എദ്ദേസായിലെ മാർ യാക്കോബ്

അപൂർവ്വം ചില വ്യക്തിത്വങ്ങൾ വിസ്മയങ്ങളാണ്. കാണും തോറും കണ്ണിൽ അത്ഭുതം നിറയ്ക്കുന്ന, അടുക്കുന്തോറും ഹൃദയത്തിൽ അമ്പരപ്പ് നിറയ്ക്കുന്ന, അവരും മനുഷ്യർ തന്നെയല്ലേ എന്ന ചോദ്യം നമ്മിലുണർത്തുന്നവർ. അപ്രകാരമൊരു വ്യക്തിയായിരുന്നു ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി എദ്ദേസായിലെ സഭയിൽ മേല്പ്പട്ട ശുശ്രൂഷ ചെയ്ത മാർ യാക്കോബ്. പാശ്ചാത്യസുറിയാനി പാരമ്പര്യത്തിൽ ഉൾപ്പെടുന്ന അദ്ദേഹം, ദൈവം തനിക്കു നല്കിയ ബുദ്ധി ഉപയോഗിച്ച് വിശ്വാസത്തിന് ഭാഷ്യം രചിച്ച മഹാജ്ഞാനിയായിരുന്നു. തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും ലോകഭാഷകളും നിയമങ്ങളുമൊക്കെ അറിയാമായിരുന്ന ഈ മഹാൻ പൗരസ്ത്യ പാശ്ചാത്യ നാടുകളിലെ സഭാമക്കളുടെ മാത്രമല്ല, മറിച്ച് വിവിധ ഭാഷകളിലും സംസ്‌ക്കാരങ്ങളിലും മതങ്ങളിലുമുൾപ്പെട്ട പണ്ഡിതലോകത്തിന്റെ ആദരവ് നേടിയ ജ്ഞാനിയായിരുന്നു. ഏത് തലത്തിൽപ്പെട്ട സംശയവുമായി ഓടിയെത്തിയാലും കൃത്യം ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തിൽ അനേകർ അദ്ദേഹമാകുന്ന വിജ്ഞാന സാഗരതീരത്തോടിയണഞ്ഞിരുന്നു.
അന്ത്യോക്യായിലെ അയ്ൻദബാ ഗ്രാമത്തിൽ ജനിച്ച യാക്കോബ്, കീരിയാക്കോസ് എന്ന കോർഎപ്പിസ്‌ക്കോപ്പായുടെ കീഴിൽ ചെറുപ്പത്തിൽ തന്നെ പഴയനിയമവും പുതിയനിയമവും സഭാപിതാക്കന്മാരുടെ ദർശനങ്ങളും ശാസ്ത്രവും സാഹിത്യവും ഭാഷയുമെല്ലാം പഠിച്ച സമർത്ഥനായിരുന്നു. താമസിയാതെ തന്നെ ഖെന്നശ്രീനിലുള്ള ദയറായിൽ ചേർന്ന യാക്കോബ് ഗ്രീക്ക് സാഹിത്യത്തിലും നൈപുണ്യം നേടി. താപസികരായ അനേകം ഗുരുക്കന്മാരുടെ കീഴിൽ പരിശീലനം നേടിയ അദ്ദേഹം സഭാനിയമങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് ആഴമായ അറിവു നേടിയ നിയമപണ്ഡിതനായി വളർന്നു. അലക്‌സാൺഡ്രിയായിൽ പോയി തത്ത്വശാസ്ത്രത്തിലും അപാരജ്ഞാനം നേടി തിരിച്ച് ദയറായിലെത്തിയ അദ്ദേഹത്തിന്റെ കീർത്തി എല്ലായിടത്തും വ്യാപിച്ചു. 