നിതാന്ത ജാഗ്രത കൂടിയേതീരൂ

Eternal Vigilance is the Price of Liberty (നിതാന്തമായ ജാഗ്രതയാണ് സ്വാതന്ത്ര്യ
ത്തിന്റെ വില) എന്ന് വെൺഡൽ ഫിലിപ്പ്‌സ് ഏതാണ്ട് ഒന്നേമുക്കാൽ നൂറ്റാണ്ടുകൾക്കുമുമ്പ് പറഞ്ഞുവെച്ചതാണ്. ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും മുന്നറിയിപ്പായി കാണാൻ കഴിയണം. സ്വാതന്ത്ര്യം വിലപ്പെട്ടതാണെങ്കിലും പെട്ടെന്ന് നഷ്ടപ്പെടാവുന്ന സമ്പത്തുമാണ്. അതുകൊണ്ടുതന്നെ വ്യക്തികളും സമൂഹങ്ങളും ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിച്ചേ തീരൂ.
നിയമങ്ങൾ ജനസ്വാതന്ത്ര്യത്തെ നിഹനിക്കുന്നതാവാം. പക്ഷേ അവ മാത്രമല്ല പ്രത്യയ ശാസ്ത്രങ്ങളും ചിന്താരീതിയുമെല്ലാം മനുഷ്യ സ്വാതന്ത്ര്യത്തെ നിഷേധി ക്കുന്നവയാകാം. ഉദാഹരണമായി വർഗ്ഗീയവാദത്തെയും വർഗ്ഗസമരവാദത്തെയും നമുക്ക് ചൂണ്ടിക്കാട്ടാൻ കഴിയും. ഇവ ഭാരതത്തിലെ പ്രബലശക്തികളാണ്. സംശയങ്ങൾ ഉതിർക്കാനും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനും അവർക്ക് കഴിയും. അതിനുള്ള ശ്രമങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ശരിയാണ്, ഭാരതത്തിന്റെ ഭരണഘടന സഭയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ശരിയായ അടിസ്ഥാനമാണ്. പക്ഷേ അതിന് പ്രത്യയശാസ്ത്രങ്ങളെ തടയാനോ നിയന്ത്രിക്കാനോ എളുപ്പമല്ല. പല പൊതുസ്ഥാപനങ്ങളിലും നമ്മൾ നേരിടുന്ന പ്രശ്‌നങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ, പ്രതികരിക്കാൻ പരിശീലിക്കണം. വർഗ്ഗസമരക്കാരെയും വർഗ്ഗീയ പ്രസ്ഥാനങ്ങളെയും ശരിയായി മനസ്സിലാക്കി ശക്തമായി പ്രതികരിക്കാൻ മതവിശ്വാസികൾ പ്രത്യേകം ശ്രദ്ധിക്കണം.
ചർച്ച് ബില്ല്
ഇങ്ങനെയൊരു നിയമം ഇന്നില്ല. ഇങ്ങനെയൊരു നിയമമുണ്ടാക്കണമെന്ന് വാദിക്കു
ന്നവരുണ്ട്. സഭകളിൽ ക്രമക്കേടുകളുണ്ട് അവയെ തടയാൻ രാഷ്ട്ര നിയമം രൂപപ്പെടുത്തണമെന്നാണ് അവരുടെ വാദം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തി ലാകുമ്പോഴാണ് ഇങ്ങനെയുള്ള വാദഗതികൾ ഉയർന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെയും അച്യുതാനന്ദന്റെയും കാലത്ത് ഇങ്ങനെയുള്ള നീക്കങ്ങൾ ഉണ്ടായി എന്നത് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
വർഗ്ഗസമരവാദികൾ ഇങ്ങനെയൊരുനിലപാട് സ്വീകരിക്കുന്നത് നമുക്ക് മനസ്സിലാക്കാം. വിശ്വാസ സമൂഹങ്ങളെ എങ്ങനെയും വരുതിയിലാക്കണമെന്ന താണല്ലോ അവരുടെ മനസ്സിലിരിപ്പ്. അതിനാൽ സഭയെ വികലമായി ചിത്രീകരിച്ച് സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് വരുത്തിത്തീർക്കേണ്ടത് അവരുടെ ആവശ്യമാണല്ലോ. അതുകൊണ്ട് അവർക്ക് കിട്ടുന്ന അവസരങ്ങൾ വിലപ്പെട്ടതാണ്. അവകൊണ്ട് നേട്ടങ്ങളുണ്ടാക്കാനായിരിക്കും അവർ ഉപയോഗിക്കുക.
