ആമുഖം
സീറോ മലബാർ സഭയുടെ പരി. കുർബാനയിലെ ആമുഖ ശുശ്രൂഷയുടെ ഏറ്റവും ആരംഭത്തിലുള്ള പ്രാർത്ഥനയാണിത്. പുഖ്ദനകോൻ, പുഖ്ദാനേദ്മിശിഹാ എന്ന വാക്യങ്ങൾ വിവർത്തനം ചെയ്ത് നമ്മുടെ കുർബാനയിൽ ചേർത്തിരിക്കുന്നത് ”നമുക്ക് ലഭിച്ചിരിക്കുന്ന കല്പനയനുസരിച്ച് ഈ കുർബാന ആരംഭിക്കാം”, ”മിശിഹായുടെ കല്പനയനുസരിച്ചാണല്ലോ നാം ഇത് അർപ്പിക്കുന്നത്” എന്നീ വാക്യങ്ങളായിട്ടാണ്. അല്ലെങ്കിൽ അന്നാപെസഹാ തിരുനാളിൽ… എന്ന ഗീതമായിട്ടാണ്. പ്ഗ്ത് എന്ന ക്രിയാരൂപത്തിൽ നിന്ന് ഉത്ഭവിക്കുന്ന പുഖ്ദാനകോൻ എന്ന വാക്യത്തിന് ”നിങ്ങളുടെ കല്പന” അല്ലെങ്കിൽ ”ആരുടെ കല്പന” എന്നീ അർത്ഥങ്ങളാണ് ഉള്ളത്. ഈ രണ്ട് അർത്ഥങ്ങളും ഇവിടെ പ്രസക്തമാണ്. ദൈവജനത്തിന്റെ ശുശ്രൂഷകനാണ് താൻ എന്ന ബോധ്യമുള്ള പുരോഹിതൻ നിങ്ങളുടെ കല്പനയനുസരിച്ച് ഈ കുർബാന ആരംഭിക്കാം എന്നു പറയുമ്പോൾ ജനം പറയുന്ന മറുപടി ഞങ്ങളുടെ കല്പനയല്ല, മിശിഹായുടെ കല്പനയാണ് ഇത് എന്നാണ്. ഇനി ‘ആരുടെ കല്പന’ എന്ന അർത്ഥം എടുത്താലും ആരുടെ കല്പനപ്രകാരമാണ് നിങ്ങൾ ഇവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്, പരി. കുർബാന അർപ്പിക്കുന്നത്; അല്ലെങ്കിൽ നിങ്ങൾ ആരുടെ കല്പന അനുസരിക്കുന്നവരാണ് എന്ന പുരോഹിതന്റെ ചോദ്യത്തിന് ജനത്തിന്റെ മറുപടി ഞങ്ങൾ മിശിഹായുടെ കല്പന അനുസരിക്കുന്നവരാണ്, അവന്റെ കല്പനപ്രകാരമാണ് ഞങ്ങൾ ഇവിടെ ഒരുമിച്ചുകൂടി ഈ ബലി അർപ്പിക്കുന്നത് എന്നൊക്കെയാണ്. ഇതുവഴി ജനത്തെ മിശിഹായുടെ നാമത്തിലാണ് നിങ്ങൾ ഒരുമിച്ചു കൂടിയിരിക്കുന്നതെന്നും അവന്റെ കല്പനകൾ ഏതൊക്കെയാണെന്നും പുരോഹിതൻ ഓർമ്മിപ്പിക്കുകയാണ്. അതേസമയം മിശിഹായുടെ കല്പന എന്ന മറുപടി വഴി നിത്യപുരോഹിതനായ മിശിഹായുടെ പൗരോഹിത്യത്തിൽ അങ്ങേയ്ക്കും പങ്കാളിത്തം ഉണ്ട് അതാണ് അങ്ങയെ ബലിയർപ്പിക്കാൻ യോഗ്യനാക്കുന്നത് എന്നു പ്രസ്താവിച്ചുകൊണ്ട് സമൂഹം വൈദികന്റെ പൗരോഹിത്യത്തെയും ബലി യർപ്പിക്കാനുള്ള യോഗ്യതയെയും അംഗീകരിക്കുകയും തങ്ങളുടെ സഹകരണവും സജീവഭാഗഭാഗിത്വവും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
എന്താണ് മിശിഹായുടെ കല്പന
മിശിഹായുടെ കല്പനയെ ഒന്നാമതായി പെസാഹാരഹസ്യം എന്ന നിലയിൽ നമ്മൾ മനസ്സിലാക്കാണം. ഈ രഹസ്യം അനുഷ്ഠിക്കുന്നതിനാണ് അവൻ നമ്മെ വിളിക്കുന്നത്. ദിവ്യരഹസ്യ ഗീതത്തിന്റെ സമയത്ത് പുരോഹിതൻ കാസയും പീലാസയും ഉയർത്തുമ്പോൾ ”മിശിഹായുടെ കല്പനയനുസരിച്ച് അവിടുത്തെ രണ്ടാമത്തെ ആഗമനം വരെ…” എന്നു പറഞ്ഞു താഴ്ന്ന സ്വരത്തിൽ പ്രാർത്ഥിക്കുന്നു. ഇതിന്റെ അർത്ഥം പെസഹാരഹസ്യം രണ്ടാമത്തെ ആഗമനം വരെ അനുഷ്ഠിക്കാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു എന്നാണ്. എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ (ലൂക്കാ 22,19) എന്ന കർത്താവിന്റെ കല്പന അനുസരിക്കുകയാണ് പരി. കുർബാന അർപ്പണം വഴി നമ്മൾ ചെയ്യുന്നത്.
