ജനസംഖ്യയും ദൈവപരിപാലനയും

0
589

ദൈവപരിപാലനയില്‍ ആശ്രയിച്ച് കൊണ്ട് രാജ്യങ്ങളെ നയിച്ച നേതാക്കളെ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ആധുനികകാലത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിന് മികച്ച ഉദാഹരണമാണ്. എന്നാല്‍ ഇന്ത്യയില്‍ മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ടു വാങ്ങി അധികാരത്തില്‍ എത്തുന്നവര്‍ക്ക് രാഷ്ട്രത്തെ നയിക്കുന്ന കാര്യത്തില്‍ എത്രമാത്രം ആഴമായ ദൈവവിശ്വാസമുണ്ട് എന്നത് സംശയാസ്പദമാണ്. രാഷ്ട്രത്തിലെ ജനസംഖ്യ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നു എന്നും അത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രസ്താവിച്ചിരുന്നു. അതിന് അദ്ദേഹം സത്വരമായി സ്വീകരിച്ച നടപടികളാകട്ടെ ഒരു ദൈവവിശ്വാസിക്കോ അദ്ദേഹം ഊന്നല്‍ നല്‍കുന്ന ഹൈന്ദവ ആത്മീയതയ്‌ക്കോ നിരക്കാത്ത കാര്യമാണ്. ഹൈന്ദവ ആത്മീയത അഹിംസയില്‍ അധിഷ്ഠിതമാണ്. ഒരു ചെറിയ ജീവിയെ പോലും കൊല്ലുന്നത് തിന്മയായി കരുതപ്പെടുന്നു. അപ്പോഴാണ് ആ ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും പ്രചാരകരായവര്‍ അധികാരത്തി ലിരിക്കുമ്പോള്‍ ഗര്‍ഭപാത്രം ചോരക്കളമാക്കാന്‍ തുടങ്ങുന്നത്. ഗര്‍ഭച്ഛിദ്രത്തിന് ഉള്ള കാലാവധി ഗര്‍ഭധാരണത്തിന്റെ ആറാം മാസം വരെ ഉയര്‍ത്തുക എന്നത് അത്യന്തം ക്രൂരവും ജീവന്റെ മൂല്യത്തിനും അഹിംസാ സംസ്‌കാരത്തിനും കടകവിരുദ്ധവുമായ കാര്യമാണ്. പിഞ്ചു ജീവനുകളെ ഉപ്പു ലായനിയില്‍ പൊള്ളിച്ചു കൊന്നിട്ട് വേണോ ഈ രാജ്യത്തിനും ജനങ്ങള്‍ക്കും സുഭിക്ഷമായി ജീവിക്കാന്‍? ഇപ്രകാരമുള്ള തീരുമാനങ്ങളെടുക്കുന്നവര്‍ മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറയുന്നത് തന്നെ വലിയ വിരോധാഭാസമല്ലേ. വെന്തു നീറി വെന്തു നീറി മരിക്കുന്ന ഓരോ പിഞ്ചു ജീവന്റെയും കണക്ക് ദൈവം ആരോടാണ് ചോദിക്കേണ്ടത്. ദൈവ വിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ഈ നാടിന്റെമേല്‍ തങ്ങള്‍ വരുത്തി വയ്ക്കാന്‍ പോകുന്ന ദൈവ കോപത്തെ കുറിച്ച് ചിന്തയൊന്നുമില്ലേ?
