കൃഷിയും ക്രൈസ്തവ സംസ്‌കൃതിയും

0
682

കർഷകരുടെ വോട്ട് ആവശ്യമില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ത്യയിലില്ല. കർഷകർ വോട്ട് ചെയ്യാതെ കേന്ദ്രത്തിലോ കേരളത്തിലോ ഒരു സർക്കാരും ഇതു
വരെ അധികാരത്തിലേറിയിട്ടില്ല. എന്നാൽ കർഷകർക്ക് നിരന്തരം അവഗണന മാത്രമാണ് ലഭിക്കുന്നത്. പൊള്ളുന്ന പ്രശ്‌നങ്ങളാണ് ഇവിടത്തെ കർഷക സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. റബറിന്റെയും മറ്റ് നാണ്യവിളകളുടെയും വിലയിടിവ് വളരെ വർഷങ്ങളായി രൂക്ഷമായി തുടരുകയാണ്. കൃഷി നഷ്ടമായതിനാൽ റബ്ബർ മേഖലകളിൽ പലരും കൃഷി നിർത്തിവെച്ചിരിക്കുകയാണ്. 250 രൂപയെങ്കിലും താങ്ങുവില ലഭിക്കാതെ റബർ കർഷകർക്ക് മുൻപോട്ടു പോകുവാൻ സാധിക്കുകയില്ല. മലയോര കുടിയേറ്റ മേഖലകളിൽ ആണെങ്കിൽ വന്യമൃഗങ്ങളുടെ ശല്യം മൂലം ഒരു കൃഷിയും ചെയ്യാനാവാത്ത അവസ്ഥയാണ്, മാത്രമല്ല ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കപ്പെട്ടില്ലെങ്കിലും അത് ‘സോഫോ ക്ലീസിന്റ വാൾ’ പോലെ കർഷകരുടെ തലയ്ക്കുമുകളിൽ തൂങ്ങിനിൽക്കുയാണ്. അതുകൊണ്ട് അവർക്ക് ഭൂമി വിൽക്കാനോ വാങ്ങാനോ സാധിക്കാത്ത അവസ്ഥയാണ്. മലയോര പ്രദേശത്തെ ഏക്കർ കണക്കിനു ഭൂമിയുള്ളവർ അവയെ നിഷ്‌ക്രിയ ആസ്തി പോലെ നോക്കി കാണേണ്ട അവസ്ഥയാണ് ഇന്നുള്ളത്. സമതല പ്രദേശങ്ങളിൽ ആകട്ടെ പുരയിടങ്ങളെ തോട്ട ഭൂമിയായി കരുതുന്നത് മൂലം ക്രയവിക്രയങ്ങളും നിർമ്മാണപ്രവർത്തനങ്ങളും സാധ്യമല്ലാതെ വരുന്നു.
കുട്ടനാട്ടിലാകട്ടെ വെള്ളപ്പൊക്കത്തിന്റെയും കാലംതെറ്റി പെയ്യുന്ന കാലവർഷ
ത്തിന്റെയും ദുരിതക്കയത്തിലാണ് കർഷകർ. ജലാശയങ്ങളിൽ മണൽ അടിഞ്ഞുകൂടി ആഴം കുറഞ്ഞതു മൂലം പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നു. രണ്ടാം കൃഷി ചെയ്തവർക്ക് എല്ലാം തന്നെ വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സർക്കാർ സംഭരിച്ച നെല്ലിന്റെ വില ബാങ്കുകൾക്ക് നൽകാത്തത് മൂലം കർഷകർ പലിശ അടയ്ക്കണം എന്നാണ് ബാങ്കുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങളുടെ അദ്ധ്വാനഫലം വായ്പയായി സ്വീകരിക്കേണ്ടി വരിക എന്ന ഗതികേടാണ് കുട്ടനാട്ടിലെ കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം സംഭരണവിലയുടെ കുറവ്, കൊയ്ത്ത് മെതിയന്ത്രങ്ങളുടെ ലഭ്യത ഇല്ലായ്മ, കുടിവെള്ളക്ഷാമം തുടങ്ങിയ ധാരാളം ബുദ്ധിമുട്ടുകൾ ഈ പ്രദേശത്തെ കർഷകജനത അനുഭവിച്ചുവരുന്നു. താറാവ്, മത്സ്യ, കേരകർഷകരും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കാതെ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയില്ല. വിള ഇൻഷുറൻസ്, കർഷകപെൻഷൻ, കർഷക ക്ഷേമനിധി എന്നിവയും സർക്കാരുകൾക്ക് മുന്നിൽ ശക്തമായി ഉന്നയിക്കപ്പെടേണ്ട ആവശ്യങ്ങളാണ്.
