പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Spent)

The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Dita

ഭാഗം ഒന്ന്: ആത്മീയവും മതപരവുമായ തകർച്ച (Spiritual and Religious Collapse)
1. വിശ്വാസപ്രതിസന്ധി (The Crisis of Faith)
ആധുനികലോകം അനുഭവിക്കുന്ന വിശ്വാസപ്രതിസന്ധിയെ സംബന്ധിച്ച് കർദ്ദിനാൾ സാറാ പങ്കുവയ്ക്കുന്നത് തന്റെ സുവ്യക്തമായ ആത്മീയകാഴ്ചപ്പാടാണ്. ഈശോയുടെ പീഡാനുഭവസമയത്തെ പത്രോസിന്റെ ഭീരുത്വം പോലെയാണ് ആധുനികലോകത്തിന്റെ അവസ്ഥ. പത്രോസിനെപ്പോലെ ആധുനികലോകം ഈശോയെ തള്ളിപ്പറഞ്ഞിരിക്കുന്നു. ഈശോയുടെ ദയാപൂരിതമായ കണ്ണുകളിലേക്കു തിരിഞ്ഞുനോക്കിയതിനാൽ, പത്രോസ് രക്ഷപ്പെട്ടു. സമകാലിക വിശ്വാസപ്രതിസന്ധിയുടെ അർത്ഥം ഇതാണ്. ക്രൂശിതനിലേക്കു നോക്കുവാൻ നമ്മൾ തയ്യാറാകുന്നില്ല; യൂദാസിനെപ്പോലെ ആത്മഹത്യയിലേക്കു നാം തിടുക്കപ്പെടുന്നു. വിശ്വസിക്കുന്നത് വ്യക്തികളും വ്യക്തികളുടെ കൂട്ടായമയുമാണെങ്കിലും നമ്മുടെ വിശ്വാസം സഭയുടെ വിശ്വാസമാണ്. വിശ്വാസം, വിശ്വാസപ്രമാണത്തിലൂടെ പ്രഘോഷിക്കപ്പെടുന്നു; ആരാധന ക്രമത്തിലൂടെ ആഘോഷിക്കപ്പെടുന്നു, പ്രമാണങ്ങൾ പാലിക്കുന്നതിലൂടെ ജീവിക്കപ്പെടുന്നു.
വിശ്വാസത്തിന്റെ പ്രവൃത്തികൾ വെറും മാനുഷികവികസനത്തിനുള്ള ശുശ്രൂഷകളായി മാത്രം പ്രദർശിക്കപ്പെടുന്നത് ശരിയല്ല. മിശിഹായാൽ പ്രചോദിപ്പിക്കപ്പെടാതെ മറ്റുള്ളവരുടെ താല്പര്യങ്ങളിലേക്കു തിരിയുവാൻ നമുക്കു സാധിക്കുകയില്ല. നമ്മുടെ ആഗ്രഹങ്ങളിലേക്കു ദൈവത്തെ ചുരുക്കുന്ന ശൈലി, സുഖാന്വേഷണശൈലി പ്രാർത്ഥനയിലേക്കു കൊണ്ടുവരുന്നത് ശരിയല്ല. ക്രിസ്തീയത സുഖദായകമായ ഒരു ജീവിതശൈലിയല്ല; അത് പ്രത്യാശയിൽ അധിഷ്ഠിതമായ ഒരു ജീവിതമാണ്. അൾത്താരയിൽ വെളിപ്പെടുകയും പ്രതീകവത്കരിക്കപ്പെടുകയും ചെയ്യുന്ന ഭൗതികമായ യാഥാർത്ഥ്യത്തിൽനിന്നുമാണ് ആ പ്രതീക്ഷ പുറപ്പെടുന്നത്.
