പഞ്ചവത്സര അജപാലന പദ്ധതി മൂന്നാം വർഷം ആരാധന സഭയോടൊത്ത് 3 സഭയുടെ ത്രിവിധ ദൗത്യങ്ങളും ആരാധനയും

”ഈശോമിശിഹായുടെ കൂദാശയായി (തിരുസഭ 1) ഈ ലോകത്തിൽ ആയിരിക്കുന്ന സഭയ്ക്ക് സവിശേഷമായ ത്രിവിധ ദൗത്യങ്ങളാണ് ഉള്ളത്.
1. ദൈവവചനത്തിന്റെ പ്രഘോഷണം (Kerygma)
2. വിശ്വാസത്തിന്റെ ആഘോഷം (Leitourgia)
3. സ്‌നേഹശുശ്രൂഷയുടെ നിർവ്വഹണം ( Diakonia)
ഈ ത്രിവിധ ദൗത്യങ്ങൾ പരസ്പരപൂരക
ങ്ങളെന്നതിനേക്കാൾ ഓരോന്നും മറ്റു രണ്ടി
നേയും കൂടുതൽ സമ്പന്നമാക്കുന്നതു
മാണ്.
സഭയും വചനപ്രഘോഷണവും
വിശ്വസിക്കുകയും പ്രത്യാശിക്കുകയും പങ്കുവയ്ക്കുകയും (സ്‌നേഹിക്കുക) ചെയ്യുന്ന കൂട്ടായ്മയായ സഭ (തിരുസഭ 8) വചനത്താൽ വിളിച്ചുകൂട്ടപ്പെട്ടവരുടെ സമൂഹമാണ് (Ecclesia). സഭയുടെ സ്വത്വവും (തനിമ) ദൗത്യവും ഒരേസമയം വ്യക്തമാക്കുന്നതാണ് ദൈവവചനം. കാരണം, ”ദൈവവചനമെന്ന അടിത്തറയിലാണ് തിരുസഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. ആ വചനത്തിൽനിന്നാണ് അവൾ രൂപമെടുത്തതും ജീവിക്കുന്നതും” (കർത്താവിന്റെ വചനം 3). സഭ നിർവ്വചിക്കപ്പെട്ടിരിക്കുന്നതുതന്നെ വചനം ശ്രവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന കൂട്ടായ്മയായിട്ടാണ് (ദൈവാവിഷ്‌കരണം 1). വചനത്താൽ നാം സൃഷ്ടിക്കപ്പെട്ടെന്നും വചനത്തിൽ നാം ജീവിക്കുകയും ചെയ്യുന്നെന്നും തിരുസഭ നമ്മെ ഓർമപ്പെടുത്തുന്നു.” (കർത്താവിന്റെ
വചനം 22). സ്വഭാവത്താൽതന്നെ പ്രേഷിതയായ സഭയുടെ പ്രഥമ ദൗത്യമാണ് വചനത്തിന്റെ പ്രഘോഷണം. അവളുടെ അസ്തിത്വംതന്നെ അതിനുവേണ്ടിയാണ്. രക്ഷാകരമായദൗത്യമാണ് കർത്താവു തന്റെ ശിഷ്യന്മാരെ ഭരമേൽപിച്ചത് (മത്താ. 28: 19-20). വചനത്തിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുകയും മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള പദ്ധതി വെളിപ്പെടുത്തുകയും ചെയ്ത ദൈവത്തിന്റെ സ്വരം ഇന്നു സഭവഴി വെളിപ്പെടുത്തുകയും അതിലൂടെ അവിടുത്തെ സ്വരം ലോകത്തിൽ പ്രതിധ്വനിക്കുകയും ചെയ്യുന്നു (കർത്താവിന്റെ വചനം 51).
വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതങ്ങളും സഭയ്ക്കു ഭരമേൽപിക്കപ്പെട്ടിരിക്കുന്ന ദൈവവചനത്തിന്റെ വിശുദ്ധ ഭണ്ഡാഗാരമാണ്. അതുകൊണ്ടുതന്നെ ദൈവവചനത്തിന്റെ കാര്യസ്ഥയും പ്രഘോഷകയും അതുവഴി കൈമാറ്റക്കാരിയും സഭയാണ് (ദൈവാവിഷ്‌കരണം 9-10). ഈ വചനത്തിന്റെ പ്രഘോഷണം വഴിയാണ് വിശ്വാസവും വിശ്വാസികളുടെ സമൂഹവും ജനിക്കുന്നത്/ രൂപപ്പെടുന്നത്. ചുരുക്കത്തിൽ ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയം ദൈവവചനമാണ്, കർത്താവായ ഈശോയാണ്. ഈശോമിശിഹാ രക്ഷകനും കർത്താവുമാണെന്നുള്ളതാണ് ഈ പ്രഘോഷണത്തിന്റെ രത്‌നച്ചുരുക്കം. അതുകൊണ്ടാണ് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഏഷ്യയിലെ സഭയെ ഇപ്രകാരം ഓർമ്മപ്പെടുത്തിയത്: ”സഭയ്ക്ക് അതിന്റെ ദൈവപരിപാലനപരമായ ഭാഗധേയം പൂർത്തിയാക്കണമെന്നുണ്ടെങ്കിൽ ഈശോമിശിഹായുടെ രക്ഷാകരമായ മരണത്തേയും ഉത്ഥാനത്തേയും സംബന്ധിച്ച സന്തോഷഭരിതവും ക്ഷമാപൂർവ്വകവും ക്രമേണ വർദ്ധിച്ചുവരുന്നതുമായ പ്രഘോഷണം എന്ന നിലയിലുള്ള സുവിശേഷവത്കരണമായിരിക്കണം നിങ്ങളുടെ പരമമായ മുൻഗണന” (സുവിശേഷത്തിന്റെ ആനന്ദം 110).
വിശ്വാസത്തിന്റെ ആഘോഷം
ആരാധന അഥവാ വിശ്വാസത്തിന്റെ ആഘോഷമാണ് സഭയുടെ ദൗത്യത്തിൽ രണ്ടാമത്തേത്. പ്രഘോഷിക്കപ്പെട്ട ദൈവവചനത്തിന് വിശ്വാസമാകുന്ന മറുപടി നൽകുന്ന വിശ്വാസികളുടെ സമൂഹമാണ് ആരാധന സമർപ്പിക്കുന്നത്. വിശുദ്ധ കുർബാനയാണ് ഏറ്റവും പരമമായ ആരാധന. വിശ്വാസത്തിന്റെ ആഘോഷം ഏറ്റവും ശ്രേഷ്ഠമായ രീതിയിൽ നിർവഹിക്കപ്പെടുന്നതും വിശുദ്ധ കുർബാനയിലാണ്. ഈ വിശ്വാസം ആഘോഷിക്കപ്പെടുന്ന മറ്റു സന്ദർഭങ്ങളാണ് കൂദാശകളുടെ പരികർമ്മവും കൂദാശാനുകരണങ്ങളുമെല്ലാം. ഇവയെല്ലാം ചേരുന്നതാണ് സഭയുടെ ആരാധനക്രമം. ക്രൈസ്തവജീവിതത്തിൽ ആരാധനയ്ക്കും ആരാധനക്രമത്തിനുമുള്ള സവിശേഷസ്ഥാനം സഭ എക്കാലവും ഏറ്റുപറഞ്ഞിട്ടുണ്ട്. ”ആരാധനക്രമമാണ് സഭയുടെ പ്രവർത്തനം ലക്ഷ്യം വച്ചിരിക്കുന്ന അത്യുച്ചസ്ഥാനവും അവളുടെ ശക്തി മുഴുവൻ നിർഗളിക്കുന്ന ഉറവിടവും (ആരാധനക്രമം 10). വിശ്വാസികൾ ശരിയായ ക്രൈസ്തവചൈതന്യം പാനം ചെയ്യുന്ന പ്രഥമമവും അവശ്യവുമായ ഉറവിടമാണ് ആരാധനക്രമം. അതുകൊണ്ടുതന്നെ ആരാധനക്രമത്തിൽ എല്ലാവരും സമ്പൂർണ്ണമായും സജീവമായും പങ്കെടക്കുക എന്നതാണ് ആരാധനക്രമനവീകരണത്തിലും പരിപോഷണത്തിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം (ആരാധനക്രമം 14). പൗരസ്ത്യ ആധ്യാത്മികതയിൽ ആരാധനക്രമത്തിനു സമുന്നത സ്ഥാനമാണുള്ളത്. വിശ്വാസജീവിതം പാരമ്യത്തിലെത്തുന്നത് മിശിഹായുടെയും അവിടുത്തോട് ഐക്യപ്പെട്ടിരിക്കുന്ന സഭയുടെയും മഹത്തായ ആരാധനാകർമത്തിലാണ്. ഇതിനെക്കുറിച്ച് റോമിൽനിന്നും