പകല്‍ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Dita

4. മന്ദതയും അസ്തിത്വപ്രതിസന്ധിയും (Acedia and the Identity Crisis)
ദൈവന്വേഷണത്തിലും ദൈവാനുഭവത്തിലും സംതൃപ്തിയും സന്തോഷവും ഇല്ലാതെ
ആത്മാവ് അനുഭവിക്കുന്ന തീവ്രമായ വിഷാദത്തെയാണ് മന്ദത (Acedia) എന്ന തുകൊണ്ട് കര്‍ദ്ദിനാള്‍ വിവക്ഷിക്കുന്നത്. ക്രിസ്തീയ പശ്ചാത്തലത്തില്‍ വളര്‍ന്ന പാശ്ചാത്യലോകം ഇപ്പോള്‍ അനുഭവിക്കുകയും ലോകമാകെ പടരുകയും ചെയ്യുന്ന ആത്മീയപ്രതിസന്ധിയാണിത്. കാരുണ്യഭവനങ്ങളില്‍ ആയിരിക്കുകയും മക്കള്‍ സന്ദര്‍ശിക്കാന്‍ മറന്നുപോവുകയും ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ക്കു സമാനമായ സാഹചര്യമാണ് പാശ്ചാത്യലോകത്തില്‍ ദൈവാനുഭവം. സ്‌നേഹിക്കാന്‍ വിസ്സമ്മതിക്കുന്ന ഒരു ലോകം. ആദ്ധ്യാത്മികതയ്ക്കായുള്ള എല്ലാ പ്രചോദന ശക്തികളെയും അതു ഇല്ലായ്മ ചെയ്യുന്നു. ദുഃഖിതമായിരിക്കാന്‍ ആയിരിക്കുകയും ദൈവം നല്കുന്ന ആനന്ദം തിരസ്‌കരിക്കുകയും ചെയ്തുകൊണ്ട് പാശ്ചാത്യമനുഷ്യന്‍ ജീവിതങ്ങളിലും സമൂഹത്തിലും ഘനീഭവിച്ച വിദ്വേഷം പരത്തുന്നു. വിട്ടുകൊടുക്കാനുള്ള മടിമൂലം അനുഗമിക്കാനുള്ള മിശിഹായുടെ ക്ഷണം നിരസിച്ചു ദുഃഖിതനായി മടങ്ങിയ സുവിശേഷത്തിലെ ധനികനായ യുവാവിനെപ്പോലെയാണ് (മര്‍ക്കോ 10,17-31) പാശ്ചാത്യലോകമെന്നു കര്‍ദ്ദിനാള്‍ വിലയിരുത്തുന്നു.
അലസത, വിദ്വേഷം, നിര്‍ബന്ധിത പലായനം ഇവയെല്ലാമാണ് ഈ ആത്മീയപ്രതിസ
ന്ധിയുടെ പരിണിതഫലങ്ങള്‍. വ്യക്തികളിലും കുടുംബങ്ങളിലും മാനവസമൂഹം മുഴുവനിലും ഇവയുടെ അലയൊലികള്‍ ഉണ്ടാകുന്നു. വിവാഹിതരില്‍ ഈ മന്ദത അവരുടെ ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും ദിനചര്യാപരമായ പരിമിത വൃത്തത്തിലേക്കു ചുരുക്കുന്നു. സ്‌നേഹശൂന്യമാകുന്ന ദാമ്പത്യ ബന്ധങ്ങളില്‍ സാവകാശം വിദ്വേഷം മുളപൊട്ടുന്നു; അതിന്റെ പരകോടിയില്‍ ഇതര സൗഹൃദങ്ങളിലേക്കും ബന്ധങ്ങളിലേക്കും പലായനം ചെയ്യുവാന്‍ നിര്‍ബ്ബന്ധിതരായി കുടുംബം തകരുന്നു. ക്രിസ്തീയ ദാമ്പത്യ സ്‌നേഹത്തിന്റെ വിശിഷ്ടമായ മാതൃക യില്ലാതെ പോകുന്നതിനാല്‍, തങ്ങളുടെ സ്‌നേഹത്തിന്റെ ആത്മവിശ്വാസ മില്ലാ താകുന്ന യുവജനങ്ങള്‍ വിവാഹജീവിതത്തിനു വിസമ്മതിക്കുന്നു. ഒരു ജീവിതം മുഴുവനും സ്‌നേഹം പങ്കുവച്ചു ജീവിക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കാന്‍ സമകാലിക യുവത്വത്തിനു സാധിക്കുന്നില്ലെന്നു പിതാവ് ചൂണ്ടിക്കാട്ടുന്നു. വിവാഹ ജീവിതത്തില്‍ മാത്രമല്ല, പൗരോഹിത്യ-സമര്‍പ്പിത ദൈവവിളികളിലും ആത്മീയ മന്ദത സമാനമായ പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്. ദൈവത്തിന്റെ മൗലികമായ വിളിക്കു പ്രത്യുത്തരം നല്‍കാനുള്ള വൈമനസ്യമാണ് പൗരോഹിത്യ സമര്‍പ്പിതജീവിതത്തിലെ മന്ദത.
ലോകത്തില്‍ അനുഭവവേദ്യമായിരിക്കുന്ന ഈ മന്ദതക്കുള്ള പ്രധാന പരിഹാരം നമ്മിലല്ല, ദൈവത്തിലാണ്. ദൈവത്തില്‍ നിന്നും വളരെ അകലെ, ദൈവാന്വേ ഷണമദ്ധ്യേ പരിക്ഷീണിതരായ നമ്മുടെ ജീവിതങ്ങളില്‍, മാംസം ധരിച്ച്, മനുഷ്യാ വതാരത്തിലൂടെ ഉണര്‍വ്വു പകര്‍ന്നത് ദൈവമാണ്. മനുഷ്യാവതാരരഹസ്യത്തെ ധ്യാനിക്കുകയാണ് മന്ദതക്കു പരിഹാരമായുള്ള എല്ലാറ്റിന്റെയും ഉറവിടം. മരുഭൂമിയിലെ പിതക്കന്മാരാണ് ഈ ശൈലിയുടെ പ്രണേതാക്കളും പ്രയോക്താക്കളും. അവരുടെ ആത്മീയാനുഭവത്തിന്റെ ആകെത്തുകയെ നമുക്കു വിളിക്കാവുന്ന പേരാണ് സ്ഥിരത (perseverance).
വിശുദ്ധി അവബോധം (sense of the sacred) സംബന്ധിച്ചുള്ള പ്രതിസന്ധിയാണ് മന്ദതയുടെ മറ്റൊരു തലം. വിശുദ്ധി അവബോധം സംബന്ധിച്ച് മനോഹരമായ ഒരു നിര്‍വചനം കര്‍ദ്ദിനാള്‍ നല്‍കുന്നുണ്ട്. ഒരു യാഥാര്‍ത്ഥ്യം എത്രയധികമായി ദൈവികമുദ്രയാല്‍ അടയാളപ്പെട്ടവയായി നാം തിരിച്ചറിയുന്നുവോ അത്രയധികമായി അത് നമ്മുടെ ആത്മാക്കളെ കവിയുന്നവിധത്തില്‍ ദൈവസാന്നിദ്ധ്യത്തിന്റെ വികാരങ്ങള്‍ ഉയര്‍ത്തിവിടുന്നു. ഈ ആത്മീയവികാരമാണ് വിശുദ്ധി അവബോധം (sense of the sacred). ദൈവികകാര്യങ്ങളുമായി ഇടപെടുമ്പോള്‍, നമ്മള്‍ അടിസ്ഥാന പരമായി അതിന് അയോഗ്യരാണെന്ന ബോധ്യം അത്യാവശ്യമാണ്. ഇതിനെ സാധൂകരിക്കാന്‍ പത്രോസ് ശ്ലീഹായുടെ അനുഭവമാണ് (ലൂക്കാ5, 1-11) പിതാവ് ഉദാഹരണമാക്കുന്നത്. വിശുദ്ധി അവബോധം സംബന്ധിച്ചുള്ള അറിവ് വിശ്വാസസമൂഹത്തിനു പകരുന്നതില്‍ ആരാധനക്രമ ദൈവശാസ്ത്രജ്ഞര്‍ക്കു ഗൗരവാവഹമായ ആത്മീയ ഉത്തരവാദിത്വമുണ്ട്. ഈ മേഖലയില്‍ പുരോഹിതരുടെ കടമ മാതൃകാപരമായ സാക്ഷ്യത്തിന്റേതാണ്. ‘ആന്തരികഭാവമാണ് അത്യാവ ശ്യമായിരിക്കുന്നതെന്ന് ആരും പറയാതിരിക്കട്ടെ; കാരണം ബാഹ്യവും കൃത്യവുമായ ആംഗ്യങ്ങളാല്‍ പ്രകടിതമാകുന്നില്ലെങ്കില്‍ ആന്തരികഭാവം യഥാര്‍ത്ഥമോ നിലനില്‍ക്കുന്നതോ അല്ല’. വിശുദ്ധി അവബോധത്തിന്റെ പ്രകടമായ അഭാവം ലോകത്തിലുണ്ട്. നമ്മുടെ ദൈവാലയത്തിന്റെ ഘടന അതിനാല്‍ തന്നെ നമ്മില്‍ ഒരു വിശുദ്ധി അവബോധം ഉയര്‍ത്തിയിരുന്നു. പ്രതീകാത്മകമായ ചില അതിരുകളാല്‍ നാം അതിനെ ദ്യോതിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് ആര്‍ക്കും എവിടെയും കയറാവുന്ന സ്ഥിതി വന്നിരിക്കുന്നു. കൈവിരികള്‍പോലെയുള്ള ചില പ്രതീകാത്മകമായ അതിരുകള്‍ ഇല്ലാതായതോടെ സാവകാശം ആ വിശുദ്ധി അവബോധവും നമുക്ക് അന്യമാകുന്നു; സ്വാഭാവികമായും ദൈവാരാധനയുടെ അടിസ്ഥാനഭാവങ്ങള്‍ നമ്മില്‍നിന്നും അപ്രത്യക്ഷമാകുന്നു.
