ലിറ്റർജി വിശ്വാസജീവിതത്തിന്റെ കേന്ദ്രവും സഭയുടെ ഊർജ്ജസ്രോതസ്സും

പഞ്ചവത്സര അജപാലന പദ്ധതി മൂന്നാം വർഷത്തിന്റെ ഊന്നലുകളെയും ആഭിമുഖ്യങ്ങളെയും കുറിച്ച് അഭിവന്ദ്യ പിതാവ് സംസാരിക്കുന്നു.
ലിറ്റർജി സഭയുടെ അത്യുൽക്കൃഷ്ട പ്രവൃത്തി
പ്രാദേശിക സഭയായ അതിരൂപതയെ എല്ലാ തലങ്ങളിലും സജീവവും സഭാത്മകവുമാക്കാൻ അതിരൂപതാംഗങ്ങളെല്ലാവരും ഒന്നുചേർന്ന് തീക്ഷ്ണതയോടും ഉത്സാഹത്തോടും കൂടി പരിശ്രമിക്കുക എന്നതാണ് പഞ്ചവത്സര അജപാലനപദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ആദ്യവർഷം നമ്മുടെ സഭയെ കൂടുതൽ അറിയാനുള്ള പരിശ്രമമാണ് നമ്മൾ നടത്തിയത്; അതുവഴി സഭയെ കൂടുതൽ സ്‌നേഹിക്കാനും. രണ്ടാം വർഷം ദൈവം വെളിപ്പെടുത്തിയ സത്യങ്ങളെ, ദൈവവചനത്തെ, വിശുദ്ധ ഗ്രന്ഥത്തിലൂടെയും വിശുദ്ധപാരമ്പര്യത്തിലൂടെയും മനസ്സിലാക്കാൻ ശ്രമിച്ചു വചനം നമ്മൂടെ പാദങ്ങൾക്കു വിളക്കുംവഴികളിൽ പ്രകാശവുമാണ്. സഭയെ അറിഞ്ഞ്
സ്‌നേഹിക്കുന്നതും വചനസന്ദേശം ആഴത്തിൽ ഉൾക്കൊള്ളുന്നതും ദൈവാരാധന
യിലേക്കാണ് നമ്മെ നയിക്കുക. ആരാധനക്രമത്തിന്റെ ശരിയായ ആഘോഷമാണ് ആഴ മുള്ളതും സഭാത്മകവുമായ ആദ്ധ്യാത്മികജീവിതത്തിന്റെ അടിത്തറ. സഭാത്മകത അതിന്റെ പൂർണ്ണതയിലെത്തുന്നത് ദൈവാരാധനയിലാണ്. സഭ അടിസ്ഥാനപരമായി ഒരു ആരാധാനാസമൂഹമാണ്. സഭയുടെ ഏറ്റവും ഉൽക്കൃഷ്ടവും ഫലദായകവുമായ പ്രവൃത്തിയാണ് ലിറ്റർജി. സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ശക്തിശ്രോതസ്സ് ലിറ്റർജിയാണ്. സഭയോടൊത്ത് ചിന്തിക്കാനും ജീവിക്കാനും പ്രവർത്തിക്കാനുമുള്ള പരിശീലനവും ബോദ്ധ്യവും നമുക്കു ലഭിക്കുന്നതും ലിറ്റർജിയിലാണ്. ലിറ്റർജിയിലുള്ള പങ്കാളിത്തമാണ് നമ്മുടെ വിശ്വാസജീവി തത്തിന്റെ ഉരകല്ല്. അതിനാൽ ലിറ്റർജിയെക്കുറിച്ച് ശരിയായ അറിവു നേടുകയും ലിറ്റർജി പൂർണ്ണമായി അനുഷ്ഠിക്കുകയും വേണം.
പൗരസ്ത്യ സഭാപാരമ്പര്യത്തിന്റെ പ്രാധാന്യം
വിശ്വാസികൾ തങ്ങളുടെ മാതൃസഭയുടെ ആരാധനക്രമത്തെ ആത്മാർത്ഥമായി സ്‌നേഹിക്കുകുയും ഭക്ത്യാദരവുകളോടെ ആചരിക്കുകയും സംരക്ഷിക്കുകയും വേണമെന്നാണ് തിരുസ്സഭയുടെ നിയമവും പ്രബോധനവും. തെറ്റുകൂടാതെയും എല്ലാ ഘടകങ്ങളും ഉൾക്കൊണ്ടും വിശ്വാസികൾ ദൈവാരാധന നടത്തുന്നതിനുള്ള രൂപരേഖയും വഴികാട്ടിയുമാണ് സഭയുടെ ആരാധനാവത്സരം. സഭയുടെ ചിന്തയും ജീവിതവും എങ്ങനെയെന്നും, സഭാപ്രവർത്തനങ്ങളുടെ ചൈതന്യവും ലക്ഷ്യവുമെന്തെന്നും ആരാധനാവത്സരം നമ്മെ പഠിപ്പിക്കുന്നു. ചുരുക്കത്തിൽ ആരാധനാവത്സരം നമ്മുടെ വിശ്വാസജീവിതത്തിന് ഏറ്റവും ഉത്തമമായ വഴികാട്ടിയാണ്.
വളരെ പ്രാധാന്യമർഹിക്കുന്ന ചില ഘടകങ്ങൾ പൗരസ്ത്യസഭാപാരമ്പര്യത്തിലു ണ്ടെന്ന് കിഴക്കിന്റെ വെളിച്ചം എന്ന തന്റെ ശ്ലൈഹികലേഖനത്തിൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പഠിപ്പിക്കുന്നു. സഭ ജന്മംകൊണ്ട പശ്ചാത്തലം ഒരുക്കപ്പെട്ടത് പൗരസ്ത്യദേശത്താണ്. ലിറ്റർജിയുടെ ആഘോഷത്തിൽ ദൈവികമായ രഹസ്യാത്മകത ആഴത്തിൽ അനുഭവിക്കുന്നവരാണ് പൗരസ്ത്യർ. ദൈവാലയഘടനയിലൂടെയും ലിറ്റർജിയുടെ ദീർഘമായ ആഘോഷങ്ങളിലൂടെയും
പ്രാർത്ഥനയിലെ ആവർത്തനങ്ങളിലൂടെയുമൊക്കെ ആഘോഷിക്കപ്പെടുന്ന ദിവ്യരഹസ്യങ്ങളുമായി പടിപടിയായി താദാത്മ്യപ്പെടുന്ന അനുഭവമാണുണ്ടാകുന്നത്.
പൗരസ്ത്യസഭകളിലെ ആരാധനക്രമതത്ത്വങ്ങളെയും നിയമങ്ങളെയും സംബന്ധിച്ച കാര്യങ്ങൾ രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം, സഭൈക്യം, പൗരസ്ത്യസഭകൾ എന്നീ പ്രമാണരേഖകളിലും, പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള കാനോൻ സംഹിതയിലും കാണാൻ കഴിയും. പൗരസ്ത്യ സഭകളുടെ സവിശേഷവും വൈവിധ്യമാർന്നതുമായ പാരമ്പര്യങ്ങളുടെ അന്യാധീനപ്പെടുത്താനാവാത്ത മൂല്യത്തെ ഈ രേഖകൾ ഏറെ പ്രശംസിക്കുന്നുണ്ട്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയം പൗരസ്ത്യസഭകൾക്കുവേണ്ടി ഇപ്രകാരമൊരു ഉദ്‌ബോധനം (Instruction 1996) നൽകിയിരിക്കുന്നത് പൗരസ്ത്യസഭകൾതന്നെ തങ്ങളുടെ തനിമ പൂർണ്ണമായി മനസ്സിലാക്കുന്നതിന് അവരെ സഹായിക്കുവാനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് (Instruction, 5). ഉദ്‌ബോധനത്തിന്റെ ലക്ഷ്യങ്ങളായി നൽകിയിരിക്കുന്ന ചില കാര്യ
ങ്ങൾ താഴെ ചേർക്കുന്നു:
1. പൗരസ്ത്യ പാരമ്പര്യങ്ങളുടെ വിപുലമായ ആത്മീയസമ്പത്തിനെക്കുറിച്ച് ഈ സഭകൾക്കുതന്നെ കൂടുതൽ ആഴമായ അറിവു നൽകുകയും ഈ പാരമ്പര്യങ്ങൾ കരുതലോടെ നിലനിർത്തുകയും എല്ലാ വിശ്വാസികളിലേക്കും ഈ അറിവ്പ കരുകയും ചെയ്യുക.
2. എല്ലാ പൗരസ്ത്യകത്തോലിക്കാ സഭകൾക്കും പ്രസക്തമായ ആരാധനക്രമനിയ
മങ്ങളുടെ സംഗ്രഹം തയ്യാറാക്കുകയും, ശ്ലീഹന്മാരിൽനിന്ന് സഭാപിതാക്കന്മാർ
വഴി ഓരോ പൗരസ്ത്യസഭയ്ക്കും അവകാശമായി ലഭിച്ചിട്ടുള്ള പാരമ്പര്യത്തിനനു
സരിച്ച്, ആവശ്യമുള്ളിടത്ത് പൗരസ്ത്യ ആരാധനക്രമത്തിന്റെ ആധികാരികത വീണ്ടെടുക്കുക.
