അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി

പരിശുദ്ധ കുർബാനയുടെ പ്രാരംഭ ഭാഗത്തുള്ള സ്തുതി കീർത്തനമാണ് അത്യു ന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും എന്നത്. ഇതു വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് അതേപടി എടു ത്തിരിക്കുന്ന കീർത്തനമാണ്. ദൈവത്തിനു മഹത്ത്വവും ഭൂമിയിൽ നല്ല മനസ്സ് അഥവാ ദൈവത്തിന്റെ മനസ്സുള്ളവർക്ക് സമാധാനവും ആശംസിക്കുന്നതാണ് ഈ കീർത്തനം. ഈശോയുടെ ജനന സമയത്ത് മാലാഖമാർ ആലപിച്ച കീർത്തനമാണല്ലോ ഇത് (ലൂക്ക 2: 14). അതിനാൽ ഇത് സ്വർഗ്ഗത്തിലെ കീർത്തനമാണ്. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേയ്ക്ക് വന്ന ദൈവത്തിന് ഒരു സ്വർഗ്ഗീയ അന്തരീക്ഷം തീർക്കുകയാണ് മാലാഖമാർ ചെയ്യുന്നത്. മനുഷ്യരായ ആരാലും രചിക്കപ്പെട്ട് ഈണം നൽകപ്പെട്ടതല്ല, പൂർണ്ണമായും സ്വർഗ്ഗീയമാണ്. സ്വർഗ്ഗത്തിന്റെ നാഥൻ ഭൂമിയിലേക്ക് വന്നത് നമ്മെ സ്വർഗ്ഗീയരാക്കാനാണ്. അതിനാൽ ഇത് മനുഷ്യനെ സ്വർഗ്ഗോൻമുഖരാക്കുന്ന ഗീതമാണ്. ഈ സമയത്ത് ഈശോയുടെ ജനനം അഥവാ മനുഷ്യാവതാരം തന്നെയാണ് നമ്മൾ അനുസ്മരിക്കുന്നത്. ഒപ്പം ഈശോയുടെ ദൈവത്വത്തെ മഹത്ത്വപ്പെടുത്തുകയും
ചെയ്യുന്നു. പരിശുദ്ധ കുർബാനയുടെ മഹത്ത്വം ഇത് വെളിപ്പെടുത്തുന്നു. പരിശുദ്ധ കുർബാന വെറും മാനുഷികമല്ല സ്വർഗ്ഗീയമാണെന്ന് ഇത്നമ്മെ ഓർമ്മിപ്പിക്കുന്നു.
ആവർത്തനം
പരി. കുർബാനയിൽ ഈ പ്രാർത്ഥന 3 പ്രാവശ്യം ആവർത്തിക്കുന്നു. അതിനെ ചിലർ വിമർശിക്കാറുണ്ട്. എന്നാൽ ആദിമസഭയിൽ ഇത് പ്രാർത്ഥനകളിൽ പലപ്രാവശ്യം ആവർത്തിച്ചിരുന്നു. സന്ന്യാസിമാർ ഈ കീർത്തനം ആലപിക്കുമ്പോൾ കുനിഞ്ഞ് കുരിശുവരച്ചിരുന്നു എന്ന് പറയപ്പെടുന്നു. പൗരസ്ത്യ പാരമ്പര്യത്തിൽ പ്രാർത്ഥനകൾ ആവർത്തിച്ച് ആവർത്തിച്ച് ചൊല്ലുന്ന ഒരു രീതിയുണ്ട്. അത് മിശിഹായോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ പ്രതിഫലനമാണ്. ഉദാഹരണത്തിന് പ്രണയിക്കുന്നവർ നിരന്തരമായി ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്ന് പല ആവർത്തി പറഞ്ഞുകൊ
ണ്ടിരിക്കും. അവർക്ക് അതിൽ മടുപ്പൊന്നും തോന്നാറില്ല. കാരണം അവരുടെ പൂർണ്ണ സ്‌നേഹത്തെ വാക്കുകളിലൂടെ അവർ പ്രകടമാക്കുകയാണ്. പ്രാർത്ഥനകളിലെ ആവർത്തനം നമുക്ക് വിരസമായി തോന്നുന്നുവെങ്കിൽ അതിന്റെ അർത്ഥം നമ്മൾ ദൈവസ്‌നേഹത്തിൽ നിന്ന് അകന്നു തുടങ്ങിയിരിക്കുന്നു എന്നാണ്. പൗരസ്ത്യ പാരമ്പര്യത്തിൽ ആഴമായ വിശ്വാസത്തിൽ നിന്നും ഉരുത്തിരിയുന്നതാണ് ആവർത്തിച്ചുള്ള പ്രാർത്ഥനകൾ.