ഈശോയുടെ കല്പന സ്‌നേഹത്തിന്റെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റേ
തുമാണ്. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ (യോഹ 13,35). ക്ഷമിക്കുവിൻ നിങ്ങളോടും ക്ഷമിക്കപ്പെടും (ലൂക്കാ 6,37). നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക പിന്നെ വന്നു കാഴ്ചയർപ്പിക്കുക (മത്താ. 5,23-24). ഇതോടൊപ്പം കൂട്ടായ്മയുടെ കല്പനയും ഈശോ നല്കിയിരിക്കുന്നു. രണ്ടോ മൂന്നോപേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും (മത്താ. 18,20). പരി. കുർബാനയർപ്പണം ക്രിസ്തീയ കൂട്ടായ്മയുടെ ഉദാത്തമായ പ്രകാശനംകൂടിയാണ്. പുഖ്ദാനകോൻ എന്ന ചോദ്യംവഴി മിശിഹായുടെ കല്പനയായ സ്‌നേഹം, ക്ഷമ, അനുരഞ്ജനം എന്നിവ ജീവിതത്തിൽ പാലിക്കുന്നുണ്ടോ എന്ന് പുരോഹിതൻ ജനത്തോട് ചോദിക്കുകയും അത് മിശിഹായുടെ കല്പനയാണ് എന്ന ഗൗരവത്തോടുകൂടി ഞങ്ങൾ മനസ്സിലാക്കി അനുവർത്തിക്കുന്നുണ്ട് എന്ന് പുഖദാനേ ദ്മിശിഹാ എന്ന മറുപടിവഴി ജനം പ്രസ്താവിക്കുകയും ചെയ്യുന്നു.
ചരിത്രപശ്ചാത്തലം
പുഖ്ദാനകോൻ വളരെ പുരാതനമായ ഒരു പ്രാർത്ഥനാരംഭരീതിയാണ്. ഇത് യഹൂദ പാരമ്പത്തിൽ ഉടലെടുത്തതാണ്. യഹൂദരുടെ സിനഗോഗുകളിൽ പ്രാർത്ഥനകൾ നടത്തുമ്പോൾ റബ്ബിമാർ ജനങ്ങളോട് ചോദിച്ചിരുന്ന ചോദ്യമാണ് നിങ്ങൾ ആരുടെ കല്പന പ്രകാരമാണ് ഇവിടെ വന്നിരിക്കുന്നത് എന്നത്. അവർ മൂശെയുടെ കല്പന എന്നു മറുപടിപറഞ്ഞിരുന്നു. ആദിമസഭയുടെ കാലഘട്ടത്തിൽ ക്രിസ്ത്യാനികളും യഹൂദരും ഒരുമിച്ചായിരുന്നു സിനഗോഗുകളിൽ പ്രാർത്ഥിച്ചിരുന്നത്. ഈ അവസരങ്ങളിൽ ഈ ചോദ്യം ചോദിക്കുമ്പോൾ കുറച്ചുപേർ മൂശെയുടെ കല്പന എന്നും കുറച്ചുപേർ മിശിഹായുടെ കല്പനയെന്നും മറുപടി പറഞ്ഞിരുന്നു. അങ്ങനെ രണ്ടു ഗ്രൂപ്പുകൾ രൂപംകൊള്ളുവാൻ കാരണമായി തീർന്നു. ഇന്ന് ഈ വാക്യം
സീറോ മലബാർ കുർബാനയിൽ ഉപയോഗിക്കുമ്പോൾ നമ്മുടെ കുർബാനക്രമം എത്രമാത്രം പ്രാചീനമാണ് എന്ന് ഓർമ്മിപ്പിക്കുന്നു. അതിന്റെ പഴയനിയമ അടിസ്ഥാനത്തെ വെളിപ്പെടുത്തുന്നു. മാത്രമല്ല, യഹൂദ സംസ്‌കാരത്തിന്റെയും യഹൂദ ആരാധനാ രീതിയുടെയും തുടർച്ച നമുക്ക് ഇവിടെ കാണാൻ സാധിക്കും.
