പകൽ അസ്തമിക്കുന്നു; ഉദയം പ്രതീക്ഷയാണ് (The Day is Now Far Sp-ent) The Day is Now Far Spent: Robert Cardinal Sarah in conversation with Nicholas Dita

ആമുഖം
The Day is Now Far Spent (പകൽ അസ്തമിക്കുന്നു). കത്തോലിക്കാ സഭയുടെ ദൈവാരാധനയ്ക്കായുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറായുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പേരാണിത്. ദൈവത്തോടും അവിടുത്തെ വിളിയോടും സഭയോടും അതിന്റെ ദൗത്യത്തോടും വിശ്വസ്തതയുള്ള ഒരു അജപാലകന്റെ ബോദ്ധ്യത്തിൽ നിന്നും ഉയരുന്ന നിലവിളിയായിട്ടാണ് ഈ ഗ്രന്ഥത്തെ അനുവാചകലക്ഷങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ‘ഇത് എന്റെ ആത്മാവിന്റെ നിലവിളിയാണ്; ദൈവത്തെയും സഹോദരങ്ങളെയും പ്രതിയുള്ള സ്‌നേഹപ്രലാപമാണ്’ എന്നാണ് ഈ ഗ്രന്ഥത്തിൽ പങ്കുവയ്ക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് കർദ്ദിനാൾ റോബർട്ട് സാറായുടെ ഏറ്റുപറച്ചിൽ. ശബ്ദത്തിന്റെ ഏകാധിപത്യത്തിനെതിരെ നിശബ്ദതയുടെ ശക്തി (The Power of Silence – Against the Dictatorship of Notice) എന്ന പുസ്തകത്തിലൂടെ എല്ലാവരെയും നിശബ്ദതയിലേയ്ക്കു ക്ഷണിച്ച കർദ്ദിനാൾ ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ പറയുന്നു: ”…എനിക്ക് ഇനിയും നിശബ്ദനായിരിക്കാൻ കഴിയില്ല. ഞാൻ ഇനിയും നിശബ്ദനായിരിക്കുവാൻ പാടില്ല” (I can no longer be silent. I must no longer remain silent). സഭാപ്രബോധനങ്ങളിൽ നങ്കൂരമിട്ട ഉറച്ച ബോദ്ധ്യങ്ങളിൽ ഊന്നിനിന്നുകൊണ്ട് ഉറച്ച ശബ്ദത്തിൽ കർദ്ദിനാൾ സാറാ ഈ ഗ്രന്ഥത്തിലൂടെ സംസാരിക്കുമ്പോൾ ‘ആടുകളെപ്പറ്റി താത്പര്യമുള്ളവനും ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കാൻ തയ്യാറുള്ളവനുമായ’ നല്ല ഇടയന്റെ സ്വരമാണ് നമുക്ക് കേൾക്കുവാൻ സാധിക്കുന്നത്. ശ്രേണീവ്യത്യാസമില്ലാതെ സഭയുടെ എല്ലാ തലങ്ങളിലുമുള്ള അധികാര സ്ഥാനങ്ങളോടും വിശ്വാസിസമൂഹത്തോടും അദ്ദേഹം സംവദിക്കുന്നുണ്ട്. സഭയ്ക്ക് ആഴമായ നവീകരണം അനിവാര്യമാണ്; എന്നാൽ അത് സഭാമക്കൾ ഓരോരു ത്തരുടെയും മാനസാന്തരത്തിലൂടെ സംഭവിക്കേണ്ടതാണെന്നു പറയാൻ നാം ഭയപ്പെടേണ്ടതില്ലെന്നു കർദ്ദിനാൾ അനുസ്മരിപ്പിക്കുന്നു. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ കൃത്യമായി അപഗ്രഥിച്ചും സഭയുടെ ഉത്തരവാദിത്തത്തെ വ്യക്തമായി അവതരിപ്പിച്ചും സഭയിൽ ആകമാനം നടക്കേണ്ട ആത്മശോധന സൂക്ഷ്മമായി അവതരിപ്പിച്ചും ഈ വിധം ഉറക്കെ പറയുവാൻ കർദ്ദിനാൾ റോബർട്ട് സാറായ്ക്കു സാധിക്കുന്നുണ്ട്. മാധ്യമങ്ങളും ഭൂരിപക്ഷവും തെളിക്കുന്ന വഴിയിൽ ജനപ്രീതി തേടി നീങ്ങാനല്ല, മറിച്ച് ദൈവവചനത്തിലും സഭയുടെ ആരംഭം മുതൽ ഈ കാലഘട്ടത്തിലും തുടരുന്ന പ്രബോധനങ്ങളിലും അടിയുറച്ച ബോധ്യങ്ങളെ ഭയരഹിതമായി പ്രഘോഷിക്കാനാണ് ഈശോമിശിഹാ സഭയെ സ്ഥാപിച്ചതും ഭൂമിയുടെ ഉപ്പായി ഈ ലോകത്തിൽ നിലനിർത്തിയിരിക്കുന്നതെന്നും ഈ ഗ്രന്ഥത്തിലൂടെ കർദ്ദിനാൾ റോബർട്ട് സാറാ അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി പ്രസ്താവിക്കുന്നു. ‘ആത്മാവിന്റെ ഇരുണ്ട രാത്രി’ (Dark night of the Soul) അനുഭവിക്കുന്ന സഭയ്ക്ക് യഥാർത്ഥ പ്രകാശത്തിലേക്കുള്ള വഴികാട്ടിയാണ് ‘പകൽ അസ്തമിക്കുന്നു’ (The Day is Now Far Spent) എന്ന ഈ പുസ്തകം.
ഗ്രന്ഥനാമത്തിന്റെ പ്രസക്തി
The Day is Now Far Spent – പകൽ അസ്തമിക്കുന്നു എന്ന് ഈ ഗ്രന്ഥത്തിനു പേരിടുമ്പോൾ അതിൽ ഒരു ആശങ്കയുടെ ധ്വനിയുണ്ട്. എന്നാൽ പുസ്തകത്തിന്റെ അവസാനപേജിൽ എത്തുമ്പോൾ അതിൽ ഒരു പ്രാർത്ഥനയുടെ പ്രശാന്തതയും പ്രതീക്ഷയുടെ നെടുവീർപ്പും നമുക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. സഭയിലും സമൂഹത്തിലും നീളുന്ന നിഴൽ ചാർത്തുന്ന അസ്തമയത്തെ നേരിൽ കാണുമ്പോൾ അത് ഒരു അന്ത്യമായി വിലയിരുത്തി നിരാശരാകാനല്ല, മറിച്ച് മിശിഹായിൽ ആശ്രയിച്ച് പ്രകാശപൂരിതരാവാനാണ് കർദ്ദിനാൾ ഉപദേശിക്കുന്നത്. തന്റെ ഔദ്യോഗിക ദൗത്യനിർവ്വഹണത്തിന്റെ അവസാനനാളുകളിൽ എത്തിനിൽക്കുന്ന പിതാവിന് സഭയുടെ ഭാവിയെ സംബന്ധിച്ചുള്ള ആശങ്കയും പ്രതീക്ഷയുമെല്ലാം ഈ പേരിലൂടെ പ്രസ്പഷ്ടമാകുന്നുണ്ട്. യാമങ്ങൾ പലതു പിന്നിട്ട ദിവസത്തിന്റെ അവസാനമണിക്കൂറിൽ ഉയരുന്ന ഒരു നിലവിളിയായാട്ടാണ് ‘പകൽ അസ്തമിക്കുന്നു’ എന്ന വാക്കുകൾ വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്നത്. നിരാശയും ആകുലതയും ഇടകലർന്ന ഒരു ദിനത്തിലെ സങ്കടയാത്രയിൽ ഇടയ്‌ക്കെപ്പോഴോ തങ്ങൾക്കൊപ്പം ചേർന്ന ഒരു ‘അപരിചിതനോട്; അയാൾ വാക്കുകളിലൂടെ പകർന്ന ഉണർവ്വിനു നന്ദിയായി, എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാർ നൽകുന്ന സ്‌നേഹപൂർവ്വ