തെസ്ബഹുത്ത (സ്തുതി )
ഈ സുറിയാനി പദത്തിന് പല അർത്ഥങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് മഹത്ത്വം എന്നതാണ്. കീർത്തി, ബഹുമാനം, ശോഭ, സ്വർഗ്ഗീയ പ്രഭ, ശ്രേഷ്ഠത എന്നിങ്ങനെയുള്ള അർത്ഥങ്ങളുമുണ്ട്. പഴയനിയമത്തിൽ ഇടിമുഴക്കത്തോടും പ്രകാശത്തോടും കൂടി ദൈവത്തിന്റെ മഹത്ത്വം അനുഭവവേദ്യമാകുന്നതു നമുക്ക് കാണാൻ സാധിക്കും. ഇവ ദൈവത്തിന്റെ രക്ഷാകര സാന്നിധ്യം പ്രത്യക്ഷമാകുന്ന അവസരങ്ങളാണ്. ബൈബിളിൽ ഉടനീളം ദൈവത്തിന്റെ മഹത്ത്വം ദർശിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ദൈവത്തിന്റെ മഹത്ത്വത്തിന്റെ മുൻപിൽ ആണ്
നമ്മൾ പരിശുദ്ധ കുർബാനയിൽ അത്ഭുതത്തോടെ നിൽക്കുന്നത്. ദൈവം മഹത്ത്വ
പൂർണ്ണനും മഹോന്നതനും ആയതുകൊണ്ടാണ് മനുഷ്യനായി അവതരിച്ചത് എന്ന് മാലാഖമാർ നമ്മെ ഓർമിപ്പിക്കുന്നു. പഴയനിയമത്തിൽ ഇസ്രായേൽജനം അനുഭവിച്ച ദൈവ മഹത്ത്വത്തിന്റെ യഥാർത്ഥ പൂർത്തീകരണം പുതിയ നിയമത്തിൽ നാം കാണുന്നത് ഈശോയുടെ മനുഷ്യാവതാരത്തോടുകൂടി ആണ്. ഈശോയുടെ മാനുഷിക സാന്നിധ്യത്തിലൂടെ ദൈവമഹത്ത്വം മനുഷ്യർക്ക് അനുഭവവേദ്യമായി. അങ്ങനെ നമുക്ക് ദൈവത്തെ കാണുവാനും കേൾക്കുവാനും ദർശിക്കുവാനും സാധിച്ചു. യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായത്തിൽ ‘പിതാവേ അങ്ങേ
മഹത്ത്വപ്പെടുത്തേണ്ടതിന് എന്നെയും മഹത്ത്വപ്പെടുത്തണമേ’ എന്ന ഈശോയുടെ പ്രാർത്ഥന കാണാൻ സാധിക്കും. കുരിശിലെ ബലിവരെ ദൈവമഹത്ത്വവും രക്ഷയും പൂർണ്ണമായി കൈ വന്നിരുന്നില്ല. വിശ്വസിക്കുന്നവന് ഈശോയുടെ മഹത്ത്വം വെളിപ്പെടും. പരിശുദ്ധ കുർബാനയിൽ നാം ദൈവീക മഹത്ത്വത്തിന് മുൻപിലാണ് എന്ന് ഈ ഗീതം നമ്മെ ഓർമ്മിപ്പിക്കുന്നു.
(തുടരും)