ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ പാലാ, കാഞ്ഞിരപ്പളളി, കുറവിലങ്ങാട് തുടങ്ങിയ മധ്യതിരുവിതാംകൂറിന്റെ വടക്കൻ മേഖലയിൽ നിന്ന് സുറിയാനി കത്തോലിക്കർ കൃഷിയിടങ്ങൾ തേടി കൊല്ലം ജില്ലയിലെ, ഫില്ഗിരി, മീൻകുളം, ആയുർ, ആര്യങ്കാവ് മുതലായ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു തുടങ്ങി. അക്കാലത്ത് അവർ ദിവ്യബലിയിൽ സംബന്ധിക്കുന്നതിനും തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആ പ്രദേശങ്ങളിലെ ലത്തീൻ പള്ളികളിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. 1955 ൽ സീറോ മലബാർ സഭയുടെ അധികാരപരിധി കന്യാകുമാരിവരെ വികസിപ്പിച്ചതോടുകൂടി ഇവിടങ്ങളിലെ സുറിയാനി കത്തോലിക്കർ ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര സിമയിലായി. എങ്കിലും പല സ്ഥലങ്ങളിലും അതിരൂപതയുടെ നേരിട്ടു കീഴിൽ പള്ളികൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കുവാൻ കാലതാമസം നേരിട്ടു. ഈ കുടിയേറ്റ കാലയളവിൽ കൊല്ലം ലത്തീൻ രൂപതയുടെയും അതിന്റെ അധ്യക്ഷൻ ബിഷപ് ജെറോം ഫെർണാണ്ടസ് പിതാവിന്റെയും അതു പോലെതന്നെ മലങ്കര കത്തോലിക്കാ സഭയുടെയും സേവനങ്ങൾ നിസ്തുലമാണ്. അധികാര പരിധി അനുവദിച്ചു കിട്ടിയതോടു കൂടി അഭിവന്ദ്യ മാർ മാത്യു കാവുകാട്ട് പിതാവ് ഈ പ്രദേശങ്ങളിലേക്ക് വൈദികരെ അയച്ചു തുടങ്ങി. ബഹുമാന്യരായ തോമസ് മണലിൽ അച്ചൻ, ചെറിയാൻ തുരുത്തുമാലി അച്ചൻ, സക്കറിയാസ് കായിത്തറ അച്ചൻ, ജോൺ തൊമ്മിത്താഴെ അച്ചൻ ജോർജ് പൊന്നെടുത്തു കല്ലേൽ അച്ചൻ, ജോസഫ് പുത്തൻപുര അച്ചൻ ജയിംസ് കാട്ടുപറമ്പിൽ അച്ചൻ, മാത്യു കുഴിവേലിൽ അച്ചൻ എഫ്രേം കുന്നപ്പള്ളി അച്ചൻ, ജേക്കബ് പുന്നയ്ക്കൽ അച്ചൻ, ജേക്കബ് അഞ്ചു പങ്കിൽ അച്ചൻ, സെബാസ്റ്റ്യൻ വിരുപ്പേലച്ചൻ തുടങ്ങിയ പ്രേഷിത തീഷ്ണത നിറഞ്ഞ വൈദികരുടെ സേവനം ഈ പ്രദേശത്തെ ആത്മീയവും ഭൗതികവുമായ വളർച്ചയിലേക്ക് നയിച്ചു. സി എസ് ടി, സി എം ഐ, സഭാംഗങ്ങളായ വൈദികർ ഈ മിഷനു വേണ്ടി തങ്ങളുടെ ആയുസ്സും ആരോഗ്യവും വളരെയധികം വ്യയം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവിടെ ഇടവക വൈദികരെ കൂടാതെ സി എസ് എസ് ആർ, സി എം എഫ് , സി.എം.ഐ. തുടങ്ങിയ വൈദിക സമൂഹങ്ങളും എസ്എച്ച്, എസ് എ ബി എസ്, സി എം സി, ഒ.എസ്.ബി. സ്‌നേഹ ഗിരി, എസ്. എം. ഹോളിസ്പിരിറ്റ് തുടങ്ങിയ വിവിധ സന്ന്യാസിനി സമൂഹത്തിലെ സിസ്‌റ്റേഴ്‌സും സേവനം ചെയ്തു വരുന്നു. സ്‌നേഹതീരം, അമ്മ തുടങ്ങിയ കെയർ ഹോമുകളും ഇവിടെ പ്രവർത്തിക്കുന്നു. ഇപ്പോൾ ഈ മിഷനിൽ 20 പള്ളികൾ ആണ് ഉള്ളത്.
ആയൂർ, ചെറിയവെളിനല്ലൂർ, അഞ്ചല്, ആര്യ9കാവ്, ഇടപ്പാളയം, കുളത്തൂപുഴ, കൊല്ലം, ഫില്ഗിരി, പഴേരൂർ, വെഞ്ചെബ്, പുനലൂർ, മീൻകുളം, ചെങ്കുളം, ആനക്കുളം, ചെറുകടവ്, പത്തനാപുരം, കുറ്റിക്കോണം, നരിക്കല്ല്, കൊട്ടാരക്കര, കരവാളൂർ, എന്നിവയാണ് .
