ജീവൻ ദൈവദാനം

0
683

ഒരു കുഞ്ഞിനായി നീണ്ട പ്രാർത്ഥനയും പരിത്യാഗ പ്രവർത്തനങ്ങളുമായി കാലങ്ങൾ കാത്തിരുന്ന ദമ്പതികളെ തിരുവചനം ധാരാളം അവതരിപ്പിക്കുന്നുണ്ട്. അത് അബ്രാഹത്തിലും സാറായിലും തുടങ്ങി സഖറിയായിലും എലിസബത്തിലും എത്തി നില്ക്കുന്നു. ഇന്നും ഇപ്രകാരം നേർച്ചകാഴ്ചകളുമായി കണ്ണീരോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിനു ദമ്പതികൾ ഈ ഭൂമുഖത്തുണ്ട്. അവർക്കു മാത്രമല്ല മനഃസാക്ഷിയുള്ള ഏതൊരാൾക്കും ഹൃദയവേദനയുളവാക്കുന്ന വാർത്തയാണ് ‘വേൾഡോ മീറ്റേഴ്‌സ്’ എന്ന ഗവേഷണ ഏജൻസി ഈ ജനുവരി 2-ന് പുറത്തുവിട്ടിരിക്കുന്നത്. 2019-ൽ മാത്രം 4 കോടി 20 ലക്ഷം ഭ്രൂണഹത്യകളാണ് ഈ ലോകത്ത് നടന്നിരിക്കുന്നത്. ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ 19 ലക്ഷം ഗർഭഛിദ്രങ്ങൾ നടന്നുകഴിഞ്ഞുവത്രെ! ഇത് ലോകത്തു നടക്കുന്ന സ്വാഭാവിക മരണങ്ങളെക്കാൾ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ജീവൻ ദൈവത്തിന്റെ ദാനമാണ്. തിരുവചനം ഇത് വ്യക്തമായി പറയുന്നുണ്ട്. ”കർത്താവിന്റെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും” (സങ്കീ. 127,3). ഈ വലിയ ദൈവികസമ്മാനം നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കാൻ തയ്യാറാകുന്നവർ കർത്താവിനെ തന്നെയാണ് സ്വീകരിക്കുന്നത്. വചനം പറയുന്നു. ”ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു” (മത്താ. 18,5).
ക്രിസ്തീയത മാത്രമല്ല എല്ലാ മതങ്ങളും ജീവനെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇതു വെറും മതത്തിന്റെയും മതവിശ്വാസികളുടെയും മാത്രം കാര്യമല്ല. സംസ്‌കാരത്തിന്റെയും ധാർമ്മികതയുടെയും സാമ്പത്തികരംഗത്തിന്റെയും ഒക്കെ അടിത്തറകൂടിയാണ്. ജീവന്റെ സംസ്‌കാരത്തിലേക്കുള്ള തിരിച്ചുവരവ് പാശ്ചാത്യ ലോകത്തു കുറച്ചൊക്കെ കാണാൻ സാധിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനു മുൻകൈയെടുക്കുന്നുണ്ട് എന്നത് ആശാവഹമാണ്. ജനസംഖ്യാനിയന്ത്രണത്തിന്റെ ദുരന്തഫലങ്ങൾ യൂറോപ്യൻ രാജ്യങ്ങളും ആസ്‌ട്രേലിയയുമൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിൽശേഷിയുള്ള യുവജനങ്ങൾ ഇല്ലാതാവുന്നു. വൃദ്ധരുടെ എണ്ണം കൂടുന്നു. സാമ്പത്തികരംഗത്തെയും വികസന പ്രവർത്തനങ്ങളെയുമൊക്കെ അതു ഗൗരവതരമായി ബാധിക്കുന്നു. വിദേശ കുടിയേറ്റങ്ങൾ വർദ്ധിക്കുന്നു, ഇസ്ലാമിക അധിനിവേശം തന്നെയുണ്ടാകുന്നു. തദ്ദേശിയമായ സംസ്‌കാരവും പാരമ്പര്യവും മതാത്മകതയുമെല്ലാം വെല്ലുവിളി നേരിടുന്നു. സ്വന്തം ദേശത്ത് ഒരു ജനത ന്യൂനപക്ഷമായി പോകുന്നു എന്ന ദുരന്തത്തിലേയ്ക്കു കാര്യങ്ങൾ നീങ്ങുന്നു.
എന്നാൽ ചൈന പോലെയുള്ള രാജ്യങ്ങൾക്ക് ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്നു മുന്നേറാൻ സാധിക്കുന്നതിന്റെ പ്രധാനകാരണം അവരുടെ മാനവ വിഭവശേഷിയാണ്. അവരും കഠിനമായ ജനസംഖ്യാനിയന്ത്രണങ്ങൾ ഏർപ്പെടു
ത്തിയതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അതിനാൽ ഒരു ശിശു എന്ന നയത്തിൽ നിന്ന് അവർ പിന്നോക്കം പോകുന്നതായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും.