ഉത്തരാധുനികലോകത്തില്‍ പടരുന്ന, മനുഷ്യവിരുദ്ധവും സ്ഥാപിതതാല്പര്യപ്രധാ
നവുമായ ഒരു വിധത്തിലുള്ള ബഹുദൈവാരാധനയെപ്പറ്റി കര്‍ദ്ദിനാള്‍ മുന്നറിയിപ്പു നല്‍കുന്നു. ഉത്തരാധുനികലോകം വിഗ്രഹങ്ങളുടെയും മന്ത്രവാദികളുടെയും ജ്യോതിഷന്മാരുടെയും രാജ്യമാണ്. ഈ ദൈവങ്ങളും അവയുടെ പുരോഹിതന്മാരും ക്രൂരന്മാരാണ്; ജീവനോ സന്തോഷമോ അവരുടെ പരിഗണനയിലില്ല. കപടമാന വികതയുടെ കറുത്ത വിരിയ്ക്കു പിന്നില്‍ അവര്‍ കുത്തക മുതലാളിത്വത്തിനു ശുശ്രൂഷ ചെയ്യുന്നു. വിവിധ തരത്തിലുള്ള സമ്പത്തിനെയും സാമ്പത്തിക താത്പര്യങ്ങളെയും വിഗ്രഹമാക്കുന്ന വിധത്തില്‍ ധാരാളം ക്രിസ്ത്യാനികളുടെ ഹൃദയങ്ങളും വിഭജിതമായിരിക്കുന്നു. ലൗകികവസ്തുക്കളോടുള്ള അടുപ്പം, ദൈവത്തി നായുള്ള വിശപ്പ് മനസ്സിലാക്കുന്നതില്‍നിന്നും നമ്മെ തടയുന്ന ‘അനസ്തേഷ്യ’ പോലെ ഒന്നായിരിക്കുന്നു. ഔദാര്യത്തിന്റെയും ശുശ്രൂഷയുടെയും മനോഭാവത്തിലൂടെ നാം അവയില്‍നിന്നും അകലം പാലിക്കുന്നില്ലെങ്കില്‍ ലൗകികവസ്തുക്കള്‍ നമ്മെ ശ്വാസം മുട്ടിക്കും.
സഭയില്‍ വിഭാഗീയത അസ്തിത്വപരമായ ഒരു പ്രതിസന്ധിയാണ്. സഭ ഒരുമയുടെ കൂദാശയാണ്, കാരണം മിശിഹായാണ് അതിന്റെ ശിരസ്സ്. വിഭജനം സാത്താന്റെ അടയാളമാണ്. അധികാരസ്ഥാനങ്ങളുടെ പക്ഷംചേരാനുള്ള വ്യഗ്രതയെ കീഴ്‌പ്പെടുത്തണം. തെറ്റില്‍ വീഴ്ത്തുകയെന്നതിനെക്കാള്‍ നമ്മെ അനിശ്ചിതാ വസ്ഥയില്‍ നിര്‍ത്തുകയെന്ന തന്ത്രമാണ് പലപ്പോഴും സാത്താന്‍ സ്വീകരിക്കുന്നത്. പാപത്തെ സംബന്ധിച്ച ഗൗരവമായൊന്നും ഇല്ലെന്നും വലിയ ആകുലതയൊന്നും കൂടാതെ നമുക്കു ദൈവകല്പനയെ മറികടക്കാമെന്നും നമ്മെ വിശ്വസിപ്പിക്കാന്‍ അവന്‍ ശ്രമിക്കും. പൗരോഹിത്യത്തെ ആക്രമിച്ചുകൊണ്ടാണ് സാത്താന്‍ സഭയെ വിഭജനത്തിനുള്ള ശ്രമം ആരംഭിക്കുന്നത്. ദൈവാരാധനയെയും കൂദാശകളെയും ശ്ലൈഹിക പിന്തുടര്‍ച്ചയെയും സാത്താന്‍ ഭയപ്പെടുന്നു. വിശ്വാസപ്രമാണം, ആദ്ധ്യാത്മികത, ദൈവാരാധന (liturgy), ധാര്‍മ്മികശാസ്ത്രം തുടങ്ങിയുള്ള മേഖലകളിലെല്ലാം സത്യത്തിന്റെ പരമമായ പ്രാമുഖ്യത്തെ പ്രഘോഷിക്കുന്നതുവഴി മാത്രമേ എല്ലാവിധത്തിലുമുള്ള നിഷേധാത്മകതയെയും മന്ദതയെയും അതിജീവിക്കാന്‍ സഭയ്ക്കു സാധിക്കുകയുള്ളു…
(തുടരും)