കത്തോലിക്കാ സഭയിൽ പുസ്തക പ്രസിദ്ധീകരണത്തിന് അനുവാദം ആവശ്യമോ?

അനുവാദമില്ലാതെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും വിവാദ പുസ്തകങ്ങളിലൂടെ കച്ചവടം വർദ്ധിപ്പിക്കുകയും ചെയ്യുന്ന കാലമാണല്ലോ ഇത്. ഏതൊരു രചനയും സഭയുടെ നന്മയും ആത്മാക്കളുടെ രക്ഷയും മുന്നിൽ കണ്ടുകൊണ്ട് നടക്കുമ്പോൾ അത് ഭാവിതലമുറയ്ക്ക് ഉപകാരപ്രദമാകും. എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, ചുരുക്കം ചില രചനകൾ തങ്ങളുടെ ‘പക’ തീർക്കുവാനുള്ള മാർഗ്ഗമായി തീരുന്നു. ഇത്തരുണത്തിൽ, സഭാധികാരികളുടെ അംഗീകാരം വാങ്ങേണ്ട പുസ്തകങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുകയാണിവിടെ.
കത്തോലിക്കാ വിശ്വാസ സംബന്ധമായ എല്ലാ പുസ്തകങ്ങളെയും തുല്യമായി കാണാനാവില്ല. സഭയുടെ നിയമ പ്രകാരം, സന്മാർഗ്ഗത്തെയും വിശ്വാസത്തെയും ദോഷകരമായി ബാധിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം പ്രഥമമായി അജപാലകർക്കുള്ളതാണ്. സഭയുടെ വിശ്വാസത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കേണ്ട ചുമതല പ്രഥമമായി അവർക്കുള്ളതാണ്. വിശ്വാസത്തിനു ഹാനികരമാകുമെന്നു തോന്നുന്ന പക്ഷം, ചില രചനകൾ പ്രസിദ്ധീകരിക്കുന്നതു വിലക്കുവാനുള്ള അധികാരവും കടമയും സഭാധികാരികൾക്കുണ്ട്. കത്തോലിക്കാ വിശ്വാസസംബന്ധിയായ ഒരു പുസ്തകം ഒരു വിശ്വാസി രചിക്കുമ്പോൾ, രചയിതാവിന്റെ രൂപതാദ്ധ്യക്ഷനാണ് നിയമാനുസൃതമായ അംഗീകാരം നല്‌കേണ്ടത്. രൂപതാദ്ധ്യക്ഷന്റെ അനുവാദം Imprimatur – it may be printed എന്ന് അറിയപ്പെടും. സഭയുടെ വിശ്വാസത്തെയും സന്മാർഗ്ഗത്തെയും സംബന്ധിച്ച് രചിക്കപ്പെട്ട ഏതൊരു ഗ്രന്ഥത്തിനും അതു പ്രസിദ്ധീകരിക്കുന്നതിനും വില്പനക്കായി വയ്ക്കപ്പെടുന്നതിനും രൂപതാദ്ധ്യക്ഷന്റെ അനുവാദം ആവശ്യമാണ്.
ന്യായമായും യുക്തിഭദ്രമായ കാരണങ്ങളില്ലാതെ, സഭയെയും സഭയുടെ പഠനങ്ങളെയും സ്ഥിരമായി വിമർശിക്കുകയും, സുവിശേഷമൂല്യങ്ങൾക്കെതിരായി എഴുതുകയും ചെയ്യുവാൻ പാടില്ലാത്തതാണ്. അതുപോലെ, വാർത്താമാദ്ധ്യമങ്ങളിൽ സഭയെ പ്രതിനിധീകരിക്കുന്നവർ, പ്രത്യേകിച്ച് വൈദികരും സന്ന്യസ്തരും മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കണം. ചുരുക്കത്തിൽ, സഭാവിശ്വാസത്തെ പരിപോഷിപ്പിക്കുവാനും കാത്തുസൂക്ഷിക്കുവാനുമുള്ള ശ്രമമാണ് ഓരോ പ്രസിദ്ധീകരണത്തന്റെയും പരസ്യമായ നിലപാടുകളുടെയും പിന്നിലുണ്ടാകേണ്ടത്.