അധികാരം അല്മായ വീക്ഷണത്തിൽ 2

3. അധികാരത്തിന്റെ ലക്ഷ്യം ശുശ്രൂഷ
അധികാരം ശുശ്രൂഷയ്ക്കുവേണ്ടിയാണെന്നുള്ളത് ആരംഭകാലം മുതൽക്കേ സഭ പഠിപ്പിച്ചുപോരുന്നതാണ്. ഇതിന് തികഞ്ഞ മാതൃകയും ആധാരവും ഈശോയുടെ മനുഷ്യാവതാര ശൈലിതന്നെ. ഗുരിവിനെക്കാൾ വലിയ ശിഷ്യനില്ല എന്നുള്ള അവിടുത്തെ പ്രബോധനവും വ്യക്തമത്രേ. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത് (മത്താ. 20,028) എന്നു കർത്താവ് അരുൾചെയ്തത് സഭാധികാരികൾക്ക് അടിസ്ഥാന പെരുമാറ്റ ദിശാസൂചികയാണ്. സഭയിൽ ഒന്നാമൻ ആകുവാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനും (മർക്കോ. 9, 35; 10, 43; ലൂക്കാ 22, 26), സഭയിലെ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനും (മത്താ. 23, 11) ആയിരിക്ക ണമെന്നുള്ള നിയമത്തിന്റെ അക്ഷരങ്ങളല്ല, മറിച്ച് അജപാലന പെരുമാറ്റത്തിന്റെയും മനോഭാവത്തിന്റെയും ജീവസ്സുറ്റ ആത്മാവാണ് കല്പനയ്ക്കു തേജസ്സ് നല്കുന്നത് (2കോറി. 3, 6). എഫേസൂസ് വിടുന്നതിനുമുമ്പ് പൗലോസ് ശ്ലീഹാ അവരു ടെയിടയിലുള്ള തന്റെ ജീവിതത്തെ വിലയിരുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ”പൂർണ്ണ വിനയത്തോടും കണ്ണുനീരോടും യഹുദന്മാരുടെ ഗൂഢാലോചനയാൽ എനിക്കുണ്ടായ പരീക്ഷണങ്ങളോടും കൂടി ഞാൻ കർത്താവിനു ശുശ്രൂഷചെയ്തു. നിങ്ങളുടെ നന്മയ്ക്കുതകുന്ന ഏതെങ്കിലും കാര്യം നിങ്ങൾക്കു പറഞ്ഞുതരാൻ ഞാൻ മടി കാണിച്ചിട്ടില്ല. പൊതു സ്ഥലത്തുവച്ചും വീടുതോറും വന്നു ഞാൻ നിങ്ങളെ പഠിപ്പിച്ചു” (ശ്ലീഹ. നട. 20, 19-20). ഒട്ടനവധി വിശുദ്ധരായ മേലദ്ധ്യക്ഷന്മാരുടേയും, വൈദികരുടേയും സമർപ്പിതരുടെയും പുണ്യമാണ് സഭയെ വളർത്തിയതും വളർത്തി കൊണ്ടുവരുന്നതും. ഈ പുണ്യത്തിന്റെ ശോഭ കെടുത്തുവാൻ ഒട്ടേറെ പരീക്ഷണങ്ങൾ, ഗുഢാലോചനകൾ ഇന്ന് സമൂഹത്തിൽ പണ്ടെന്നത്തേക്കാളും ശക്തമായി വരുന്നുണ്ട്. അവിടെ ചില അധികാരികളുടെ ശുശ്രൂഷാ മനോഭാവത്തിലുള്ള വീഴ്ചകൾ ആളുകളോട് ഇടപഴകുന്ന രീതികളിലുള്ള തകരാറുകളെല്ലാം, സഭയെയും പൗരോഹിത്യത്തെയും ആദരിക്കുവാനും സംരക്ഷിക്കുവാനും കടപ്പെട്ട അല്മായ സമൂഹത്തിന്റെ ധാർമ്മികശക്തിയെ ദുർബ്ബലപ്പെടുത്തുന്നുണ്ട്. സഭ എന്തെന്ന് ഉൾക്കൊള്ളാതെ ‘അന്ധൻ അന്ധനെ നയിക്കുന്ന’ പ്രവണതകളും നാൾക്കുനാൾ ഉണ്ടായി കാണുന്നു. ഇവിടെയെല്ലാം
മാതൃകാപരമായ അച്ചടക്കനടപടിയുടെ കരുത്തുകൂടി സഭാധികാരികൾക്ക് ഉണ്ടാകണം.