കൃഷിയുടെ തകർച്ച ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന്റെ തകർച്ച തന്നെയാണ്. കാരണം ഏറ്റവുമധികം കൃഷിയെ സ്‌നേഹിക്കുന്നതും കൃഷി കൊണ്ട് ഉപജീവനം നടത്തുന്നതും ഇവിടുത്തെ ക്രൈസ്തവസമൂഹമാണ്. ഇവിടുത്തെ ക്രൈസ്തവ സംസ്‌കാരം കാർഷിക സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സുറിയാനി ക്രൈസ്തവർ പരമ്പരാഗതമായി കർഷകരാണ്. സമുദായ ആചാര്യനായ വിശുദ്ധ ചാവറ അച്ഛൻ ചാവരുളിലൂടെ ഈ സമുദായത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് കഴിവതും എല്ലാവരും കൃഷി കൊണ്ടുതന്നെ ഉപജീവനം നടത്തണമെന്നാണ്. ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ല എങ്കിൽ മാത്രമേ കച്ചവടത്തിന് പോകാവൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാരണം ക്രൈസ്തവ മൂല്യങ്ങളെ ഉൾച്ചേർത്തു കൊണ്ടുപോകുവാൻ സാധിക്കുന്ന ഒരു ഉപജീവനമാർഗമാണ് കൃഷി. അവിടെ സ്‌നേഹമുണ്ട്, സഹകരണം ഉണ്ട്, വിശ്വസ്തത ഉണ്ട്, ക്ഷമയും വിട്ടുവീഴ്ചയും ഉണ്ട്, പ്രകൃതിയോടുള്ള ഉൾച്ചേരൽ ഉണ്ട്, ആരോഗ്യമുണ്ട്, സൗന്ദര്യമുണ്ട്, ദൈവ ആശ്രയ ബോധമുണ്ട്. കൃഷി ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ ഉള്ള പങ്കുചേരൽ ആണ്. ദൈവത്തിന്റെ സൃഷ്ടികളെ മനുഷ്യന്റെ ആവശ്യാനുസരണം ക്രമീകരിക്കുകയും പരിപാലിച്ചു ഫലം പുറപ്പെടുവിക്കുകയും മനുഷ്യരാശിയെയും മറ്റു ജീവജാലങ്ങളെയും തീറ്റിപ്പോറ്റുകയും ചെയ്യുന്നവൻ ആണ് കർഷകൻ. ബൈബിളിലെ ആദ്യ മാതാപിതാക്കൾ തന്നെ കർഷകരായിരുന്നു എന്ന് നമുക്ക് കാണുവാൻ സാധിക്കും. കൃഷി ആത്മാഭിമാനമുള്ള ഒരു തൊഴിലാണ്; കാരണം കർഷകൻ മറ്റാരുടെയും കീഴിൽ ജോലി ചെയ്യുന്നവരല്ല, അവൻ സ്വന്തം നിലയിൽ അദ്ധ്വാനിക്കുകയും നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുകയും ചെയ്യുന്നവനാണ്. എന്തൊക്കെ ഉന്നത തൊഴിൽ ചെയ്യുന്നവരുണ്ടെങ്കിലും കർഷകർ ഇല്ലെങ്കിൽ മനുഷ്യ ജീവിതം തന്നെ ദുസ്സഹമായി തീരും ജീവസന്ധാരണത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും ആണിക്കല്ലായ കർഷകർ എന്തുകൊണ്ട് സംരക്ഷിക്കപ്പെടുന്നില്ല. ഭരണാധികാരികൾ എന്തുകൊണ്ട് അവരിൽ ശ്രദ്ധ ചെലുത്തുന്നില്ല. ചില വിഭാഗങ്ങൾ സംഘടിതരായി തങ്ങളുടെ അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ കർഷകർ ഇന്നും അസംഘടിതരായി തുടരുന്നു എന്നതാണ് അവരുടെ ദുരവസ്ഥയ്ക്ക് പ്രധാനകാരണം. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കർഷക സംഘടനകൾ ഉണ്ടെങ്കിലും അവയൊന്നും പ്രവർത്തനക്ഷമം അല്ല. അതിനാൽ സംഘടിച്ച് ശക്തരാവുക എന്നത് കർഷകരുടെ ആവശ്യമാണ്. ഒരു പുതിയ ഉണർവ് കൃഷി മേഖലയിൽ ഉളവാക്കാൻ നമ്മുടെ നിരന്തരമായ പരിശ്രമം ആവശ്യമുണ്ട്. കൃഷിയിൽ നിന്ന് അകന്ന് പോകുന്നവരായി നമ്മുടെ പുതിയ തലമുറ മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ക്രൈസ്തവ സംസ്‌കൃതിയുടെ ഭാഗമായ കൃഷി നഷ്ടപ്പെട്ടു പോകാതിരിക്കാൻ നമ്മൾ ഉണർന്നു പ്രവർത്തിക്കണം, അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടണം.