സൗമാ റംബാ – വലിയ നോമ്പ്

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ, ആരാധനക്രമവത്സരത്തിലെ മൂന്നാമത്തെ കാലമാണ് സൗമാ റംബാ. ദനഹാക്കാലത്തിന്റെയും
ഉയിർപ്പുകാലത്തിന്റെയും ഇടയിൽ വരുന്ന ഏഴ് ആഴ്ചകളാണ് നോമ്പുകാലം.
മനുഷ്യരക്ഷയ്ക്കായി ഈ ലോകത്തിൽ അവതരിച്ച കർത്താവ് ഈശോമിശിഹായുടെ
പീഡാസഹനത്തിന്റെയും സ്ലീവാമരണത്തി
ന്റെയും ഓർമ്മയാചരണവും ആഘോഷ
വുമാണ് നോമ്പുകാലത്ത് നടക്കുന്നത്. മനുഷ്യന്റെ പാപപരിഹാരാർത്ഥമുള്ള മിശിഹായുടെ പീഡാസഹനങ്ങളും സ്ലീവാമരണവും; ഈ രഹസ്യങ്ങൾ അനുസ്മരിക്കുന്നതിനും അനുഭവിക്കുന്നതിനും ഉതകും വിധം വിശ്വാസികൾ തങ്ങളുടെ ആത്മാവും ശരീരവും ഉപവാസം എന്ന ദിവ്യ ഔഷധം വഴി ഒരുക്കുന്നതുമായ കാര്യങ്ങളാണ് ഈ കാലത്തിലെ യാമപ്രാർത്ഥനകളിൽ നാം പ്രാർത്ഥിക്കുകയും ആലപിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത്.
കർത്താവിന്റെ പീഡാസഹനവും സ്ലീവാ
മരണവും പരിശുദ്ധ കൂർബാനയിൽ
സീറോ മലബാർ സഭയുടെ പരി. കുർബാനയിൽ ഈശോയുടെ പീഡാസഹനവും മരണവും ഒന്നിലധികം തവണ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ്ദി വ്യരഹസ്യങ്ങളുടെ സംവഹിക്കൽ. ദിവ്യരഹസ്യ ഗീതത്തിന്റെ അവസരത്തിൽ കാർമ്മികൻ ബേസ്ഗസാകളിൽ നിന്നു ദിവ്യരഹസ്യങ്ങൾ സംവഹിച്ച് ബലിപീഠത്തിൽ പ്രതിഷ്ഠിക്കുന്നതായി നാം പരി. കുർബാനയിൽ കാണുന്നുണ്ട്. ബേസ്ഗസാകളിൽ നിന്ന് ദിവ്യരഹസ്യങ്ങൾ പ്രദക്ഷിണമായിബലിപീഠത്തിലേയ്ക്ക് കൊണ്ടുവരുന്നത് കർത്താവിന്റെ കാൽവരിയാത്രയുടെ അനുസ്മരണമാണ്.
ബലിപീഠത്തിങ്കൽ എത്തുന്ന കാർമ്മികൻ വലതുകൈയിൽ കാസയും ഇടതുകൈയിൽ പീലാസായും എടുത്ത് സ്ലീവാ ആകൃതിയിൽ ഉയർത്തിപ്പിടിച്ച് ഒരു പ്രാർത്ഥന ചൊല്ലുന്നുണ്ട്. ഈ പ്രവൃത്തി, കർത്താവിന്റെ സ്ലീവായെ അനുസ്മരിപ്പിക്കുന്നു; അവിടുത്തെ സ്ലീവാമരണത്തെയും. അതിനുശേഷം കാസയും പീലാസയും ശോശപ്പാകൊണ്ടു മൂടുന്നത് അവിടുത്തെ കബറടക്കത്തെയും സൂചിപ്പിക്കുന്നു.
നോമ്പുകാലം – ജീവിതനവീകരണത്തിന്റെ സമയം
നോമ്പുകാലത്ത് നമ്മൾ അനുഷ്ഠിക്കുന്ന ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും നമ്മുടെ ജീവിത നവീകരണത്തിനുവേണ്ടിയാണ്. ജീവിതം നവീകരിക്കപ്പെടുന്നില്ലായെങ്കിൽ ഈ അനുഷ്ഠാനങ്ങൾ കൊണ്ടുപ്രയോജനവുമില്ല. അതുകൊണ്ടാണ് ആരാധനാ സമൂഹം ഇങ്ങനെ ആലപിക്കുന്നത്:

തൃപ്തി വരുത്തും ഭോജ്യങ്ങൾ
വർജ്ജിച്ചാലും തിന്മകളിൽ
നിലനിന്നീടിൽ സോദരരേ,
ഉപവാസം ഫലമേകില്ല.
(നോമ്പുകാലം-ഒന്നാം വ്യാഴം-സപ്രാ)
നമ്മുടെ ജീവിതനവീകരണത്തിനുവേണ്ടിയാണ്        കർത്താവ് പീഡസഹിച്ച് കുരിശിൽ മരിച്ചതെങ്കിൽ, ആ ജീവിതനവീകരണത്തിനായുള്ള നമ്മുടെ സഹകരണം ആവശ്യമാണ്.
നമ്മുടെ മരണത്തിന്റെ ഓർമ്മ
കർത്താവിന്റെ സ്ലീവാമരണത്തെ അനുസ്മരിക്കുന്ന ഈ കാലം നമുക്കു വരാനിരിക്കുന്ന മരണത്തെയും ഓർമ്മിപ്പിക്കുന്നു. നോമ്പുകാലത്തെ ഒന്നാം വ്യാഴാഴ്ച ലെലിയായിൽ ഇങ്ങനെ നാം ആലപിക്കുന്നു:
നിതരാം അലസതയിൽ എന്നും പാപത്തിൻ വഴിയിൽ നീങ്ങിയ ഞാൻ വിധിതൻ ദിവസത്തിൽ നാഥാ, തിരുമുമ്പിൽ എങ്ങനെ നിന്നീടും? അലസത ഒഴിവാക്കി, പാപം വെടിഞ്ഞ്, ജാഗ്രതയോടെ കർത്താവിന്റെ വിധിദിവസം കാത്തുകഴിയാനുള്ള ആഹ്വാനമാണ് നോമ്പുകാലം നമുക്കു നൽകുന്നത്.