മായ ക്ഷണമാണ് ‘ഞങ്ങളോടുകൂടെ താമസിക്കുക, നേരം വൈകുന്നു; പകൽ അസ്തമിക്കാറായി-‘ The Day is Now Far Spetn (ലൂക്കാ 24,29). ഈ പുസ്തകം അവസാനിക്കുമ്പോൾ, സഭയിൽ ഉണർവ്വും അവളുടെ അജപാലകർക്ക് ഈ കാലഘട്ടത്തിലെ വെല്ലുവിളികൾ നേരിടുവാനുള്ള തീക്ഷ്ണതയും സഭാമക്കളിൽ തങ്ങളുടെ വിശ്വാസത്തിലേക്കു തള്ളിക്കയറുവാനുള്ള ലോകക്രമത്തിന്റെ അന്യായത്തെ പ്രതിരോധിക്കുവാനുള്ള ആഴമായ വിശ്വാസവും പ്രതീക്ഷിക്കുന്ന നമ്മിൽ എല്ലാവരിൽനിന്നും ഉയരേണ്ട ഒരു പ്രാർത്ഥനയായിട്ടാണ് കർദ്ദിനാൾ ഈ പുസ്തകനാമത്തെ അവതരിപ്പിക്കുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കം
Nicholas Diat എന്ന ഒരു ഫ്രഞ്ചു ജേർണലിസ്റ്റുമായി നടത്തുന്ന ഒരു സംഭാഷണത്തിലൂടെ വികസിക്കുന്ന വിധത്തിലാണ് ഈ പുസ്തകം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. കർദ്ദിനാൾ റോബർട്ട് സാറായിൽ നിന്നും ഏറ്റവും മികച്ചതും സഭയുടെയും സമൂഹത്തിന്റെയും കാലികപ്രതിസന്ധികൾക്കു പരിഹാരമാകുവാൻ കഴിയുന്ന വിധത്തിലുള്ളതുമായ മറുപടികൾ നേടിയെടുക്കുവാൻ തക്ക ശേഷിയുള്ള ചോദ്യങ്ങളും അതിനു തക്കതായ മറുപടികളും നമുക്ക് ഈ ഗ്രന്ഥത്തിൽ ഉടനീളം കാണാം. മനോഹരമായ ഈ പുസ്തകത്തിന് ആമുഖമായി ‘ഒറ്റുകാരനായ യൂദാസിനെ’ മുൻനിറുത്തിയുള്ള ഒരു ധ്യാനാത്മക വിചിന്തനമാണ് നൽകിയിരിക്കുന്നത്.
‘കഷ്ടം! യൂദാസ് സ്‌കറിയോത്ത’ (Alas, Judas Iscariot). തുടർന്ന് പുസ്തകത്തെ നാലു ഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രതിപാദനമാണ് നൽകിയിരിക്കുന്നത്. 1. ആത്മീയവും മതപരവുമായ തകർച്ച (Spiritual and Religious Collapse). 2. നിസ്സാരവത്കരിക്കപ്പെട്ട മനുഷ്യൻ (Man Belittled). 3. സത്യത്തിന്റെ പതനം, ധാർമ്മിക അധഃപതനവും മോശം രാഷ്ട്രീയശീലങ്ങളും (The Fall of Truth, Moral Decadence and Bad Political Habits). 4. പ്രത്യാശയുടെ പുനഃപ്രാപ്തി: ക്രിസ്തീയപുണ്യങ്ങളുടെ പാലനം (Rediscovering Hope: The Practice of the Christian Virtues).
