ഫ്‌ളാറ്റ് പൊളിക്കുന്ന നിയമങ്ങളും കുടുംബം പൊളിക്കുന്ന വിപ്ലവങ്ങളും

ഉദ്യോഗസ്ഥ രാഷ്ട്രീയ ഫ്‌ളാറ്റ് നിർമ്മാണ ലോബികളുടെ ആർത്തിയും അഴിമതിയും മൂലം ജീവിതകാലം മുഴുവനും അധ്വാനിച്ചു നേടിയ ഒരു ഫ്‌ളാറ്റെന്ന പലരുടെയും സ്വപ്നം വെറും കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയത് അതു പൊളിക്കാൻ വിധിച്ച കോടതിക്കു പോലും സങ്കടമായി. ഒരായുസ്സു മുഴുവനുമെടുത്തു കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ വെറും സെക്കന്റുകൾകൊണ്ടാണ് കോൺക്രീറ്റ് കഷണങ്ങളുടെ കൂമ്പാരമായത്. ഫ്‌ളാറ്റ് പണിയുന്നതും അതു വാങ്ങുന്നതും അതിൽ താമസിക്കുന്നതുമൊന്നും തെറ്റല്ല. അതെല്ലാം കാലഘട്ടത്തിന്റെ ആവശ്യവും വികസനത്തിന്റെ ഭാഗവുമാണ്. എന്നാൽ അത് പണിതപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ സ്വീകരിക്കേണ്ട മുൻകരുതലിന്റെ അഭാവവും പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ഗൗരവമായി പരിഗണിക്കാത്തതുമാണ് ഈ പൊളിക്കലിലും വലിയ സങ്കടത്തിലും കലാശിച്ചത്.

ചരിത്രത്തിൽ ഇതുപോലെ ചില അശ്രദ്ധയും മുൻകരുതലില്ലായ്മയുമാണ് കുടുംബത്തിന്റെ തകർച്ചയ്ക്കും കുടുംബമൂല്യങ്ങളുടെ ശോഷണത്തിനും കാരണമായതെന്നു പറയാനാണ് ഫ്‌ളാറ്റ് പൊളിക്കലിന്റെ കാര്യം പറഞ്ഞത്.
പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം സംഭവിച്ച ചില വിപ്ലവങ്ങൾ പലതും കാലഘട്ടത്തിന്റെ ആവശ്യവും വികസനത്തിന്റെ ഭാഗവുമാണെങ്കിലും അത് കുടുംബങ്ങളുടെമേൽ ഏല്പിച്ച ആഘാതം ഭീകരമായിപ്പോയി.
1. വ്യവസായ വിപ്ലവം
പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച വ്യവസായ വിപ്ലവം ഇപ്പോൾ അതിന്റെ നാലാം ഘട്ടത്തിൽ എത്തിയെന്ന് പറയാറുണ്ട് (FourthIndustrial Revolution). ആദ്യ രണ്ടു ഘട്ടത്തിലും ഉൽപാദനം വൻതോതിലാക്കാൻ വെള്ളവും ആവിയും വൈദ്യുതിയും ഉപയോഗിച്ചുള്ള യന്ത്രങ്ങളുടെ കണ്ടുപിടുത്തവും ഉൽപാദനമേഖലയുടെ കുതിച്ചുചാട്ടവും വ്യവസായങ്ങളും ഫാക്ടറികളും വർദ്ധിച്ചതും എല്ലാമാണെന്നു പറയാറുണ്ടല്ലോ. ആളുകളുടെ ജീവിത നിലവാരം വർദ്ധിച്ചതും രാജ്യങ്ങളുടെ, പ്രത്യേകിച്ച് യൂറോപ്പിലെയും അമേരിക്കയിലെയും, സാമ്പത്തിക നിലവാരം ഉയർന്നതും വ്യവസായ വിപ്ലവത്തി നു ശേഷമാണ്. ഭൗതികമായ ഈ മാറ്റത്തോടൊപ്പംതന്നെ മനുഷ്യന്റെ ജീവിതത്തിലും കാഴ്ചപ്പാടിലും ബന്ധങ്ങളിലും മാറ്റമുണ്ടായി.
