നെസ്‌തോറിയസ് (ca. +AD 451)

മാർ തോമാ നസ്രാണികൾക്ക്, പ്രത്യേകിച്ച് സീറോ-മലബാർ സഭാംഗങ്ങൾക്ക് നെസ്‌തോറിയസ് അപരിചിതനല്ല. നഷ്ടപ്പെട്ടുപോയ ആരാധനാപൈതൃകങ്ങൾ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി നമ്മുടെ സഭയ്ക്ക് തിരികെ ലഭിച്ച മൂന്നാമത്തെ കൂദാശക്രമം നെസ്‌തോറിയസിന്റെ പേരിലാണ് അറിയപ്പെടുന്നത്. നമ്മോടൊപ്പം പൗരസ്ത്യസുറിയാനി ആരാധനാകുടുംബത്തിൽ ഉൾപ്പെടുന്ന അസ്സീറിയൻ സഭ ഈ അടുത്ത കാലംവരെ നെസ്‌തോറിയൻ സഭയെന്നാണ് അറിയപ്പെട്ടിരുന്നത്. നാം ഉൾപ്പടെയുള്ള പൗരസ്ത്യസുറിയാനിക്കാർ നെസ്‌തോറിയൻ പാഷണ്ഡതയിലുൾപ്പെട്ട
വരാണെന്ന് പാശ്ചാത്യസഭാംഗങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി ഗതികൾമാറി. ‘നെസ്‌തോറിയസ് പോലും നെസ്‌തോറിയനല്ലാ’യിരുന്നുവെന്നതാണ് ആധുനിക വാദം. നെസ്‌തോറിയസിന്റെ ദൈവശാസ്ത്രചിന്തകളെ ഒരു കാലത്ത് സഭയിൽ ഏറെപ്പേർ സംശയദൃഷ്ടിയോടെ വീക്ഷിച്ചിരുന്നുവെങ്കിലും കലർപ്പില്ലാത്ത പ്രബോധനമായിരുന്നു അദ്ദേഹത്തിന്റേത് എന്ന കാര്യത്തിൽ കത്തോലിക്കാസഭ ഇന്ന് സംശയം പുലർത്തുന്നില്ല. സഭയുടെ ചരിത്രത്തിൽ ഈ മെത്രാൻ സഹിച്ചത് വളരെ വിചിത്രമായ രീതിയിലാണ്. വെറും തെറ്റിദ്ധാരണകളുടെയും, അസൂയയുടെയും, ഭാഷാപ്രയോഗങ്ങളിൽ വന്ന ആശയക്കുഴപ്പങ്ങളുടെയും പേരിൽ പാഷണ്ഡിയായി മുദ്രകുത്തപ്പെട്ട്, മെത്രാൻ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട്, വിപ്രവാസത്തിൽ കഴിയേണ്ടിവന്ന നെസ്‌തോറിയസ് പൗരസ്ത്യ സുറിയാനിക്കാരനല്ലെങ്കിൽപോലും പൗരസ്ത്യസുറിയാനിക്കാർക്ക് എന്നും ആദരണീയനായിരുന്നു. നമ്മുടെ മൂന്നാമത്തെ കൂദാക്രമത്തിന്റെ ആരംഭത്തിൽ നെസ്‌തോറിയസിനെക്കുറിച്ച് നല്കിയിട്ടുള്ള ചെറിയ കുറിപ്പ് ശ്രദ്ധിക്കൂ: “-സത്യവിശ്വാസത്തിന്റെ സത്യത്തിനുവേണ്ടി രക്തം ചിന്താതെ സഹദായായി തീർന്ന ബൊസന്തിയായുടെ (Byzantium) അതായത്കുസ്തന്തീ നാപ്പോലീസ് (Constantinople) നഗരിയുടെ പാത്രിയാർക്കീസ് നെസ്‌തോറിയസ്…”. ഇത് യഥാർത്ഥത്തിൽ അദ്ദേഹത്തോടുള്ള പൗരസ്ത്യ സുറിയാനി സഭയുടെ ആദരവ് ഖനീഭവിച്ച് അക്ഷരങ്ങളായതാണെന്ന് പറയാനാകും.
ആരാണ് ഈ നെസ്‌തോറിയസ്? ഈ അപൂർവ്വ വ്യക്തിത്വത്തെക്കുറിച്ച് നാം തീർച്ചയായും അറിഞ്ഞിരിക്കണം. ഏകദ്ദേശം 381-ൽ സിറിയായിൽ ജനിച്ച നെസ്‌തോറിയസ് മൊപ് സുവെസ്ത്യായിലെ തെയദോറിന്റെ ശിഷ്യനായിരുന്നു. അന്ത്യോക്യായിലെ വിദ്യാപീഠത്തിൽ ദൈവശാസ്ത്രപരിശീലനം നേടിയ തീക്ഷ്ണമതിയായ അദ്ദേഹം ഉജ്ജ്വലവാഗ്മിയായിരുന്നു. പിന്നീട് അന്ത്യോക്യായിലെ ഒരു ദയറായിൽ അംഗമായിചേർന്ന അദ്ദേഹം താമസിയാതെ പുരോഹിതനും 428-ൽ കുസ്തന്തീനാപ്പോലീസ് (Constantinople) നഗരിയുടെ മെത്രാനുമായി നിയമിതനായി. മെത്രാനായ ഉടനെ ആര്യൻ പാഷണ്ഡികൾക്കെതിരെ കർക്കശനിലപാടുകൾ സ്വീകരിച്ച അദ്ദേഹം അവരുടെ നിരവധി പള്ളികൾ കത്തിച്ചുകളഞ്ഞു. ഇത് നിരവധിയാളുകളുടെ അപ്രീതിക്ക് കാരണമായി.
ഒപ്പം അന്ത്യോക്യൻ ദൈവശാസ്ത്രത്തിന്റെ വക്താവായിരുന്ന നെസ്‌തോറിയസ് അലക്സാണ്ഡ്രിയൻ ദൈവശാസ്ത്രപാരമ്പര്യത്തിൽ ഉരിത്തിരിഞ്ഞ ‘ദൈവമാതാവ്’
(Theotokos) എന്ന മറിയത്തിന്റെ സംജ്ഞക്ക് പകരം വിശുദ്ധഗ്രന്ഥത്തോടു പൊരുത്തപ്പെട്ടു നില്ക്കുന്ന ‘മിശിഹായുടെ മാതാവ്’ (Christotokos) എന്ന സംജ്ഞ സ്വീകരിക്കുവാൻ ആളുകളെ ഉപദേശിച്ചു. അതോടെ ‘പിതാവിന്റെ പുത്രൻ’, ‘മറിയത്തിന്റെ പുത്രൻ’ എന്നിങ്ങനെ മിശിഹായിൽ രണ്ടു സമാന്തര വ്യക്തികളുണ്ട് എന്നാണ് നെസ്‌തോറിയസ് പഠിപ്പിച്ചതെന്ന ആരോപണം ഉയർന്നു. ഈ സാഹ ചര്യത്തിൽ അലക്‌സാണ്ഡ്രിയൻ മെത്രാനായ സിറിൾ നെസ്‌തോറിയസിനെതിരെ രംഗത്തുവന്നു. നെസ്‌തോറിയസിന്റെ പഠനങ്ങളെ ഖണ്ഡിച്ചുകൊണ്ട് 12 അദ്ധ്യായങ്ങളിലായി ഒരു രേഖ (Twelve Anathemas) തയ്യാറാക്കി സിറിൾ നെസ്തോറിയസിനു അയച്ചുകൊടുത്തു. പ്രശ്‌നപരിഹാരത്തിനായി 431-ൽ വിളിച്ചുകൂട്ടപ്പെട്ട എഫേസൂസ് സാർവ്വത്രികസൂനഹദോസ് നിയന്ത്രിച്ചത് സിറിലായിരുന്നു. നെസ്‌തോറിയസിന്റെ പഠനങ്ങൾ അബദ്ധങ്ങളാണെന്ന് സൂനഹദോസ് പ്രഖ്യാപിച്ചു. സിറിൾ തയ്യാറാക്കിയ 12 ‘അദ്ധ്യായങ്ങളും’, ‘ദൈവമാതാവ്’ എന്ന സംജ്ഞയും സൂനഹദോസ് അംഗീകരിച്ചു.
എന്നാൽ നെസ്‌തോറിയസിന്റെ പഠനങ്ങളും അന്ത്യോക്യൻ ക്രിസ്തുവിജ്ഞാനീയവും സിറിലിനും കൂട്ടർക്കും മനസ്സിലായില്ല എന്നതായിരുന്നു എല്ലാ പ്രശ്‌നങ്ങൾക്കും പിന്നിലുള്ള കാരണം. മിശിഹാ പൂർണ്ണ ദൈവവും പൂർണ്ണമനുഷ്യനുമാണെന്ന് നെസ്‌തോറിയസ് വാദിച്ചു. മിശിഹായിലെ ഇരുസ്വഭാവങ്ങൾ തമ്മിൽ ഒരു വിധത്തിലും കൂടിക്കലരുന്നില്ലെന്നും ഓരോന്നിന്റെയും സവിശേഷതകൾ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നുവെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ത്രിത്വത്തിലെ രണ്ടാം ആളായ പുത്രൻ മനുഷ്യത്വം എടുത്തു (assumed humanity) എന്ന തന്റെ ഗുരുവായ തെയദോറിന്റെ പ്രബോധനം നെസ്‌തോറിയസ് ആവർത്തിച്ചു. 435-ൽ തിയഡോഷ്യസ് ചക്രവർത്തി അദ്ദേഹത്തെ ഈജിപ്റ്റിലേക്ക് നാടു കടത്തി. സകല കൃതികളും കത്തിച്ചുകളയാൻ ഉത്തരവിട്ടു. വിപ്രവാസിയായി കഴിഞ്ഞ അദ്ദേഹം 451 ൽ തന്റെ ശരിയായ വിശ്വാസത്തിനുവേണ്ടി രക്തം ചിന്താതെ രക്തസാക്ഷിയായി. പൗരസ്ത്യസുറിയാനി സഭയിൽ അദ്ദേഹം എന്നും സമാരാദ്ധ്യനായ മല്പാനായിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ തെറ്റില്ലായിരുന്നുവെന്ന് നൂറ്റാണ്ടുകൾക്ക് ശേഷം ഇന്ന് സാർവ്വത്രിക സഭ അംഗീകരിക്കുമ്പോൾ ഈ മല്പാന്റെ നിഷ്‌കളങ്ക സഹനങ്ങൾ പ്രാർത്ഥനകളായി ചരിത്രത്തിന് മാപ്പേകട്ടെ!