ജീവനെ സ്‌നേഹിക്കുന്നവരില്‍ നിന്ന് എംടിപി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന അവസരത്തിലാണ് കൂനിന്മേല്‍ കുരു പോലെ പുതിയ ബില്ലുമായി ശിവസേന എംപി അനില്‍ ദേശായി രംഗപ്രവേശനം നടത്തുന്നത്. സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയങ്ങളുമായി സഹകരിച്ച് രണ്ട് കുട്ടികള്‍ മാത്രം മതി എന്ന നിലപാട് എടുക്കുന്ന കുടുംബങ്ങള്‍ക്ക് നികുതിയിളവുകളും ജോലികളും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുക, ഇതിനോട് സഹകരിക്കാതെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവരുടെമേല്‍ കഠിന നികുതികളും മറ്റ് ശിക്ഷാ നടപടികളും ഏര്‍പ്പെടുത്തുക, സകല ആനുകൂല്യങ്ങളും നിഷേധിക്കുക തുടങ്ങിയവയാണ് ഈ ബില്ലിന്റെ ഉള്ളടക്കം. ഇത് ഒരു സ്വകാര്യ ബില്‍ ആണ് എന്നത് ഇതിന്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല കാരണം നിയമമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ അവതാരകന്‍ പല ന്യായങ്ങളും നിരത്തുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 40 വര്‍ഷം കൊണ്ട് ഇരട്ടി ആയിരിക്കുകയാണ്. ഇപ്പോള്‍ അത് 125 കോടി കവിഞ്ഞിരിക്കുന്നു. 2050 തോടുകൂടി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയുടെ വാര്‍ഷിക ജനസംഖ്യ വര്‍ദ്ധനവ് 1.02 ശതമാനമാണ്. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററില്‍ ശരാശരി 416 പേരാണ് താമസിക്കുന്നത്. ഇപ്രകാരം എന്തെല്ലാം ന്യായങ്ങള്‍ ചൂണ്ടിക്കാണിച്ചാലും ജനസംഖ്യ നിയന്ത്രണവും പൗരാവകാശങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബില്ല് പ്രതിഷേധാര്‍ഹം തന്നെയാണ് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് മാത്രമേ ഇത്തരം നിയമനിര്‍മാണം ഉപകരിക്കുകയുള്ളൂ. അവകാശങ്ങളുള്ള കുറച്ചു പേരും അവകാശങ്ങള്‍ ഇല്ലാത്ത കുറച്ചു പേരും എന്ന അവസ്ഥ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി എന്ന തത്ത്വത്തിന് കടകവിരുദ്ധമാണ്. നിലവില്‍ പഞ്ചായത്തീരാജ് നിയമത്തില്‍ ഈ വ്യവസ്ഥയുണ്ട്. ചില സംസ്ഥാനങ്ങളില്‍ തന്മൂലം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാറില്ല. ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന ഇത്തരം കഠിനമായ നയങ്ങള്‍ ശരിയായി നടപ്പിലാക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന് ഒരിക്കലും സാധിക്കുകയില്ല. അപക്വമായ ഈ നിയമത്തിന്റെ വികലമായ നടത്തിപ്പ് സമൂഹത്തില്‍ അസമത്വം ഉളവാക്കുക തന്നെ ചെയ്യും. ഏതാണ്ട് 40 വര്‍ഷമായി നടപ്പിലാക്കി വരുന്ന കുടുംബാസൂത്രണ നയം ഇതിന് മികച്ച ഉദാഹരണമാണ്. ചില സമുദായങ്ങള്‍ സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയത്തോട് സഹകരിച്ചു. മറ്റുചിലര്‍ സഹകരിച്ചില്ല. തല്‍ഫലമായി സര്‍ക്കാര്‍ നയത്തോട് സഹകരിച്ചവര്‍ക്ക് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നു. അവര്‍ അധിവസിക്കുന്ന പ്രദേശത്ത് നിയോജകമണ്ഡലങ്ങള്‍ മുതല്‍ പഞ്ചായത്ത് വാര്‍ഡുകള്‍ വരെ എണ്ണത്തില്‍ കുറയുന്നു. അവരുടെ ജനപ്രതിനിധികള്‍ ഇല്ലാതെയാവുന്നു. എന്നാല്‍ സര്‍ക്കാര്‍ നയത്തോട് സഹകരിക്കാതിരിക്കുന്നവര്‍ക്ക് രാഷ്ട്രീയ സ്വാധീനം കൂടുന്നു. അവരുടെ പ്രദേശങ്ങളില്‍ നിയോജകമണ്ഡലങ്ങള്‍ വര്‍ദ്ധിക്കുന്നു. സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തി അവര്‍ കാര്യങ്ങള്‍ സാധിക്കുന്നു. ഇപ്രകാരമുള്ള പരാജയങ്ങളെ മുന്‍കൂട്ടി കാണാനോ നടപ്പിലാക്കിയതിനുശേഷം വിലയിരുത്തി പരിഹാരം കാണാനോ ഉള്ള ആര്‍ജ്ജവം ഇല്ലാത്ത സര്‍ക്കാരുകള്‍ വീണ്ടും ഇത്തരം വികല നയങ്ങളുമായി മുമ്പോട്ടു പോകുന്നതിന്റെ സാംഗത്യം എന്താണ്? ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ താല്‍പര്യപ്രകാരം നിയമങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരിക്കും. അന്ന് വീണ്ടും മണ്ടന്മാരാകുന്നത് സര്‍ക്കാരിനെ വിശ്വസിക്കുന്നവരായിരിക്കും.
