ദെവത്തിന്റെ വിശുദ്ധ യോഹന്നാന്‍ (1495-1550) തിരുനാള്‍: മാര്‍ച്ച് – 8

ഉപക്രമം
പാപികള്‍ക്കു പ്രത്യാശ പകരുന്ന ഒരു വലിയ വിശുദ്ധനാണ് ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍ (St. John of God). പോര്‍ട്ടുഗലില്‍ ഏറ്റം ദരിദ്രമായ ഒരു കുടുംബത്തില്‍ ദൈവഭക്തരായ മാതാപിതാക്കളില്‍നിന്ന് 1495-ല്‍ യോഹന്നാന്‍ ജനിച്ചു. കാസ്റ്റീലില്‍ ഒരു പ്രഭുവിന്റെ കീഴില്‍ ഒരു ആട്ടിടയന്റെ ജോലിയാണ് ചെറുപ്പത്തില്‍ അവനു ലഭിച്ചത്. 1522-ല്‍ പ്രഭുവിന്റെ കാലാള്‍പ്പടയില്‍ ചേര്‍ന്നു. ഫ്രാന്‍സും സ്‌പെയിനും തമ്മിലുണ്ടായ യുദ്ധത്തില്‍ പങ്കെടുത്തു. ഹംഗറി ടര്‍ക്കിക്കെതിരായി നടത്തിയ യുദ്ധത്തിലും ഭാഗഭാക്കായി.
പാപഗര്‍ത്തത്തില്‍
പട്ടാളക്കാരുടെ എല്ലാവിധ ദുശ്ശീലങ്ങളിലും മുഴുകിയ യോഹന്നാന്‍ ക്രമേണ ദൈവഭയം നഷ്ടപ്പെട്ടു പാപഗര്‍ത്തത്തില്‍ നിപതിച്ചു.അശുദ്ധ സമ്പര്‍ക്കം മൂലം ആത്മാവിന്റെ നിര്‍മ്മലത നഷ്ടപ്പെടുത്തി. പാപബോധം തന്നെ നഷ്ടപ്പെട്ടു. എങ്കിലും നന്മചെയ്യുന്നതിനുള്ള താല്പര്യം നഷ്ടപ്പെട്ടില്ല.
യുദ്ധാനന്തരം 40-ാമത്തെ വയസ്സില്‍ സെവീലിലെ ഒരു പ്രഭുവിന്റെ കീഴില്‍ ആട്ടിടയനായി ജോലി ചെയ്തു. ഇക്കാലത്ത് തന്റെ പൂര്‍വകാലജീവിതത്തിലെ പാപങ്ങളെപ്പറ്റിയുള്ള ഓര്‍മ്മ അദ്ദേഹത്തെ വേട്ടയാടി.
അനുതാപവും തകര്‍ന്ന ഹൃദയവും
തകര്‍ന്ന ഹൃദയത്തെയും എളിമയുള്ള ആത്മാവിനെയും ദൈവം ഒരിക്കലും ഉപേക്ഷി
ക്കുകയില്ല. ദാവീദിനെപ്പോലെ യോഹന്നാന്‍ അനുതപിച്ച് ഹൃദയം തകര്‍ന്ന് നിലവിളിച്ചു. ഉപവിപ്രവൃത്തികള്‍ നിരന്തരം അഭ്യസിച്ചു. സ്‌നേഹം നിരവധിയായ പാപങ്ങളെ മൂടിക്കളയുന്നു. രാവും പകലും പ്രാര്‍ത്ഥനയിലും ആശാനിഗ്രഹങ്ങളിലും മുഴുകിയ അദ്ദേഹം അവശസേവനത്തിനായി ആഫ്രിക്കയിലേക്കു തിരിച്ചു. ജിബ്രാള്‍ട്ടറില്‍വച്ച് ഒരു ദരിദ്രകുടുംബത്തെ സഹായിക്കാനായി അദ്ദേഹം കൂലിപ്പണി ചെയ്ത് അവിടെ താമസിച്ചു. പിന്നീട് അദ്ദേഹം ഒരു പുസ്തക വില്പനശാല ആരംഭിച്ചു.
