ഭാരതം: വൈവിധ്യത്തിന്റെ നാട്

കഴിഞ്ഞ വർഷാവസാനം രണ്ടു നിയമനിർമ്മാണങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. ഈ ജനുവരി 10 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിലായിക്കഴിഞ്ഞു. ഇതേക്കുറിച്ച് സമൂഹത്തിൽ വേണ്ടത്ര ചർച്ചകൾ നടന്നുവെന്ന് പറയാനാവില്ല. പലരും ഈ നീക്കങ്ങളെക്കുറിച്ച് പഠിച്ചിട്ടുണ്ടാവില്ല. പൗരത്വനിയമ ഭേദഗതി 2019 ഡിസംബർ 11 ന് പാസാക്കി 2020 ജനുവരി 10 മുതൽ നിയമം പ്രാബല്യത്തിലാവുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള നീക്കങ്ങൾ നമ്മുടെ സമൂഹത്തിലെ വിഭാഗീയ ചിന്തകളെ വളർത്താനേ ഇടയാക്കൂ.
വൈവിധ്യത്തിന്റെ നാട്
ഭാരതം എന്നും വൈവിധ്യത്തിന്റെ നാടായിരുന്നു; എത്രയോ ഭാഷകളാണ് ഇവിടെയുണ്ടായിരുന്നത്. എത്രയോ ചെറിയ രാജ്യങ്ങളുണ്ടായിരുന്നു! അതുപോലെതന്നെ വ്യത്യസ്തമായ ജീവിത ശൈലികളും ഇവിടെ നിലവിലിരുന്നു. ഒരു കേരളീയൻ സംസ്ഥാനത്തിന് പുറത്തേക്കിറങ്ങിയാൽ ആശയവിനിമയം നടത്താൻ ഏറെ ബുദ്ധിമുട്ടുണ്ടാവുമെന്നുള്ളത് മിക്കവരും അനുഭവിച്ചറിഞ്ഞിട്ടുള്ളത് ആണല്ലോ.
ബ്രിട്ടീഷുകാരുടെ ആധിപത്യം അവസാനിക്കുമ്പോൾ എങ്ങനെ ഒരു ഐക്യഭാരതമുണ്ടാകുമെന്ന് പലർക്കും സംശയമുണ്ടായിരുന്നു. ”സ്വതന്ത്ര തിരുവിതാംകൂർ” എന്ന ആശയംപോലും ഇവിടെ ചർച്ചാവിഷയമായിരുന്നല്ലോ. ഇതിനെയെല്ലാം അതിജീവിക്കാൻ ഗാന്ധിജിയും പട്ടേലും നെഹ്‌റുവും അംബേദ്കറുമെല്ലാമാണ് ഇടയാക്കിയത്. അവർ ഭാരതത്തെ മഹത്തായി കാണാനും ജനതയുടെ ബോധം വളർത്തിയെടുക്കാനും ഇടയാക്കി എന്നുവേണം പറയാൻ. ഈ ഐക്യബോധം ഊട്ടിയുറപ്പിച്ചത് നമ്മുടെ ഭരണഘടനയും ഭാരതത്തിന്റെ ഐക്യബോധം വളർത്തിയെടുത്ത രാഷ്ട്രീയക്കാരുമായിരുന്നു. ഭാരതത്തിലെ ക്രൈസ്തവർ ഈ ഐക്യത്തിനുവേണ്ടിയുള്ള നീക്കത്തിനാണ് പിൻബലം നൽകിയതെന്നത് നമുക്ക് അഭിമാനത്തോടെ ഓർമിക്കാവുന്ന കാര്യമാണ്.
നമ്മുടെ ഭരണഘടന നിർമ്മാണസമിതി ഈ ഐക്യത്തിന് ശരിയായ അടിത്തറപാകിയെന്നുള്ളത് അഭിമാനത്തോടെ പറയാവുന്നതാണ്. ഈ സമിതിയിലെ ക്രൈസ്തവർ ഈ ഐക്യത്തിനുവേണ്ടിയാണു നിലകൊണ്ടതും ശക്തമായി വാദിച്ചതും. വിശ്വാസങ്ങളിലും ഭാഷകളിലുമുള്ള വൈവിധ്യം വിഭാഗീയതയ്ക്ക് കളമൊരുക്കരുത് എന്നുള്ളതായിരുന്നു ക്രൈസ്തവരുടെ നിലപാടും. ചില ക്രൈസ്തവർസ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയത്തോട് യോജിച്ചെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെയുള്ള വാദഗതികളെ അംഗീകരിച്ചില്ല. ഏതായാലും എല്ലാവരുടെയും സഹകരണത്തോടെ ലോകപ്രശസ്തി നേടിയ ഈ ഭരണഘടന രൂപീകരിക്കാൻ നമുക്കുസാധിച്ചു. ഭാരതത്തിലെ വൈവിധ്യത്തെ നിഷേധിച്ചുകൊണ്ടല്ല അംഗീകരിച്ചുകൊണ്ടുതന്നെയാണ് നമ്മുടെ ഭരണഘടന രൂപപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ലോക നേതാക്കൾ പലരും നമ്മുടെ ഭരണഘടനയെ പുകഴ്ത്തി പറയാൻ ഇടയായത്. വൈവിധ്യത്തിലെ ഐക്യബോധമാണ് അതിന്റെ മുഖമുദ്ര.
