ഉപക്രമം
പതിനാറാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിലും ജ്വലിച്ചു നിന്ന മഹാ പ്രതിഭാശാലിയും പുണ്യചരിതനുമായിരുന്നു വിശുദ്ധ ഫ്രാൻസിസ് സെയിൽസ് (Saint Francis Sales). വി. ഫ്രാൻസിസ് സാലെസ്, വി. ഫ്രാൻസിസ് ദെ സാലസ് എന്നിങ്ങനെയും എഴുതാറുണ്ട്. വിശുദ്ധ ഫ്രാൻസിസിന്റെ വിശ്വാസതീക്ഷ്ണതയും സ്‌നേഹവും സൗമ്യതയും ആയിരക്കണക്കിനു പാഷണ്ഡികളെ തിരിയെ സഭയുടെ മടിത്തടത്തിലേക്ക് ആനയിച്ചു. മെത്രാനും പണ്ഡിതനും സാഹിത്യ
കാരനുമായ അദ്ദേഹം വലിയൊരു വേദപാരംഗതനുമാണ്.
ജനനം, വിദ്യാഭ്യാസം, ദൈവവിളി
പ്രൊട്ടസ്റ്റന്റു വിപ്ലവത്തിനുശേഷം നടന്ന ത്രെന്തോസ് (ട്രെന്റ്) സൂനഹദോസ് സമാപിച്ചിട്ട് അഞ്ചാം വർഷം – 1566-ൽ – ഫ്രാൻസിസ്, അന്നെസിക്കു സമീപം, കുലീനരും ഭക്തരുമായ മാതാപിതാക്കളിൽ നിന്നു ജനിച്ചു. പാരീസിലും പാദുവായിലും പഠിച്ചു. വിദ്യാർത്ഥിയായിരിക്കെ തന്നെ ഉജ്ജ്വലമായ ബുദ്ധിപ്രഭാവം അവൻ പ്രകടമാക്കി. മകനെ വലിയൊരു ഉദ്യോഗസ്ഥനായി കാണാനാണ് പിതാവ് ആഗ്രഹിച്ചത്. എന്നാൽ, 1592-ൽ ദൈവസേവനത്തിനായി ഫ്രാൻസിസ് ഒരു വൈദികനായിത്തീർന്നു. ഒരു കാൽവനിസ്റ്റ് ഇടവകയിലാണ് അദ്ദേഹം ശുശ്രൂഷ ആരംഭിച്ചത്. ജീവിതകാലം മുഴുവൻ വിശുദ്ധി പ്രസംഗിച്ച – വിശുദ്ധനായി ജീവിച്ച – അദ്ദേഹം എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.
പ്രവർത്തനം
സാവോയിലെ പ്രഭു തന്റെ സമീപത്തെ സഭയുടെ സമുദ്ധാരണം ആഗ്രഹിച്ചപ്പോൾ ഫാദർ ഫ്രാൻസിസ് ആ ജോലി ഏറ്റെടുത്തു. തന്റെ ബൈബിളും പ്രാർത്ഥനാ പുസ്തകവുമായി കാൽനടയായിട്ടാണ് അദ്ദേഹം സഞ്ചരിച്ചത്. ക്ലേശകരമായ യാത്ര! പട്ടിണിയും അപകടങ്ങളും നേരിടേണ്ടി വന്ന പ്രവർത്തനം. അദ്ദേഹത്തിന്റെ കസിൻ ലൂയി സെയിൽസ് സന്തതസഹചാരിയായിരുന്നു. എല്ലാ ഭവനകവാടങ്ങളും ഹൃദയകവാടങ്ങളും അദ്ദേഹത്തിനെതിരെ അടയ്ക്കപ്പെട്ടു. എന്നിട്ടും വിശുദ്ധൻ കുലുങ്ങിയില്ല. അചിരേണ, അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ ആത്മീയമായ ഒരു നവവസന്തം പൊട്ടി വിരിഞ്ഞു. 72,000 കാൽവിനിസ്റ്റുകളെയാണ് അദ്ദേഹം മാനസാന്തരപ്പെടുത്തിയത്. സ്‌നേഹാർദ്രമായ പെരുമാറ്റവും മധുരവചസ്സുകളും കൊണ്ടാണ് അദ്ദേഹം ഈ വിജയം നേടിയത്. മാർപ്പാപ്പാ അദ്ദേഹത്തെ ജനീവായിലെ (Geneva) ബിഷപ്പായി നിയമിച്ചു. 1602-ൽ വിശുദ്ധൻ സ്ഥാനമേറ്റു.
പാഷണ്ഡികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹാർദ്രവും മധുരോദാരവുമായ പെരു
മാറ്റം കണ്ട് ”ഉതപ്പ്” തോന്നിയ കുറേ ഭക്തർ ഇങ്ങനെയാണു പ്രതികരിച്ചത്: ”ഫ്രാൻസിസ് സെയിൽസ് സ്വർഗ്ഗത്തിൽ പോകും. എന്നാൽ ജനീവയിലെ മെത്രാന്റെ കാര്യം സംശയത്തിലാണ്. ” ഈ കമന്റിന് വിശുദ്ധൻ ഇങ്ങനെ മറുപടി നൽകി: ”പിതാവായ ദൈവം സ്‌നേഹമാണ്, കരുണാമയനാണ്; പുത്രനായ ദൈവം ശാന്തതയുള്ള ആട്ടിൻകുട്ടിയാണ്; പരിശുദ്ധാത്മാവായ ദൈവം പ്രാവാണ്, ശാന്തത തന്നെ. നിങ്ങൾ ദൈവത്തേക്കാൾ ജ്ഞാനികളാണോ?” ശാന്തനായ മെത്രാൻ വഞ്ചിക്കപ്പെട്ടു എന്നു പറഞ്ഞവരോട് അദ്ദേഹം പ്രതിവചിച്ചു: ”കാർക്കശ്യം കൊണ്ട് എന്നതിനേക്കാൾ ശാന്തതകൊണ്ടു വരുന്ന തെറ്റിന് ഉത്തരം പറയുകയാണ് എനിക്ക് എളുപ്പം. ഒരു തുള്ളി തേൻകൊണ്ട് ഒരു ജാർ നിറയെ വിനാഗിരി കൊണ്ടെന്ന തിനേക്കാൾ കൂടുതൽ ഈച്ചകളെ പിടിക്കാനാവും.”
ദരിദ്രനെങ്കിലും ബിഷപ്പ് ഫ്രാൻസിസ് സഹായങ്ങളും പദവികളും നിരസിച്ചു. പാരീസിലെ മഹാമെത്രാസനം അദ്ദേഹത്തിനു വച്ചുനീട്ടിയെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല.
വിശുദ്ധ ജെയിൻ ഫ്രാൻസെസ് ഷന്താളിന്റെ സഹകരണത്തോടെ അദ്ദേഹം വിസിറ്റേഷൻ സഭ സ്ഥാപിച്ചു. അത് അതിവേഗം യൂറോപ്പിലെങ്ങും വ്യാപിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധിക്ക് ഈ സഭ സാക്ഷ്യം വഹിച്ചു. വിസിറ്റേഷൻ സഭ ഇന്നും ലോകമെമ്പാടും സജീവവും പ്രവർത്തനനിരതവുമാണ്. ഫ്രഞ്ചുസാഹിത്യത്തിലെ ശ്രദ്ധേയനായ ഫ്രാൻസിസ് നിരന്തരം എഴുതിക്കൊണ്ടിരുന്നു. സഭയിലെ വേദപാരംഗതരുടെ മധ്യേ അദ്ദേഹത്തിനു സുപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.
ചരമം
1622-ൽ അവിഞ്ഞോണിൽ (Avignon) വച്ചായിരുന്നു വിശുദ്ധന്റെ ചരമം. രോഗിലേപനം സ്വീകരിച്ചശേഷം ആ പുണ്യാത്മാവ് ഉരുവിട്ട വാക്കുകൾ കേട്ടാലും:
”എന്റെ ഹൃദയമേ, എന്റെ ശരീരമേ, സജീവനായ ദൈവത്തിൽ ആനന്ദിക്കുക. അനവരതം കർത്താവിന്റെ സ്തുതികൾ ഞാൻ പാടും. എന്നു ഞാൻ അങ്ങയുടെ മുമ്പിൽ നില്ക്കും? എന്റെ പ്രിയനേ, അങ്ങ് എവിടെ വസിക്കുന്നു?” ഒരു മിസ്റ്റിക്കിന്റെ സ്വരമാണ് ഈ വാക്കുകളിൽ ധ്വനിക്കുന്നത്.
ഉപസംഹാരം
”സഹനം കൂടാതെ വിശുദ്ധിയില്ല” എന്ന വിശുദ്ധ ഫ്രാൻസിസിന്റെ വാക്കുകൾ നമുക്ക് ഓർത്തിരിക്കാം. ജീവിതത്തിലെ ക്ലേശങ്ങളിലും പ്രതിസന്ധികളിലും ദൈവം നമ്മോടൊപ്പമുണ്ട് എന്ന ഉറച്ച വിശവാസത്തോടെ വിശുദ്ധിയുടെ പാതയിൽ മുന്നേറാം. വിശുദ്ധ ഫ്രാൻസിസ് സദാ ശാന്തനും പ്രസന്നനുമായിരുന്നു. ഇരുപതുകൊല്ലം കൊണ്ടാണ് അദ്ദേഹം തന്റെ മുൻകോപത്തെ കീഴടക്കിയത്.
വി. കാർഡിനൽ ന്യൂമാനോടൊപ്പം നമുക്കും പറയാം: “I do not ask to see the distant scene, one step enough for me.’’