നോമ്പ്:ആഗ്രഹങ്ങളെ അതിജീവിക്കാൻ

ടി. എസ്. ഏലിയട്ടിന്റെ ‘കത്തീഡ്രലിലെ കൊലപാതകം’ എന്ന കൃതിയിൽ ഹെൻറി രണ്ടാമൻ രാജാവിന്റെ കാലത്തു ജീവിച്ചിരുന്ന ആർച്ചുബിഷപ് തോമസ് ബെക്കറ്റിന്റെ ആന്തരിക സംഘർഷം വിവരിക്കുന്നുണ്ട്. ലൗകീകവും ആത്മീയവുമായ മണ്ഡലങ്ങളുടെ സംഘർഷത്തിൽ ആത്മീയതയുടെ ഭക്തി കപടതയുടെ ആവരണമിടുന്ന അപകടം അദ്ദേഹം വരച്ചുകാണിക്കുകയാണ്. ആത്മീയതയുടെ വിശുദ്ധിക്ക് സമൂഹത്തിൽ എക്കാലത്തും ആദരവുണ്ട്. അപ്പോൾ ആത്മീയതയുടെ വേഷം കെട്ടാനുള്ള പ്രലോഭനം ശക്തമാകുന്നു. ‘രക്തസാക്ഷിത്വം’ ക്രൈസ്തവസഭയിൽ എല്ലാക്കാലത്തും വിലമതിക്കാനാവാത്ത സ്വർഗ്ഗീയ കിരീടമാണ്. ”കത്തീഡ്രലിലെ കൊലപാതകത്തിലെ” ആർച്ചുബിഷപ്, രാജാവിന്റെ അപ്രീതിക്ക് പാത്രമാവുകയാണ്. ആത്മാവിനെ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവൃത്തിക്കും ബിഷപ് കൂട്ടുനിന്നില്ല. രാജാവ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബിഷപ്പിനെ കൊല്ലാൻ
വിധിക്കുകയണ്. വിശ്വാസത്തിനുവേണ്ടി മരിക്കേണ്ടിവന്നിരിക്കുകയാണ് ആർച്ചു
ബിഷപ്പ്. കൊല്ലപ്പെടാൻ നിൽക്കുന്ന ബിഷപ്പിന്റെ ഉള്ളിലാണ് ‘അന്ത്യപ്രലോഭനം’
നാമ്പെടുക്കുന്നത്. അത് ജീവിക്കാൻ വേണ്ടിയുള്ള പ്രലോഭനമല്ല, മറിച്ച് മരിക്കാൻ വേണ്ടിയുള്ളതാണ്. പക്ഷെ മരിക്കുന്നത് എന്തിനുവേണ്ടി? രക്തസാക്ഷിത്വം നൽകുന്ന സൽപ്പേരിനുവേണ്ടി. ആർച്ചുബിഷപിന്റെ ആത്മഗതം ഏലിയട്ട് കുറിച്ച തിങ്ങനെയാണ് ”ഇപ്പോൾ എന്റെ ലക്ഷ്യം തെളിഞ്ഞു അർത്ഥം വ്യക്തമായി, ഒരു പ്രലോഭനവും ഇനിവരില്ല. എന്റെ അന്ത്യപ്രലോഭനമാണ് ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റം. ശരിയായ കാര്യം തെറ്റായ ലക്ഷ്യത്തിനുവേണ്ടി ചെയ്യുക.” ആത്മീയതയുടെ യഥാർത്ഥ സാക്ഷ്യമായ രക്തസാക്ഷിത്വം പോലും കളങ്കപ്പെടുന്നുവോ? എല്ലാ ദിവസവും പള്ളിയിൽ പോവുക, മതാധ്യാപകരാവുക, സംഘടനകളുടെ സാരഥ്യം വഹിക്കുക, പാവങ്ങളെ സഹായിക്കുക, വീടുപണിതു നല്കുക, ഭക്ഷണപൊതി വിതരണം ചെയ്യുക എല്ലാം സമൂഹത്തിൽ സൽപേരു നല്കുന്ന കാര്യങ്ങളാണ്. പക്ഷെ എന്തിനുവേണ്ടിയാണ് ചെയ്യുക? മിശിഹായെക്കുറിച്ചുള്ള സ്‌നേഹത്തിൽ നിർബന്ധിതരായാണോ? എന്ന് സ്വയം ചോദിക്കുക. ലഭിക്കുന്ന ജനപ്രീതിയുടെയും ആദരവിന്റെയും കൈയ്യടിയുടെയും മാസ്മരികവലയത്തിൽ പ്രലോഭിതനാകാനുള്ള ഒരു സാധ്യത ഇതിലുണ്ട്.
ഏതൊരു ശക്തനും ദുർബ്ബലമായൊരു കണ്ണിയുണ്ട്. ഈ കണ്ണിയിലാണ് പിശാചിന്റെ ശ്രദ്ധ. ഏദൻതോട്ടത്തിലായിരുന്ന ഹവ്വയിൽ സാത്താന്റെ ശ്രദ്ധപതിച്ചു. നടുവിലെ വൃക്ഷത്തിലെ പഴം അവൾക്ക് ‘ആസ്വാദ്യകരവും കണ്ണിന് സുഖകരവുമാണ്’ എന്ന് മനസ്സിലാക്കിയ സാത്താൻ അവളെ പ്രലോഭിപ്പിച്ചു. പഴയനിയമത്തിലെ സാംസന്റെ ബലഹീനത തിരിച്ചറിഞ്ഞ ഫിലിസ്ത്യർ ദലീല എന്ന പെൺകുട്ടിയെ അവനെ വശീകരിക്കാൻ പറഞ്ഞയച്ചു. പിന്നീട് വചനം പറയുന്നു ”കർത്താവിന്റെ ആത്മാവ് അവനെ വിട്ട്‌പോയത് അവൻപോലും അറിഞ്ഞില്ല.” മാമ്മോദീസായിലും, തൈലാഭിഷേകത്തിലും, പരി. കുർബാനയിലുമൊക്കെ നാം ആഘോഷമായി സ്വീകരിക്കുന്ന കർത്താവിന്റെ ആത്മാവ് നഷ്ടപ്പെട്ടുപോകുന്നത് സ്വയമറിയാതെ പോലുമാണ്. നമ്മുടെ ആഗ്രഹങ്ങളോട് ചേർന്നുപോകുന്ന വിവിധ ചിന്തകളും അവസരങ്ങളും സാത്താൻ സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളാലാണ് നാം പ്രലോഭിപ്പിക്കപ്പെടുന്നത് (മർക്കോ.7:21-23, യാക്കോബ് 4:1).
സ്വന്തം ശരീരത്തിന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാത്തവന് ആത്മീയാഭിവൃദ്ധി ഉണ്ടാവുകയില്ല. വി. ഫ്രാൻസിസ് സസാലസ്പറുന്നു: ശത്രുവായ പിശാച് കോട്ടയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കരുതെന്ന് ആഗ്രഹിക്കന്നവർ വാതിലുകൾ അടച്ചിടണം.” ആഗ്രഹങ്ങളെ വരുതിയിലാക്കാൻ പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഈ നോമ്പുകാലത്ത് സാധിക്കട്ടെ. ഈ ലോകത്തിന്റെ സാധ്യതകൾ ദൈവം നല്കിയിരിക്കുന്നത് അവയെല്ലാം ഇഷ്ടംപോലെ ആസ്വദിക്കാൻ വേണ്ടി മാത്രമല്ല മറിച്ച് അവയെ പരിത്യജിച്ച് ഈശോയെ മഹത്ത്വപ്പെടുത്താനും സ്വർഗ്ഗം നേടാനുമാണ്.
സാത്താന്റെ ഈ പ്രലോഭനങ്ങളെ തോല്പിക്കുകയും പിതാവായ ദൈവത്തിന്റെ ഹിതം സ്വന്തം ജീവിതത്തിൽ നിറവേറ്റാനുള്ള ശക്തിസംഭരിക്കലുമായിരുന്നു ഈശോ തന്റെ മരുഭൂമി വാസത്തിലൂടെ. 3 വർഷത്തെ പരസ്യജീവിതത്തിനുവേണ്ടി 30 വർഷം പ്രാർത്ഥനയിലും പഠനത്തിലും പിതാവായ ദൈവത്തോടും കുടുംബത്തോടും, സമൂഹത്തോടും ഒപ്പം ജീവിച്ച ഈശോയെയാണ് സുവിശേഷങ്ങൾ നമുക്ക് കാണിച്ചു തരുന്നത്. ദൈവനിയോഗത്തിന്റെ പൂർത്തീകരണത്തിലുള്ള കൃപ സ്വീകരി ക്കലായിരുന്നു ഈശോയ്ക്ക് 30 വർഷങ്ങൾ. ഇത്രയും സമയം പ്രാർത്ഥിക്കണോ? പഠിക്കണോ? ബന്ധങ്ങൾക്ക് ദൃഢത വേണോ? എന്ന ആധുനിക ലോകത്തിന്റെ ചോദ്യത്തിനുത്തരമാണ് ഈശോയുടെ ജീവിതം. പ്രവർത്തകരുടെയും പരിപാടികളുടെയും എണ്ണം വർദ്ധിച്ചിരിക്കുന്ന ഈ കാലയളവിൽ എന്തുകൊണ്ട് നമ്മുടെ പ്രവർത്തനങ്ങൾ പ്രയോജനപ്രദ (effective) മാകുന്നില്ല എന്നതിന്റെ ഉത്തരവും ഈശോയുടെ ജീവിതത്തിൽ കാണാം. ഈശോ, താൻ നിർവ്വഹിക്കേണ്ട ദൗത്യത്തെക്കുറിച്ചുള്ള വ്യക്തതയും, തന്നെ സമീപിക്കുന്നവരുടെ ആവശ്യങ്ങളും ഉദ്ദേശ്യങ്ങളും മനസ്സിലാക്കി പ്രവർത്തിക്കാനുള്ള സിദ്ധിയും സ്വന്തമാക്കിയത് പിതാവുമായി ചിലവഴിച്ച രഹസ്യ നിമിഷങ്ങളിലൂടെയാണ്.