4. അധികാരം പടുത്തുയർത്താനുള്ളത്
അധികാരം ശുശ്രൂഷയ്‌ക്കെങ്കിൽ, അതുവഴി പടുത്തുയർത്തേണ്ടത് സഭയെയാണ്, ദൈവരാജ്യമാണ്. സഭ അടിസ്ഥാനപരമായി കൂട്ടായ്മയാണല്ലോ. കൂട്ടായ്മയുടെ ശുശ്രൂഷാ ബന്ധങ്ങൾ ദൃഢമാക്കാനുള്ളതാണ്. സഭയെ പടുത്തുയർത്തുകയെന്നാൽ ബന്ധങ്ങൾ പടുത്തുയർത്തുകയെന്നതാണ്. അവൻ നന്മ ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചു (മത്താ. 9, 35; മർക്കോ 1, 39) എന്ന ദൈവവചനം പൗരോഹിത്യത്തിന്റെ മുദ്രാവാക്യമായി പണ്ടെന്നത്തേക്കാളും കൂടുതൽ പ്രസക്തമായി ജീവിക്കേണ്ട കാലമാണിത്. ഇവിടെ സഭാധികാരികൾ തമ്മിൽ തമ്മിലുള്ള കൂട്ടായ്മയും ഐക്യവും പൊതുവായ സാക്ഷ്യവും അല്മായർ ഏറെ ശ്രദ്ധയോടും താത്പര്യത്തോടും കൂടെ വീക്ഷിക്കുന്നു. ഒരു ഇടവകയിൽ ശുശ്രൂഷചെയ്യുന്ന വൈദികരുടെയിടയിലുള്ള കൂട്ടായ്മ കുടുംബങ്ങൾക്കും, കലാലയങ്ങളിലെയും സ്‌കൂളുകളിലെയും വൈദിക അദ്ധ്യാപക
ഭരണകർത്താക്കളുടെയിടയിലുള്ള കൂട്ടായ്മ സഹ അദ്ധ്യാപകർക്കും മാതൃകയും സന്തോഷവും പകരുന്നതായിരിക്കുവാൻ ശ്രദ്ധിക്കണം. ഇവിടെയുള്ള ദുർമാതൃകകൾ, ബന്ധ തകർച്ചകൾ ഒക്കെ ഏറെ ദോഷം ചെയ്യുകയും ഇടവകകളുടെയും സ്ഥാപനങ്ങളുടെയും പൊതുസാക്ഷ്യത്തെ ദുർബ്ബലപ്പെടുത്തുകയും ചെയ്യും.
ദൈവം, അപ്രധാനങ്ങളായ അവയവങ്ങൾക്കു കൂടുതൽ പ്രാധാന്യം ലഭിക്കത്തക്കവിധം ശരീരം സംവിധാനം ചെയ്തിരിക്കുന്നു (1 കൊറി 12, 24) എന്ന ഓർമ്മപ്പെടുത്തൽ ഇന്നിന്റെ അജപാലന സമീപനത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുതന്നെ. അല്മായരുടെ അടിസ്ഥാന ക്രിസ്തീയ മഹത്ത്വം കണക്കിലെടുത്ത് അവരോട് പെരുമാറുവാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അല്മായർക്കുൾപ്പെടെ സഭയിൽ നല്കപ്പെടുന്ന വരങ്ങൾ അവളുടെ ഉത്കർഷത്തിനായി (1 കൊറി 14, 12) ഉപയോഗിക്കപ്പെടണമെന്നുള്ള ആഹ്വാനം ശുശ്രൂഷാ നേതൃരംഗങ്ങത്തുള്ള എല്ലാവരും വേണ്ടത്ര പ്രാധാന്യത്തോടെ കാണണം. പരിശുദ്ധാത്മാവ് സഭയുടെ എല്ലാ അംഗങ്ങളുടെയും ഹൃദയങ്ങളിലേക്കു ചൊരിയുന്ന വിശ്വാസത്തിലും പ്രത്യാശയിലും സ്‌നേഹത്തിലും കൂടെ സഭയുടെ പ്രേഷിതത്വം നിർവ്വഹിക്കപ്പെടുന്നു (അല്മായ പ്രേഷിതത്വം നമ്പർ 3) എന്നുള്ള കൗൺസിൽ പ്രബോധനം കണക്കിലെടുക്കണം. തങ്ങളുടെ അധികാര നിർവ്വഹണം സഭാഗാത്രത്തിൽ നിന്നും അതിന്റെ ശുശ്രൂഷകളിൽ നിന്നും അകലം പാലിക്കുവാൻ വിശ്വാസി സമൂഹത്തെ പ്രേരിപ്പുക്കുന്നതാകരുത്. ഞങ്ങളുടെ അധികാരത്തെപ്പറ്റി ഞാൻ കുറച്ചധികം പ്രശംസച്ചാലും അതിൽ എനിക്കു ലജ്ജിക്കാനില്ല. നിങ്ങളെ പടുത്തുയർത്താനാണ് നശിപ്പിക്കാനല്ല, കർത്താവ് ഞങ്ങൾക്ക് അധികാരം നല്കിയിരിക്കുന്നത് (2 കൊറി 10, 8; എഫേ. 4, 12).
5. അധികാര നിർവ്വഹണം അജപാലനശുശ്രൂഷയെയും അല്മായ പ്രേഷിതത്വത്തെയും പരസ്പരം പൂരിപ്പിക്കുവാൻ സഹായിക്കണം
വിശുദ്ധീകരിക്കുവാനും, പഠിപ്പിക്കുവാനും, നയിക്കുവാനുമുള്ള ശുശ്രൂഷയിൽ പ്രധാനമായും നിർവ്വഹിക്കുന്നത് വചനത്തിന്റെയും കൂദാശകളുടെയും പരികർമ്മം വഴിയാണ്. ഇത് പ്രത്യേകവിധമായി വൈദികർക്കു ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു; ”സത്യത്തിന്റെ സഹപ്രവർത്തകർ” (3 യോഹ. 8) എന്ന നിലയിൽ അല്മായർക്കും ഇതിൽ വലിയ പ്രാധാന്യമുള്ള ഭാഗഭാഗിത്വം നിർവ്വഹിക്കാനുണ്ട്. ഈ ദൗത്യം സർവ്വപ്രധാനമായി അല്മായ പ്രേഷിത രംഗത്തെയും അജപാലന ശുശ്രൂഷാ രംഗത്തേയും പരസ്പരംപൂരിപ്പിക്കുന്നു (അല്മായ പ്രേഷിതത്വം നമ്പർ 6). സഭയുടെ എല്ലാ മേഖലകളിലും പങ്കാളിത്വത്തിന്റെ അടിസ്ഥാന തത്ത്വം വിലമതിക്കപ്പെടണം. സഭ പങ്കാളിത്ത സഭയായി വളരണം. കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും, പ്രബോധനത്തെ സ്ഥിരീകരിക്കുന്നതിനും, അന്തിമതീരുമാനം എടുക്കുന്നതിനും തീരുമാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനും മേലദ്ധ്യക്ഷന്മാർക്കും ശുശ്രൂഷാ പൗരോഹിത്യത്തിനും സവിശേഷമായ കടമയും ചുമതലയുമുണ്ട്. സഭയുടെ സമസ്ത മേഖലകളിലും ഈ ഒരു പ്രാധാന്യം ഉണ്ടായേ മതിയാകൂ എന്നു ശഠിക്കുന്നതും വ്യവസ്ഥാപിതമാക്കുന്നതും സഭയുടെ കൂട്ടായ്മജീവിതത്തെ ദുർബ്ബലപ്പെടുത്തുന്നുവെന്ന ചിന്ത അല്മായരിൽ പ്രബലമാകുന്നുണ്ട്.
