ചങ്ങനാശേരി അതിരൂപതയുടെ പ്രേഷിത സംരംഭ 1

ആമുഖം
ഉത്ഥിതനായ ഈശോ തന്റെ ശിഷ്യന്മാരോട് ചെയ്ത മിഷൻ ആഹ്വാനം ഇതായിരുന്നു:
”നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും എന്റെ സുവിശേഷമറിയിക്കുവിൻ” (ലൂക്കാ 10:15); ”ലോകത്തിന്റെ അതിർത്തികൾവരെ നിങ്ങൾ എനിക്കുവേണ്ടി സാക്ഷികളായിരിക്കും” (ശ്ലീഹ. നട. 1:8). ഉത്ഥിതന്റെ ആഹ്വാനം കൈകൊണ്ട് അന്നത്തെ ലോകത്തിന്റെ അറിയപ്പെടുന്ന അതിർത്തികൾക്കപ്പുറവുംകടന്ന് ഭാരതത്തിലെത്തി സുവിശേഷമറിയിച്ച മാർ തോമാശ്ലീഹായുടെ പ്രേഷിതചൈതന്യം തുളുമ്പുന്ന സഭയാണ് പൗരസ്ത്യ
സുറിയാനി പാരമ്പര്യത്തിലുള്ള നമ്മുടെ സീറോമലബാർ സഭ. ഒരു കാലത്തും മദ്ധ്യേഷ്യയും മംഗോളിയയും കടന്ന് ഇന്ത്യയും ചൈനയുംവരെ വ്യാപിച്ചുകിടന്ന ഒരു വലിയ ഭൂവിഭാഗം നിറഞ്ഞുനിന്ന ലോകത്തിലെ ഏറ്റവും വലിയ മിഷനറി സഭയായിരുന്നു പൗരസ്ത്യസുറിയാനി സഭ. ആ മിഷൻചൈതന്യം ഇന്നും
തുടിച്ചുനിൽക്കുന്ന ഒരു സമൂഹമാണ് സീറോമലബാർ സഭ. അതിൽതന്നെ തനതായ മിഷൻ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു പ്രാദേശികസഭയാണ് ചങ്ങനാശ്ശേരി അതിരൂപത. ഈശോയിൽ വിശ്വസിക്കുന്ന ഒരു ക്രൈസ്തവന് പ്രേഷിതനാകാതിരക്കാനാവില്ല. ”സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം” എന്ന് പൗലോസ് ശ്ലീഹാ പറയുന്നത് അതുകൊണ്ടാണ് (1 കോറി 9:16). ”അങ്ങു മാത്രമാണ് യഥാർത്ഥ പിതാവായ ദൈവമെന്നും അങ്ങയുടെ പുത്രനായ ഈശോമിശിഹായെ അങ്ങ് അയച്ചുവെന്നും ലോകം മുഴുവനും അറിയട്ടെ” എന്ന് നമ്മുടെ കുർബാനയിലെ മാർ അദ്ദായ് മാറി അനാഫൊറയിൽ നാം പ്രാർത്ഥിക്കുമ്പോൾ ഈ മിഷൻ അനിവാര്യതയാണ് ഉറക്കെ പ്രഖ്യാപിക്കുന്നത്. വിശ്വസിക്കുന്നത് പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കുന്നത് വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന സഭാവിശ്വാസികൾക്ക് മിഷൻ അതുകൊണ്ട് തന്റെ ക്രിസ്തീയ അസ്തിത്വത്തിന്റെ അവിഭാജ്യഭാഗമാണ്.
പ്രേഷിതപ്രവർത്തനത്തിന്റെ ത്രിവിധ തലങ്ങൾ
നമ്മുടെ അതിരൂപതയുടെ പ്രേഷിത പ്രവർത്തനത്തെ മൂന്നു തലങ്ങളിലൂടെ അവലോകനം ചെയ്യാനാണ് ഈ ലേഖനത്തിലൂടെ ഉദ്യമിക്കുന്നത്.