3. ദിവ്യരഹസ്യാധിഷ്ഠിതബോധനം നൽകുന്ന സ്‌കൂളുകൾവഴി വൈദികർക്കും വൈദികാർത്ഥികൾക്കും പരിശീലനസ്ഥാപനങ്ങൾക്കും ദൈവജനത്തിനുംവേണ്ടി സുസ്ഥിരമായ ആരാധനക്രമപരിശീലനസംവിധാനം ഏർപ്പെടുത്തുക (n.5).
പൗരസ്ത്യസഭകളുടെ പ്രത്യേകമായ പൈതൃകം അന്യാധീനപ്പെടുത്താൻ പാടില്ലാത്ത മൂല്യമാണെന്ന് വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളും പൗരസ്ത്യ കാനോൻസംഹിതയും സഭയുടെ പ്രബോധനാധികാരത്തിൽനിന്ന് ആവർത്തിച്ചു നൽകിയിട്ടുള്ള ആധികാരിക പ്രഖ്യാപനങ്ങളും വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരസ്ത്യസഭകൾക്ക് തങ്ങളുടേതായ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും ആരാധനക്രമവും ശിക്ഷണക്രമവും ഉണ്ടെന്നും, ഈ പാരമ്പര്യം സാർവ്വത്രികസഭ
യുടെ അവിഭാജ്യവും ദൈവാവിഷ്‌കൃതവുമായ പിതൃസ്വത്തിന്റെ ഭാഗമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു (LG 23, OE 1).
പൗരസ്ത്യസഭാപൈതൃകത്തിന്റെ ചില സവിശേഷതകൾ
ബൈബിളിലെ പ്രതീകാത്മകത പൗരസ്ത്യദൈവശാസ്ത്രത്തിൽ നിലനിർത്തിയിരി
ക്കുന്നു. ലിറ്റർജിയുടെ ആഘോഷത്തിൽ അവാച്യവും ഭയഭക്തിജനകവുമായ ദിവ്യരഹസ്യാത്മകത (Mystery) നിറഞ്ഞുനില്ക്കുന്നു. സമ്പന്നവും അർത്ഥവത്തുമായ ശൈലികളിലൂടെ പ്രാർത്ഥനയിലുടനീളം ഒരു ആരാധനാഭാവം പുലർത്തുന്നുണ്ട് പൗരസ്ത്യസഭകൾ. ഉദാഹരണത്തിന്, വിരാമമില്ലാത്ത ദൈവസ്തുതികൾ, മാപ്പപേക്ഷ, തുടർച്ചയായ റൂഹാക്ഷണം തുടങ്ങിയവ. വിശുദ്ധ ലിഖിതങ്ങളിൽനിന്ന് നേരിട്ട് സ്വായത്തമാക്കുന്ന ഒരു ആദ്ധ്യാത്മികതയാണ് തങ്ങളുടേതെന്ന് പൗരസ്ത്യസഭകൾ അഭിമാനംകൊള്ളുന്നു.
പൗരസ്ത്യസഭകളുടെ അമൂല്യനിധികൾ പുഷ്ടിപ്പെടണമെന്നും ലോകത്തിന്റെ സുവി
ശേഷവല്ക്കരണത്തിന് കൂടുതൽ കൂടുതൽ കാര്യക്ഷമതയോടെ അവ പ്രയോജന പ്പെടുത്തണമെന്നുമുള്ള ആഗ്രഹത്തോടെ വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു, പൗരസ്ത്യസഭകളിലെ അംഗങ്ങൾക്ക് തങ്ങളുടെ സഭാപൈതൃകം എന്തെന്ന് അറിയാനും അത് സംരക്ഷിക്കാനും ജീവിക്കാനും അവകാശവും ചുമതലയുമുണ്ടെന്ന് (OE, 6). പൗരസ്ത്യറീത്തുകാരായ വിശ്വാസികളെ തങ്ങളുടെ സഭയിൽ നിന്നകറ്റുന്ന ഏതു ശ്രമത്തെയും കുറ്റകരമെന്നു വിധിക്കുന്നതാണ് കൗൺസിലിന്റെ ഈ ഉദ്‌ബോധനം.
