മിശിഹായുടെ മാമ്മോദീസാ സഭാജീവിതത്തിന്റെ മൂലക്കല്ല്

ദനഹാത്തിരുനാളിൽ, റംശായിലെ ഓനീസാ ദ്ഖ്ദത്തിന്റെ മൂന്നാം പാദം ആരംഭിക്കുന്നത് സങ്കീർത്തനം 118,22 ഉദ്ധരിച്ചുകൊണ്ടാണ്: ”പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു.” ഇവിടെ മൂലക്കല്ല് എന്നു പറയുന്നത് ഈശോയുടെ മാമ്മോദീസായാണ്. സഭാജീവിതത്തിന്റെ മൂലക്കല്ലാണ് ഈശോയുടെ മാമ്മോദീസാ. ക്രിസ്തീയ മാമ്മോദീസായുടെ അടിസ്ഥാനം ഈശോയുടെ മാമ്മോദീസായാണ്.
എങ്ങനെയാണ് ഈശോയുടെ മാമ്മോദീസാ നമ്മുടെ ജീവിതത്തിന്റെ മൂലക്കല്ലായി ത്തീരുന്നത്? ദനഹാത്തിരുനാളിലെ ഓനീസാ ദ്ഖ്ദത്തിന്റെ ഒന്നാം പാദം നമ്മൾ ധ്യാനിച്ചാൽ ഇതിനുള്ള ഉത്തരം നമുക്കു ലഭിക്കും. ഇവിടെ ദൈവജനം സ്വർഗ്ഗീയഗണങ്ങളോടു ചേർന്നു നിന്നു പാടുകയാണ്:
കർത്താവേ നിൻ മാമ്മോദീസാ
നന്മയ്‌ക്കെല്ലാമുറവിടമല്ലോ
വിശ്വാസത്തിൻ പൂർണ്ണതയേകി
ദീപ്തി ചൊരിഞ്ഞു രാജിക്കുന്നു.
എല്ലാ നന്മകളുടെയും ഉറവിടം ഈശോയുടെ മാമ്മോദീസായാണ്. മാത്രവുമല്ല, അത്
നമ്മുടെ വിശ്വാസത്തിനു പൂർണ്ണതയുമേകുന്നു. നമ്മുടെ ആത്മാവിന്റെ രക്ഷ ഈശോയുടെ മാമ്മാദീസായിലൂടെയാണ് സാധിച്ചത്. സുറിയാനി സഭയുടെ പിതാവായ മാർ അപ്രേം ജോർദ്ദാനിലെ മാമ്മോദീസായെക്കുറിച്ച് ഇങ്ങനെ കീർത്തിക്കുന്നു:
ചെറിയ നദിയായ ജോർദ്ദാനേ നീ ഭാഗ്യവതിയാകുന്നു
ഒഴുകുന്ന കടൽ നിന്നിലിറങ്ങി സ്‌നാനമേറ്റു
പാപങ്ങളെ വെണ്മയാക്കുന്ന സജീവ പ്രവാഹത്തിന്റെ
ബാഷ്പകണികയ്ക്കുപോലും നീ തുല്യയല്ല.
അവിടുത്തെ ഇറക്കത്താൽ സംശുദ്ധമായതിനാൽ
നിന്റെ ഒഴുക്ക് സൗഭാഗ്യകരംതന്നെ.
കാരണം, നിന്നിൽ സ്‌നാനപ്പെടാൻ തിരുവുള്ളമായ പരിശുദ്ധൻ
തന്റെ സ്‌നാനം വഴി ആത്മാക്കളുടെ മോചനത്തിനായി
മാമ്മോദീസാ സ്ഥാപിക്കാൻ നിന്നിലേക്കിറങ്ങി. (Virgnity hymn 15,3)
ദുഷ്ടന്റെ അഗ്നിയിൽ നിന്നു നമ്മെ രക്ഷിക്കുവാൻ നമുക്കു കോട്ടയായി നില്ക്കുന്നത്
മാമ്മോദീസായാണ്. മാർ അപ്രേമിന്റെ മറ്റൊരു ഗീതത്തിൽ ഇങ്ങനെ കാണുന്നു:
”ശരീരത്തിൽ വിയർപ്പിന്റെ ഉറവ
പനിയിൽ നിന്നു സംരക്ഷിക്കുന്നതുപോലെ
മാമ്മോദീസായുടെ ഉറവ (മാമ്മോദീസാജലം)
അഗ്നിയിൽ നിന്നു നമ്മെ രക്ഷിക്കുന്നു.”
എങ്ങനെയാണ് മാമ്മോദീസാ ദുഷ്ടന്റെ ശക്തിയിൽ നിന്നു നമ്മെ രക്ഷിക്കുന്നത്? ദനഹാക്കാലത്തിലെ ആറാമത്തെ ഞായറാഴ്ചയിലെ മദ്‌രാശായിൽ കാണുന്നത്, ഈശോ തന്റെ ശക്തി ജോർദ്ദാനിലെ ജലത്തിൽ നിക്ഷേപിച്ചതിനാൽ, മാമ്മോദീസാവേളയിൽ ആ ശക്തി നമ്മുടെ ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നു എന്നാണ്.
നമ്മുടെ മാമ്മോദീസായുടെ ശക്തി എന്നു പറയുന്നത് ഈശോയുടെ മാമ്മോദീസായാണ്. അതുകൊണ്ടാണ് പാപമില്ലാതിരുന്നിട്ടുകൂടി അവിടുന്നു ജോർദ്ദാനിലെ ജലത്തിലിറങ്ങിയത്. അങ്ങനെ ഈശോ മാമ്മോദീസാജലത്തിലൂടെ നമ്മുടെ ആത്മീയ ജനനം സാധ്യമാക്കി (നർസായി).
ദനഹാക്കാലത്ത് ഈശോയുടെ മാമ്മോദീസായെക്കുറിച്ച് നാം ധ്യാനിക്കുന്നതു പോലെ, നമ്മുടെ മാമ്മോദീസായും നമ്മുടെ ധ്യാനത്തിനു വിഷയമാകണം. മാമ്മോദീസായിലൂടെ ആദത്തിന്റെ നിർമ്മലത നമുക്കു തിരികെ നൽകിയ മിശിഹായെയും നമുക്ക് ആത്മീയജന്മം നൽകിയ സഭാമാതാവിനെയും നന്ദിയോടെ ഓർക്കണം. മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച നിർമ്മലത കാത്തുസൂക്ഷിക്കുവാൻ നമുക്കു കഴിയുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യണം.