ഒന്നാമതായി Mission Ad Intra -സഭയ്ക്കുള്ളിൽത്തന്നെയുള്ള മിഷൻ; സഭാംഗങ്ങളെ വിശ്വാസാനുഭവത്തിലും കൗദാശിക ജീവിതത്തിലും സാക്ഷ്യത്തിലും വളർത്തുന്ന വചന-വേദാദ്ധ്യയന-ദിവ്യരഹസ്യപ്രബോധനങ്ങൾ; വിശ്വാസ സമർത്ഥനം- സഭയ്ക്കും വിശ്വാസത്തിനുമെതിരെയുള്ള വെല്ലുവിളികളെ പ്രതിരോധിക്കൽ- തനത് സഭാത്മക ആരാധനാ പാരമ്പര്യങ്ങളുടെ പരിപോഷണവും വളർച്ചയും എല്ലാം ഇതിൽവരുന്നു.
രണ്ടാമത്തേത് സഭൈക്യമാണ്. ചരിത്രപരമായ കാരണങ്ങളാൽ അകന്നുപോയവരെ സത്യസഭയിലേയ്ക്ക് പുനരാനയിക്കുന്ന പുനരൈക്യ- ഇന്നത്തെ ഭാഷയിൽ-സഭൈക്യ-
പ്രവർത്തനങ്ങൾ. മൂന്നാമതായി Mission Ad Gentes – ജനതകളെ സുവിശേഷമറിയിക്കുക. വിദ്യാഭ്യാസ-സാമൂഹികസേവന-അതുരസേവന-
യത്‌നങ്ങളിലൂടെ ലോകത്തിന് ഈശോയുടെ സ്‌നേഹം പകർന്നുകൊടുക്കുക; വിശ്വാസ മറിയാത്തവരെ സുവിശേഷമറിയിച്ച് സത്യമാർഗ്ഗത്തിലേക്കാനയിക്കുക. ഈ മൂന്നു മേഖലകളിലും സജീവമായ സാക്ഷ്യംവഹിക്കുന്ന ഒരു സഭയാണ് സീറോമലബാർ സഭ, പ്രത്യേകിച്ച് നമ്മുടെ അതിരൂപത എന്ന് നമുക്ക് അഭിമാനിക്കാൻ കഴിയും.
1. വിശ്വാസപ്രബോധനവും വിശ്വാസപരിശീലനവും
ഈശോയുടെ ശിഷ്യത്വത്തിലേയ്ക്ക് വളർത്തുകയാണല്ലോ വിശ്വാസപ്രബോധനത്തിന്റെ ലക്ഷ്യം. ചങ്ങനാശ്ശേരിയുടെ അഭി. പിതാക്കന്മാരെല്ലാം ഇക്കാര്യത്തിൽ വളരെയേറെ ശ്രദ്ധപുലർത്തിയെന്ന് നമുക്ക് കാണാൻ കഴിയും. വികാരിയാത്തു രൂപവത്കരണത്തിനു മുമ്പേ ഏതദ്ദേശീയ സന്ന്യാസ സഭയായ കർമ്മലീത്ത നിഷ്പാദുക സഭയിലെ വി. ചാവറകുര്യാക്കോസച്ചൻ (+1871)
ദേവാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ കുടുംബനവീകരണ ധ്യാനങ്ങൾ, അഗതീപരി
പാലനാ ഭവനം, പത്രം, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവവഴി അതിനുള്ള അടിത്തറയിട്ടു. പാലക്കൽ തോമ്മാ മല്പാൻ (+1841) കത്തോലിക്കാ വിശ്വാസപ്രബോധനാർത്ഥം തമിഴ് ഗ്രന്ഥങ്ങളും സുറിയാനി വേദപുസ്തകഭാഗങ്ങളും ഭാഷാന്തരം ചെയ്തുനൽകി. പോരുക്കര തോമ്മാ മല്പാൻ (+1846) വിശുദ്ധരോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ആരാധനക്രമ (സുറിയാനി) ഗീതങ്ങൾ ചിട്ടപ്പെടുത്തി ദൈവാരാധനയിലുള്ള പങ്കാളിത്തം സജീവമാക്കുകയും ചെയ്തു. പാലക്കുന്നേൽ മത്തായി മറിയം കത്തനാർ (+1900), 1903ൽ കർമ്മലകുസുമം ആരംഭിച്ച കട്ടക്കയം കൊച്ചുചാണ്ടിച്ചൻ (+1933) തുടങ്ങിയവർ ധ്യാനപ്രസംഗങ്ങൾ, പ്രസിദ്ധീകരണങ്ങൾ, സഭാജീവിതത്തിലുള്ള സക്രിയമായ ഇടപെടലുകൾ ഒക്കെവഴി സഭാ മക്കളെ വിശ്വാസചൈതന്യത്തിൽ വളർത്തിയവരാണ്.
