ഉപക്രമം
ആദിമസഭയിലെ പ്രഖ്യാതനായ ഒരു രക്തസാക്ഷിയാണ് വിശുദ്ധ പോളിക്കാർപ്പ്. ഇദ്ദേഹം സഭാപിതാവും വേദപാരംഗതനുമാണ്. ആധുനിക ടർക്കിയിൽ ഉൾപ്പെട്ട സ്മിർണാ എന്ന സ്ഥലത്തെ മെത്രാനായിരുന്നു ഈ വിശുദ്ധൻ. ഈശോയുടെ പ്രേഷ്ഠശിഷ്യനായ വിശുദ്ധ യോഹന്നാന്റെ ശിഷ്യനായിരുന്നതുകൊണ്ട് അദ്ദേഹത്തിൽ നിന്നു നേരിട്ടുകേട്ട കാര്യങ്ങൾ ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നതിൽ മെത്രാൻ ഉത്സുഹനായിരുന്നു. ഇക്കാര്യം വിശുദ്ധ ഇരണേവൂസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മെത്രാൻ പദവിയിൽ
പോളിക്കാർപ്പിനെ മെത്രാനായി വാഴിച്ചത് വിശുദ്ധ യോഹന്നാൻ തന്നെയാണ്. വെളിപാടിന്റെ പുസ്തകത്തിൽ യോഹന്നാൻ ”സ്മിർണായിലെ മാലാഖ” എന്നു പരാമർശിക്കുന്നത് വിശുദ്ധ പോളിക്കാർപ്പിനെയാണ്. അത്രമാത്രം പരിശുദ്ധമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. യോഹന്നാൻ ശ്ലീഹാ അദ്ദേഹത്തിന് എഴുതിയിരിക്കുന്നതു ശ്രദ്ധിക്കുക: ”നിന്റെ കഷ്ടതയും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനത്രെ. നീ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടേണ്ട. മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്റെ കിരീടം ഞാൻ നിനക്കു നൽകും.” എൺപതാമത്തെ വയസ്സിൽ അനിസെത്തൂസ് മാർപ്പാപ്പായെ അദ്ദേഹം സന്ദർശിച്ചു. ഉയിർപ്പുതിരുനാൾ എന്നാണ് ആഘോഷിക്കേണ്ടത് എന്ന് ആലോചിക്കുന്നതിനുവേണ്ടിയായിരുന്നു ഈ സന്ദർശനം. റോമിൽ വച്ച് ആരോ പാഷണ്ഡിയായ മാർസിയനെ അറിയുമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: ”ഉവ്വ്, പിശാചിന്റെ കടിഞ്ഞൂൽ പുത്രൻ.” ഇത് അദ്ദേഹത്തിന്റെ വിശ്വാസ തീക്ഷ്ണതയെ കാണിക്കുന്നു.
രക്തസാക്ഷിത്വം
മതപീഡകനായ മാർക്കസ് ഔറോലിയസ് ചക്രവർത്തിയുടെ കാലത്ത് പോളിക്കാർപ്പ് മെത്രാനെ ആദ്യം വധിക്കണമെന്ന് വിജാതീയർ മുറവിളികൂട്ടി. ഒന്നുരണ്ടു പ്രാവശ്യം വിശ്വസികൾ അദ്ദേഹത്തെ മറച്ചുവച്ചെങ്കിലും പിന്നീട് ഒഴിഞ്ഞുമാറുവാൻ വിശുദ്ധൻ ഇഷ്ടപ്പെട്ടില്ല. ”ദൈവഹിതം നിറവേറട്ടെ” എന്ന് അദ്ദേഹം പറഞ്ഞു.
വന്ദ്യനും വൃദ്ധനുമായ ഈ മെത്രാനെ വധിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് മടി തോന്നി. ഈശോയെ ദുഷിച്ചു സംസാരിക്കാൻ പ്രോകോൺസുൾ അദ്ദേഹത്തോട് ആജ്ഞാപിച്ചു. മെത്രാന്റെ മറുപടി കേൾക്കുക: ”എൺപത്തിയാറു വർഷം ഞാൻ ഈശോമിശിഹായെ സേവിച്ചു, അവിടുന്ന് എനിക്കു യാതൊരു ദ്രോഹവും ചെയ്തിട്ടില്ല; പ്രത്യുത വളരെയേറെ നന്മ ചെയ്തിട്ടുണ്ട്. ഞാൻ എങ്ങനെ അവിടുത്തെ ദൂഷണം പറയും? എന്റെ സ്രഷ്ടാവിനെ എങ്ങനെ ദൂഷണം പറയാനാണ്? അവിടുന്നാണ് എന്റെ ന്യായാധിപൻ.” ഇതുകേട്ട് ക്രുദ്ധനായ പ്രോകോൺസുൾ അദ്ദേഹത്തെ ജീവനോടെ ദഹിപ്പിക്കാൻ ആജ്ഞാപിച്ചു. കരങ്ങൾ ബന്ധിച്ച് ആരാച്ചാരന്മാർ അദ്ദേഹത്തെ തീയിൽ നിർത്തിയപ്പോൾ വിശുദ്ധൻ പ്രാർത്ഥിച്ചു: ”ദൈവമേ, അങ്ങയുടെ
പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിൽ എന്നെ ഓഹരിക്കാരനാക്കിയതിന് ഞാൻ അങ്ങയോടു നന്ദിപറയുന്നു, അങ്ങയുടെ സ്തുതിക്കായി എന്നെത്തന്നെ ബലിയർപ്പിക്കുന്നതിനും സ്വർഗ്ഗത്തിൽ അനവരതം അങ്ങയെ സ്തുതിക്കുന്നതിനും എന്നെ യോഗ്യനാക്കണമേ.” ഉടൻ തന്നെ വിറകിനു തീ കൊടുത്തു. എന്നാൽ അത്ഭുതം! തീജ്വാലകൾ അദ്ദേഹത്തെ സ്പർശിച്ചില്ല, അതുമല്ല, ചിതയിൽ നിന്ന് സുഗന്ധം വീശി. അപ്പോൾ വിജാതീയർ കുന്തംകൊണ്ട് അദ്ദേഹത്തെ കുത്തിക്കൊന്നു.
ഉപസംഹാരം
ഫിലിപ്പിയാക്കാർക്ക് വിശുദ്ധ പോളിക്കാർപ്പ് എഴുതിയ ലേഖനത്തിലെ ഏതാനും വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിക്കാം: ”ആരെയും നിന്ദിക്കാതെ, കർത്താവിന്റെ ശാന്തതയോടെ പരസ്പരം സഹായിച്ചും, സത്യത്തിൽ ഐക്യപ്പെട്ടും, വിശ്വാസത്തിൽ സ്ഥിരമായും അചഞ്ചലമായും നിലനിന്ന്… കർത്താവിന്റെ മാതൃക അനുധാവനം ചെയ്യുവിൻ.” ധീരനായ ഈ രക്തസാക്ഷിയുടെ വിശ്വാസസ്ഥിരതയും സ്‌നേഹതീക്ഷ്ണതയും നിഷ്‌കളങ്കതയും നമുക്ക് പാഠമായിരിക്കട്ടെ.