ഭോഗപരത ഒരു ജീവിതശൈലിയായി മാറിയത് വ്യവസായ വിപ്ലവത്തിനുശേഷമാണ്. മനുഷ്യനു കൂടുതൽ ലാഭം കിട്ടാനും അതിനെക്കുറിച്ച് കാര്യമായി ചിന്തിക്കാനും തുടങ്ങി. ചെറിയ സമയംകൊണ്ട് ലോകം കാർഷിക കച്ചവട സംസ്‌ക്കാരത്തിൽ നിന്ന് വ്യവസായ നിർമ്മാണ ലോകത്തേയ്ക്ക് ചുവടുവച്ചു. യന്ത്രങ്ങളുടെ ഉപയോഗം ജീവിതം കൂടുതൽ എളുപ്പമാക്കി. സൗകര്യങ്ങളുടെയും പുരോഗതിയുടെയും നടുവിൽ കുടുംബങ്ങൾക്കും ബന്ധങ്ങൾക്കും കാര്യമായ മാറ്റം സംഭവിച്ചു. കുടുംബത്തിലെ പുരുഷൻ കൂടുതലായി ഓഫീസിലും ഫാക്ടറിയിലും വ്യവസായ
സ്ഥാപനങ്ങളിലും ജോലി ആരംഭിച്ചതിനാൽവീട്ടിൽ നിന്നും പുരയിടത്തിന്റെ പരിസരങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും അപ്രത്യക്ഷമാകാനും അകലാനും തുടങ്ങി. കുടുംബത്തിൽ കുട്ടികൾക്ക് അപ്പന്റെ സാന്നിധ്യം ലഭിക്കുന്നത് കുറഞ്ഞു. കുടുംബനാഥന്റെ സജീവസാന്നിധ്യം കുറഞ്ഞ കുടുംബങ്ങൾ ക്രമേണ ശക്തികുറഞ്ഞ കുടുംബങ്ങളായി. അപ്പന്റെ സാന്നിധ്യം ഇല്ലാത്ത കുടുംബങ്ങളിലെ കൗമാരക്കാരിൽ കുറ്റകൃത്യങ്ങൾ (പ്രത്യേകിച്ച് ആൺകുട്ടികളിൽ) വർദ്ധിക്കുന്നതായും, പെൺകുട്ടികളിൽ കൗമാരഗർഭധാരണവും വിവാഹപൂർവ്വ ബന്ധങ്ങളും വർദ്ധിക്കുകയും ചെയ്യുന്നതായും യൂറോപ്പിലെയും അമേരിക്കയിലെയും പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. വ്യവസായ വിപ്ലവത്തിനുശേഷം കമ്പനികൾ വളർന്നു ലാഭം പെരുകി. ലോകം സാമ്പത്തികമായി പുരോഗമിച്ചെങ്കിലും അതു കുടുംബങ്ങളെ ദോഷകരമായി ബാധിച്ചു. കുടുംബത്തിലെ അപ്പന്റെ അഭാവം കുടുംബത്തിന്റെയും വിവാഹത്തിന്റെയും കുഞ്ഞുങ്ങളുടെ ധാർമ്മികബോധത്തിന്റെയും നിശബ്ദകൊലയാളിയായി മാറാൻ ഈ വിപ്ലവാനന്തര മാറ്റങ്ങൾ കാരണമായി.
2. ലൈംഗിക വിപ്ലവം
ലൈംഗിക വിപ്ലവവും അമിതമായ സ്വകാര്യതാവാദവും വിവാഹത്തിലൂടെ സ്വയം സമർപ്പിക്കേണ്ടതിന്റെയും ദാനമായി നൽകേണ്ടതിന്റെയും പ്രാധാന്യം ആളുകളിൽ കുറയാനിടയായി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലൈംഗികപ്രവൃത്തികളെക്കുറിച്ചുള്ള പരമ്പരാഗതമായ ഒരു കാഴ്ചപ്പാട് ഇല്ലാതാക്കിയ പ്രതിഭാസമാണ് ലൈംഗിക വിപ്ലവം. വിവാഹത്തിലൂടെ കുടുംബത്തിനുള്ളിൽ പവിത്രമായി സ്‌നേഹിക്കാനും പ്രജനനത്തിനായും കണ്ടിരുന്ന ലൈംഗികബന്ധത്തെ അതിന്റെ ആധികാരിക ഇടമായ വിവാഹ-കുടുംബാന്തരീക്ഷത്തിനു പുറത്ത് വ്യക്തിയുടെ സ്വകാര്യ അവകാശമായും വെറും വിനോദമായും മാറ്റിയതാണ് ലൈംഗികവിപ്ലവം ചെയ്തത്. ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തം, ഭോഗസംസ്‌ക്കാരം, പോണോഗ്രഫിയുടെ അതിപ്രസരം, അതിലൂടെ ഉണ്ടായ ലൈംഗിക അരാജകത്വം തുടങ്ങി പല കാര്യങ്ങളാണ് ലൈംഗീക വിപ്ലവത്തിന്റെ ഫലമായി ഉയർന്നുവന്നത്. ഈ വിപ്ലവം നാലു തലങ്ങളിലാണ് കുടുംബത്തെ ബാധിച്ചത്.