പക്ഷേ, ഇന്ത്യ ഇപ്പോഴും ജീവനു വിരുദ്ധമായ സമീപനങ്ങളുമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജനനനിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ ഇന്നു മുന്നേറിയതിനു കാരണം ഇന്ത്യയുടെ മാനവവിഭവശേഷിയാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലോകരാഷ്ട്രങ്ങളുടെ ദുരനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ കാലഹരണപ്പെട്ട നയങ്ങൾ വീണ്ടും തുടരുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കും. ജീവനെ നിരാകരിക്കുന്നതല്ല സംരക്ഷിക്കുന്നതാണ് പുരോഗതിയുടെ അടിസ്ഥാനം എന്നു ലോകത്തെ നിയന്ത്രിക്കുന്നവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മനുഷ്യാവകാശപ്രവർത്തകരുടെ മൗനമാണ് മറ്റൊരു ഗുരുതര വിഷയം. സാമൂഹിക, സാംസ്‌ക്കാരിക, മനുഷ്യാവകാശപ്രവർത്തകർ എല്ലാം തന്നെ പക്ഷപാതപരമായി പെരുമാറുന്നു എന്നത് ലോകവ്യാപകമായി ഉയരുന്ന ആരോപണമാണ്. ചിലരുടെ അവകാശങ്ങളെക്കാൾ ഉപരി അന്യായങ്ങൾക്കുവേണ്ടി വരെ നിലകൊള്ളാൻ ഇവർ തയ്യാറാണ്. എന്നാൽ യഥാർത്ഥത്തിൽ നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമാകുന്നതിൽ ഇവർ പരാജയപ്പെടുന്നു. സ്ത്രീസ്വാതന്ത്ര്യം, ഉഭയലിംഗക്കാരുടെ അവകാശങ്ങൾ, ലൈംഗിക സ്വാതന്ത്ര്യം, സ്വവർഗ്ഗപ്രേമികളുടെ അവകാശങ്ങൾ എന്നിവയ്ക്കുവേണ്ടി ഇവർ ശക്തമായി ശബ്ദമുയർത്താറുണ്ട്. എന്നാൽ ഗർഭസ്ഥശിശുക്കളുടെ അവകാശങ്ങൾക്കുവേണ്ടി ഇവരാരും തന്നെ ശബ്ദിക്കാറില്ല. ഓരോ ഭ്രൂണവും ഉരുവാകുന്ന നിമിഷം മുതൽ ഒരു മനുഷ്യ ജീവനാണ്. അത് കുടുംബജീവിതത്തിൽ ഉരുത്തിരിഞ്ഞതാണെങ്കിലും അവിഹിതമായി രൂപപ്പെട്ടതാണെങ്കിലും വൈകല്യങ്ങൾ ഉളവാകാൻ സാധ്യതയുള്ളതാണെങ്കിലും അല്ലെങ്കിലും ജീവൻ എന്ന നിലയിൽ സംരക്ഷിക്കപ്പെടുവാനും ശുശ്രൂഷിക്കപ്പെടുവാനും ഉള്ള എല്ലാ അവകാശവും അതിനുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് പൂർണ്ണ ആരോഗ്യത്തോടെ ജനിച്ചവരും വൈകല്യങ്ങളെ അതിജീവിച്ച് പൂർണ്ണ ആരോഗ്യമുള്ളവരേക്കാൾ മികവു പുലർത്തിയവരും ഒക്കെ ധാരാളമുണ്ട്.
ജീവൻ ദൈവത്തിന്റെ ദാനവും, ഓരോ ശിശുവിന്റെയും ജനനം ദൈവികപദ്ധതിയുടെ പൂർത്തീകരണവുമാണ്. അതിലുള്ള മനുഷ്യന്റെ കൈകടത്തൽ ഈ പദ്ധതികളെ തകിടംമറിക്കുന്നു. ഈ കൈകടത്തലുകൾക്കുള്ള ശിക്ഷ അതിന്റെ പരിണിതഫലങ്ങൾ തന്നെയാണ്. അനാഥമാകുന്ന വാർദ്ധക്യം, ചിതറിപ്പോകുന്ന കുടുംബങ്ങൾ, വിവാഹം നടക്കാതെ വിഷമിക്കുന്ന പുരുഷന്മാർ എന്നിവയെല്ലാം സന്താനനിയന്ത്രണത്തിന്റെ പരിണിതഫലങ്ങളാണ്. സ്വാർത്ഥതാല്പര്യങ്ങളും സ്വകാര്യസുഖങ്ങളും മാറ്റിവച്ച് ജീവനോടുള്ള തുറവ് പുതിയ തലമുറയിലെ മാതാപിതാക്കൾക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.