ഭാഷാ, മത സ്വാതന്ത്ര്യങ്ങൾ
ഹിന്ദിയും ഇംഗ്ലീഷും രാഷ്ട്രഭാഷയായി അംഗീകരിച്ചെങ്കിലും മറ്റു ഭാഷകളുടെ സ്ഥാനം മറികടക്കാൻ ഭരണഘടന ശ്രമിച്ചില്ല. അങ്ങനെയൊരു നിലപാട് ഭരണഘടനയുടെ സ്വീകാര്യതക്ക് പിന്തുണയായി. പ്രാദേശികഭാഷകളുടെ വളർച്ചയും രാഷ്ട്രത്തിന്റെ പൊതു ഭാഷയും ഒന്നുപോലെ പരിപാലിക്കപ്പെടണം. വൈവിധ്യത്തിലെ ഐക്യമാണല്ലോ ഭാരതത്തിന്റെ മുഖമുദ്ര. അതുകൊണ്ട് പ്രാദേശിക ഭാഷകളുടെ വളർച്ചയ്ക്കായി ശ്രമിക്കുന്നത് രാഷ്ട്രഭാഷകളുടെ വളർച്ചയ്‌ക്കെന്നപോലെ ആവശ്യമാണ്. ഹിന്ദി മാതൃഭാഷയായ ചിലരിൽ നിന്നും പ്രാദേശിക ഭാഷകളെ നിരുത്സാഹപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായെന്നുവരാം. പക്ഷേ വൈവിധ്യത്തിലെ ഐക്യത്തിന്റെ മനോഹാരിത അങ്ങനെ നഷ്ടപ്പെടാൻ ഇടയാകരുത്. പ്രാദേശിക ഭാഷയ്ക്കുവേണ്ടി നിലകൊള്ളുന്നവരും രാഷ്ട്രത്തിന്റെ പൊതുഭാഷകളെ തള്ളിപ്പറയാൻ ഇടയാകരുത്.
നിർഭാഗ്യവശാൽ ഇന്ന് നിരീശ്വരത്വവും മതങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള പ്രവണതയും അന്താരാഷ്ട്രതലത്തിൽ നിലവിലുണ്ട്; വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം നൽകേണ്ട സാഹചര്യമാണ് ഇന്നു നിലനിൽക്കുന്നത്. ആഫ്രിക്കയിലെ നൈജീരിയ പോലെയുള്ള പല രാജ്യങ്ങളും ഇന്നു മത വിരുദ്ധതയുടെ രംഗങ്ങളായി മാറിയിട്ടുണ്ട്. അവിടെയെല്ലാം പലരും അധികാരത്തിലേറുന്നത് മതവിരുദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ടാണ്.
ഭാരതത്തിൽ മതസ്വാതന്ത്ര്യം
നമ്മുടെ ഭരണഘടന പൂർണ്ണമായും മതസ്വാതന്ത്ര്യം അംഗീകരിക്കുന്ന രേഖയാണ്. ആരാധനാലയങ്ങൾ നിർമിക്കാനും ഉപയോഗിക്കാനും മറ്റുപല സേവന രംഗങ്ങളിലും എല്ലാ മത വിഭാഗങ്ങൾക്കും അവകാശം ഉറപ്പാക്കുന്ന രേഖയാണ്. വിദ്യാലയങ്ങൾ നടത്താനും നമ്മുടെ വിദ്യാലയങ്ങളിലെ കത്തോലിക്കാ വിദ്യാർഥികൾക്ക്, മതബോധനം നൽകാനുമുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനല്കുന്ന കാര്യമാണ്.
പക്ഷേ ഇന്ന് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പ്രവർത്തനത്തിനു കടിഞ്ഞാണിടാനാണ് പല സർക്കാരുകളുംപല രീതിയിലും ശ്രമിക്കുന്നത്. വർഗീയവാദികൾ മറ്റു മതവിഭാഗങ്ങളുടെ പ്രവർത്തനവേദികൾ കുറയക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിൽ വർഗ്ഗസമര വാദികൾ നമ്മുടെ വിദ്യാഭ്യാസ അവകാശങ്ങൾ എങ്ങനെയും വെട്ടിച്ചുരുക്കലാണ് ലക്ഷ്യംവ യ്ക്കുന്നത്. കോടതികളുടെ ഇടപെടലുകൊണ്ടാണ് ഇവിടെ നമുക്കു പിടിച്ചുനിൽക്കാൻ സാധിക്കുന്നത്. പലസംസ്ഥാ നത്തും മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം കെടുത്താനാണ് രാഷ്ട്രീയക്കാർ നിരന്തരം ഇടപെടലുകൾ നടത്തുന്നത്.
ചുരുക്കത്തിൽ
ഭാരതത്തിലെ മതസ്വാതന്ത്ര്യം വെട്ടിച്ചുരുക്കുവാനുള്ള ശ്രമത്തിൽ ഇന്ന് വർഗീയവാദികളും വർഗ്ഗസമരവാദികളും ശ്രമിക്കുന്നു എന്നത് നാം തിരിച്ചറിയണം. പൗരത്വ നിയമ ഭേദഗതിയെ ഈ പശ്ചാത്തലത്തിലാണ് നാം മനസ്സിലാക്കേണ്ടത്. ഇങ്ങനെയുള്ള പല നീക്കങ്ങളെയും തിരിച്ചറിയാൻ നമുക്കു കഴിയണം. അത്തരത്തിലെ നീക്കങ്ങളെ മതസൗഹൃദമുള്ളവർ തിരിച്ചറിയാൻ ശ്രമിക്കണം. പ്രശ്‌നമുണ്ടെങ്കിൽ സ്വതന്ത്ര ചിന്തകളുള്ള മറ്റു മതവിശ്വാസികളും ചേർന്നു നേരിടണം.