നമുക്കു നൽകിയിരിക്കുന്ന നിർദ്ദേശം പ്രത്യേകം ശ്രദ്ധേയമാണ്: ”പൗരസ്ത്യസഭകൾ ആരാധനാപൈതൃകത്തിനു നൽകുന്ന ഔന്നത്യം കൂടുതൽ മഹത്തരമാണ്. കാരണം, ക്രിസ്തീയ ജീവിതത്തിന്റെ അത്യുച്ചസ്ഥാനം എന്ന നിലയിൽ ലിറ്റർജിക്കുള്ള പ്രഥമസ്ഥാനം പ്രത്യേകമായവിധം അവ നിലനിർത്തിയിരുന്നു. അങ്ങനെ പിതാക്കന്മാരുടെ കാലഘട്ടത്തിലെ സഭയുടെ ചൈതന്യത്തോട് ഈ സഭകൾ പരിപൂർണ്ണ വിശ്വസ്തത പുലർത്തുന്നു. അക്കാലത്ത് മതബോധനവും മതപരവുമായ ഇതര പഠനങ്ങളുംനടത്തിയിരുന്ന വേദി ആരാധനക്രമമായിരുന്നു; വിശുദ്ധ ലിഖിതങ്ങളുടെ പ്രഘോഷണവും വ്യാഖ്യാനവും ആരാധനക്രമപശ്ചാത്തലത്തിലായിരുന്നു…. പ്രബോധനങ്ങളേയും പ്രതീകങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു അത്. ശുശ്രൂഷയ്ക്കും അവിടെ സ്ഥാനമുണ്ടായിരുന്നു. അങ്ങനെ സഭയുടെ ജീവിതം മുഴുവൻ ആരാധനയിൽ സംഗ്രഹിച്ചിരുന്നു. ഇന്നും ഈ മാതൃകയാണ് പൗരസ്ത്യസഭകൾക്ക് പ്രചോദനം നൽകുന്നത്. അവയുടെ ശക്തിയും അതുതന്നെ”(ലിറ്റർജിയും പൗരസ്ത്യകാനൻ സംഹിതയും 15).
ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രവും ക്രിസ്തീയ ആരാധനയുടെ മകുടവും വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാന ഒരേ സമയം അനുസ്മരണവും ആഘോഷവുമാണ്. പുത്രൻതമ്പുരാനിൽ പൂർത്തീകരിക്കപ്പെട്ട രക്ഷാകരചരിത്രത്തിന്റെയും പെസഹാരഹസ്യത്തിന്റെയും അനുസ്മരണമാണ് വിശുദ്ധ കുർബാന. പഴയ ഉടമ്പടിയിലൂടെയും പുതിയ ഉടമ്പടിയിലൂടെയും പൂർത്തീകരിക്കപ്പെട്ടതാണ് ഈ രക്ഷാകരപദ്ധതി. ഇതിന്റെ ഓർമയും ആഘോഷവുമാണ് ആരാധന – വിശുദ്ധ കുർബാന. അതുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാതന്നെ പറയുന്നത്: വിശ്വാസി അടിസ്ഥാനപരമായി ഓർമ്മിക്കുന്നവനാണെന്ന് (സുവിശേഷത്തിന്റെ ആനന്ദം 13).
ഈ രക്ഷാകരചരിത്രവും അതിന്റെ ഓർമയും വിശ്വാസികളിൽ സജീവമായി നിലനിർത്തുന്നതാണ് ആരാധനാവത്സരങ്ങൾ.
അതുകൊണ്ടുതന്നെ ആരാധനാവത്സരങ്ങൾ രക്ഷാകരമായ ഓർമയാകുന്നു. വിവിധ ആരാധനാവത്സരങ്ങളിലൂടെ രക്ഷാകരചരിത്രം അനാവരണം ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. അപ്രകാരം ആരാധനവത്സരത്തിന്റെ താളക്രമം വിശ്വാസികളുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറയാകുന്നു. ആരാധനക്രമത്തിൽ ”രക്ഷണീയ രഹസ്യങ്ങൾ അനുസ്മരിച്ചുകൊണ്ട് തിരുസഭ തന്റെ നാഥന്റെ ശക്തിയുടേയും യോഗ്യതയുടേയും അനർഘനിക്ഷേപങ്ങൾ വിശ്വാസികൾക്കു തുറന്നു കൊടുക്കുന്നു. അങ്ങനെ ഒരർത്ഥത്തിൽ ഇവയെല്ലാം എല്ലാ സമയത്തും അവതരിപ്പിക്കപ്പെടുകയും വിശ്വാസികൾ ഈ രഹ
സ്യങ്ങൾ ഗ്രഹിച്ച് രക്ഷാകരമായ പ്രസാദവരത്താൽ പൂരിതരാവുകയും ചെയ്യുന്നു””(ആരാധനക്രമം 102).