672-ൽ അദ്ദേഹം ഡീക്കനായും താമസിയാതെ തന്നെ പുരോഹിതനായും 684-ൽ എദ്ദേസായുടെ മേല്പ്പട്ടക്കാരനായും അഭിഷിക്തനായി. വൈദികരും സന്ന്യസ്തരും സഭാനിയമങ്ങളിൽ പുലർത്തുന്ന ലാഘവത്വം അദ്ദേഹത്തെ അസ്വസ്ഥനാക്കി. നിയമം പാലിക്കാത്തവരോടു മഹാകാർക്കശ്യം പുലർത്തിയ മാർ യാക്കോബിനോടു ചേർന്നു പോകുവാൻ പലർക്കും സാധിച്ചില്ല. പാത്രിയാർക്കീസും സഹമെത്രാന്മാരും സൗമ്യത പുലർത്താൻ അദ്ദേഹത്തെ ഉപദേശിച്ചെങ്കിലും നിയമ ലംഘനങ്ങളോടുള്ള തന്റെ എതിർപ്പ് പരസ്യമാക്കാൻ, ആരും മാനിക്കുന്നില്ലായെന്ന് അദ്ദേഹം കരുതിയ കാനൻ നിയമത്തിന്റെ പ്രതി പരസ്യമായി കത്തിച്ച് മെത്രാൻ സ്ഥാനം ഉപേക്ഷിച്ച് തന്റെ പ്രിയ ശിഷ്യരായിരുന്ന ദാനിയേലിനെയും കോൺസ്റ്റന്റയിനേയും കൂട്ടി അദ്ദേഹം ദയറായിലേക്ക് പിൻവാങ്ങി. താമസിയാതെ എവ്‌സേബോണായിലെ സന്ന്യാസിമാരുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം പതിനൊന്ന് വർഷം അവരോടൊപ്പം താമസിച്ച് ഗ്രീക്ക് ഭാഷയിൽ വി.ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ചു നല്കി. സുറിയാനിക്കാരനായ മാർ യാക്കോബ് സുറിയാനിയിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചെങ്കിലും മറ്റു ഭാഷകളെയും അദ്ദേഹം സ്‌നേഹിച്ചിരുന്നു. ഹീബ്രുവിലും ഗ്രീക്കിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വിസ്മയകരമായിരുന്നു. എവ്‌സേബോണായിൽ താമസിച്ചിരുന്ന കാലയളവിൽ ഗ്രീക്കുഭാഷാ പഠനത്തെ അദ്ദേഹം ഏറെ പ്രോത്സാഹിപ്പിച്ചു. സുറിയാനി ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഗ്രീക്ക് മല്പാന്മാരുടെ കൃതികൾ തെറ്റ് തിരുത്തി പരിഷ്‌ക്കരിച്ചു. ഗ്രീക്ക് ഭാഷയ്ക്ക് ഇപ്രകാരം അദ്ദേഹം നല്കിയ പ്രോത്സാഹനത്തെ ദയറായിലെ ചില സന്ന്യാസികൾ എതിർത്തപ്പോൾ
അദ്ദേഹം തന്റെ ഏഴ് ശിഷ്യരെയുംകൂട്ടി തെലാദായിലെ ആശ്രമത്തിലേക്ക് പോയി. അവിടെ ഒൻപത് വർഷങ്ങൾ താമസിച്ച് പഴയനിയമത്തിന് പരിഷ്‌ക്കരിച്ച പരിഭാഷയുണ്ടാക്കി. അദ്ദേഹത്തിന്റെ കൃതികളുടെ ബാഹുല്യവും വൈവിധ്യവും ആരെയും അതിശയിപ്പിക്കും. അദ്ദേഹത്തിനൊപ്പം നില്ക്കാൻ അദ്ദേഹം മാത്രം! ഭാഷകളുടെ ആത്മാവ് തൊട്ടറിഞ്ഞ അദ്ദേഹം സുറിയാനി ഭാഷയ്ക്ക് സമഗ്രമായ വ്യാകരണനിയമങ്ങൾ ക്രോഡീകരിച്ചു; നിരവധി സഭാപിതാക്കന്മാരുടെ കൃതികളുടെ പരിഭാഷകൾ മെച്ചപ്പെടുത്തുകയും പരിഭാഷകൾ ഇല്ലാതിരുന്ന പലതും സുറിയാനിയിലേയ്ക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു. വി.ഗ്രന്ഥഭാഗങ്ങൾക്ക് വ്യാഖ്യാനങ്ങൾനല്കി. വി.ഗ്രന്ഥത്തെ അദ്ധ്യായങ്ങളായി തിരിച്ചു.