മാർ ലവീഞ്ഞു മെത്രാനും വിശ്വാസപരിശീലനവും
കോട്ടയത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കായായി ചങ്ങനാശ്ശേരിയിൽ ആസ്ഥാനമുറപ്പിച്ച അഭി. ചാൾസ് ലവീഞ്ഞ് ഒരു തികഞ്ഞ മിഷനറിമെത്രാനായിരുന്നു. ”ചങ്ങനാശ്ശേരി മഹായോഗം” സംഘടിപ്പിച്ച് ചിട്ടയായ സഭാജീവിതശൈലിക്ക് അദ്ദേഹം അടിസ്ഥാനമിട്ടു. ഞായറാഴ്ച്ച പരി. കുർബാന
യ്ക്കുശേഷം മതബോധനം ആരംഭിച്ചു. മോൺ. സിറിയക് കണ്ടങ്കരി അച്ചന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സ്‌കൂളുകളിലും മറ്റു പള്ളികളിൽ ഓലഷെഡ്ഡു കെട്ടിയും കുട്ടികൾക്ക് മതപഠനശാലകൾ അദ്ദേഹം ആരംഭിച്ചു. വിവാഹധൂർത്തിനെതിരെയും (വധൂഗൃഹത്തിലെ മനസമ്മതത്തിന് പരമാവധി 12 പേർ മതിയെന്ന് നിഷ്‌കർഷിച്ചു), വിവാഹവീട്ടിൽ മദ്യംവിളമ്പുന്നതിനെതിരെയും വിശ്വാസികളെ ഇടയലേഖനങ്ങളിലൂടെ ആഹ്വാനം ചെയ്തു. ശൈശവവിവാഹം നിരോധിക്കുകയും ആഭരണം ”എരവു” വാങ്ങുന്നത് മുടക്കുകയും ചെയ്തു (1895) വിശ്വാസികളുടെ ധാർമ്മികജീവിതത്തെ ഉണർത്തി. വിശ്വാസപ്രബോധന, സേവന പ്രേഷിതരാകുവാൻ വിളി ലഭിച്ചവർക്കുവേണ്ടി സന്ന്യാസിനീഭവനങ്ങൾ രൂപതയിൽ തുറന്നത് അദ്ദേഹത്തിന്റെ വലിയ സംഭാവനയാണ് (1888ൽ സി.എം.സി., എഫ്.സി.സി.). 1885ൽ അൽമായപ്രേഷിതനായ പുത്തൻപറമ്പിൽ തൊമ്മച്ചനെ മൂന്നാംസഭാ ശ്രേഷ്ഠനായി ഉയർത്തിയതും സ്മരണീയമാണ്.
തുടർന്ന് വികാരി അപ്പസ്‌തോലിക്കയായ മാർ മത്തായി മാക്കിൽ (1896-1911) വേദപഠനത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ട് ഇടയലേഖനങ്ങളെഴുതി. 1896ൽ ”മാർഗ്ഗമറീപ്പുസമാജം” എന്ന ഒരു ഭക്തസംഘടനക്ക് രൂപംകൊടുത്തു തന്റെ വികാരി ജനറാളിനെ അതിന്റെ ഡയറക്ടറായി നിയമിച്ചു. അരാധനാ, വിസിറ്റേഷൻ, തിരുഹൃദയ സന്ന്യാസസഭകൾ; മോൺ. കണ്ടങ്കരിയുടെ നേതൃത്വത്തിൽ സ്ഥാപിച്ച പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രം ഒക്കെ വിശ്വാസചൈതന്യത്തിൽ സഭയെ വളർത്താൻ ഏറെ സഹായിച്ചു.