അൾത്താരയിൽ വെളിപ്പെടുന്ന ദൈവത്തിന്റെ അതിഭൗതികമഹത്ത്വം അംഗീകരിക്കുമ്പോഴാണ് നാം മനുഷ്യന്റെ മഹത്ത്വം വീണ്ടും കണ്ടെത്തുന്നത്. എന്നാൽ ശാസ്ത്രവും സാങ്കേതികതയും നമ്മെ മയക്കിയിരിക്കുന്നതിനാൽ ‘ദ്രവ്യം’ (matter) എന്നതിനപ്പുറം ഒന്നുമില്ലാത്തവിധം നാം ജീവിക്കുന്നു. മനുഷ്യൻ താൻ അപകടത്തിലാണെന്ന് അറിയുന്നില്ല. സഭ നിത്യജീവനെയും രക്ഷയെയുംകുറിച്ചു സംസാരിക്കുവാൻ ധൈര്യപ്പെടുന്നില്ല. പാപബോധം അപ്രത്യക്ഷമായതായി കാണപ്പെടുന്നു. മനുഷ്യന്റെ രക്ഷ (Salvation) ഒരു പ്രധാന കാര്യമായി ചർച്ച ചെയ്യപ്പെടണം. രക്ഷയുടെ അടിസ്ഥാനപരമായ വ്യവസ്ഥ മാനസാന്തരമാണ്; പഴയ ചെയ്തികളിൽനിന്നും വേർപ്പെട്ട് മിശിഹായിലേക്കു തിരിയുന്ന അവസ്ഥയാണത്. ദൈവത്തിൽനിന്നും അതിസ്വാഭാവിക യാഥാർത്ഥ്യങ്ങളിൽനിന്നും വേർപ്പെട്ട ഒരു മതരഹിത സമൂഹത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് വിശ്വാസപ്രതിസന്ധി.
2. പൗരോഹിത്യപ്രതിസന്ധി (The Crisis of the Priesthood)
പൗരോഹിത്യത്തിന്റെ ആഴമായ അർത്ഥത്തിന് ഇളക്കം തട്ടുന്നതിനാൽ സഭ വലിയ പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുകയാണ്. തന്റെ വിളിയുടെ സമർപ്പണത്തിൽ വിശ്വസ്തതയോടെ നിലകൊള്ളുവാനുള്ള പോരാട്ടം ഉപേക്ഷിച്ച്, സ്വന്തം അധികാരം ഉപയോഗിച്ച് സഭയുടെ വിശ്വാസത്തിനു പകരം മാനുഷിക
പ്രബോധനം പ്രസംഗിക്കുന്ന അജപാലകരുടെ എണ്ണം വർദ്ധിക്കുന്നു. അജപാലകരുടെ ഇടയിൽ ഉണ്ടാകുന്ന വിശ്വസ്തതാലംഘനങ്ങളും കുറ്റകരമായ ഇടപെടലുകളും ആശങ്ക ഉണർത്തുന്നു. മെത്രാന്മാർ വൈദികരെ ഒരു പിതാവിനെപ്പോലെ പിന്തുടരണം. തന്റെ രൂപതയിൽ പൗരോഹിത്യത്തിന്റെ മാതൃകയായിരിക്കണം മെത്രാൻ.
ഗാഢവും നിശബ്ദവുമായ പ്രാർത്ഥനയിൽ മിശിഹായ്ക്കായി നല്കിയിരിക്കുന്ന സമയം ഒരു നഷ്ടമാണെന്നു കരുതുവാൻ തക്കവിധം തന്നെ ലോകം സ്വന്തമാക്കുവാൻ ഒരു പുരോഹിതൻ അനുവദിച്ചുകൂടാ. സ്വന്തം ഹൃദയത്തിൽ മിശിഹായെ സംവഹിക്കാത്തവന് ഒന്നും നൽകാൻ ഉണ്ടാവുകയില്ല. പൗരോഹിത്യദൗത്യ നിർവ്വഹണത്തിനുള്ള ശക്തിയുടെ ഉറവിടം പുരോഹിതൻ മിശിഹായോട് സൂക്ഷിക്കുന്ന അടുപ്പമാണ്. ത്രിവിധ ദൗത്യങ്ങളാണ് ഒരു പുരോഹിതനുള്ളത്: 1. പുരോഹിതൻ ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥനാണ് (വിശുദ്ധീകരിക്കുക), 2. പുരോഹിതൻ സുവിശേഷകപ്രഘോഷകനാണ് (പഠിപ്പിക്കുക), 3. പുരോഹിതൻ അജപാലകനും വഴികാട്ടിയുമാണ് (നയിക്കുക). തങ്ങൾ ലോകത്തിൽ അപരിചിതരെപ്പോലെ കാണപ്പെടുന്നതിൽ പുരോഹിതൻ ഭയപ്പെടേണ്ടതില്ല. ലോകത്തിൽ മുഴുകി ജീവിച്ച് ഒടുവിൽ അതിൽ മുങ്ങിപ്പോകുന്ന അവസ്ഥ പരിതാപകരമാണ്. ഒരു പുരോഹിതനായിരിക്കുകയെന്നത് പ്രഥമമായിട്ടും