ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ പരാമർശിച്ച് ഒരു ദേശീയ ദിനപത്രത്തിലെ എഡിറ്റോറിയലിന്റെ തലക്കെട്ടാണ് മുകളിൽ. 2012-ലാണ് ഡൽഹിയിൽ രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ നിർഭയ ബലാത്സംഗ കൊലപാതക കേസ് ഉണ്ടായത്. തുടർന്ന് ജസ്റ്റീസ് വർമ്മ കമ്മറ്റിയുടെ നിർദ്ദേശപ്രകാരം രാജ്യത്തെ ശിക്ഷാനിയമം 2013-ൽ ഭേദഗതി ചെയ്തു (Criminal Law (Amendment) Act, 2013). 1973-ലെ ശിക്ഷാനടപടികളുടെ നിയമങ്ങളും, 1872-ലെ Evidence Act Dw 2012-ലെ കുട്ടികൾക്കെതിരായുള്ള ലൈംഗിക കുറ്റകൃത്യത്തിൽ നിന്നുള്ള സംരക്ഷണ നിയമവും പരിഷ്‌ക്കരിച്ചാണ് പുതിയ നിയമം നിലവിൽ വന്നത്. ഈ നിയമത്തിലെ പ്രധാന മാറ്റം ബലാത്സംഗ കൊലപാതകം നടത്തുന്ന കുറ്റവാളികൾക്ക് വധശിക്ഷ നിശ്ചയിച്ചു എന്നുള്ളതാണ്. പിന്നീടും നിയമം പരിഷ്ക്കരിച്ചു കൂട്ടബലാത്സംഗത്തിന് ജീവപര്യന്തം, ഫാസ്റ്റ് ട്രാക്ക് കോടതികളും വന്നു. എന്നാൽ ഇന്ത്യയിൽ ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കും ഒരു കുറവുമില്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ഇന്ത്യയിൽ ഇതൊരു ദേശീയ പ്രശ്‌നമാണെന്നും ദേശീയ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ സംഭവവികാസമാണ് ഹൈദരബാദിൽ മൃഗഡോക്ടറായിരുന്ന ദിശ മൃഗീയമായി ബലാത്സംഗം ചെയ്യപ്പെട്ടു കൊലചെയ്യപ്പെട്ടതും, ഉന്നാവോയിൽ ബലാത്സംഗം ചെയ്യപ്പെട്ടതിന് പരാതി പറഞ്ഞതിന് അക്രമികൾ തീ കൊളുത്തിയ പെൺകുട്ടി മരിച്ചതും. കുടുംബത്തിലും പൊതുസ്ഥലത്തും സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. രോഷം പൂണ്ട പാർലമെന്റംഗങ്ങൾ കുറ്റവാളികളെ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു വധിക്കണം എന്നും ഷണ്ഡീകരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് പോലീസ് പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചപ്പോൾ ഹൈദരബാദിൽ കൊല്ലപ്പെട്ട ദിശയ്ക്ക് നീതി ലഭിച്ചു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
അതേസമയം നിയമം ശക്തമായി നിർമ്മിച്ചിട്ടും കൊലപാതകികളെ കൊന്നു ശിക്ഷ നടപ്പാക്കിയിട്ടും കുറ്റകൃത്യങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് ഒരു കുറവും ഉണ്ടാകുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. 2016-നെ അപേക്ഷിച്ച് 2017-ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 6% ആണ് വർദ്ധിച്ചത് (National Crime Records Bureau).
നിയമനിർമ്മാണ പ്രക്രിയയിൽ നിർബന്ധിത നിയമനിർമ്മാണം (Forcible legislation)
എന്നൊരു പ്രക്രിയയുണ്ട്. അതായത് നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ് എന്ന സ്ഥിതിയുണ്ടായാൽ ആ നിയമം ഭേദഗതി ചെയ്യുകയോ മാറ്റുകയോ വേണം. നിർഭയക്കേസിനെ തുടർന്ന് 2013-ൽ വന്ന നിയമം ഒരു നിർബന്ധിത നിയമ നിർമ്മാണമായിരുന്നു. അതുപോലെ ഉത്തരേന്ത്യയിൽ സദാചാര ഗുണ്ടകളും മതതീവ്രവാദികളും ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്നത് തുടർക്കഥയായപ്പോൾ അതു തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ല എന്നു വന്നപ്പോൾ
സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് പാർലമെന്റിനോട് ആൾക്കൂട്ട കൊലപാതകത്തിനെതിരെ പുതിയ നിയമം നിർമ്മിക്കാൻ ആവശ്യപ്പെട്ടു.
പുതിയ നിയമങ്ങൾ നിർമ്മിക്കുകയും കടുത്ത ശിക്ഷ നൽകുകയും ചെയ്തിട്ടും പെൺകുട്ടികൾക്കെതിരായ ക്രൂരതകൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഡൽഹിയും, ഉന്നാവോയും, പെരുമ്പാവൂരും, കഠ്വയും, പൂനെയും സ്ഥലങ്ങൾ മാറി മാറി വരുന്നെങ്കിലും ക്രൂരതയും പീഡനവും കൊലപാതകവും ഒരേ രീതിയിൽ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിയമവും നീതിയും ശിക്ഷയും എല്ലാം നടപ്പിലാക്കുന്നതോടൊപ്പം തന്നെ ഇത്തരം ക്രൂരതകൾ എങ്ങനെ ഉണ്ടാകുന്നു എന്നും സ്ത്രീകളെ ഈ രീതിയിൽ സമീപിക്കാനും ക്രൂരത കാട്ടാനും എങ്ങനെ അവർക്കു സാധിക്കുന്നു എന്നും പഠനം നടത്താതെ സ്ത്രീ സുരക്ഷയും ക്രമസമാധാനവും സമൂഹത്തിൽ നിലനിർത്താൻ സാധിക്കുമെന്നു തോന്നുന്നില്ല.