പൗരസ്ത്യസഭാപൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും പൗരസ്ത്യരായ അജപാലകർക്കു മാത്രമല്ല, ഈ പ്രദേശങ്ങളിലെ ലത്തീൻ അജപാലകർക്കും ചുമതലയുണ്ടെന്ന് റോമൻ പ്രബോധനം പ്രസ്താവിക്കുന്നു. കാരണം, മിശിഹായുടെ സഭയുടെ വൈവിധ്യമാർന്ന സമ്പന്നതയെ പൗരസ്ത്യസഭാംഗങ്ങളുടെ സാന്നിദ്ധ്യം വിസ്മയകരമായ രീതിയിൽ വെളിപ്പെടുത്തുന്നു (n. 10).
ആദ്ധ്യാത്മിക പിതൃസ്വത്തിന്റെ സംരക്ഷണം
പൗരസ്ത്യസഭകൾ തങ്ങളുടെ നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കണമെന്നും ജീവാത്മകമായ വളർച്ചയ്ക്കു വേണ്ടിയല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്തരുതെന്നും, അവയിൽ നിന്ന് വ്യതിചലിച്ചു പോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിച്ചുവരാൻ പ്രയത്‌നി ക്കണമെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (OE 6 ). പൗരസ്ത്യ സഭാ പാരമ്പര്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ശ്ലൈഹിക സിംഹാസനത്തിന്റെ ശക്തമായ നിലപാടാണ് കൗൺസിലിന്റെ ഈ ആഹ്വാനം വെളിപ്പെടുത്തുന്നതെന്നും, പൗരസ്ത്യ സഭകൾ തങ്ങളുടെ ആധികാരികമായ പാരമ്പര്യങ്ങളും തനിമയും വീണ്ടെടുക്കുവാനുള്ള ധൈര്യം കാണിക്കണമെന്നും ആവശ്യമുള്ളിടത്ത് അവ പുന: സ്ഥാപിക്കണമെന്നും വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഉദ്‌ബോധിപ്പിക്കു കയുണ്ടായി (പ്രബോധനം, 12).
ലിറ്റർജിയുടെ സവിശേഷപ്രാധാന്യം
സഭയുടെ ആത്മീയ പിതൃസ്വത്തിന്റെ ഏറ്റവും ഉന്നതമായ പ്രകാശനമാണ് ലിറ്റർജി. ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും ശിക്ഷണക്രമവുമെല്ലാം ഈ പിതൃസ്വത്തിന്റെ ഇതര ഘടകങ്ങളാണ്. അവയോട് അവിഭാജ്യമായി ബന്ധപ്പെട്ടാണ് പൗരസ്ത്യപാരമ്പര്യത്തിൽ ലിറ്റർജിയുടെ ആഘോഷം അവയെ മാറ്റി നിർത്തിയല്ല ലിറ്റർജിയുടെ അനുഷ്ടാനം. ലിറ്റർജി ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും ഉച്ച
കോടിയുമാണ്. പൗരസ്ത്യസഭകൾ സവിശേഷമായ രീതിയിൽ ഇത് അന്വർത്ഥമാക്കിയിരിക്കുന്നു.
സഭാപിതാക്കന്മാരുടെ കാലത്തെ സഭയുടെ ചൈതന്യം പൗരസ്ത്യ സഭകൾ സംരക്ഷിച്ചിരുന്നു. വിശ്വാസപരിശീലനവും മതബോധനവും ലിറ്റർജിയോടു ബന്ധപ്പെട്ടാണ് നടന്നിരുന്നത്; വിശുദ്ധ ലിഖിതം പ്രഘോഷിക്കപ്പെട്ടതും വ്യാഖ്യാനിക്കപ്പെട്ടതും അങ്ങനെ തന്നെ. മാമ്മോദീസാർത്ഥികളെയും അനുതാപി
കളെയും കൂദാശാ സ്വീകരണത്തിനായി ഒരുക്കിയിരുന്നതും ലിറ്റർജിയുടെ പശ്ചാത്തലത്തിലായിരുന്നു. ചുരുക്കത്തിൽ സഭയുടെ ജീവിതം മുഴുവൻ ലിറ്റർജിയിൽ സംക്ഷേപിച്ചിരിക്കുകയാണെന്നു പറയാം. ഈ മാതൃകയാണ് ഇന്നും പൗരസ്ത്യസഭകൾക്ക് പ്രചോദനം. വിശ്വാസികളുടെ രൂപീകരണത്തിന്റെ ദിവ്യരഹസ്യാധിഷ്ടിത സമീപനമാണിത്. അതായത്, ലിറ്റർജിയിൽ നിന്നാണ് മിശിഹായിലുള്ള ജീവിതം വളർന്നു മുന്നേറുന്നത് (പ്രബോധനം, 15)
ഉപസംഹാരം
ലിറ്റർജിയിൽ ആഘോഷിക്കപ്പെടുന്ന ദൈവികരഹസ്യങ്ങളെ ധ്യാനിക്കുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നതിന്റെ പ്രകാശനങ്ങളാണ് ദൈവസ്തുതികൾ, അത്ഭുതകരമായ രക്ഷാ സംഭവങ്ങളുടെ അനുസ്മരണം, നന്ദി പ്രകാശനം, റൂഹാക്ഷണം, അവർണനീയമായ ദൈവിക യാഥാർത്ഥ്യങ്ങളുടെ മുമ്പിൽ സ്വന്തം അയോഗ്യതയേയും പരിമിതിയേയും കുറിച്ചുള്ള അവബോധം, ഭയഭക്തിജനകമായ ദിവ്യരഹസ്യങ്ങളുടെ സാമീപ്യം ഉളവാക്കുന്ന അപര്യാപ്തതാബോധം, വിനീതമായ ആരാധനാഭാവം തുടങ്ങിയവ. ഇവയൊക്കെ പ്രകാശിപ്പിക്കാൻ ഉതകുന്ന ഭാഷാശൈലിയും, ലിറ്റർജിയുടെ ആഘോഷവേദിയായ മദ്ബഹായെ ഭക്ത്യാദരവോടെ സമീപിക്കുന്നതും, വിശുദ്ധസ്ഥലത്തെ വിരികൊണ്ട് വേർ തിരിക്കുന്നതുമെല്ലാം ലിറ്റർജിയുടെ ആഘോഷത്തിൽ ഉൾച്ചേർന്നിരിക്കുന്നു.
പൗരസ്ത്യസഭകളിൽ പ്രാർത്ഥന ശക്തമായും സമൂഹാത്മകമാണ്. ദൈവത്തിൽ ആശ്രയം തേടാൻ വിശ്വാസികളെ ലിറ്റർജി ആനയിക്കുമ്പോഴും ജനങ്ങളുമായി ഐക്യപ്പെട്ടിരിക്കാനും ആഹ്വാനം ചെയ്യുന്നു. അങ്ങനെ എല്ലാവരും തങ്ങളുടെ പദവിക്കനുസരിച്ച് ലിറ്റർജിയുടെ ആഘോഷത്തിൽ പങ്കാളികളാകുന്നു.
പൗരസ്ത്യസഭകളിൽ ലിറ്റർജിക്കുള്ള അനന്യസ്ഥാനത്തെ ഏറെ ആദരവോടെയാണ് തിരുസ്സഭ വീക്ഷിക്കുന്നത്. അതിന്റെ സമ്പന്നത സഭയ്ക്കു നഷ്ടമാകാതിരിക്കാനുള്ള പ്രബോധനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും, നിയമങ്ങളും സഭ നൽകിയിരിക്കുന്നു. പാരമ്പര്യങ്ങളും തനിമയും നഷ്ടപ്പെട്ടിട്ടുള്ള പൗരസ്ത്യസഭകൾ അവ വീണ്ടെടുക്കണമെന്ന് ആഹ്വാനംചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടു ത്തുവേണം നമ്മൾ ലിറ്റർജിയെ കേന്ദ്രീകരിച്ചുള്ള പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം വർഷം ആചരിക്കാൻ തിരുസ്സഭാധികാരികളുടെ വ്യക്തവും ശക്തവുമായ പ്രബോധനങ്ങളെ അവഗണിച്ചും, തിരസ്‌കരിച്ചും, അവമതിച്ചും, പൗരസ്ത്യസഭാ പാരമ്പര്യത്തെ, പ്രത്യേകിച്ച് നമ്മുടെ ആരാധനക്രമത്തെ അധിക്ഷേപിക്കുകയും, അന്യമെന്നു പറഞ്ഞു തിരസ്‌കരിക്കുകയും ചെയ്യുന്ന ചിലരെങ്കിലും നമ്മുടെ സഭയിലുണ്ടെന്നുള്ളത് വേദനാജനകമാണ്. ഏറെപ്പേർ ഏതാണ്ട് നിസ്സംഗതയോടെ വ്യാപരിക്കുകയും ലിറ്റർജിയിൽ സജീവമായി പങ്കെടുക്കാതെയിരിക്കുകയും ചെയ്യുന്നു. ഇവയെല്ലാം പരിഹരിച്ചു ഒരുത്തമ ആരാധനാ സമൂഹമാകാൻ എല്ലാ അതിരൂപതാംഗങ്ങളോടും ഞാൻ സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.