സഭയിൽ ശുശ്രൂഷാ പൗരോഹിത്യത്തിന് ശ്രേഷ്ഠമായ സ്ഥാനവും ഉത്തരവാദിത്വവുമാ
ണുള്ളത്. ഔദ്യോഗികമായി പ്രബോധനാധികാരം ഹയരാർക്കിയിൽ നിക്ഷിപ്തവുമാണ്. സഭയുടെ ആധികാരികതയിൽ ദൈവജനത്തെ പഠിപ്പിക്കുവാനുള്ള ചുമതലയും അവകാശവും അച്ചടക്കത്തോടെ നിർവ്വഹിക്കുവാൻ അവർക്കു ലഭിക്കുന്ന കൃപ അതിശ്രദ്ധേയമാണ്. ഈ ആധികാരികത നഷ്ടപ്പെടുത്തി സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ നിന്നും വ്യതിചലിച്ച് ദൈവജനത്തെ തെറ്റായി ചിന്തിപ്പിക്കുവാനും പ്രവർത്തിപ്പിക്കുവാനും പ്രേരിപ്പിക്കുന്ന, ഒറ്റപ്പെട്ടതാണെങ്കിലും അത്തരം പ്രവർത്തനങ്ങൾ ഏറെ ദോഷം ചെയ്യും. ഇവിടെ ശരിയായി പഠിപ്പിക്കു ന്നതിനുള്ള ചുമതലയിൽ ഉത്തരവാദിത്വത്തോടെ പങ്കുചേരുന്നതിനുള്ള അല്മായരുടെ കടമയെയും അവകാശത്തെയും നിരുത്സാഹപ്പെടുത്താതെ ശ്രദ്ധാപൂർവ്വം പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട പ്രത്യേക പരിശീലനം നലകുകയും വേണം. ഓരോ രൂപതയിലുമുള്ള ആയിരക്കണക്കിനു വിശ്വാസപരിശീലകരുടെയും മറ്റു വചന പ്രഘോഷകരുടെയും ശുശ്രൂഷ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടണം, വിലമതിക്കപ്പെടണം. കൃത്യമായി ശുശ്രൂഷ ചെയ്തിട്ടും ഈ രംഗത്തു നിന്നും സങ്കടത്തോടെ പിരിഞ്ഞുപോകാതിരിക്കുവാൻ ഇടവക-രൂപതാധികാരികൾ ശ്രദ്ധിക്കണമെന്നുള്ളതും പ്രധാനപ്പെട്ടതുതന്നെ.
വിശ്വാസസംബന്ധമായ കാര്യങ്ങളിൽ ദൈവജനം മുഴുവനും ഒരേ അഭിപ്രായം വച്ചു പുലർത്തുന്ന സന്ദർഭങ്ങളിൽ അവർക്കു തെറ്റുപറ്റുകയില്ലെന്നു കൗൺസിൽ പഠിപ്പിക്കുന്നു (തിരുസ്സഭ-12). വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ ദൈവജനത്തിനുള്ള തോന്നിപ്പിന്റെ (sense of faith) ഉറവിടവും സഭയുടെ പ്രബോധനാധികാരങ്ങളിൽ അവർക്കുള്ള പങ്കാളിത്തത്തിന്റെ അടിസ്ഥാനവും പരിശുദ്ധാരൂപിയിൽ നിന്ന് അവർക്കു ലഭിച്ചിട്ടുള്ള അഭിഷേകമാണ് (പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ പേജ് 30). അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ ഇക്കാര്യത്തിൽ ആധികാരികമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. വിശ്വാസം ജീവിച്ച് കൈമാറി വന്നിട്ടുള്ള ദൈവജനത്തിന്റെ ജീവിക്കുന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ, വിശ്വാസ സംബന്ധമായ ഒരു തത്ത്വത്തിന്റെ ശരിതെറ്റുകൾ അവർക്ക് വിവേചിച്ചറിയുവാൻ പരിശുദ്ധാരൂപിയുടെ കൃപയിൽ അവർക്കു കഴിയുന്നു.
ഹയരാർക്കിയും, സമർപ്പിതരും, അല്മായ സമൂഹവും ഏകസമൂഹമായി വി. ലിഖിത
ങ്ങളിലൂടെയും വി. ശ്ലൈഹിക പാരമ്പര്യത്തിലൂടെയും സഭയ്ക്കു കൈമാറി ക്കിട്ടിയിരിക്കുന്ന വിശ്വാസ വെളിപാടിന് ചരിത്രത്തിലൂടെസാക്ഷ്യം നല്കുന്ന ഉത്തരവാദിത്വം നിർവ്വഹിക്കുന്നു (പി. സി. അനിയൻകുഞ്ഞ് പേജ് 58).

(തുടരും)