ആമുഖവും പ്രവാചകദൗത്യദർശനവും 1:1-20

വെളിപാട് പുസ്തകത്തിന്റെ സ്വഭാവവും ഉള്ളടക്കവും വ്യക്തമാക്കുന്നതാണ് ആദ്യത്തെ മൂന്നു വാക്യങ്ങൾ. മതപീഡനത്താൽ മനം തകരുകയും, കർത്താവിന്റെ രണ്ടാമാഗമനത്തിനുവേണ്ടി കാത്തിരുന്നു തളരുകയും ചെയ്യുന്ന സഭാസമൂഹങ്ങൾക്കു പ്രത്യാശയുടെ സന്ദേശമാണ് ഗ്രന്ഥകാരൻ നല്കുന്നത്. ഈ ഗ്രന്ഥം വെറും മാനുഷികമായ ഉപദേശ ങ്ങളോ ആശ്വാസാ വചനങ്ങളോ അല്ല, ശക്തവും ആധികാരിക വുമായ ദൈവവചനമാണ്. പഴയനിയമത്തിലെ പ്രവാചകഗ്രന്ഥങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ ആമുഖം (ഏശ 1,1; ജറെ 1,3; ഹോസി 1,1). ദൈവം ഈശോ മിശിഹാ വഴി വിശ്വാസികൾക്ക് നൽകിയ വെളിപാടാണ് യോഹന്നാൻ എഴുതുന്നത്. ദൈവാരാധനയ്ക്ക് ഒരുമിച്ചുകൂടുന്ന സഭാസമൂഹങ്ങളിൽ വെച്ച് ഒരാൾ വായിക്കുകയും എല്ലാവരും കേൾക്കുകയും ചെയ്യുന്നു എന്ന സൂചനയാണ് ‘വായിക്കുന്നവനും കേൾക്കുന്നവനും’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.
സുവിശേഷത്തിലെ ‘അഷ്ടഭാഗ്യങ്ങൾ’ പോലെ വെളിപാടു പുസ്തത്തിൽ ‘സപ്തഭാഗ്യങ്ങൾ’ അവതരിപ്പിച്ചിട്ടുണ്ട് (1,3; 14,13; 16,15; 19, 9; 20,6; 22,7,14). അവയിൽ ആദ്യത്തേതാണ് ഈ മൂന്നാം വാക്യത്തിലേത്. ”ഈ പുസ്തക
ത്തിലെ വചനങ്ങൾ പാലിക്കുന്നവർ ഭാഗ്യവാന്മാർ” എന്ന പ്രഖ്യാപനം ഗ്രന്ഥത്തിന്റെ അവസാനം ആവർത്തിച്ചിരി ക്കുന്നു (22,7). ലോകാവസാനത്തെ സംബന്ധിച്ച കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസയോടെയല്ല, ദൈവഹിതമറിഞ്ഞ് അതനുസരിച്ച് ജീവിക്കാനുള്ള സന്നദ്ധതയോടെ ആയിരിക്കണം വെളിപാടുപുസ്തകം വായിക്കേണ്ടത് എന്ന് ഗ്രന്ഥകാരൻ ഓർമ്മിപ്പിക്കുന്നു.
ലേഖനങ്ങളിൽ പൊതുവെ കാണാറുള്ള അഭിവാദനശൈലിയാണ് യോഹന്നാൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ അഭിവാദനഗ്രന്ഥത്തെ ഇടയലേഖനം എന്ന സാഹിത്യരൂപത്തിൽ അവതരിപ്പിക്കുന്നു. റോമൻ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിൽ ഒന്നായിരുന്നു ഇവിടെ പറയുന്ന ‘ഏഷ്യ’. ഇന്ന് ‘ടർക്കി’യുടെ ഭാഗമാണിത്. ഗ്രന്ഥകാരനു നേരിട്ട് പരിചയവും അധികാരവുമുള്ള സഭകളായിരിക്കണം ഇവ. പ്രവിശ്യയിലെ പ്രമുഖ നഗരമായിരുന്ന എഫേസോസിൽ നിന്ന് ഈ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന രാജപാതയുണ്ടായിരുന്നതിനാൽ യാത്രയും എളുപ്പമായിരുന്നു. ‘ഏഴ്’ പൂർണ്ണസംഖ്യയായതിനാൽ ഏഴു സഭകൾ മിശിഹായുടെ ആഗോളസഭയെ പ്രതിനിധീകരിക്കുന്നുവെന്നും കരുതാം.
