ഥാടന കാലത്തിന്റെ അവസാനം വരെ സഭ അവനെ അനുധാവനം ചെയ്യുകയും ചെയ്യുന്നത് സ്വർഗ്ഗീയപിതാവിന്റെ കരങ്ങളിൽ അവനെ ഭരമേൽപിക്കുന്നതിനാണ്. കത്തോലിക്കാസഭയുടെ മതബോധനം മേൽ പറഞ്ഞ ദൈവശാസ്ത്ര സത്യം നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരുവൻ നിരന്തരമായും പരസ്യമായും സഭയുടെ പ്രമാണങ്ങൾക്കു വിരുദ്ധമായി പരസ്യമായി ജീവിക്കുകയും അനുതാപത്തിന്റെ ഒരടയാളവും കാട്ടാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് ന്യായമായി മനസ്സിലാക്കാം, ആ വ്യക്തി സഭയ്ക്കു വെളിയിലാണ് കഴിയുന്നതെന്ന്. ഇത്തരം വ്യക്തികൾക്ക്, സഭാപരമായി ആഘോഷപൂർവ്വകമായി മൃതസംസ്‌കാരം നല്കുന്നത്
തീർച്ചയായും അനുചിതമാണ്. അങ്ങനെയുള്ളവർക്ക്, ആഘോഷമായ മൃതസംസ്
കാരശുശ്രൂഷ നല്കുമ്പോൾ, അവരുടെ പ്രവൃത്തികൾക്കുള്ള അംഗീകാരം കൊടുക്കലായി വ്യാഖ്യാനിക്കപ്പെടാം. അനുതാപത്തിന്റെ എന്തെങ്കിലും അടയാളം കാണിക്കാത്ത പാപിക്കാണ് സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്നത്. സഭാനിയമപ്രകാരം മൃതസംസ്‌കാരം നിഷേധിക്കുകയെന്നാൽ, സംസ്‌കാരാനന്തര ശുശ്രൂഷകളും, ആഘോഷപൂർവ്വകമായ അനുഷ്ഠാനങ്ങളും ചുരുക്കുകയെന്നും അർത്ഥമാക്കുന്നുണ്ട്. പരസ്യ പാപിയായി ജീവിക്കുന്ന വ്യക്തി, തന്റെ ജീവിതാവസാനം, അനുതാപത്തിന്റെ ലക്ഷണങ്ങൾ കാട്ടിയിട്ടുണ്ടെങ്കിൽ, അദ്ദേഹം സഭയുമായി രമ്യപ്പെട്ടാണ് മരിച്ചതെന്നുള്ള യാഥാർത്ഥ്യം മറ്റുള്ളവർ അറിയുന്നതിന് ഇടയാകും. അവസാന നാളുകളിൽ സ്വീകരിക്കുന്ന രോഗീലേപനം വഴി അവർക്ക് പാപ പൊറുതിയും, അവരുടെ രോഗാവസ്ഥയെയും, ജീവിതാനുഭവങ്ങളെയും നേരിടാനുള്ള ശക്തിയും അവർക്കു ലഭിക്കുന്നു. മരണാവസ്ഥയിൽ മാത്രമല്ല, ജീവിതകാലത്തും ശാന്തിയും, ആരോഗ്യവും പ്രദാനം ചെയ്യുന്നതിന് രോഗീലേപനം സഹായകമാണ്. അനുതാപം ഒരു രീതിയിലും പ്രകടമാക്കാത്ത വ്യക്തിക്ക് രോഗീലേപനം പരികർമ്മം ചെയ്യുന്നതിൽ അർത്ഥമില്ല. അനുതാപിയുടെ തിരിച്ചുവരവും, പാപമോചനവും സഭാമാതാവിന്റെ മടിത്തട്ടിലേയ്ക്ക് കൃപ സ്വീകരിക്കാനുള്ള മടക്കയാത്രയാണ്.