ഇങ്ങനെയൊരു നിയമത്തിന്റെ വാതിൽ തുറന്നു കിട്ടിയാൽ അത് പരമാവധി വിശ്വാസജീവിതത്തെ കലുഷിതമാക്കാനേ ഇത്തരക്കാർ ഉപയോഗിക്കുകയുള്ളൂ. സഭകളെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്താനും സർക്കാരിന്റെ ഇടപെടലുകൾ വർദ്ധിപ്പിക്കാനുമേ അവർ ശ്രമിക്കുകയുള്ളൂ. വൈരുദ്ധ്യാത്മക ഭൗതികവാദികൾക്ക് വിശ്വാസികളാണ് പലപ്പോഴും തടസ്സമാകുന്നതെന്ന് അവർക്കറിയാമല്ലോ.
വിശ്വാസികളുടെ സമൂഹങ്ങൾക്ക് പ്രത്യേകിച്ച് ക്രൈസ്തവ സമൂഹങ്ങൾക്ക് അവരു ടേതായ നിയമസംഹിതകളുണ്ട്. വിശ്വാസികളുടെ ജീവിതത്തിൽ ദൈവഹിതം കേന്ദ്രമാക്കിയുള്ള നിയമങ്ങളാലാണ് നയിക്കപ്പെടേണ്ടത്.
കേവലം ഭൗതിക താൽപര്യമുള്ള രാഷ്ട്രീയക്കാരുടെ നിയന്ത്രണത്തിന് വിശ്വാസ സമൂഹങ്ങളെ വിട്ടുകൊടുത്താൽ എന്താണ് സംഭവിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. വിശ്വാസ സമൂഹങ്ങളിൽ പാലിക്കപ്പെടേണ്ട നിയമങ്ങളും സംവിധാനങ്ങളുമുണ്ട്, പ്രത്യേകിച്ച് കത്തോലിക്കാസഭ വളരെ വ്യക്തമായ നടപടിക്രമങ്ങളിലൂടെയാണ് മുന്നോട്ട്‌പോകുന്നത്. ആ രംഗത്ത് രാഷ്ട്രീയക്കാർ പ്രവേശിച്ചാൽ സഭയുടെ ശൈഥില്യത്തിന് മത്രമേ അത് ഇടയാക്കൂ. രാഷ്ട്രീയക്കാരുടെ കയ്യാങ്കളിക്ക് സഭയെ വിട്ടുകൊടുക്കുക ആത്മഹത്യാപരമായിരിക്കും.
രാഷ്ട്രീയ പാർട്ടികൾ
ജനാധിപത്യ ക്രമം ഇന്ന് പാർട്ടികളുടെ വിഹാരരംഗമാണല്ലോ. മാറിമാറി വരുന്ന പാർട്ടികളാണല്ലോ രാഷ്ട്രങ്ങളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ പ്രത്യയശാസ്ത്രങ്ങൾക്കും നിലപാടുകൾക്കും സമൂഹത്തിൽ വലിയ സ്വാധീനമാണ്.
ഇന്ന് നമ്മെ ഭരിക്കുന്നത് വർഗ്ഗീയ പാർട്ടികളും വർഗ്ഗസമര വാദികളും ആണ് എന്നുള്ളത് മറക്കാനാവില്ല. ഈ കൂട്ടർക്ക് ക്രൈസ്തവ വിശ്വാസത്തെ അംഗീകരി ക്കാനാവില്ല. ഒരു കൂട്ടർ ക്രൈസ്തവ വിശ്വാസം വൈദേശികമാണെന്ന് പറഞ്ഞ് അതിനെ തള്ളിക്കളയാൻ ശ്രമിക്കുന്നു, മറുവശത്ത് സംസ്ഥാനഭരണകർത്താക്കൾ വൈരുദ്ധ്യാത്മിക ഭൗതിക വാദമുയർത്തുന്നു. ഇവർ ഉന്നയിക്കുന്ന വാദമുഖങ്ങളെ തിരിച്ചറിഞ്ഞ് വിശ്വാസത്തെ സംരക്ഷിക്കാൻ നമുക്ക് സാധിക്കണം. ഇത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ അവയെ നേരിടാൻ നാം കരുത്താർജ്ജിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ നിലപാടുകൾ
സാഹചര്യങ്ങൾ മനസ്സിലാക്കി വേണ്ടവിധത്തിൽ പ്രതികരിക്കാൻ രാഷ്ട്രീയപാർട്ടി
കളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും മത തീവ്രവാദ സംഘടനകളുടെയും നിലപാടുകൾ വ്യക്തമായി മനസ്സിലാക്കണം. കൂടാതെ അവയോടുള്ള നമ്മുടെ പ്രതികരണങ്ങളും നിലപാടുകളും വ്യക്തമാക്കാനും കഴിയണം. പരസ്പര ചർച്ചകളിലൂടെ പല തെറ്റിദ്ധാരണകളും മാറ്റാൻ കഴിയും. മനസ്സ് തുറന്നുള്ള ചർച്ചകളും ഐക്യബോധവും വളർത്തിയെടുക്കുകയും വേണം. അതിന് പരസ്പരം യോജിപ്പുള്ള കാര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കുവാനുമുള്ള ജാഗ്രത നമുക്ക് കൂടിയേ തീരൂ.