‘കൃപയും സമാധാനവും’ എന്ന ആശംസ പുതിയനിയമത്തിലെ മിക്ക ലേഖനങ്ങളിലും കാണാം. ദൈവം തന്റെ അനന്തകാരുണ്യത്തിൽ മനുഷ്യനു സൗജന്യമായി നല്കുന്ന ദാനത്തിന്റെ ആകെത്തുകയാണ് ‘കൃപ’. ദൈവവും
മനുഷ്യരും തമ്മിലും, മനുഷ്യർ പരസ്പരവും, മനുഷ്യന് തന്നോടുതന്നെയും ഉള്ള ഐക്യമാണ് ‘സമാധാനം’. കൃപയുടെ ഉറവിടമായ ത്രിയേക ദൈവത്തെ മൂന്നു നാമങ്ങൾകൊണ്ട് വിശേഷിപ്പിക്കുന്നു: ”പിതാവായ ദൈവത്തെ ആയിരിക്കുന്നവനും, ആയിരുന്നവനും, വരാനിരിക്കുന്നവനും” എന്നാണ്. ഇത് ദൈവം മോശയ്ക്ക് വെളിപ്പെടുത്തിയ ‘യാഹ്‌വെ’ (ഞാൻ ആകുന്നു) എന്ന നാമത്തിന്റെ (പുറ 3,4-5; 6,3-4) വ്യാഖ്യാനമാണ്. ‘നിത്യനായ ദൈവം’ എന്നാണ് ഇതിനർത്ഥം. കാലത്തിനതീതനാണ് ദൈവം; കാലത്തിന്റെ അധിപനുമാണവൻ. ഈജിപ്തിന്റെ അടിമത്തത്തിൽനിന്നും ഇസ്രായേലിനെ മോചിപ്പിച്ച ദൈവം മതപീഡനത്തിനിരയാകുന്ന സഭകളെ മോചിപ്പിക്കും എന്ന സൂചന ഇതിലുണ്ട്. പരിശുദ്ധാരൂപിയെ ”അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കൾ” എന്നു വിശേഷിപ്പിക്കുന്നു. ‘ഏഴ്’ പൂർണ്ണതയെ സൂചിപ്പിക്കുന്നതുകൊണ്ട് ഇതിലൂടെ സപ്തദാനങ്ങളുടെ ഉടമയായ പരിശുദ്ധാരൂപിയെ തന്നെയാണ് വിവക്ഷിക്കുന്നത്. ഈശോമിശിഹായെ മൂന്നു വിശേഷണങ്ങളോടുകൂടി
അവതരിപ്പിക്കുന്നു: വിശ്വസ്തസാക്ഷി, മൃതരിൽനിന്നുള്ള ആദ്യജാതൻ, ഭൂമിയിലെ രാജാക്കന്മാരുടെ അധിപതി. ഈശോയുടെ രക്ഷാകരപ്രവർത്തനത്തെ സൂചിപ്പിക്കുന്നവയാണ് ഈ വിശേഷണങ്ങൾ: സഹനത്തിൽ വിശ്വസ്തൻ, മരണത്തിൽ നിന്നും ഉത്ഥിതൻ, ഉത്ഥാനത്തിലൂടെ പാപബദ്ധമായ മനുഷ്യകുലത്തിന്റെ അധിപൻ. ഈ വിശേഷണങ്ങൾ എടുത്തു കാണിക്കാൻവേണ്ടിയാണ് രണ്ടാമത്തെ ആളായ പുത്രൻതമ്പുരാനെ മൂന്നാമത് അവതരിപ്പിക്കുന്നത്.
പീഡിതർക്ക് പ്രത്യാശയും പീഡകർക്ക് താക്കീതും നല്കുന്ന രണ്ടു പ്രവചനങ്ങളോടെയാണ് ആമുഖം അവസാനിക്കുന്നത്. ആദ്യത്തെ പ്രവാചകവചനം ദാനിയേൽ 7,13-ൽ നിന്നും, രണ്ടാമത്തേത് സഖറിയാ 12,10-ൽനിന്നുമാണ്. ഈശോമിശിഹായുടെ മഹത്ത്വീകൃതമായ മടങ്ങിവരവിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന പീഡിത സമൂഹത്തോട് യോഹന്നാൻ പറയുന്നു: ”ഇതാ മേഘങ്ങളുടെ അകമ്പടിയോടെ അവൻ വരുന്നു” (1,7). കർത്താവിന്റെ രണ്ടാമത്തെ ആഗമനം മഹത്ത്വത്തോടെയായിരിക്കും. അവന്റെ നാമത്തിൽ പീഡനമേറ്റവർക്ക് അത് അനന്തമായ ആനന്ദ ത്തിന്റെ നിമിഷമായിരിക്കും. അതേ സമയം മിശിഹായ്‌ക്കെതിരെ ചെയ്ത അതിക്രമങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവും ഉടനെ നടത്താൻ പോകുന്ന ശിക്ഷാവിധിയിൽ നിന്നുളവാകുന്ന ഭയവും ജനത്തിനുണ്ടാവുകയും ചെയ്യും.