അതിനാല്‍ വിശ്വസിക്കേണ്ടത് സര്‍ക്കാരിനെയല്ല ദൈവത്തെയാണ്. ആശ്രയിക്കേണ്ടത് ക്ഷേമ പദ്ധതികളിലല്ല ദൈവപരിപാലനയിലാണ്. ക്രിസ്ത്യാനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ഇതുതന്നെയാണ്. നാളെയെ കുറിച്ച് നിങ്ങള്‍ ആകുലരാകരുത് (മത്താ6:34) എന്ന് കര്‍ത്താവ് പറഞ്ഞത് കേട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയില്‍ 40 കോടി ജനങ്ങള്‍ ഉണ്ടായിരുന്നു. ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നെങ്കിലും എല്ലാവരും ജീവിച്ചുപോന്നു. ഇന്ന് ഇവിടെ 125 കോടി ജനങ്ങള്‍ ഉണ്ട് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ആണെങ്കിലും ഇന്ന് ഭൂമി കൂടുതല്‍ വിളവ് തരുന്നു പശു കൂടുതല്‍ പാല് തരുന്നു. ഭക്ഷ്യധാന്യങ്ങള്‍ എല്ലാവര്‍ക്കും ജീവിക്കാന്‍ ഉതകുന്ന വിധത്തില്‍ വിതരണം ചെയ്യപ്പെടുന്നു. ഈ രാജ്യത്ത് 250 കോടി ജനങ്ങള്‍ ഉണ്ടെങ്കിലും ഇതുതന്നെ സംഭവിക്കും. അതിന്റെ പേരാണ് ദൈവപരിപാലന. കൂടുതല്‍ കുട്ടികളുള്ള കുടുംബത്തില്‍ കൂടുതല്‍ ദൈവകൃപ വര്‍ഷിക്കപ്പെടുന്നു. പലതരത്തില്‍ നഷ്ടപ്പെടുന്ന കുട്ടികളുടെ സ്ഥിതിവിവരങ്ങള്‍ ശ്രദ്ധിക്കുക. മിക്കതും തന്നെ ഒന്നും രണ്ടും കുട്ടികളുള്ള കുടുംബത്തില്‍ നിന്നായിരിക്കും. ദൈവപരിപാലനയില്‍ ആശ്രയിക്കുന്നവര്‍ക്ക് മാത്രമേ അത് ലഭിക്കൂ. സര്‍ക്കാരിന്റെ പദ്ധതികളും നയങ്ങളും എന്തുമാകട്ടെ ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ പരിപാലനയില്‍ ആശ്രയിക്കുകയും ചെയ്യുക. അപ്പോള്‍ സമൃദ്ധിയുണ്ടാവും അതു ദൈവകൃപയുടെ സമൃദ്ധിയായിരിക്കും.