ഒരു ജോലി അല്ല; അത് ക്രൂശിതനായ മിശിഹായുടെ ജീവിതത്തിലുള്ള പങ്കുചേരലാണ്. സ്വന്തം ശരീരത്തിൽ പെസഹാരഹസ്യം സംവഹിക്കാതെ ഒരു ഇടവകയിൽനിന്നും മറ്റൊരു ഇടവകയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന വൈദികൻ മരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. പുരോഹിതൻ സ്വന്തം അഭിപ്രായങ്ങളല്ല, ദൈവത്തിന്റെ പ്രബോധനം വ്യക്തമായും ശക്തമായും പൈതൃകമായ മനോഭാവത്തോടെയും തങ്ങളോട് പറയണമെന്ന് അല്മായർ ആഗ്രഹിക്കുന്നുണ്ട്. സത്യത്തിനുവേണ്ടി സഹിക്കാനുള്ള കഴിവാണ് മാനുഷികതയുടെ അളവുകോൽ. ബ്രഹ്മചര്യവും, പൗരോഹിത്യവും, കുരിശും, സത്യവുമെല്ലാം മിശിഹായിൽ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പൗരോഹിത്യജീവിതത്തിൽ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെ പ്രായോഗികതയുടെ ലളിതമായ വാദം ഉയർത്തി നിസാരവത്കരിക്കുന്നത് സഭയുടെ പ്രബോധനത്തോടും ദൈവികപദ്ധതിയോടുമുള്ള മറുതലിക്കലാണ്.
3. സഭയുടെ പ്രതിസന്ധി (The Crisis of the Church)
‘സഭയുടെ പ്രതിസന്ധി’ ചർച്ചയാകുമ്പോൾ, മിശിഹായുടെ മൗതികശരീരമെന്ന നിലയിൽ സഭ ഏകവും പരിശുദ്ധവും സാർവ്വത്രികവും ശ്ലൈഹികവുമായി തുടരുന്നു എന്നത് പ്രത്യേകം പ്രാധാന്യമർഹിക്കുന്ന സംഗതിയാണ്. മിശിഹായുടെ തുടർച്ച എന്ന
നിലയിലുള്ള സഭ പ്രതിസന്ധിയിലല്ല. മാറുന്ന ലോകസാഹചര്യങ്ങളോടുള്ള സമീപനത്തിലും പ്രതികരണത്തിലും സഭയുടെ പ്രബോധനാധികാരവും സഭയുടെ വിശ്വാസം ജീവിക്കുന്നതിൽ സഭാമക്കളും നേരിടുന്ന പ്രതിസന്ധിയാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. വിശ്വാസസത്യങ്ങളുടെ സ്വീകരണത്തിൽ പുലർത്തുന്ന പ്രായോഗികതാവാദം ഒരു വലിയ പ്രശ്‌നമാണ്. ഓരോരുത്തരും തനിക്ക് ഇഷ്ടമുള്ളവയോടുമാത്രം താല്പര്യം പുലർത്തി തന്റെ പദ്ധതിക്ക് ഇണങ്ങിയ ഒരു ‘സഭ’യെ വിഭാവനം ചെയ്യുന്നു. സാവകാശം സഭയിൽ വിശ്വാസേതരമായ ഒരന്തരീക്ഷം രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ, സഭയുടെ പ്രബോധനാധികാരത്തിന് (Magisterium) നിർണ്ണായകമായ ഉത്തരവാദിത്തം നിർവ്വഹിക്കുവാനുണ്ട്. ദൈവികസത്യം പരമമായ സൂക്ഷ്മതയോടെ പകരുവാൻ ചുമതലയുള്ളവരിൽ ചിലർ യാതൊരു സന്ദേഹവുമില്ലാതെ അതിനോട് ആധുനിക ലോകത്തിന് ആകർഷകമായ അഭിപ്രായങ്ങളും ഈ കാലഘട്ടത്തിന്റെ ആശയങ്ങളും കൂട്ടിക്കലർത്തുന്നുവെന്നത് നിർഭാഗ്യകരമാണ്. കപ്പലിനെതിരെ
തിരമാലകൾ അലറി ഉയരുമ്പോൾ, അതിനെ ശക്തമായതും സ്ഥിരതയുള്ളതുമായ ഒന്നിനോട് ഉറപ്പിച്ചു ഭദ്രമാക്കേണ്ടത് പ്രധാനമാണ്. ആധുനിക ലോകസാഹചര്യങ്ങളിൽ, സഭയെ പ്രബോധനങ്ങളുടെ ആധികാരികതയിൽ ഉറപ്പിക്കുവാനുള്ള ചുമതല പ്രബോധനാധികാരത്തിനുണ്ട്.
ആധുനിക കാലഘട്ടത്തിലെ സഭയുടെ പ്രതിസന്ധിക്ക്, സഭയുടെ പ്രബോധനങ്ങളെ ശരിയായ വിധത്തിൽ മനസ്സിലാക്കാത്തതും ഒരു കാരണമാണ്. സഭയുടെ പ്രബോധന
ങ്ങളെ സംബന്ധിച്ച്, വിദഗ്ദ്ധർ എന്ന് അവകാശപ്പെടുന്നവർ ഇന്റർനെറ്റിലും മറ്റും തിടുക്കത്തിൽ പ്രസിദ്ധീകരിക്കുന്ന വ്യാഖ്യാനങ്ങളെ ആശ്രയിക്കരുത്. സഭയുടെ പ്രബോധനം സ്വീകരിക്കുവാനും വ്യാഖ്യാനപരമായ തുടർച്ചയിൽ അതു വ്യാഖ്യാനിക്കപ്പെടുവാനും സമയമെടുക്കും എന്ന് അറിഞ്ഞിരിക്കണം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ കാര്യത്തിലും ചില ദൈവശാസ്ത്രജ്ഞന്മാർ തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങളെ ‘കൗൺസിലിന്റെ ചൈതന്യം’ എന്നു പേരിട്ടുവ്യാഖ്യാനിക്കാനും അനന്തമായ നവീകരണവാദത്തിനു പിന്നാലെ പായുവാനും ശ്രമംനടത്തുകയുണ്ടായി. അതിന്റെ അലയൊലികൾ ഇപ്പോഴും
അടങ്ങിയിട്ടില്ല. ദൈവശാസ്ത്രം സഭയുടെ സേവനത്തിനുള്ളതാണെന്ന് ദൈവശാസ്ത്രജ്ഞർ മനസ്സിലാക്കണം. അത് ദൈവികവെളിപാടിന്റെ അടിസ്ഥാന ഉറവിടങ്ങളായ വിശുദ്ധ ലിഖിതത്തിന്റെയും വിശുദ്ധ പാരമ്പര്യങ്ങളുടെയും വെളിച്ചത്തിൽ നടക്കുന്ന ശുശ്രൂഷയാകണം. സഭയുടെ ആധികാരികമായ പ്രബോധനാധികാരത്തിന് ഈ ഉറവിടങ്ങളിൽനിന്നും വ്യതിചലിക്കാനാവില്ല.