ഉത്ഥിതനായ ഈശോമിശിഹാ ഏഷ്യയിലെ ഏഴു സഭകൾക്കു നൽകുന്ന സന്ദേശമാണ് വെളിപാടു പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് പ്രതിപാദിക്കുന്നത്. ഈ ഭാഗം ഒരു ദർശനത്തോടെ ആരംഭിക്കുന്നു. ഈശോമിശിഹാ തന്റെ ദാസനായ യോഹന്നാനെ പ്രവാചകദൗത്യം ഏല്പിക്കുന്നതാണ് ഈ പ്രാരംഭദർശനം. പഴയനിയമ പ്രവാചകർക്കു ലഭിച്ച വിളിയോട് (ഏശ 6,1-13; എസ 1,3) ഈ ദർശനത്തിന് ഏറെ സാമ്യമുണ്ട്.
1,9-10 ദൗത്യം: യോഹന്നാൻ അനുവാചകരുമായുള്ള തന്റെ ബന്ധം വ്യക്തമാക്കുന്നു. താൻ അവരുടെ സഹോദരനും, വിശ്വാസത്തിന്റെ പേരിൽ, മിശിഹായെ കർത്താവായി ഏറ്റുപറയുന്നതിന്റെ പേരിൽ, നേരിടേണ്ടിവരുന്ന പീഡനങ്ങളെ സസന്തോഷം സ്വീകരിച്ച് മിശിഹായോടു വിശ്വസ്തത പാലിക്കുന്നതിൽ അവരോടൊത്തായിരിക്കുന്നവനും, ഇപ്പോൾ അതിന്റെ പേരിൽ പാത്‌മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ടവനുമാണ്. കർത്താവിന്റെ ദിനത്തിൽ, അതായത് ഞായറാഴ്ചദിവസം, ആത്മാവിൽ ലയിച്ചിരിക്കെ, താൻ കാണുന്നത് എഴുതി ഏഷ്യയിലെ ഏഴുസഭകൾക്ക് അയച്ചുകൊടുക്കുവാൻ ദൈവത്തിന്റെ ആജ്ഞ ലഭിക്കുന്നു. വെളിപാടു ഭാഷയുടെ പ്രത്യേകതയാണ് അഭൗമികയാഥാർത്ഥ്യങ്ങൾ ഭൗമിക യാഥാർത്ഥ്യങ്ങൾകൊണ്ട് വിവരിക്കുക എന്നത്. ”പോലെ” എന്ന പദം ആവർത്തിച്ചുപയോഗിക്കുന്നത് ഇതിന്റെ സൂചനയാണ്. ‘ഞായറാഴ്ച’ ഉണ്ടായ ദൈവാനുഭവമെന്ന നിലയിൽ ഇത് കുർബാനാനുഭവമാകാനും സാദ്ധ്യതയുണ്ട്.
1,12-16 ദർശനം: കേട്ട ശബ്ദം ശ്രദ്ധിക്കാനായി നോക്കുമ്പോൾ യോഹന്നാൻ കാണുന്നത് ഏഴു ദീപപീഠങ്ങളാണ്. ഇവ ഏഴു സഭകളുടെ പ്രതീകങ്ങളാണ് (1,20). തുടർന്നുള്ള വാക്യങ്ങളിൽ മനുഷ്യപുത്രദർശനമാണ് വിവരിക്കുന്നത്. ഉത്ഥിതനും വിധിയാളനുമായ മിശിഹായെയാണ് ഇവിടെ ‘മനുഷ്യപുത്രൻ’ എന്നു വിശേഷിപ്പിക്കുന്നത്. പാദംവരെ
നീണ്ടുകിടക്കുന്ന മേലങ്കി പുരോഹിതവേഷമാണ് (പുറ 88,4; ലേവ്യ 16,4). സ്വർണ്ണംകൊണ്ടുള്ള ഇടക്കച്ച രാജത്വത്തി ന്റെ സൂചനയാണ്. ഈശോ പുരോഹിതനും രാജാവുമാണെന്ന സൂചനയാണിത്. വെളുത്ത തലയും മുടിയും (1,14) ഈശോയുടെ ദൈവത്വത്തെയും പരിശുദ്ധിയേയും സൂചിപ്പിക്കുന്നു. തീജ്ജ്വാലപോലുള്ള നയനങ്ങൾ എല്ലാം കാണുന്ന ദൈവികജ്ഞാനത്തെ സൂചിപ്പിക്കുന്നവയാണ്. തന്നിൽ വിശ്വാസമർപ്പിക്കുന്നവർ എവിടെയായാലുംഅവ രുടെ സഹായത്തിനെത്താൻ അവൻ വൈകുകയില്ല. പെരുവെള്ളത്തിന്റെ ഇരമ്പൽപോലുള്ള ശബ്ദം ദൈവത്തിന്റെ ശക്തമായ ആജ്ഞാസ്വരമാണ് (സങ്കീ 29,3-91; എസ 43,2). വായിൽനിന്നും പുറത്തേക്കു വരുന്ന ഇരുവായ്ത്തലവാൾ ദൈവവചനത്തെയാണ് സൂചിപ്പിക്കുന്നത്. വാൾ ശിക്ഷാവിധി നടപ്പാക്കുന്ന ആയുധമാണ്.സൂര്യനെപ്പോലെ പ്രകാശിക്കുന്ന വദനം ദൈവത്വത്തിന്റെ സൂചനയാണ്. മനുഷ്യനായി അവതരിച്ച ദൈവപുത്രനായ മിശിഹായുടെ മഹത്ത്വമാണ് ഈ ദർശനം സൂചിപ്പിക്കുന്നത്.