കുര്യാളശ്ശേരി പിതാവിന്റെ സംഭാവനകൾ
1911ൽ ചങ്ങനാശ്ശേരി വകാരിഅപ്പസ്‌തോലിക്ക ആയ കുര്യാളശ്ശേരി തോമാ മെത്രാൻ (+1925) വിശ്വാസപരിശീലനത്തിന് വലിയ പ്രാധാന്യം കൊടുത്തു. ”ക്രൈസ്തവ പ്രബോധനങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് സകല തിന്മകൾക്കും കാരണമെന്നും നമ്മുടെ അഭിഷേകത്തിന്റെ പ്രധാന ഉദ്യോഗകടമകളിലൊന്ന് വേദപ്രചാരണ ജോലിയാണെന്നും നാം അറിയുകയും വിശ്വസിക്കുകയും നാം നമ്മെ
ത്തന്നെ ദൃഢമായി തയ്യാറാക്കുകയും ചെയ്യുന്നു”വെന്ന് 68-ാം ഇടയലേഖനത്തിൽ അദ്ദേഹം പ്രഖാപിച്ചു. ആരാധനാസന്യാസിനീ സഭ സ്ഥാപിച്ച അദ്ദേഹം അൽമായർക്ക് കത്തോലിക്കാ കോൺഗ്രസ് (1918), വിദ്യാർത്ഥികൾക്ക് ങഇഥഘ (ഇന്നത്തെ KCSL (1917)) എന്നിവ ആരംഭിച്ചു. 1922ൽ എസ്. ബി. കോളേജ് ഉദ്ഘാടനവേളയിൽ മതബോധനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭി. പിതാവ് ഭംഗ്യന്തരേണ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്: ”ഈ കോളേജിനേക്കാൾ നമുക്കിന്നാവശ്യം ഓരോ ഇടവകയിലും കുട്ടികളുടെ മതബോധനത്തിന് വേദപാഠശാലകൾ ഉണ്ടാക്കുന്നതാണ്”.
മാർ കാളാശ്ശേരിയും വേദപ്രചാരവും
ദൈവരാജ്യം പ്രചരിപ്പിക്കുന്നതാണ് തന്റെ ലക്ഷ്യമെന്ന് മാർ ജോസഫ് കാളാശ്ശേരി (1927-1949) തന്റെ പ്രഥമ ഇടയലേഖനത്തിൽ പ്രസ്താവിക്കുന്നുണ്ട്. ”നിന്റെ രാജ്യം വരേണമേ” എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. എസ്. ബി. കോളേജിന്റെ വളർച്ചയിലും അസംപ്ഷൻ കോളേജിന്റെ സ്ഥാപനത്തിലും (1949) നേതൃത്വം വഹിച്ച അദ്ദേഹം കത്തോലിക്കാവിശ്വാസത്തിന്റെ ശക്തനായ വക്താവായിരുന്നു. CAC അഥവാ കത്തോലിക്കാ പ്രവർത്തനസംഘം സ്ഥാപിച്ചുകൊണ്ട് അൽമായർക്കു കത്തോലിക്കാ ശിക്ഷണം നൽകി. കത്തോലിക്കാ മതപാഠാവലി തയ്യാറാക്കി അനേകം വേദാദ്ധ്യയനശാലകൾ വഴി അവ പഠിപ്പിച്ചു. 1928ൽ മതബോധനവകുപ്പ് സ്ഥാപിച്ച് ഡയറക്ടറെ നിയമിച്ചു. സർക്കാരിന്റെ വിദ്യാഭ്യാസ ദേശസാത്കരണ സംരംഭങ്ങളെയും മതപഠന നിരോധനത്തെയും അദ്ദേഹം ശക്തമായി എതിർത്തുനിന്ന് തോല്പിച്ചു. 1945 ഓഗസ്റ്റ് 15ന് ഇറക്കിയ സുപ്രസിദ്ധമായ ഇടയലേഖനം പൗരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉറക്കെപ്രഘോഷിച്ചു. കത്തോലിക്കാവിരുദ്ധ ശക്തികളെയും ആശയങ്ങളെയും ചെറുത്തുനിൽക്കാൻ അദ്ദേഹം Changanacherry Truth Society എന്ന സംഘടനയും സ്ഥാപിക്കുകയുണ്ടായി. അൽഫോൻസാമ്മയുടെ വിശുദ്ധി തിരിച്ചറിഞ്ഞ മാർ കാളാശ്ശേരി, 1933ൽ ദിവ്യാകാരുണ്യ പ്രേഷിതസമൂഹമായ ങഇആട സഭ സ്ഥാപിക്കുകയും 1939 മുതൽ വൈദികർക്ക് പൊതുധ്യാനം ആരംഭിക്കുകയും ചെയ്തുകൊണ്ട് ആത്മീയപരിശീലനത്തിന് മുഖ്യപ്രാധാന്യം നൽകി.
(തുടരും)