സഭാനിയമങ്ങൾക്ക് വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും നല്കി. മാർ യാക്കോബിന്റെ അനാഫൊറ പരിഷ്‌ക്കരിച്ചു. ലിറ്റർജിയിലെ പ്രാർത്ഥനകളുടെയും ക്രമങ്ങളുടെയും സമാഹാരമായ നിക്ഷേപങ്ങളുടെ ഗ്രന്ഥം(Book of Treasures) രചിച്ചു. അനേകം പ്രസംഗങ്ങളും കത്തുകളും അദ്ദേഹത്തിന്റേതായി ലഭിച്ചിട്ടുണ്ട്. അദ്ദേഹം
സ്ഥാനം ഉപേക്ഷിച്ച അവസരത്തിൽ എദ്ദേസായിലെ മെത്രാനായി അഭിഷിക്തനായിരുന്ന മാർ ഹബീബ് 707-ൽ മരിച്ചപ്പോൾ പത്രിയാർക്കീസും എദ്ദേസാവാസികളും മേല്പ്പട്ട സ്ഥാനം രണ്ടാമതും ഏറ്റെടുക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ വീണ്ടും 708-ൽ അദ്ദേഹം മെത്രാൻ ശുശ്രൂഷ ഉപേക്ഷിച്ച് തെലാദായിലെ തന്റെ ഗ്രന്ഥശാലയിലേയ്ക്കും ശിഷ്യരുടെ പക്കലേയ്ക്കും മടങ്ങി. താമസിയാതെ 708-ൽ തന്നെ അദ്ദേഹം ദിവംഗതനായി.
മെത്രാനായിരുന്ന അദ്ദേഹം അനേകർക്ക് ഒരു വൈരുദ്ധ്യമായിരുന്നു. ഇടയന്റെ ആർദ്രതയേക്കാൾ നിയമപാലകന്റെ കാർക്കശ്യം പുലർത്തിയ അദ്ദേഹം അജപാലനരംഗങ്ങളിൽ പരാജയപ്പെട്ട മെത്രാനായിരുന്നു. വിശുദ്ധനെങ്കിലും സൗമ്യതയില്ലാത്ത പെരുമാറ്റം അനേകരെ അദ്ദേഹത്തിൽ നിന്നുമകറ്റി. അക്ഷരങ്ങളെ
പ്രണയിച്ച, തൂലികയെ സുഹൃത്താക്കിയ, കർക്കശനായ ഈ നിയമജ്ഞൻ, വിശ്വാസിയും നീതിമാനുമാണെന്നറിഞ്ഞിരുന്ന ജനം അദ്ദേഹത്തോടുള്ള ആദരവ് ഹൃദയത്തിൽ സൂക്ഷിച്ചിരുന്നതിന്റെ തെളിവാണ് തങ്ങളുടെ മെത്രാനാകുവാൻ അവർ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചത്. എന്നാൽ ഈ ഇടയന്റെ ശുശ്രൂഷ അപൂർവ്വതകൾ നിറഞ്ഞതായിരുന്നു. ബാഹ്യമായ സ്‌നേഹലാളനങ്ങളേക്കാൾ കാതലായ സ്‌നേഹത്തിന്റെ വക്താവായി, വിശ്വാസ രഹസ്യങ്ങളുടെ വിസ്മയമുറങ്ങുന്ന നീർച്ചാലുകളിൽ നിന്ന് ആവോളം നുകരാൻ അജഗണങ്ങളെ നയിച്ച ഈ ആചാര്യൻ സഭയുടെയും ലോകത്തിന്റെയും പ്രണാമത്തിന് എന്നും അർഹൻ തന്നെ.