യഹൂദരുടെ ഒരു സാമൂഹിക ആചാരമായിരുന്നു എല്ലാ സാമൂഹിക ക്രമങ്ങളിലും മൂപ്പൻ അല്ലെങ്കിൽ തലവൻ എഴുന്നേറ്റ് നിന്ന് ഇത് ചെയ്യട്ടെ എന്ന് സമൂഹത്തോട് ചോദിക്കുന്ന രീതി. ഇത് നസ്രാണി സമൂഹത്തിലും വളരെ ശക്തമായിട്ടുണ്ട്. വിവാഹത്തിന്റെ മധുരംവയ്പ്, ചന്തംചാർത്ത് തുടങ്ങിയ അവസരങ്ങളിൽ ഇത് ഇന്നും നിലവിലുണ്ട്. അതിനാൽ ‘പുഖ്ദാനകോൻ’ നമ്മുടെ നസ്രാണി സംസ്‌കാരവുമായി വളരെയധികം ചേർന്നുകിടക്കുന്ന ഒരു പ്രാർത്ഥനാരീതിയാണ്. ഇത് യാഥാർത്ഥത്തിൽ വന്നിരിക്കുന്നവരോട് അനുവാദം ചോദിക്കുന്നതല്ല. കേൾക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നാമെങ്കിലും ഇത് ചടങ്ങ് തുടങ്ങുകയാണെന്ന് സമൂഹത്തെ അറിയിക്കുകയും അവരുടെ സഹകരണം അഭ്യർത്ഥിക്കുകയുമാണ് ചെയ്യുന്നത്. പരി. കുർബാനയിലും ഇതുപോലെതന്നെ പരി. കുർബാന ആരംഭിക്കുകയാണെന്ന് അറിയിക്കുകയും എല്ലാവരും ശ്രദ്ധയോടും സജീവതയോടും കൂടി ഇതിൽ പങ്കുകൊള്ളണമെന്ന് ഉപദേശിക്കുകയുമാണ് ലക്ഷ്യം. ഈ പ്രാർത്ഥന രൂപപ്പെടാൻ ആദിമസഭയിൽ മറ്റൊരു സാഹചര്യവും കൂടിയുണ്ട്. റോമാസാമ്രാജ്യം സഭയെ പീഡിപ്പിച്ചുകൊണ്ടിരുന്ന അവസരത്തിൽ ക്രിസ്ത്യാനികൾക്ക് ഒരു സാക്ഷ്യപത്രം നല്കിയിരുന്നു. ഇതു പരിശോധിച്ച് വിശ്വാസിയാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് ആരാധനാസമൂഹത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടിവന്നപ്പോൾ ഇത് അപ്രായോഗികമായി. തുടർന്ന് പൊതുവായി ചോദിക്കാൻ ആരംഭിച്ചു. ഇതിനു മറുപടി പറയാൻ ക്രിസ്ത്യാനികൾക്കു മാത്രമേ സാധിക്കുകയുള്ളൂ. അല്ലാത്തവർ പുറത്തു പോകണമായിരുന്നു. അങ്ങനെ വിശ്വാസികൾക്കു മാത്രമായിട്ടാണ് പരി. കുർബാന – ദൈവാരാധന നടത്തപ്പെട്ടിരിന്നുത്.
ഉപസംഹാരം
പുഖ്ദാനകോൻ-ന്റെ ചരിത്രപശ്ചാത്തലവും സാംഗത്യവും മനസ്സിലാക്കാതെ ചില രൂപതകൾ ത്രിത്വസ്തുതിയോടുകൂടി പരി. കുർബാന ആരംഭിക്കുന്നുണ്ട്. എന്നാൽ ഇത് ആമുഖവാചകമാണെന്നും അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന സ്തുതി വചനത്തോടുകൂടിയാണ് പരി. കുർബാന ആരംഭിക്കുന്നതെന്നും അവർ മനസ്സിലാക്കി യിരുന്നെങ്കിൽ നന്നായിരുന്നു.