മനുഷ്യൻ ജനിക്കുകയും വളരുകയും അറിവും മൂല്യങ്ങളും ആദ്യമായി സ്വന്തമാക്കുകയും ചെയ്യുന്ന കുടുംബത്തെയും കുടുംബബന്ധങ്ങളെയും വിശുദ്ധീകരിക്കാതെയും ശക്തിപ്പെടുത്താതെയും സമൂഹത്തിന്റെയും വ്യക്തിയുടെയും സുരക്ഷയും ഉന്നമനവും സാധ്യമാകില്ല. ക്രൂരതകാട്ടുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാൽ തകർക്കപ്പെട്ട കുടുംബബന്ധങ്ങളുടെയും, മുറിവേൽക്കപ്പെട്ടതിന്റെയും ദുരുപയോഗിക്കപ്പെട്ടതിന്റെയും പലതരത്തിലുള്ള അടിമത്തത്തിന്റെയും (ലഹരി, അശ്ലീല കല, തഴക്കദോഷങ്ങളുടെയും) പിടിയിൽ അകപ്പെട്ടതിന്റെയും ചരിത്രം കാണാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. അത്തരം സാഹചര്യങ്ങളെയും അങ്ങനെ ജീവിക്കുന്നവരെയും അഭിസംബോധന ചെയ്ത് അവ പരിഹരിക്കാതെ കുറ്റം ചെയ്തതിനുശേഷമുള്ള കടുത്ത ശിക്ഷകൾകൊണ്ട് നൂറു ശതമാനം സുരക്ഷിതത്വവും ക്രമസമാധാനവും ഉറപ്പുവരുത്താനാവും എന്നു കരുതാനാവില്ല.
എല്ലാം വ്യക്തിസ്വാതന്ത്ര്യമാണ, എന്തു തോന്നിയാലും ആഗ്രഹിച്ചാലും അതെല്ലാം ചെയ്യാൻ അനുവദിക്കുന്നതാണ് മൗലികാവകാശവും മനുഷ്യാവകാശവും എന്നു വ്യാഖ്യാനിച്ച് ആത്മഹത്യയും, വ്യഭിചാരവും, സ്വവർഗ്ഗഭോഗവും, ഭ്രൂണഹത്യയും നിയമാനുസൃതമാക്കി നല്കുന്ന കോടതികളും സർക്കാരുകളും കുടുംബത്തെയും കുടുംബമൂല്യങ്ങളെയും തകർക്കുന്നതിനും ഉത്തരവാദികാളാണ്. ശിക്ഷയും തിരുത്തലും ശാസനയും കഷ്ടപ്പാടുമൊന്നും സ്‌കൂളിലും പരിശീലന രംഗത്തും പാടില്ല എന്നു വാദിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളും, മാതാപിതാക്കളും പരോക്ഷമായി കുട്ടികളുടെ പരിശീലനത്തിൽ സംഭവിക്കുന്ന പാകപ്പിഴകൾക്കും ഭാവിയിൽ ഏറ്റുവാങ്ങേണ്ടിവരുന്ന കടുത്ത ശിക്ഷകൾക്കും ഉത്തരവാദികളാണ്.
പൊടിപ്പും തൊങ്ങലും വച്ച് സംഭ്രമജനകമായ വാർത്തകൾക്കു പുറകെ മാത്രം പരക്കം
പായുകയും പ്രശ്‌നങ്ങളുടെ അടിസ്ഥാനപരമായ കാരണങ്ങൾ കണ്ടെത്താതെ മനുഷ്യനുപ്രയോജനകരമായ, ക്രിയാത്മകമായ വിഷയങ്ങൾ ചർച്ചചെയ്യാതെ പോകുന്ന മാധ്യമങ്ങളും അവരുടെ നിലപാടുകൾ തിരുത്താതെ സമൂഹത്തിന്റെ സുരക്ഷിതമായ പുനർനിർമ്മിതി പൂർത്തിയാവില്ല. സ്വന്തം പാർട്ടിയുടെ ഫണ്ടും പാർട്ടിക്കാരുടെ ക്ഷേമവും മാത്രം വളർത്താൻ ശ്രമിക്കുന്ന ഭരണാധികാരികളും, സ്വന്തം മതസ്ഥരുടെയും ആശയങ്ങളുടെയും പ്രചാരണത്തിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന മതനേതാക്കന്മാരും അവരുടെ നിലപാടുകൾ തിരുത്തണം. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളെ ദേശീയമെന്നും അന്തർദേശീയമെന്നും വിളിച്ച് പരിഹരിക്കാൻ ശ്രമിച്ചാൽ നിഷ്ഫലമെന്നേ കരുതാനാവൂ. അതിനുള്ള പരിഹാരം തികച്ചും മനുഷ്യസഹജമായിരിക്കണം. മാനുഷിക ഗുണങ്ങളെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിക്കുന്നതും മാനുഷികതയുടെ പിള്ളത്തൊട്ടിലായ കുടുംബങ്ങളുടെ അന്തസിനെ ഉയർത്തിപ്പിടിക്കുന്നതും ഗുണപ്പെടുത്തുന്നതും ആയിരിക്കണം.