സഭയെ സാമൂഹികതലത്തിലേക്കു ചുരുക്കി കാണുവാനുള്ള പ്രലോഭനം സഭാവിജ്ഞാനീയത്തിന് (ecclesiology) ഉണ്ട്. സാമൂഹ്യവിമോചനത്തിനുള്ള പദ്ധതികളെ പിന്തുണയ്ക്കുന്ന ഒരു സമൂഹമായി മാത്രം സഭയെ പരിഗണിക്കുന്നവരുമുണ്ട്. ലോകത്തിൽ രാഷ്ട്രീയപാർട്ടിയുടെ ദൗത്യമല്ല സഭയ്ക്കു നിർവ്വഹിക്കാനുള്ളത്. ‘വിശാലമായി പടരുകയും പ്രഘോഷിക്കപ്പെടുകയും ചെയ്ത ഈശോമിശിഹായിൽനിന്നും സഭയെ വേർതിരിക്കാൻ കഴിയില്ല (Church is nothing less than Jesus Christ wide spread and communicated). സഭ മിശിഹായുടെ മൗതികശരീരമാണ്; സഭയെ സ്ഥാപിക്കുന്നതും
പരിശുദ്ധ കുർബാനയാൽ അവളെ പടുത്തുയർത്തുന്നതും അവിടുന്നാണ്. എമ്മാവൂസ് അനുഭവം നമ്മെ പഠിപ്പിക്കുന്നതും (എഫേ 2,20) ഈ സത്യമാണ്. മിശിഹായിൽനിന്നും ലഭിച്ച വിശ്വാസത്തിലും പ്രബോധനങ്ങളിലും ധാർമ്മികതയിലും നിലനിൽക്കുന്നുവെന്ന ഉറപ്പ് സഭയ്ക്ക് ഉണ്ടാകണം. പ്രബോധനത്തിൽ നയപരമായ ചാതുര്യം നിലനിർത്തിക്കൊണ്ടുള്ള സഭൈക്യമോ അടിസ്ഥാന വിശ്വാസപ്രമാണത്തിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് ചർച്ചകളോ വിശ്വാസത്തിൽ വെള്ളം ചേർത്തുകൊണ്ടുള്ള മതാന്തര സംവാദങ്ങളോ സഭയ്ക്കു യോജിച്ചതല്ല.
സഭയെ നവീകരിക്കുവാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ പലപ്പോഴും അതിന്റെ രൂപഘടനയിൽ തങ്ങിനിൽക്കുകയാണ്. ആന്തരികമായി സംഭവിക്കേണ്ട മാനസാന്തരം അല്ലാതെ സഭാനവീകരണത്തിനു മറ്റു മാർഗ്ഗമൊന്നുമില്ല. അസ്സിസ്സിയിലെ വിശുദ്ധ ഫ്രാൻസിസിനെപ്പോലെ, നമ്മുടെ തന്നെ വീരോചിതമായ പുണ്യങ്ങൾ സഭയിൽ ധാരാളമായി വർഷിച്ചുകൊണ്ടായിരിക്കണം സഭാനവീകരണത്തിനുള്ള നമ്മുടെ ശ്രമങ്ങൾ.
സഭയുടെ മനുഷ്യർക്ക് പ്രവാചകദൗത്യമുണ്ട്. ഒരു മാർപ്പാപ്പായോ മെത്രാനോ പുരോഹിതനോ തന്റെ തന്നെ ആധികാരികതയിൽ സംസാരിക്കരുത്; അദ്ദേഹം ദൈവത്തിന്റെ സ്വരവും സാന്നിദ്ധ്യവും ആയിരിക്കണം. കൂടാതെ, കൂരിയാ ഭരണസംവിധാനങ്ങൾക്കും ഈ ബോദ്ധ്യമുണ്ടാകണം. അവയുടെ ആന്തരികതലത്തിന്റെ പ്രാധാന്യവും ശ്ലൈഹിക ധ്യാനാത്മകതയും (mysticism) പരിപോഷിപ്പിക്കപ്പെടണം. ലോകത്തിന്റെ സവിശേഷശ്രദ്ധ നേടുവാൻ വേണ്ടി, സുവിശേഷത്തെ, നമ്മുടെ വിശ്വാസത്തെ അനാകർഷകമാക്കുന്ന വിധത്തിലുള്ള അവ്യക്തവും ആഴക്കുഴപ്പമുള്ളതുമായ ഭാഷയിൽ, ലഘൂകരിച്ചുകൊണ്ട് ജനങ്ങളെ ആകർഷിക്കുവാനും അവരെ മന്ദതയിലേക്കു നയിക്കുവാനും ഈ കാലയളവിൽ വ്യാജപ്രവാചകർ ശ്രമിക്കുന്നുണ്ട്. ക്രിസ്ത്യാനി ഒരു ഓന്തിനെപ്പോലെ തന്റെ സാഹചര്യങ്ങളുടെ നിറം സ്വന്തമാക്കുന്നുവെങ്കിൽ, അവൻ ഒരിക്കലും ദൈവരാജ്യത്തിന്റെ ദൃശ്യമായ അടയാളമാകുന്നില്ല.
(തുടരും)