3. സ്‌നേഹശുശ്രൂഷയുടെ നിർവ്വഹണം (Diakonia)
സഭയുടെ ഈലോക ദൗത്യത്തിന്റെ മൂന്നാമത്തെ തലം സ്‌നേഹത്തിന്റെ ശുശ്രൂഷയുടെതാണ്. സ്‌നേഹത്തിന്റെ കർമസാക്ഷ്യ
മാണ് ശുശ്രൂഷ. ശുശ്രൂഷിക്കപ്പെടുന്നതിലുപരിശുശ്രൂഷിക്കുവാൻ വന്നവനും എല്ലാവർക്കും നന്മ ചെയ്തു കടന്നുപോയവനുമായ (അപ്പ. 10:38) നാഥന്റെ വാക്കുകളും ജീവിതവുമാണ് സഭയ്ക്ക് ഇക്കാര്യത്തിൽ ദർശനം നൽകുന്നത്. ക്രിസ്ത്യാനിയുടെ തിരിച്ചറിയൽ കാർഡ് (identity card) സ്‌നേഹവും ശുശ്രൂഷയുമാണ്. ”ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ. നിങ്ങൾക്കു പരസ്പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും”(യോഹ. 13:34-35). ക്രൈസ്തവമതം സ്‌നേഹത്തിന്റെ മതമാണ്; ദൈവകാരുണ്യത്തിന്റെ മുഖമാണ് സഭയുടേത്. സേവനനിരതയായിട്ടാണ് സഭ ഇന്നു ലോകത്തിൽ ആയിരിക്കുന്നത്. സഭയുടെ ആതുരശുശ്രൂഷാമേഖലയും അറിവിന്റെ ശുശ്രൂഷയും ജീവന്റെശുശ്രൂഷയുമെല്ലാം ഈ സ്‌നേഹത്തന്റെ നിയമംപൂർത്തിയാക്കുന്നതിന്റെ വിവിധങ്ങളായ സാക്ഷ്യങ്ങളാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ നൽകുന്ന സാക്ഷ്യവും ആഹ്വാനവും മറ്റൊന്നല്ല.
”ഇന്നത്തെ മനുഷ്യരുടെ, പ്രത്യേകിച്ച് ദരിദ്രരുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും ആനന്ദവും പ്രതീക്ഷയും ക്ലേശവും തീവ്രവേദനയും മിശിഹായുടെ ശിഷ്യന്മാരുടെയും ആനന്ദവും പ്രതീക്ഷയും ക്ലേശവും തീവ്രവേദനയുമാണ്. മാനുഷികമായി കാണപ്പെടുന്നവയിൽ ഒന്നുംതന്നെ അവരുടെ ഹൃദയത്തിൽ പ്രതിധ്വനി ഉയർത്താത്തതായില്ല”(സഭ ആധുനികലോകത്തിൽ 1).
ശരിയായ വിശ്വാസവും (orthodoxy) ആ വിശ്വാസത്തിനനുരിച്ച ജീവിതവും (orthopraxis) ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ആരാധന ഫലം പുറപ്പെടുവിക്കുന്ന സവിശേഷ മേഖലയാണ് ഉപവിപ്രവർത്തനങ്ങൾ. ഈശോയുടെ മാനവികതയാണ് നമുക്കു വഴികാട്ടി. നന്മ ചെയ്യുന്നതിനും നന്മയുടെ വഴിയിൽ ചരിക്കുന്നതിനും അവിടുത്തേക്ക് ഒന്നും തടസ്സമായില്ല. പരനോടും അപരനോടും സ്‌നേഹമില്ലാത്ത നിയമങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സാമൂഹിക വ്യവസ്ഥിതികൾക്കും പാരമ്പര്യങ്ങൾക്കും അവിടുന്നു പുതിയ വ്യാഖ്യാനവും മാനങ്ങളും നൽകി (മർക്കോ. 2:27).