1,17-20 പ്രതികരണം: അഭൗമികമായ ദർശനത്തിനു മുമ്പിൽ ഭയന്നുവിറയ്ക്കുകയും കമിഴ്ന്നുവീഴുകയും ചെയ്യുക ബൈബിളിൽ സാധാരണ കാണുന്ന ഒരു പ്രതികരണമാണ് (എസെ 1,28; ദാനി 8,18). ‘ഭയപ്പെടേണ്ടാ’ എന്ന വചനം ഈശോയിൽനിന്നു പല തവണ ശിഷ്യന്മാർ കേട്ടിട്ടുള്ളതാണ് (ലൂക്കാ 5,10; മത്താ 17,7). തുടർന്നുള്ള മൂന്നു വിശേഷണങ്ങൾ – ആദ്യനും അന്ത്യനും ജീവിക്കുന്നവനും- പഴയനിയമത്തിൽ ദൈവത്തിനു മാത്രം ഉപയോഗിക്കുന്നവയാണ് (ഏശ 44,6; 48,12). സർവ്വത്തിന്റെയും ഉറവിടവും ലക്ഷ്യവുമായവൻ ദൈവമാണ്. ഈ വിശേഷണം ദർശനത്തിൽ പ്രത്യക്ഷപ്പെടുന്ന മിശിഹായുടെ ദൈവത്വം വ്യക്തമാക്കുന്നു. താക്കോലുകൾ കൈവശമുണ്ടായിരിക്കുക അധികാര ത്തെ സൂചിപ്പിക്കുന്നു. താക്കോൽ കൈവശമുള്ളവന് ജീവിച്ചിരിക്കുന്നവരെ മരണത്തിനേല്പിച്ചു കൊടുക്കാനും മരിച്ചവരെ ജീവിപ്പിക്കാനും കഴിയും. ഈ അധികാരവും ഈശോയുടെ ദൈവികമായ ആധികാരികതയെ സൂചിപ്പിക്കുന്നു. ഉത്ഥിതനും വിധിയാളനുമായ മിശിഹായുടെ കൈയിലുള്ള ഏഴു നക്ഷത്രങ്ങൾ ഏഴു സഭകളുടെ അധികാരികളെ – മെത്രാന്മാരെ – സൂചിപ്പിക്കുമ്പോൾ, സഭകളിലുള്ള മിശിഹായുടെ സാന്നിദ്ധ്യവും സഭാധികാരികളുടെ പ്രബോധനത്തിലുള്ള ദൈവികമായ ആധികാരികതയും സൂചിപ്പിക്കുന്നു.
1. വെളിപാടു പുസ്തകത്തിലെ പ്രാരംഭ ആശംസയുടെ പ്രത്യേകതകൾ എന്തെല്ലാം?
2. ആമുഖദർശനത്തിൽ യോഹന്നാനുണ്ടായ ആത്മീയാനുഭവവും കുർബാനാനുഭവവും തമ്മിലുള്ള ബന്ധം എന്ത്?
3. ദീപപീഠങ്ങളുടെ മദ്ധ്യേയുള്ള മനുഷ്യപുത്രന്റെ സാന്നിദ്ധ്യം സഭയിലുള്ള മിശിഹായുടെ സാന്നിദ്ധ്യത്തെ എങ്ങനെ ഉദാഹരിക്കുന്നു?
4. മനുഷ്യപുത്രന്റെ അവതരണത്തിൽ മിശിഹായുടെ ഏതെല്ലാം സവിശേഷതകൾ കാണാം?