ഈ നോമ്പുകാലം നമ്മുടെ നിയോഗങ്ങളെക്കുറിച്ച് വ്യക്തത വരുത്താം. പിതാവായ
ദൈവവുമായും സഹോദരങ്ങളുമായുള്ള ബന്ധങ്ങളിൽ ഊഷ്മളത നേടാം. ഈശോയെ
അനുകരിക്കുന്നവരും, അനുഗമിക്കുന്നവരുമാകാം.
ന്യൂജെൻ യുഗത്തിലെ പ്രലോഭനങ്ങളെ നേരിടാൻ ഏതാനും ചില പ്രായോഗിക കാര്യങ്ങൾ.
1. എല്ലാ ദിവസവും പരി. കുർബാനയിൽ പങ്കെടുക്കുക. തലേ ദിവസം വൈകുന്നേരം മുതൽ പരി. കുർബ്ബാനയ്ക്കായി പ്രാർത്ഥിച്ച് ആരാധനക്രമ വത്സര കലണ്ടറിൽനിന്നും വായനകൾ നോക്കി വായിച്ച് ധ്യാനിക്കുക. പരി. കുർബ്ബാന തുടങ്ങുന്നതിനു മുമ്പേ കുർബാനപുസ്തകവുമായി ദൈവാലയത്തിൽ എത്തുക.
2. രണ്ടാഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുക.
3. വ്യക്തിപരമായ ഭക്താഭ്യാസങ്ങൾ മുടക്കരുത്. (വ്യക്തിപരമായ പ്രാർത്ഥന, ദൈവവചന പാരായണം, ജപമാല, കുരിശിന്റെ വഴി മുതലായവ… ഓരോരുത്തർക്കും സാധിക്കുന്നത്).
4. കുടുംബപ്രാർത്ഥന സജീവമാക്കുക
5. നോമ്പുകാലത്തെ ഭക്ഷണക്രമം എല്ലാവരുമായി ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കുക. ഇറച്ചി, മീൻ, മുട്ട ഇവ ഒഴിവാക്കുക. (ആരോഗ്യപ്രശ്‌നമുള്ളവരെ ഒഴിവാക്കാം) കഴിവതും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക.
6. വരവുചെലവ് കണക്കുകളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്താൻ വീട്ടിലെ സാധിക്കുന്ന എല്ലാവരുമായി ഷോപ്പിംഗിന് പോകുക. പോകുന്നതിനുമുമ്പേ വാങ്ങിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക. അതിലധികമായി ഒന്നും വാങ്ങില്ല എന്ന് ആദ്യമേ തന്നെ തീരുമാനിക്കുക.
7. റ്റി. വി./മൊബൈൽ / വൈഫൈ Dryday ആചരിക്കുക. രാത്രികാലങ്ങളിൽ എല്ലാ മൊബൈൽ ഫോണുകളും ഒരുമിച്ച് എവിടെയെങ്കിലും വയ്ക്കുക.
8. ഓരോ ദിവസവും വീടും പരിസരവും കുറേശ്ശേയായി വൃത്തിയാക്കുക. നമുക്കുപയോഗമില്ലാത്ത സാധനങ്ങൾ സംഭാവന ചെയ്യുകയോ വിൽക്കുകയോ ചെയ്യാം. അല്ലാത്തവ നശിപ്പിക്കുകയും ചെയ്യുക.
9. സന്ധ്യാപ്രാർത്ഥനയ്‌ക്കോ അത്താഴത്തിനുശേഷമോ എല്ലാവരും കൂടിയിരുന്ന് അല്പസമയം വർത്തമാനം പറയുക (ജീവിതപങ്കാളിയുടെയും മക്കളുടെയും മാതാപിതാക്കളുടെയും 2 നന്മകൾ എങ്കിലും എല്ലാ ദിവസവും പരസ്പരം പറയുക)
10. ഒരു ബൈബിൾ ഭാഗം വായിച്ച് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുക.