ആവേശം തീർത്ത് ചങ്ങനാശ്ശേരി അതിരൂപതയുടെ കർഷക രക്ഷാ സംഗമം

0
578

ആലപ്പുഴ: പിറന്ന മണ്ണിൽ നിവർന്നു നിൽക്കാനുള്ള അവകാശം തേടി അന്നം നൽകും
കർഷകർ ഒഴുകിയെത്തി. കത്തിനിന്ന മധ്യാഹ്ന സൂര്യനു കീഴെ ഇരന്പിയാ ർത്തെത്തിയ സാഗരം കണക്കെ അവഗണനയ്‌ക്കെതിരേ മുന്നറിയിപ്പുമായി അവർ ആലപ്പുഴ കളക്ട്രേറ്റിലേക്കു മാർച്ച് ചെയ്തു.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷാ സംഗമത്തിലും കളക്ടറേറ്റ് മാർച്ചിലും പങ്കെടുക്കാൻ ഇരുപതിനായിരത്തോളം കർഷകരും കർഷകത്തൊഴിലാളികളുമാണ് കിഴക്കിന്റെ വെനീസിലേക്കെത്തിയത്. മെത്രാന്മാരും വൈദികരും സംഘടനാ നേതാക്കളും നയിച്ച കർഷക മുന്നേറ്റത്തിൽ ആവേശത്തോടെ അവർ അണിചേർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെ തന്നെ ചങ്ങനാശേരി അതിരൂപതയുടെ വിവിധയിട
ങ്ങളിൽനിന്നുള്ള കർഷകർ സംഗമവേദിയായ ആലപ്പുഴ ഇഎംഎസ് സ്‌റ്റേഡിയ ത്തിലേക്കെത്തി. ഘടികാരത്തിൽ രണ്ടുമണി മുഴങ്ങിയപ്പോൾ തന്നെ കർഷകരുടെ രക്ഷയ്ക്കായുള്ള മഹാ സംഗമത്തിനും തുടക്കമായി.
ആമുഖഭാഷണവുമായി ചങ്ങനാശേരി അതിരൂപത വികാരി ജനറാളും സമരത്തിന്റെ ജനറൽ കൺവീനറുമായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ കർഷകരുടെ അവസ്ഥ അവതരിപ്പിച്ചപ്പോഴേക്കും ചടങ്ങിന്റെ മുഖ്യാതിഥികളായ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ തുടങ്ങിയവർ വേദിയിലേക്കെത്തി. ബിഷപ് മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യസന്ദേശം നല്കി. ഇൻഫാം സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി. സി. സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷകനായി. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ വിഷയാവതരണം നടത്തി.
സംഗമത്തിനു ശേഷമായിരുന്നു പാളത്തൊപ്പി വച്ചും ചുട്ടിത്തോർത്തു തലയിൽ കെട്ടിയും കർഷകർ കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്തത്. മാർച്ച് കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ മാർ ജോസഫ് പെരുന്തോട്ടം പ്രതിജ്ഞചൊല്ലിക്കൊടുത്തു.
തുടർന്ന് മാർ തോമസ് തറയിലിൻറെ നേതൃത്വത്തിൽ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, കോ-ഓർഡിനേറ്റർ വർഗീസ് ആൻറണി, കർഷക പ്രതിനിധി ജോസ് ജോൺ വേങ്ങാന്തറ എന്നിവർ കളക്ടർക്ക് കർഷകാവകാശ പത്രിക കൈമാറി. മാർച്ചിൽ കർഷകൻറെ ദൈന്യതയുണർത്തുന്ന നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധ നേടി.