കഷ്ടം, യൂദാസ് സ്‌കറിയോത്ത (Alas, Judas Iscariot)
സമൂഹത്തിന്റെ തിന്മകൾക്കും അധാർമ്മിതകൾക്കും എതിരെ സ്വരമുയർത്തും മുമ്പേ, കർദ്ദിനാൾ ആത്മവിമർശനത്തിന്റെ ചൂണ്ടുവിരൽ സഭയ്ക്കുനേരെ പ്രത്യേകിച്ച് താൻ ഉൾപ്പെടുന്ന അജപാലകസമൂഹത്തിനും ശുശ്രൂഷാ സംവിധാനത്തിനും നേരെ തിരിക്കുകയാണ്. അതിക്രമികളെ അധികാര സ്ഥാനങ്ങളിൽപ്പോലും കാണപ്പെടുന്നതിനെ നാം എങ്ങനെയാണ് സഹിക്കുകയെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. അജപാലകരുടെ വീഴ്ചകളെ ‘ഒറ്റുകാരനായ യൂദാസിന്റെ’ ജീവിതത്തോട് തുലനം ചെയ്തുള്ള ഒരു വിചിന്തനമാണ് കർദ്ദിനാൾ നടത്തുന്നത്. മറ്റെല്ലാ ശ്ലീഹന്മാരെപ്പോലെയും വിളിക്കപ്പെട്ട യൂദാസ് മിശിഹായിൽ നിന്നും സ്വയം പാലിച്ച അകലംകൊണ്ട് തകർന്നവനാണ്. ആപേക്ഷികതാവാദം (Relativism) ഒറ്റുകാരന്റെ മുഖംമൂടിയാണ്. സഭ പ്രതിസന്ധി നേരിടുമ്പോൾ വിശ്വാസികൾ ഭയപ്പെടുന്നു. സഭയെ, പ്രതിസന്ധിയിലായിരിക്കുന്ന ഒരു മൂനുഷിക പ്രസ്ഥാനമായി കാണാനും സംശയിക്കാനും പിശാച് വിശ്വാസികളെ പ്രേരിപ്പിക്കുന്നു. എന്നാൽ ഓർമ്മിക്കുക, പാപികളാൽ നിറഞ്ഞിരുന്നാലും സഭ അവളിൽതന്നെ പാപരഹിതയാണ്. ദൈവത്തെ തേടുന്നവർക്ക് വേണ്ടുവോളം പ്രകാശം അവളിലുണ്ട്. അതിനാൽ വെറുപ്പ്, വിഭജനം, കാപട്യം എന്നിവയാൽ വഞ്ചിതരാകാതിരിക്കുക. സഭയുടെ നവീകരണം സംബന്ധിച്ചും കർദ്ദിനാൾ വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു. സഭ നവീകരിക്കപ്പെടേണ്ടതുണ്ട്; നമ്മെ സ്വയം നവീകരിച്ചുകൊണ്ട് അതു നമുക്കു സാധ്യമാക്കാം. തെറ്റിനെ തെറ്റെന്നു വിളിക്കാൻ മടിക്കേണ്ട; ഭയക്കേണ്ട. ലോകവുമായുള്ള ഇടപെടലിൽ, സഭാധികാരികളുടെ മൗനം കുറ്റകരമോ തെറ്റിന്റെ പക്ഷം ചേരലോ ആയി മാറാമെന്നുള്ളതിനാൽ ജാഗ്രതയുണ്ടാകണം.
സഭാനവീകരണമോ പ്രതിസന്ധികളെ നേരിടലോ ലോകത്തിൽ നിലനില്ക്കു ന്നതുപോലെയുള്ള ഒരു സംഘബോധം കൊണ്ടു പരിഹരിക്കാവുന്നതല്ല; സഭയുടെ ഐക്യവും നവീകരണവും ഈശോമിശിഹായിൽ നിന്നുമാണ് വരേണ്ടത്. സഭയുടെ ഐക്യം നാലു തൂണുകളിൽ സ്ഥാപിതമായിരിക്കുന്നു: പ്രാർത്ഥന,കത്തോലിക്കാപ്രബോധനം, പത്രോസിന്റെ സ്‌നേഹം, സഹോദര സ്‌നേഹം.
(തുടരും…)