അങ്ങനെ കഴിയവേ, ഗ്രാനഡായില്‍ വച്ച് ആവിലായിലെ വിശുദ്ധ യോഹന്നാന്റെ ഒരു പ്രസംഗം അദ്ദേഹം കേള്‍ക്കാനിടയായി. അനുതാപഭരിതനായി അദ്ദേഹം ഉച്ചത്തില്‍ നിലവിളിച്ചു. ഒരു ഭ്രാന്തനെപ്പോലെ നിലവിളിച്ചുകൊണ്ട് തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് അദ്ദേഹം തന്റെ പാപങ്ങള്‍ക്കു പരിഹാരം ചെയ്തുകൊണ്ടിരുന്നു. ആവിലായിലെ വിശുദ്ധ യോഹന്നാന്റെ അടുക്കല്‍ അദ്ദേഹം ഒരു മുഴുവന്‍ കുമ്പസാരം നടത്തി. അന്ന് അദ്ദേഹത്തിനു 43 വയസ്സുണ്ട്. അദ്ദേഹത്തിനു ഭ്രാന്താണെന്നു കരുതി ജനങ്ങള്‍ അദ്ദേഹത്തെ ഭ്രാന്താലയത്തില്‍ എത്തിച്ചു. അവിടെ അദ്ദേഹം രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.
അഗതികളുടെ സേവനം
ഭ്രാന്താലയത്തില്‍ നിന്നു പോന്ന ശേഷം അദ്ദേഹം അഗതികളുടെ സേവനത്തില്‍ മുഴുകി. വിറകുവില്പനയില്‍ നിന്നു കിട്ടിയ ലാഭം കൊണ്ട് ഒരു വാടകക്കെട്ടിടത്തില്‍ അഗതികളെ സംരക്ഷിച്ചുപോന്നു. 1540-ല്‍ അദ്ദേഹം ഉപവിയുടെ സഭ സ്ഥാപിച്ചു. അതോടെ ദരിദ്രമന്ദിരം സ്ഥിരമായി നടത്തിക്കൊണ്ടുപോകാനും കഴിഞ്ഞു. സഭയുടെ നിയമങ്ങള്‍ എഴുതിയതും ഔദ്യോഗികമായി സ്ഥാപനം നടത്തിയതും അദ്ദേഹ ത്തിന്റെ മരണശേഷമാണ്. 1570-ല്‍ ആദ്യത്തെ അംഗങ്ങള്‍ വ്രതവാഗ്ദാനം നടത്തി.
സാധുസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും അദ്ദേഹം പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും കുറവൊന്നും വരുത്തിയില്ല. സാധു മന്ദിരങ്ങളിലുണ്ടാ യിരുന്നവരെ മാത്രമല്ല സ്വഭവനങ്ങളില്‍ കഷ്ടതയനുഭവിക്കുന്നവരേയും അദ്ദേഹം സഹായിച്ചുപോന്നു.
തന്റെ ആശുപത്രിക്കു തീപിടിച്ചപ്പോള്‍ അദ്ദേഹം തീയിലൂടെ കടന്നുചെന്ന് രോഗികളെ തോളിലെടുത്തുകൊണ്ടുപോയി അവരെ രക്ഷിച്ചു. അദ്ദേഹത്തിനു പൊള്ളലേറ്റില്ല.
മരണം, നാമകരണം
നിരന്തരവും കഠിനവുമായ അദ്ധ്വാനത്താല്‍ പരിക്ഷീണിതനായ അദ്ദേഹം 55-ാമത്തെ വയസ്സില്‍ നിര്യാതനായി. 1690-ല്‍ അലക്സാണ്ഡര്‍ ഒന്‍പതാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.
ഉപസംഹാരം
അഗാധമായ പാപബോധം, എളിമ, പാപങ്ങളോടുള്ള അകമഴിഞ്ഞ സ്‌നേഹം എന്നിവയാണ് യോഹന്നാനെ വിശുദ്ധപദവിയിലെത്തിച്ചത്. നമ്മുടെ കാലത്തിനും എല്ലാക്കാലങ്ങള്‍ക്കും യോജിച്ച ഒരു വിശുദ്ധനാണ് ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്‍. നമുക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാം: ”സഹോദരരേ,
നിങ്ങള്‍ക്ക് ഇപ്പോള്‍ സമയമുണ്ട്; കഴിവനുസരിച്ച് എല്ലാവര്‍ക്കും എല്ലായ്‌പോഴും നന്മ ചെയ്യുക.”