വന്യമൃഗങ്ങളോടും സർക്കാരിന്റെ കരിനിയമങ്ങളോടും പടവെട്ടി അഷ്ടിക്കുവേണ്ടി അരമുറുക്കി കഷ്ടപ്പെടുന്ന കർഷക ജനതയാണ് കുടിയേറ്റത്തിന്റെ ആരംഭം മുതൽ അരനൂറ്റാണ്ടിനിപ്പുറം ഇന്നും ഇവിടെയുള്ളത്. സകല ബുദ്ധിമുട്ടുകൾക്കു നടുവിലും വിശ്വാസം കൈവിടാതെ കൈമുതലായി സൂക്ഷിച്ച ഈ കർഷക ജനതയുടെ മഹത്തായ ഒരു ആഘോഷം ഇവിടെ അരങ്ങേറുന്നു. ഡിസംബർ 29 ഞായറാഴ്ച കൊല്ലം ആയൂർ ഫൊറോന ദിനമായി ആചരിക്കുകയാണ്. തോമാശ്ലീഹായുടെ പാദസ്പർശത്താൽ പുണ്യമണിഞ്ഞ ഈ ഫൊറോനയുടെ മക്കൾ മീങ്കുളത്ത് ഒന്നു ചേരുന്നു. ഇത് ഒരു കുടുംബ സംഗമമാണ്. ‘ഫൊറോനയിൽ നാം ഒരു കുടുംബം’ എന്ന ആപ്തവാക്യത്തിലൂന്നി പരി. കുർബാനയിലും സ്‌നേഹസംഗമത്തിലും കലാപരിപാടികളിലും സ്‌നേഹവിരുന്നിലും പങ്കു ചേർന്ന് ഈ സമൂഹം അന്നേ ദിവസം ധന്യമാകുകയാണ്. 20 ഇടവകകളിലായി 1600 കുടുംബങ്ങളാണ് ഈ ഫൊറോനയിലുള്ളത്. സജീവമായ സഭാ ജീവിതം എന്ന പ്രഖ്യാപിത മുദ്രാവാക്യത്തോടെ പരി.കുർബാന കേന്ദ്രീക്രതമായ ഒരു ആരാധന സമൂഹമായി വളരുക എന്നതാണ് ഫൊറോന ദിനത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി നൂറുദിന കർമ്മ പരിപാടിയിലൂടെ ദൈവജനം ഒരുങ്ങുകയായിരുന്നു. തിരുബാലസഖ്യം മുതൽ സീനിയർ സിറ്റിസൺ ഫോറം വരെയുള്ള ഓരോ സംഘടനാ സംവിധാനങ്ങളെയും ശക്തിപ്പെടുത്തുക, അല്മായ പ്രേഷിത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, കുടുംബ കൂട്ടായ്മകൾ സജീവമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ദിനാചരണത്തിന് പിന്നിലുള്ളത്. എണ്ണത്തിൽ ചെറുതെങ്കിലും തീഷ്ണതയിൽ മുന്നേറുവാൻ ഉള്ള പരിശ്രമമാണ് ഈ ദിനാചരണം.
നൂറുദിന കർമ്മ പരിപാടികൾ നടത്തി, കൂട്ടായ്മ ലീഡേഴ്‌സ് മീറ്റ്, മദ്ബഹാ ശുശ്രൂഷികളുടെ പരിശീലനക്യാമ്പ്, െ്രെകസ്തവ യുവജന പരിശീലനക്യാമ്പ്, മാതൃ പിതൃ സെമിനാറുകൾ, വിളംബര ദിനം പ്രാർത്ഥനാ ഉപവാസ ദിനങ്ങൾ എന്നിവ സംഘടിപ്പിച്ചും പ്രേഷിത സേന രൂപീകരിച്ചുമാണ് ഇതിനായുള്ള ഒരുക്കങ്ങൾ നടത്തിയത്. ഈ ദിനത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെ മഹനീയ സാന്നിധ്യമുണ്ട്. പ്രഗത്ഭരെ ആദരിക്കൽ, വിവാഹ ജൂബിലി ആഘോഷിക്കുന്നവർക്ക് ആശംസകൾ അർപ്പിക്കൽ, മാർത്തോമ്മാ വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടന്ന ഏക വർഷ ദൈവശാസ്ത്ര ഡിപ്ലോമ കോഴ്‌സിൽ വിജയികൾ ആയവരുടെ സർട്ടിഫിക്കറ്റ് വിതരണം, ഫൊറോനയിൽ നിന്നുള്ള വൈദികർ സമർപ്പിതർ എന്നിവരെയും മതാദ്ധ്യാപകരംഗത്ത് 25 വർഷത്തിൽ കൂടുതൽ സേവനമുളളവരെ ആദരിക്കൽ, സംഘടനാ സംഗമങ്ങൾ, പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം വർഷം ഉദ്ഘാടനം, മാർ ജോസഫ് പെരുന്തോട്ടം സപ്തതി ഭവന നിർമ്മാണ പദ്ധതിയുടെ താക്കോൽ ദാന കർമ്മം എന്നിവയാണ് ഈ ദിനത്തിലെ പ്രധാന കർമ്മ പരിപാടികൾ.
ഒരുമയുടെ ഈ ഒത്തുചേരൽ കാലത്തിന് ഒരു സാക്ഷ്യമാവട്ടെ എന്ന പ്രാർത്ഥനയോടെ.