a. ഗർഭധാരണം കൃത്രിമമായി നിയന്ത്രിക്കാനുള്ള സാഹചര്യം ഗർഭനിരോധന ഗുളികകളുടെ കണ്ടുപിടുത്തത്തോടെ സാധ്യമായത് സ്ത്രീകൾക്കു കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം ഉടലിനുമേൽ കൂടുതൽ അവകാശവും ലഭ്യമായതായി വ്യാഖ്യാനിക്കപ്പെട്ടു. യഥാർത്ഥത്തിൽ ഗർഭനിരോധന ഗുളികകളും പോണോഗ്രഫിയും പുരുഷനു സ്ത്രീശരീരത്തിനുമേൽ കൂടുതൽ സ്വാതന്ത്ര്യവും ആവേശവും ജനിപ്പിക്കാനാണിടയാക്കിയത്. സ്ത്രീ സ്വാതന്ത്ര്യത്തെക്കാൾപുരുഷ ന്റെ ക്രമരഹിതമായ ലൈംഗിക ആഗ്രഹങ്ങൾക്ക് ആധികാരികതയാണ് ഗർഭനിരോധന മാർഗ്ഗങ്ങളിലൂടെ ലഭിച്ചത്. ഈ വിപ്ലവം ശരീരത്തിന്റെയും ലൈംഗികതയുടെയും സ്വാതന്ത്ര്യമായി കരുതി സ്ത്രീകുടുംബത്തിനു പുറത്തു കൂടുതൽ വ്യാപരിക്കാനും അമ്മ, ഭാര്യ എന്നീ സ്ഥാനങ്ങൾ അവഗണിക്കാനും തുടങ്ങി. ഈ പ്രവണതകളെ സ്ത്രീ പുരുഷ തുല്യതയെന്നും സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീ വിമോചന വാദക്കാരും പുരോഗമന വാദികളും വ്യാഖ്യാനിച്ചു. സ്ത്രീ കുടുംബത്തിന്റെ പുറത്ത് കൂടുതൽ വ്യാപരിക്കുന്നത് കുട്ടികളുടെ വളർത്തലിനെയും കുടുംബത്തിന്റെ കെട്ടുറപ്പിനെയും ബാധിച്ചു. സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഒരുതരത്തിലുള്ള അപരിചിതത്വവും യാദൃഛികതയും ലൈംഗികബന്ധത്തെ വെറും വിനോദവും ക്ഷണിക സുഖവും നൽകുന്നതും മാത്രമാക്കി.
b). ബന്ധങ്ങളിലെ ഈ അനിശ്ചിതത്വം കൂടിത്താമസം പോലെയുള്ള (cohabitation) ശീലങ്ങൾക്ക് സാഹചര്യമൊരുക്കി. പരസ്പര സമർപ്പണമോ ഉത്തരവാദിത്വമോ ആലോചനയുള്ള തീരുമാനമോ ആവശ്യമില്ലാതെ താത്ക്കാലിക കൂടിത്താമ സം പുരോഗതിയുടെയും ആധുനിക സംസ്‌ക്കാരത്തിന്റെയും അടയാളപ്പെടുത്തലുകളായി. വിവാഹത്തിന് ആവശ്യമാ യ പരിശീലനമായിപ്പോലും കൂടിത്താമസം വ്യാഖ്യാനിക്കപ്പെട്ടു. അതേസമയം ശാശ്വതമല്ലാത്ത കൂടിത്താമസം ശാശ്വതവും പവിത്രവും പ്രതിബദ്ധതയുമുള്ള വിവാഹത്തിന് ഒരിക്കലും പകരമോ പരിശീലനമോ ആകില്ല എന്നതാണ് വർത്തമാനയാഥാർത്ഥ്യം.
c). വിവാഹമോചനമാണ് ലൈംഗിക വിപ്ലവത്തിന്റെ മറ്റൊരു സന്താനം. വിവാഹം ബാധ്യതയായും സ്വാതന്ത്ര്യത്തിന്റെ പരിമിതിയായും കുടുംബബന്ധങ്ങൾ ഭാരമായും ലൈംഗിക സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതായും കരുതി വിവാഹമോചനത്തിന്റെ സാധ്യതകൾ തേടുന്നവരുടെ എണ്ണം പെരുകി. വിവാഹമോചനത്തിലൂടെ കുട്ടികളുടെ വളർച്ചയും കുടുംബത്തിന്റെ കെട്ടുറപ്പും നഷ്ടപ്പെട്ടു.
d). വിവാഹിതരല്ലാത്ത അമ്മമാരും അപ്പനാരെന്നറിയാത്ത കുഞ്ഞുങ്ങളും ലൈംഗികവിപ്ലവത്തിന്റെ മറ്റ് ഉപോല്പന്നങ്ങളാണ്. അങ്ങനെ വ്യവസായ വിപ്ലവം അപ്പനെ കുടുംബത്തിൽ നിന്നകറ്റി കുടുംബം പൊളിച്ചെങ്കിൽ ലൈംഗികവിപ്ലവം സ്ത്രീയെ കുടുംബത്തിൽ നിന്നും വിവാഹത്തിൽ നിന്നും അകറ്റി കുടുംബം പൊളിച്ചുകൊണ്ടിരിക്കുന്നു.