സഭയുടെ ത്രിവിധ ദൗത്യങ്ങളുടെ പാരസ്പര്യം
ദൈവവചന പ്രഘോഷണം, ”സഭയുടെ ആരാധന’, സ്‌നേഹത്തിന്റെ ശുശ്രൂഷ ഇവയുടെ അനുസ്മരണവും ആഘോഷവും ഇവ തമ്മിലുള്ള ബന്ധവും പാരസ്പര്യവും വ്യക്തമാക്കുന്നു. ക്രൈസ്തവജീവിതത്തെ രണ്ടു ധ്രുവങ്ങൾക്കിടയിൽ തൂക്കപ്പെട്ട (സമർപ്പിക്കപ്പെട്ട) ജീവിതമായാണ് (suspended between two poles) കിഴക്കിന്റെ വെളിച്ചമെന്ന ശ്ലൈഹിക പ്രബോധനം അവതരിപ്പിക്കുന്നത്. ഈ രണ്ടു ധ്രുവങ്ങൾ വചനപീഠവും ബലിപീഠവുമാണ്. നമ്മുടെ ആരാധനയുടെ കേന്ദ്രവും മകുടവുമായ പരിശുദ്ധ കുർബാനയുടെ അവിഭാജ്യഘടകങ്ങളാണ് വചനപീഠത്തിലെ (ബേമ്മ) സുവിശേഷ പ്രഘോഷണവും ബലിപീഠത്തിലെ ബലിയർപ്പ ണവും (അപ്പത്തിന്റെ ശുശ്രൂഷയും). വചനപീഠത്തിൽ പ്രഘോഷിക്കപ്പെടുന്ന വചനത്തിന് വിശ്വാസമാകുന്ന മറുപടി നൽകുന്നവരാണ് അപ്പത്തിന്റെ മേശയായ ബലിപീഠത്തിൽ ബലി അർപ്പണത്തിന് അണയുക. വിശ്വാസത്തിന്റെ ആഘോഷമാണ്
ആരാധനയെന്നു പറയുന്നതിന് ഇവിടെ പുതിയമാനം ലഭിക്കുകയാണ്. വചനം സ്വീകരിച്ചവരുടെ സമൂഹമാണ് സഭ. സഭ അടിസ്ഥാനപരമായി ആരാധനാസമൂഹവുമാണെന്നു നാം കണ്ടുകഴിഞ്ഞു. വചനത്താൽ വിശുദ്ധീകരിക്കപ്പെടുന്നതും വചനബദ്ധ ജീവിതവുമാണ് ഒരുവനെ ശരിയായ ആരാധനയ്ക്കു യോഗ്യമാക്കുന്നത്. പരിശുദ്ധ പിതാവ് ഓർമ
പ്പെടുത്തുന്നത് ശ്രദ്ധേയമാണ്.
പ്രഘോഷിക്കപ്പെട്ട വചനത്തിലും മുറിക്കപ്പെട്ട അപ്പത്തിലും ഒരുവനെ പങ്കുകാരനാക്കുന്ന ആഘോഷമാണു പരിശുദ്ധ കുർബാന. ക്രിസ്തീയ ആധ്യാത്മികതയുടെ വറ്റാത്ത ഉറവയും ചൈതന്യസ്രോതസ്സുമായ വചനകേന്ദ്രീകൃതവും ആരാധനാധിഷ്ഠിതവുമായ ജീവിതത്തിനു മാത്രമേ നാം ഏറ്റുപറയുകയും ആഘോഷിക്കുകയും ജീവിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസത്തിന്റെ ഉള്ളടക്കം വീണ്ടും കണ്ടെത്താനാകൂ. വിശ്വാസത്തിന്റെ ഉള്ളടക്കത്തെ പരസ്‌നേഹത്തിന്റെ
സാക്ഷ്യം കൊണ്ട് കൂടുതൽ തീവ്രമാക്കണം. അതിനാൽ വിശ്വാസം, ആരാധനക്രമം, പ്രാർത്ഥന എന്നീ ചൈതന്യസ്രോതസ്സുകളിൽ നിന്നു ഉറവെടുക്കുന്ന ധാർമികശക്തിയാണു ക്രൈസ്തവന്റെ സാമൂഹിക പ്രതിബദ്ധതക്കു ആധാരമാകേണ്ടത്. അതുകൊണ്ട് വിശ്വാസത്തേയും വിശ്വാസത്തിന്റെ അനുസ്മരണവും ആഘോഷമായ ആരാധനയേയും ഇവ രണ്ടിന്റെയും കർമസാക്ഷ്യമായ ഉപവിപ്രവർത്തനങ്ങളേയും വേർതിരിക്കുവാൻ സാധിക്കില്ല. ലോകത്തിന്റെപ്രകാശവും ഭൂമിയുടെ ഉപ്പുമാകുവാൻ ഇവ തമ്മിലുള്ള പാരസ്പര്യം ആവശ്യമാണുതാനും. (തുടരും)